കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ ഇപ്പോള്‍ തന്നെ ലോകം ഏറ്റുവാങ്ങാന്‍ തുടങ്ങിയെങ്കിലും, അതിനെ ചെറുക്കാന്‍ എന്താണ് വേണ്ടത് എന്ന കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയുണ്ടായിട്ടില്ല. കോപ്പന്‍ഹേഗനില്‍ ഡിസംബറില്‍ ഒരു അന്തിമ ഉടമ്പടി ഉണ്ടായേക്കില്ലെന്നുള്ള അസ്വസ്ഥജനകമായ റിപ്പോര്‍ട്ടുകളുമുണ്ട്. ഭൂമി ചൂടുപിടിക്കുന്നത് ചെറുക്കാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ചെറുക്കാന്‍ കഴിഞ്ഞെന്ന് വരില്ല എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഇപ്പോഴത്തെ കാലാവസ്ഥാമാറ്റത്തിന്റെ തുടക്കം വ്യവസായികവിപ്ലവത്തിന്റെ വരവോടെയായിരുന്നു. കല്‍ക്കരി പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ, കാര്‍ബണ്‍ഡയോക്‌സയിഡ് പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിന്റെ തോത് കൂടി. ഇത്തരം വാതകങ്ങള്‍ വ്യാപിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ലോകം മനസിലാക്കുന്നതിന് വലിയ സമയമെടുത്തു. അപ്പോഴേക്കും പക്ഷേ, അനിയന്ത്രിതമായ തോതില്‍ വാതകവ്യാപനം എത്തിക്കഴിഞ്ഞിരുന്നു. പ്രശ്‌നം മനസിലാക്കിയത് സാവധാനമാണെങ്കിലും, പരിഹാരം അങ്ങനെ ആയിക്കൂടെന്നും, അത് വേഗത്തില്‍ വേണമെന്നും വിഗദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ ചരിത്രവഴിയിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണ് ചുവടെ...
1712 - വ്യാപകമായി ഉപയോഗിക്കപ്പെട്ട ആദ്യ ആവിയന്ത്രം ബ്രിട്ടീഷുകാരനായ തോമസ് ന്യൂകൊമെന്‍ (Thomas Newcomen) Thomas Newcomen: the prehistory of the steam engine.
1800 - ലോകജനസംഖ്യ നൂറു കോടി എത്തി.
1824 - ഭൗമാന്തരീക്ഷത്തിലെ 'ഹരിതഗൃഹപ്രഭാവം' (greenhouse effect) ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്‍ ജോസഫ് ഫ്യൂരിയര്‍ (Joseph Fourier) വിശദീകരിക്കുന്നു. ചൂടിനെ തടഞ്ഞു നിര്‍ത്താന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ഹരിതഗൃഹങ്ങള്‍. സൂര്യനില്‍നിന്ന് പ്രകാശരൂപത്തില്‍ ഭൂമിയിലെത്തുന്ന ഊര്‍ജം ഇവിടെ പതിക്കുമ്പോള്‍ താപോര്‍ജമായി മാറും. പ്രകാശം തിരികെ പ്രതിഫലിക്കും പോലെ താപോര്‍ജം അന്തരീക്ഷത്തിന് പുറത്തേക്കു പോകില്ല. അതിനാല്‍, ഭൗമാന്തരീക്ഷം ഒരര്‍ഥത്തില്‍ ഹരിതഗൃഹങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഫ്യൂരിയര്‍ അഭിപ്രായപ്പെട്ടത്.
1861 - അന്തരീക്ഷത്തില്‍ ജലബാഷ്പവും മറ്റ് ചില വാതകങ്ങളും ഹരിതഗൃഹപ്രഭാവം സൃഷ്ടിക്കുന്നതായി ഐറിഷ് ഭൗതികശാസ്ത്രജ്ഞന്‍ ജോണ്‍ ടിന്‍ഡാല്‍ (John Tyndall) തെളിയിച്ചു. മനുഷ്യന് വസ്ത്രങ്ങള്‍ ആവശ്യമുള്ളതിനെക്കാള്‍, ഭൂമുഖത്തെ ജീവന്‍ നിലനില്‍ക്കാന്‍ ജലബാഷ്പത്തിന്റെ പുതപ്പ് കൂടിയേ തീരൂ എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടനില്‍ ഇപ്പോഴുള്ള പ്രമുഖമായ ഒരു കാലാവസ്ഥാ ഗവേഷണസ്ഥാപനത്തിന്റെ പേര് 'ടിന്‍ഡാല്‍ സെന്റര്‍' എന്നാണ്.
