ഇന്ത്യയിലെ യുവജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി നാം ആചരിക്കുന്നു.
മുഗള്‍ചക്രവര്‍ത്തിയുടെ ക്ഷണപ്രകാരം കാശ്‌മീരില്‍നിന്ന് ഡല്‍ഹിയിലെത്തിയ രാജ്‌കൗള്‍ എന്ന പണ്ഡിതന്റെ പിന്‍തുടര്‍ച്ചക്കാരാണ് നെഹ്‌റുകുടുംബം. ഒരു തോടിന്റെ വക്കത്തായി വീടും കുറേ നിലവും ചക്രവര്‍ത്തി നല്‍കി. പേര്‍ഷ്യന്‍ ഭാഷയില്‍ തോടിന് നഹര്‍ എന്നാണ് പറയുക. തോടിന്റെ വക്കത്തെ വീട് എന്നറിയപ്പെട്ട നഹറില്‍നിന്നാണ് നെഹ്‌റുവെന്ന പേരുണ്ടായത്. 1889 നവംബര്‍ 14ന് മോത്തിലാല്‍ നെഹ്‌റുവിന്റെയും സ്വരൂപ്‌റാണിയുടെയും രണ്ടാമത്തെ പുത്രനായാണ് ജവഹര്‍ലാല്‍ ജനിച്ചത്. മൂത്തകുട്ടി ശൈശവത്തിലേ മരിച്ചിരുന്നു. 1900 ല്‍ ജനിച്ച വിജയലക്ഷ്‌മിയും 1907 ല്‍ ജനിച്ച കൃഷ്‌ണയുമാണ് നെഹ്‌റുവിന്റെ സഹോദരിമാര്‍. നെഹ്‌റുവിന്റെ പ്രാഥമികവിദ്യാഭ്യാസം വീട്ടില്‍വച്ചുതന്നെയായിരുന്നു. ഫെര്‍ഡിനന്റ് ടി ബ്രൂക്ക് എന്ന സായ്‌പായിരുന്നു ട്യൂഷന്‍ മാസ്‌റ്റര്‍. ജവഹര്‍ലാലിന് ചെറുപ്പത്തിലേ പുസ്‌തകവായ
നയിലും ശാസ്‌ത്രത്തിലും താത്‌പര്യം വളര്‍ത്തിയത് ഇദ്ദേഹമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ജവഹര്‍ലാല്‍ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. 1912 ല്‍ ബാരിസ്‌റ്റര്‍ പരീക്ഷ ജയിച്ച് ഇന്ത്യയിലേക്കു മടങ്ങിയ നെഹ്‌റു 1916 ല്‍ കമലാ കൗളിനെ വിവാഹം ചെയ്‌തു.
ജനഹൃദയങ്ങളിലേക്ക്
ബന്തിപ്പൂരില്‍നടന്ന 1912 ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ നെഹ്‌റു പ്രതിനിധിയായി സംബന്ധിച്ചു. 1916 ലെ ലക്‌നൗ കോണ്‍ഗ്രസിലാണ് നെഹ്‌റു ഗാന്ധിജിയെ ആദ്യമായി കാണുന്നത്. ഗാന്ധിജിയുടെ തത്വങ്ങളും ജീവിതരീതിയും നേതൃപാടവവും നെഹ്‌റുവിനെ ആകര്‍ഷിച്ചു. ഗാന്ധിജിയുടെ സമരപരിപാടികളില്‍ അദ്ദേഹം സഹകരിക്കാന്‍ തുടങ്ങി. രാജ്യമൊട്ടാകെ നടന്ന് അദ്ദേഹം പ്രസംഗങ്ങള്‍ നടത്തി. ആ പ്രഭാഷണചാതുരിയില്‍ ജാതിമതഭേദമെന്യേ ജനങ്ങള്‍ ആകൃഷ്‌ടരായി. അദ്ദേഹം ഭാരതത്തിലെ ജനസമ്മതനായ നേതാവായി ഉയരുകയായിരുന്നു.
ജയിലില്‍ പിറന്ന എഴുത്തുകാരന്‍
1921 ഡിസംബറില്‍ ജവഹര്‍ലാലിനെ അറസ്‌റ്റ് ചെയ്‌ത് ആറുമാസത്തെ ജയില്‍ശിക്ഷയ്‌ക്കു വിധിച്ചു. 1921 മുതല്‍ 1945 വരെ വിവിധ കാലഘട്ടങ്ങളിലായി ഒന്‍പതു വര്‍ഷത്തോളം അദ്ദേഹം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ജയില്‍ജീവിതം ഏകാന്തവും യാതനകള്‍ നിറഞ്ഞതും ആയിരുന്നെങ്കിലും വായിക്കാനും ചിന്തിക്കാനും എഴുതാനുമുള്ള അവസരമായി അദ്ദേഹം ആ കാലഘട്ടത്തെ ഉപയോഗിച്ചു. ജയില്‍ജീവിതത്തിനിടയിലാണ് അദ്ദേഹം പ്രധാനപ്പെട്ട പുസ്‌തകങ്ങളെല്ലാം എഴുതിത്തീര്‍ത്തത്.
