സെന്‍സസ്‌ 2

ജനനനിരക്കും മരണ നിരക്കും

ജനസംഖ്യാ പഠനത്തില്‍ ഉപയോഗിക്കുന്ന പല നിരക്കുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന തോതുകളാണ്‌ ജനന നിരക്കും മരണനിരക്കും.

ഒരു രാജ്യത്തെ ഒരു വര്‍ഷത്തെ ജനനനിരക്ക്‌ 30 എന്നു പറഞ്ഞാല്‍ ആ വര്‍ഷത്തില്‍ ആ രാജ്യത്തുള്ള ഓരോ ആയിരം പേര്‍ക്കും 30 സജീവ ജനനങ്ങള്‍ തോതില്‍ ഉണ്ടായി എന്നാണ്‌ മനസിലാക്കേണ്ടത്‌. ജീവനോടുകൂടി ജനിക്കുന്ന കുഞ്ഞുങ്ങളെ മാത്രമേ ഈ നിരക്ക്‌ കണക്കാക്കാന്‍ പരിഗണിക്കുകയുള്ളു. ഒരു വര്‍ഷത്തില്‍ ഓരോ ആയിരം പേര്‍ക്കും എത്ര മരണം ഉണ്ടായി എന്നതാണ്‌ മരണ നിരക്ക്‌ കാണിക്കുന്നത്‌.

ജനസംഖ്യ: ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്‌ കേരളത്തില്‍

2001 ലെ സെന്‍സസ്‌ പ്രകാരം ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചാനിരക്കുള്ള സംസ്‌ഥാനം കേരളമാണ്‌ (9.43). ഏറ്റവും കൂടുതലുള്ളത്‌ നാഗാലാന്‍ഡിലാണ്‌ (64.53). ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചാനിരക്കാകട്ടെ 21.54 ശതമാനവും.

ആയിരം പുരുഷന്മാര്‍ക്ക്‌ 933 സ്‌ത്രീകള്‍2001-ലെ സെന്‍സസ്‌ പ്രകാരം ഇന്ത്യയില്‍ ആയിരം പുരുഷന്മാര്‍ക്ക്‌ 933 സ്‌ത്രീകള്‍ മാത്രമാണുള്ളത്‌. ഗ്രാമപ്രദേശങ്ങളിലെ സ്‌ത്രീപുരുഷാനുപാതം 946/1000 ആണ്‌. നഗര പ്രദേശങ്ങളിലാകട്ടെ ഇത്‌ 900/1000 മാണ്‌. ഏറ്റവുമുയര്‍ന്ന സ്‌ത്രീ പുരുഷാനുപാതം രേഖപ്പെടുത്തിയത്‌ 1901-ലെ സെന്‍സസിലാണ്‌, 972/1000.

കേരളമാണ്‌ സ്‌ത്രീപുരുഷാനുപാതം ഏറ്റവും കൂടിയ സംസ്‌ഥാനം. ആയിരം പുരുഷന്മാര്‍ക്ക്‌ ആയിരത്തി അമ്പത്തെട്ട്‌ സ്‌ത്രീകള്‍. ചത്തീസ്‌ഗഢ്‌, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങളാണ്‌ തൊട്ടടുത്ത സ്‌ഥാനങ്ങളില്‍. സ്‌ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ സംസ്‌ഥാനം ഹരിയാനയാണ്‌ (861). ഏറ്റവും മുന്നിലുള്ള കേന്ദ്രഭരണപ്രദേശം പുതുച്ചേരിയാണ്‌ (1001). ഏറ്റവും കുറഞ്ഞത്‌ ദാമന്‍ ദിയുവുമാണ്‌ (710).

1901ല്‍ കേരളത്തിലെ ജനസംഖ്യ ആകെ എത്രയായിരുന്നെന്ന്‌ അറിയാമോ? വെറും 6,396,262. 2001 ആയപ്പോഴേക്ക്‌ 2.54 കോടി ജനങ്ങളാണ്‌ കേരളത്തില്‍ പെരുകിയത്‌.

ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്‌ഥാനം പശ്‌ചിമ ബംഗാള്‍

2001 സെന്‍സസ്‌ പ്രകാരം ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്‌ഥാനം പശ്‌ചിമബംഗാളാണ്‌. ഇന്ത്യയിലെ ജനസാന്ദ്രത ചതുരശ്ര കിലോകീമീറ്ററിന്‌ 324 ആണ്‌. പശ്‌ചിമ ബംഗാളില്‍ ഇത്‌ ചതുരശ്രകിലോമീറ്ററിന്‌ 903 ആണ്‌. രണ്ടാം സ്‌ഥാനത്ത്‌ ബീഹാറാണ്‌ (881) കേരളം മൂന്നാം സ്‌ഥാനത്തുണ്ട്‌ (ചതുരശ്രകിലോമീറ്ററിന്‌ 819). ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്‌ഥാനം അരുണാചല്‍ പ്രദേശ്‌ ആണ്‌.