1886 - ആദ്യ യഥാര്‍ഥ മോട്ടോര്‍ വാഹനം എന്ന് കരുതപ്പെടുന്ന 'മോട്ടോര്‍വാഗണ്‍', കാള്‍ ബെന്‍സ് പുറത്തിറക്കി. ഫോസില്‍ ഇന്ധനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മേഖലകളിലൊന്നായി കഴിഞ്ഞ നൂറ്റാണ്ടില്‍ വാഹനരംഗം മാറി. അതുകൊണ്ടു തന്നെ കാലാവസ്ഥാവ്യതിയാനത്തിന്റെ മുഖ്യപ്രതികളില്‍ വാഹനങ്ങളും പെടുന്നു.
1896 - വ്യവസായിക വിപ്ലവത്തിന്റെ ഭാഗമായി കല്‍ക്കരിയുടെ വന്‍തോതിലുള്ള ഉപയോഗം പ്രകൃതിയിലെ ഹരിതഗൃഹപ്രഭാവം വര്‍ധിപ്പിക്കുമെന്ന് സ്വീഡിഷ് രസതന്ത്രജ്ഞന്‍ സ്വാന്‍തെ അറീനിയസ് (Svante Arrhenius) നിഗമനത്തിലെത്തുന്നു. അന്തരീക്ഷത്തിലെ മനുഷ്യനിര്‍മിത ഹരിതഗൃഹപ്രഭാവത്തെക്കുറിച്ച് ഒരു നൂറ്റാണ്ട് മുമ്പ് അറീനിയസ് ആണ് ആദ്യം പറയുന്നത്.
1900 - അന്തരീക്ഷത്തില്‍ ചെറിയ അളവിലേ ഉള്ളു എങ്കില്‍പ്പോലും, ഇന്‍ഫ്രാറെഡ് വര്‍ണരാജിയെ (താപവികിരണങ്ങളെ) ആഗിരണം ചെയ്യാനുള്ള കാര്‍ബണ്‍ഡയോക്‌സയിഡിന്റെ കഴിവ് ശക്തമാണെന്ന് മറ്റൊരു സ്വീഡിഷ് ഗവേഷകനായ നുട്ട് ആങ്‌സ്‌ട്രോം (Knut Angstrom) തിരിച്ചറിഞ്ഞു. ആ കണ്ടെത്തലിന്റെ പ്രധാന്യം പക്ഷേ, അന്ന് ആങ്‌സ്‌ട്രോം മനസിലാക്കിയിരുന്നില്ല. അന്തരീക്ഷത്തിലെ ഹരിതഗൃഹപ്രഭാവത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ കാര്‍ബണ്‍ഡയോക്‌സയിഡിന് കഴിവുണ്ടെന്നാണ് യഥാര്‍ഥത്തില്‍ ആ കണ്ടുപിടിത്തം വ്യക്തമാക്കിയത്.
1927 - ഫോസില്‍ ഇന്ധനങ്ങളുടെ വ്യവസായിക ഉപയോഗം മൂലം അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണിന്റെ അളവ് പ്രതിവര്‍ഷം നൂറ് കോടി ടണ്‍ എന്ന തോതിലെത്തി.
1930 - ഭൂമുഖത്തെ മനുഷ്യരുടെ സംഖ്യ 200 കോടി കവിഞ്ഞു.