ഹൃദയത്തോട് ചേര്‍ന്ന് പനിനീര്‍പുഷ്‌പം
1929 ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷന്‍ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. 1929 ഡിസംബര്‍ 31ന് രവിനദിയുടെ തീരത്ത് ആയിരങ്ങളെ സാക്ഷിനിര്‍ത്തി അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തി. ജനുവരി 26 പൂര്‍ണ സ്വരാജ് ദിനമായി ആഘോഷിക്കാന്‍ ആ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് തീരുമാനിക്കുന്നത്. കോണ്‍ഗ്രസിന്റെ അന്തിമലക്ഷ്യം രാജ്യത്തിന്റെ പൂര്‍ണസ്വാതന്ത്ര്യമാണെന്ന് ലാഹോര്‍ സമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനിടെ ക്ഷയരോഗബാധിതയായ കമലയുടെ ആരോഗ്യസ്‌ഥിതി മോശമായി. ചികിത്സയ്‌ക്കായി അവരെ സ്വിറ്റ്‌സര്‍ലന്റിലേക്ക് കൊണ്ടുപോയി. 1936 ഫെബ്രുവരി 26ന് കമല സ്വിറ്റ്‌സര്‍ലണ്ടിലെ ആശുപത്രിയില്‍വച്ച് അന്തരിച്ചു. അവരുടെ ഓര്‍മ്മയ്‌ക്കായ് ആണ് തന്റെ കോട്ടില്‍ ഒരു റോസാപ്പൂവ് ചൂടുന്ന സ്വഭാവം അദ്ദേഹം തുടങ്ങിയത്.
ഗാന്ധിജിയുടെ രാഷ്‌ട്രീയ പിന്‍ഗാമി
1940-ല്‍ ഗാന്ധിജി ആരംഭിച്ച വ്യക്‌തിസത്യഗ്രഹത്തില്‍ ആദ്യ സത്യഗ്രഹിയായ വിനോഭാബാവയെ തുടര്‍ന്ന് നെഹ്‌റുവായിരുന്നു രണ്ടാമന്‍. ജയിലിലായ നെഹ്‌റുവിനെ തന്റെ രാഷ്‌ട്രീയ പിന്‍ഗാമിയായി ഗാന്ധിജി പ്രഖ്യാപിച്ചു. 1942-ല്‍ അവതരിപ്പിച്ച ക്വിറ്റിന്ത്യാ പ്രമേയം തയാറാക്കിയതും നെഹ്‌റുവാണ്. സ്വാതന്ത്ര്യത്തിനു മുന്നോടിയായി 1946 സെപ്‌റ്റംബര്‍ രണ്ടിനു രൂപീകരിച്ച ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷനായി നെഹ്‌റു ചുമതലയേറ്റു. തുടര്‍ന്ന് 1947 ആഗസ്‌റ്റ് 15ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റ ജവഹര്‍ലാല്‍ നെഹ്‌റു 1951-52 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷംനേടി. 1957 ലും 1962 ലും നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയം ആവര്‍ത്തിച്ചു. 1964 മെയ് 27 നു മരിക്കുംവരെയുള്ള പതിനേഴു വര്‍ഷക്കാലം പ്രധാനമന്ത്രിക്കസേരയിലിരുന്ന് അദ്ദേഹം ഭാരതത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ ഫലപ്രദമായ നേതൃത്വം നല്‍കി.
ആധുനികഭാരതത്തിന്റെ ശില്‌പി
സ്വതന്ത്ര ഇന്ത്യ നേരിട്ട പല കടുത്ത വെല്ലുവിളികളെയും അതിജീവിക്കാന്‍ നെഹ്‌റുവിന്റെ നേതൃത്വത്തിനു കഴിഞ്ഞു. വിഭജനാനന്തരമുണ്ടായ കലാപവും അഭയാര്‍ത്ഥിപ്രവാഹവും അവരുടെ പുനരധിവാസവും നാട്ടുരാജ്യങ്ങളുടെ ലയനപ്രശ്‌നം, പാകിസ്‌ഥാന്റെ കാശ്‌മീര്‍ ആക്രമണം എന്നിവ അവയില്‍ ചിലതുമാത്രം. ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യം ശക്‌തിപ്പെടുത്തുന്നതിലും ചേരിചേരായ്‌മയില്‍ അധിഷ്‌ഠിതമായ വിദേശനയം രൂപപ്പെടുത്തുന്നതിലും മതേതരത്വം അരക്കിട്ടുറപ്പിക്കുന്നതിലും പഞ്ചവത്സരപദ്ധതിയിലൂടെ ഇന്ത്യയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലും നെഹ്‌റു തന്റേതായ പങ്കുവഹിച്ചു. ഇന്ത്യയെ ആധുനീകരിക്കാന്‍ ശാസ്‌ത്രസാങ്കേതിക മേഖലയുടെ പുരോഗതിക്കായി അദ്ദേഹം അക്ഷീണം യത്നിച്ചു.
0 Comments