Header Ads Widget

നാടകം മലയാളത്തില്‍ ഭാഗം -1



വിദേശീയമായ ഇതിവൃത്തങ്ങള്‍ മലയാള ഭാഷയിലൂടെ ആവിഷ്‌ക്കരിച്ച ജനോവ, കാറല്‍മാന്‍ ചരിതം എന്നിവയിലൂടെയാണ്‌ നാടകമെന്ന ആധുനിക കലാരൂപവുമായി കേരളീയര്‍ ആദ്യമായി പരിചയപ്പെട്ടത്‌. പിന്നീട്‌ ക്രൈസ്‌തവ സ്വാധീനമുള്ള ചവിട്ടുനാടകങ്ങള്‍ കേരളത്തില്‍ പ്രചരിച്ചു. ഷേക്‌സ്പിയറുടെ കോമഡി ഒഫ്‌ എറേഴ്‌സിന്റെ വിവര്‍ത്തനമായി ആള്‍മാറാട്ടം എന്നപേരില്‍ 1866-ല്‍ കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ്‌ പ്രസിദ്ധപ്പെടുത്തിയ നാടകമാണ്‌ മലയാളത്തിലെ ആദ്യനാടകം. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ നാടകസംഘം തിരുവട്ടാര്‍ നാരായണപിള്ളയുടെ മനോമോഹനം എന്ന നാടകക്കമ്പനിയാണ്‌. അവരുടെ ആദ്യനാടകം കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ രചിച്ച മണിപ്രവാള ശാകുന്തളം ആണ്‌. ഇതേത്തുടര്‍ന്ന്‌ അനേകം സംസ്‌കൃതനാടകങ്ങള്‍ മലയാളത്തിലേക്ക്‌ തര്‍ജമ ചെയ്യപ്പെട്ടു. തര്‍ജമകളെ തുടര്‍ന്ന്‌ സ്വതന്ത്ര നാടകങ്ങളുണ്ടായി. പുരാണേതിഹാസങ്ങളിലെ കഥകള്‍, കുറേ ശ്ലോകങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവ ചേര്‍ത്ത്‌ അവതരിപ്പിച്ച ഈ നാടകങ്ങള്‍ രംഗപ്രയോഗ

സൗകര്യത്തിന്റെകാര്യത്തിലും ജീവിതവീക്ഷണ ചതുരതയിലും വളരെ പിന്നോക്കമായിരുന്നു. സമകാലിക സാമൂഹിക സംഭവങ്ങളെ ആവിഷ്‌കരിക്കുന്ന ചില നാടകങ്ങളും ഇക്കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്‌. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്റെ കല്യാണീനാടകം (1892), കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെചന്ദ്രിക (1892), പി.കെ. കൊച്ചീപ്പന്‍ തരകന്റെ മറിയാമ്മ, കെ.സി. കേശവപിള്ളയുടെ ലക്ഷ്‌മീകല്യാണം (1893) എന്നിവ ഇക്കൂട്ടത്തില്‍ ഗണനീയങ്ങളാണ്‌. ഇക്കാലത്തുതന്നെ ഇവിടെ ചില ഷേക്‌സ്പിയര്‍ നാടകങ്ങള്‍ തര്‍ജമ ചെയ്യപ്പെട്ടു. സംസ്‌കൃത നാടക തര്‍ജമകളെ പരിഹസിക്കുവാന്‍ 1893-ല്‍ മുന്‍ഷി രാമക്കുറുപ്പ്‌ എഴുതിയ നാടകമാണ്‌ ചക്കീചങ്കരം.

സംഗീത നാടകങ്ങള്‍

ആദ്യ മലയാള സംഗീത നാടകം ടി.സി. അച്യുതമേനോന്റെ സംഗീത നൈഷധ (1893)മാണ്‌. സംഗീത നാടകങ്ങളില്‍ വളരെ പൊതുജനാദരം നേടിയ നാടകങ്ങളാണ്‌ കെ.സി. കേശവപിള്ളയുടെ സദാരാമ (1904), കുമാരനാശാന്റെ കരുണയുടെ നാടകാവിഷ്‌ക്കാരമായ സ്വാമി ബ്രഹ്‌മവ്രതന്റെ കരുണ (1929) എന്നിവ.

ഗദ്യനാടകങ്ങള്‍

പ്രഹസനരൂപത്തിലാണ്‌ ഗദ്യനാടകങ്ങള്‍ ആദ്യം മലയാളത്തില്‍ ഉടലെടുത്തത്‌. ആദ്യകാല നാടകങ്ങളായ ജനോവയും കാറല്‍മാന്‍ചരിതവും ഗദ്യ നാടകങ്ങളായിരുന്നു. സി.വി. രാമന്‍പിള്ള രചിച്ച കുറുപ്പില്ലാക്കളരി (1909) യാണ്‌ ഏറ്റവും പഴക്കമേറിയ പ്രഹസനം. സി.വിയുടെ അനുഗാമിയായി പ്രഹസന പ്രസ്‌ഥാനത്തിലേക്കു കടന്നുവന്ന പ്രതിഭയാണ്‌ ഇ.വി. കൃഷ്‌ണപിള്ള. പെണ്ണരശുനാട്‌, കവിതക്കേസ്‌, ബി.എ. മായാവി, കുറുപ്പിന്റെ ഡെയിലി തുടങ്ങിയവയാണ്‌ ഇ.വി.യുടെ പ്രഹസനങ്ങള്‍.