1938 - പോയ നൂറ്റാണ്ടില്‍ അന്തരീക്ഷ താപനിലയില്‍ വര്‍ധനയുണ്ടായതായി ബ്രിട്ടീഷ് എന്‍ജിനിയര്‍ ഗേ കലണ്ടര്‍ (Guy Callendar) തെളിയിച്ചു. ലോകമെമ്പാടുമുള്ള 147 കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേ കാലയളവില്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രതയും വര്‍ധിച്ചതായി അദ്ദേഹം തെളിയിച്ചു. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത അന്തരീക്ഷത്തില്‍ വര്‍ധിച്ചതാണ് താപനില ഉയരാന്‍ കാരണമെന്നും അദ്ദേഹം വാദിച്ചു. 'കലണ്ടര്‍ പ്രഭാവം' എന്ന് നാമകരണം ചെയ്യപ്പെട്ട അക്കാര്യം കാലാവസ്ഥാ ഗവേഷകര്‍ പക്ഷേ, തള്ളിക്കളഞ്ഞു.
1955 - ആദ്യകാല കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ള പുത്തന്‍ ഉപകരണങ്ങളുടെ സഹായത്തോടെ അമേരിക്കന്‍ ഗവേഷകനായ ഗില്‍ബര്‍ട്ട് പ്ലാസ് (Gilbert Plass), വിവിധ വാതകങ്ങള്‍ക്ക് ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ (താപവികിരണങ്ങള്‍) ആഗിരണം ചെയ്യാനുള്ള ശേഷി വിശകലനം ചെയ്തു. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത വര്‍ധിക്കുന്നത് താപനില 34 ഡിഗ്രി സെല്‍സിയസ് വര്‍ധിക്കാനിടയാക്കുമെന്ന് അദ്ദേഹം നിഗമനത്തിലെത്തുന്നു.
1957 - അന്തരീക്ഷത്തില്‍ അധികമായി വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡ് മുഴുവന്‍ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നില്ലെന്ന്, അമേരിക്കന്‍ സമുദ്രഗവേഷകന്‍ റോജര്‍ റിവെല്ലിയും രസതന്ത്രജ്ഞനായ ഹാന്‍സ് സ്യൂസും ചേര്‍ന്ന് കണ്ടെത്തുന്നു.
1958 - ഹവായിലെ വിദൂര ദ്വീപായ മൗന ലോവയിലും അന്റാര്‍ക്കിയിലും അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത ചിട്ടയോടെ അളക്കുന്ന പ്രവര്‍ത്തനം ചാള്‍സ് ഡേവിഡ് കീലിങ് (Charles Devid Keeling) ആരംഭിച്ചു. സ്വന്തമായി വികസിപ്പിച്ച ഉപകരണം കൊണ്ടാണ് കീലിങ് തന്റെ അളവെടുപ്പ് ആരംഭിച്ചത്. കീലിങ് ആരംഭിച്ച കണക്കെടുപ്പ്, അദ്ദേഹം അന്തരിച്ചെങ്കിലും, ഇന്നും തുടരുന്നു. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത വര്‍ധിക്കുകയാണെന്ന് അസന്നിഗ്ധമായി തെളിയിച്ചത് കീലിങിന്റെ നിരീക്ഷണം വഴിയാണ്.
1960 - ലോകജനസംഖ്യ 300 കോടി തികഞ്ഞു.
1965 - അന്തരീക്ഷത്തിലെ ഹരിതഗൃഹപ്രഭാവം ശരിക്കും ഉത്ക്കണ്ഠയുണ്ടാക്കുന്ന സംഗതിയാണെന്ന്, യു.എസ്.പ്രസിഡന്റിന്റെ ഒരു ഉപദേശക സമിതി മുന്നറിയിപ്പ് നല്‍കി.
1972 - ഐക്യരാഷ്ട്രസഭയ്ക്ക് കീഴില്‍ ആദ്യ പരിസ്ഥിതി സമ്മേളനം കോപ്പന്‍ഹേഗനില്‍ നടന്നു. കാലാവസ്ഥാവ്യതിയാനം ആ സമ്മേളനത്തിന്റെ അജണ്ടയിലേ ഇല്ലായിരുന്നു. രാസമലിനീകരണം, ആണവായുധ പരീക്ഷണം, തിമിംഗലവേട്ട തുടങ്ങിയ വിഷയങ്ങളാണ് അന്ന് ചര്‍ച്ച ചെയ്യപ്പെട്ടത്. ആ സമ്മേളനത്തിന്റെ തുടര്‍ച്ചായി യു.എന്‍.പരിസ്ഥിതി പ്രോഗ്രാം (യു.എന്‍.ഇ.പി) രൂപീകൃതമായി.