ഓരോ 6 സെക്കന്‍ഡിലും 17 പേര്‍

ലോകത്ത്‌ ഓരോ 6 സെക്കന്‍ഡിലും 17 പേര്‍ ജനിക്കുന്നു. ജനസംഖ്യാ നിയന്ത്രണം വിജയിക്കാതെ ലോകത്തിനു പുരോഗതി സാധ്യമല്ല എന്ന്‌ 1994 സെപ്‌റ്റംബറില്‍ കയ്‌റോയില്‍ യു.എന്‍ സംഘടിപ്പിച്ച ജനസംഖ്യാ വികസന സമ്മേളനം അഭിപ്രായപ്പെടുകയുണ്ടായി. വികസനമാണ്‌ ഏറ്റവും നല്ല ഗര്‍ഭനിരോധന മാര്‍ഗമെന്നായിരുന്നു ഈ സമ്മേളനത്തിന്റെ മുദ്രാവാക്യം. ലോകജനസംഖ്യാ വര്‍ധനയുടെ 95 ശതമാനവും ദരിദ്ര രാജ്യങ്ങളിലാണ്‌ എന്നറിയുമ്പോഴാണ്‌ ഈ മുദ്രാവാക്യത്തിന്റെ പ്രസക്‌തി മനസ്സിലാവുക.

ആദ്യത്തെ ജനനിയന്ത്രണ ക്ലിനിക്‌

1916 ഒക്‌ടോബറില്‍ അമേരിക്കയില്‍ ബ്രൂക്ലിനില്‍ ആണ്‌ ആദ്യത്തെ ജനനനിയന്ത്രണ ക്ലിനിക്‌ ആരംഭിച്ചത്‌. മാര്‍ഗരറ്റ്‌ സാംഗര്‍ എന്ന സാമൂഹിക പ്രവര്‍ത്തകയായിരുന്നു ഇതിന്‌ മുന്‍കൈയെടുത്തത്‌. തന്റെ അമ്മ 18 പ്രസവത്തിലൂടെ (ഏഴു ചാപിള്ളകള്‍) ദുരിതമനുഭവിച്ചു മരിക്കുന്നത്‌ നേരില്‍ കണ്ടാണ്‌ സാംഗര്‍ വളര്‍ന്നത്‌. ജനനനിയന്ത്രണം,

സ്വന്തം ശരീരത്തില്‍ സ്‌ത്രീകളുടെ അവകാശം, പ്രജനനവുമായി ബന്ധപ്പെട്ട്‌ സ്‌ത്രീ നേരിടുന്ന ദുരിതങ്ങള്‍, സ്‌ത്രീകളുടെ സാമൂഹികാവകാശങ്ങള്‍ തുടങ്ങിയവയ്‌ക്കുവേണ്ടി ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും സംഘടിതമായ യത്നങ്ങള്‍ സംഘടിപ്പിച്ച ധീരവ്യക്‌തിത്വമായിരുന്നു സാംഗറുടേത്‌.

വുമണ്‍ റിബല്‍ എന്ന മാസിക (1914) തുടങ്ങിയും ലഘുലേഖകള്‍ പ്രചരിപ്പിച്ചും ഗര്‍ഭനിരോധനം, ജനനനിയന്ത്രണം തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിച്ച സാംഗറെ അമേരിക്കന്‍ നിയമം വെറുതെ വിട്ടില്ല. ശിക്ഷയില്‍നിന്നും രക്ഷപ്പെടാന്‍ അവര്‍ ലണ്ടനിലേക്ക്‌ കടന്നു. ആദ്യത്തെ ലോകജനസംഖ്യാ സമ്മേളനം സംഘടിപ്പിക്കാന്‍ മുന്‍കയ്യെടുത്തതും സാംഗറാണ്‌ - 1927.

ലോകജനസംഖ്യ ദിനം

1987 ജൂലൈ 11-നു ലോകജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മ്മയ്‌ക്കായി എല്ലാ വര്‍ഷവും ജൂലൈ 11 ലോകജനസംഖ്യാ ദിനമായി ഐക്യരാഷ്‌ട്രസഭ ആചരിച്ചുവരുന്നു. ആരോഗ്യമുള്ള ജനങ്ങളാണ്‌ ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വലിയ സമ്പത്ത്‌. ഈ സമ്പത്തിന്‌ നല്ല രീതിയില്‍ ഉപയോഗിക്കുന്നതിലാണ്‌ രാഷ്‌ട്രങ്ങളുടെ വിജയം. 1987 ജൂലൈ 11ന്‌ ക്രൊയേഷ്യയില്‍ പിറന്ന്‌ മാതേജ്‌ ഗാസ്‌പര്‍ ആണ്‌ ലോകജനസംഖ്യ 500 കോടി തികച്ച കുഞ്ഞായി കണക്കാക്കപ്പെടുന്നത്‌.

ജനസംഖ്യ കൂടിയാല്‍

തൊഴിലില്ലായ്‌മ, ഭക്ഷ്യക്ഷാമം, ശുദ്ധജല ക്ഷാമം, മലിനീകരണം, വനനശീകരണം, ആവാസവ്യവസ്‌ഥയില്‍ ഉണ്ടാകുന്ന നാശം എന്നിവ പെരുകുന്നു. മറ്റ്‌ പല ജീവികളുടെയും വംശനാശത്തിനു കാരണമാകുന്നതും മനുഷ്യന്റെ ഈ പെരുക്കമാണ്‌. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകത്ത്‌ പെരുകുന്ന ഒരേയൊരു ജീവിവര്‍ണ്മം മനഷ്യനാണ്‌. മറ്റ്‌ ജീവികളുടെ നാശത്തിനു മാത്രമല്ല രോഗങ്ങളും, ദാരിദ്ര്യവും, നിരക്ഷരതയും, അജ്‌ഞതയും വര്‍ദ്ധിച്ച്‌ ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതിനും ജനസംഖ്യാ പെരുപ്പം കാരണമാകുന്നു

Post a Comment

0 Comments