ചരിത്രനാടകങ്ങള്‍


1926-ലാണ്‌ മലയാളത്തില്‍ ആദ്യമായി ഒരു ചരിത്രനാടകമുണ്ടായത്‌. ഇ.വി. കൃഷ്‌ണപിള്ളയുടെ സീതാലക്ഷ്‌മി, രാജാകേശവദാസ്‌, ഇരവിക്കുട്ടിപ്പിള്ള എന്നീ ചരിത്ര നാടകങ്ങള്‍ കൂടി ഇ.വി. എഴുതിയിട്ടുണ്ട്‌. വി. നീലകണ്‌ഠപിള്ളയുടെ വേലുത്തമ്പി ദളവ, കൈനിക്കര പദ്‌മനാഭപിള്ളയുടെ സ്വാതിതിരുനാള്‍, എന്‍. കെ. ആചാരിയുടെ ഇളയിടത്തുറാണി, ഡോ. എസ്‌. കെ. നായരുടെ സെബുന്നീസ, അപ്പന്‍ തമ്പുരാന്റെ മുന്നാട്ടുവീരന്‍, കപ്പന കൃഷ്‌ണമേനോന്റെ പഴശ്ശിരാജാ, ചേരമാന്‍ പെരുമാള്‍ എന്നീ കൃതികള്‍ ഈ ശാഖയില്‍ പ്രധാനമാണ്‌. പുരാണകഥകളെ ആധുനിക പശ്‌ചാത്തലത്തില്‍ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി അവതരിപ്പിക്കുവാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌. ഇതില്‍ ശ്രദ്ധേയങ്ങളായ കൃതികളാണ്‌ കെ. രാമകൃഷ്‌ണപിള്ളയുടെ രാവണന്‍, തിക്കോടിയന്റെ പുഷ്‌പവൃഷ്‌ടി, കൈനിക്കര കുമാരപിള്ളയുടെ മോഹവും മുക്‌തിയും, ഹരിശ്‌ചന്ദ്രന്‍, ഉള്ളൂരിന്റെ അംബ, വി. കൃഷ്‌ണന്‍ തമ്പിയുടെ ഊര്‍മിള, കെ.എം. പണിക്കരുടെ മണ്‌ഡോദരി, സി.എന്‍. ശ്രീകണ്‌ഠന്‍ നായരുടെ കാഞ്ചനസീത എന്നിവ.

സാമൂഹിക-രാഷ്‌ട്രീയ നാടകങ്ങള്‍

വി.ടി.യുടെ കാലത്തോടെയാണ്‌ മല യാളത്തില്‍ സാമൂഹിക രാഷ്‌ട്രീയ നാടകങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. വി.ടി. 1929ല്‍ എഴുതിയ നാടകമാണ്‌ അടുക്കളയില്‍നിന്ന്‌ അരങ്ങത്തേക്ക്‌. തുടര്‍ന്ന്‌ എം.ആര്‍. ഭട്ടതിരിപ്പാട്‌, മറക്കുടയ്‌ക്കുള്ളിലെ മഹാനരകം എന്ന നാടകമെഴുതി. എം.പി. ഭട്ടതിരിപ്പാട്‌ (പ്രേംജി) ഋതുമതി എന്ന നാടകവും. നമ്പൂതിരി സമുദായത്തെ പരിഷ്‌കരിക്കുക എന്ന ഉദ്ദേശ്യത്തോടെ രചിക്ക പ്പെട്ട ഈ നാടകങ്ങള്‍ കേരള സമൂഹത്തെയാകെ സ്വാധീനിച്ചു. മലയാളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ നാടകമായി എണ്ണപ്പെടുന്ന കൃതി കെ. ദാമോദരന്റെ പാട്ടബാക്കി (1937) ആണ്‌. കേശവദേവിന്റെ മുന്നോട്ട്‌, മദ്യപാനി, തകഴിയുടെ തോറ്റില്ല, പൊന്‍കുന്നം വര്‍ക്കിയുടെ ജേതാക്കള്‍, വഴി തുറന്നു, തോപ്പില്‍ ഭാസിയുടെ സര്‍വേക്കല്ല്‌, വിശക്കുന്ന കരിങ്കാലി, നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി, മുടിയനായ പുത്രന്‍, മൂലധനം, ചെറുകാടിന്റെ നമ്മളൊന്ന്‌, സി.ജെ. തോമസിന്റെ വിഷവൃക്ഷം എന്നിവയും പ്രധാന രാഷ്‌ട്രീയനാടകങ്ങളാണ്‌. 1930കളിലാണ്‌ ആധുനിക യൂറോപ്യന്‍ നാടകത്തിന്റെ പിറവി മലയാളത്തിലുണ്ടാകുന്നത്‌. നോര്‍വീജിയന്‍ നാടകകൃത്തായ ഇബ്‌സന്റെ ഗോസ്‌റ്റ് എന്ന നാടകം പ്രേതങ്ങള്‍ എന്നപേരില്‍ എ. ബാലകൃഷ്‌ണപിള്ളയും എ.കെ. ഗോപാലപിള്ളയും ചേര്‍ന്ന്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തു.

Post a Comment

0 Comments