1975 - ലോകജനസംഖ്യ 400 കോടി (വെറും പതിനഞ്ച് വര്‍ഷം കൊണ്ടാണ് നൂറുകോടി ജനങ്ങള്‍ക്കൂടി ഭൂമുഖത്ത് വര്‍ധിച്ചത്).
1975 - യു.എസ്.ഗവേഷകനായ വാലസ് ബ്രോക്കര്‍ (Wallace Broecker) തന്റെയൊരു ശാസ്ത്രപ്രബന്ധത്തില്‍ 'ആഗോളതാപനം' (global warming) എന്ന പ്രയോഗം നടത്തി.
1987 - ലോകജനസംഖ്യ 500 കോടിയായി (12 വര്‍ഷം കൊണ്ട് നൂറുകോടി കൂടി വര്‍ധിച്ചു).
1987 - ഓസോണ്‍ പാളിക്ക് ദോഷമുണ്ടാക്കുന്ന രാസവസ്തുക്കള്‍ നിയന്ത്രിക്കാന്‍ മോണ്‍ട്രിയള്‍ ഉടമ്പടി അംഗീകരിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം ആയിരുന്നില്ല ആ ഉടമ്പടിയുടെ പിന്നിലെ വിഷയമെങ്കിലും, ക്യോട്ടോ ഉടമ്പടിയെക്കാള്‍ ഹരിതഗൃഹവാതക വ്യാപനത്തില്‍ സ്വാധീനം ചെലുത്തിയത് മോണ്‍ട്രിയല്‍ ഉടമ്പടിയായിരുന്നു.
1988 - കാലാവസ്ഥാ വ്യതിയാനം വിലയിരുത്താനും അതിന്റെ തെളിവുകള്‍ ശേഖരിക്കാനുമായി, യു.എന്നിന് കീഴില്‍ 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) നിലവില്‍ വരുന്നു.
1989 - ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ യു.എന്നില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ആഗോളതാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഈ വിപത്ത് ചെറുക്കാന്‍ ഒരു അന്താരാഷ്ട്ര ഉടമ്പടിക്ക് അവര്‍ ആഹ്വാനം ചെയ്തു.
1989 - അന്തരീക്ഷത്തിലെ കാര്‍ബണ്‍ വ്യാപനം പ്രതിവര്‍ഷം 600 കോടി ടണ്‍ എന്ന തോതിലെത്തുന്നു.
1990 - ഐ.പി.സി.സി.യുടെ ആദ്യ വിലയിരുത്തല്‍ റിപ്പോര്‍ട്ട്. ഒരു നൂറ്റാണ്ടിനിടെ അന്തരീക്ഷ താപനില 0.30.6 ഡിഗ്രി സെല്‍സിയസ് വര്‍ധിച്ചതായി ഐ.പി.സി.സി.റിപ്പോര്‍ട്ടില്‍ പറഞ്ഞു. മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നത് താപനത്തിന് കാരണമാകുന്നുണ്ടെന്ന് സമിതിയുടെ റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
1992 - ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഭൗമഉച്ചകോടി. യുണൈറ്റഡ് ഫ്രേംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചു. അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങള്‍ വ്യാപിക്കുന്നത് വര്‍ധിക്കാതെ നോക്കുകയും, കാലാവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നത് ചെറുക്കുകയും ചെയ്യുക എന്നതായിരുന്നു ആ ഉടമ്പടിയുടെ കാതല്‍. 1990ലെ തോതിലേക്ക് വാതകവ്യാപനം എത്തിക്കാന്‍ വികസിത രാഷ്ട്രങ്ങള്‍ സമ്മതിച്ചു.
1995 - ഐ.പി.സി.സി.യുടെ രണ്ടാം വിലയിരുത്തല്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. കാലാവസ്ഥാമാറ്റത്തില്‍ 'മനസിലാക്കാവുന്ന തരത്തില്‍ മനുഷ്യന്റെ സ്വാധീന'മുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. മനുഷ്യനാണ് കാലാവസ്ഥാമാറ്റത്തിന് ഉത്തരവാദിയെന്ന് ആദ്യമായി ഒരു ശാസ്ത്രസമിതി വിലയിരുത്തുന്നത് ആ റിപ്പോര്‍ട്ടിലായിരുന്നു.
1997 - ക്യോട്ടോ ഉടമ്പടി അംഗീകരിക്കപ്പെടുന്നു. വികസിതരാഷ്ട്രങ്ങള്‍ 20082012 ആകുമ്പോഴേക്കും 1990ലേതിനെ അപേക്ഷിച്ച് 5.2 ശതമാനം വാതകവ്യാപനം കുറയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഉടമ്പടി.
1998 - ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം. ശക്തമായ എല്‍നിനോയും ആ വര്‍ഷം രൂപപ്പെട്ടിരുന്നു. 1961-1990 കാലത്തെ ശരാശരിയെക്കാള്‍ 0.52 ഡിഗ്രി സെല്‍സിയസ് കൂടുതലായിരുന്നു 1998ലെ ആഗോളതാപനില.
1999 - ലോകജനസംഖ്യ 600 കോടി എത്തി.
2001 - പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു.ബുഷിന്റെ തീരുമാനപ്രകാരം ക്യോട്ടോ പ്രക്രിയയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നു.
2001 - ഐ.പി.സി.സി.യുടെ മൂന്നാം വിലയിരുത്തല്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ആഗോളതാപനില വര്‍ധിക്കാന്‍ കാരണം മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഹരിതഗൃഹവാതക വ്യാപനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.
2005 - റഷ്യ കൂടി നിയമപ്രാബല്യം നല്‍കിയതോടെ ക്യോട്ടോ ഉടമ്പടി അന്താരാഷ്ട്ര നിയമമായി. വ്യവസായിക രാഷ്ട്രങ്ങളില്‍ അമേരിക്കയും ഓസ്‌ട്രേലിയയും ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയിരുന്നു.
2006 - ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന പ്രതിവര്‍ഷ കാര്‍ബണിന്റെ അളവ് 800 കോടി ടണ്‍ ആയി.
2007 - ഐ.പി.സി.സി.യുടെ നാലാം അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇപ്പോള്‍ ഭൂമി നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തില്‍ 90 ശതമാനത്തിനും ഉത്തരവാദി മനുഷ്യന്‍ തന്നെയെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍.
2007 - ഇന്ത്യക്കാരനായ ഡോ.രാജേന്ദ്ര പച്ചൗരി നേതൃത്വം നല്‍കുന്ന ഐ.പി.സി.സി.യും, മുന്‍ യു.എസ്.വൈസ് പ്രസിഡന്റ് അല്‍ഗോറും സമാധാന നോബല്‍ പങ്കിട്ടു.
2007 - പുതിയ കാലാവസ്ഥാ ഉടമ്പടി 2009ല്‍ രൂപീകരിക്കാന്‍ ബാലിയില്‍ ലോകരാഷ്ട്രങ്ങള്‍ ധാരണയിലെത്തി.
2008 - ചാള്‍സ് കീലിങ് മൗന ലോവയില്‍ ആരംഭിച്ച കാര്‍ബണ്‍ഡയോക്‌സയിഡിന്റെ കണക്കെടുപ്പിന് അരനൂറ്റാണ്ട് തികഞ്ഞു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത 1958ല്‍ 315 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) ആയിരുന്നത് 2008ല്‍ 380 പി.പി.എം. ആയി.
2009 - ഏറ്റവും കൂടുതല്‍ വാതകവ്യാപനം നടത്തുന്ന രാജ്യം ചൈനയായി. ഇതുവരെ അമേരിക്കയായിരുന്നു. എന്നാല്‍, പ്രതിശീര്‍ഷ വാതകവ്യാപനത്തിന്റെ കാര്യത്തില്‍ അമേരിക്ക ഇപ്പോഴും ഏറെ മുന്നില്‍ തന്നെ.
2009 - 192 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന കോപ്പന്‍ഹേഗന്‍ ഉച്ചകോടി.
(കടപ്പാട്: ബി.ബി.സി, യു.എന്‍.ഇ.പി)
0 Comments