Header Ads Widget

അതുല്യപ്രതിഭ

പഠിച്ച് ഉയരങ്ങളിലെത്തണമെന്നായിരുന്നു ബ്രോണിയുടെയും മേരിയയുടെയും ആഗ്രഹം. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പരാധീനത ഇതിന് എന്നും തടസ്സമായിരുന്നു. റഷ്യയുടെ അധീനതയിലുള്ള പോളണ്ടിലാണ് ഈ രണ്ടു പെണ്‍കുട്ടികളും ജീവിച്ചത്. ഉപരിപഠനത്തിന് പോളണ്ടില്‍ അവസരമില്ല. പാരീസില്‍ പോകണം. അതിന് പണം വേണം. വൈദ്യശാസ്ത്രം പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ബോണിയക്ക്. പണമില്ലാത്തത് ഈ ആഗ്രഹം ഉപേക്ഷിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു. എന്തും സഹിച്ച് ചേച്ചിയുടെ ആഗ്രഹം നടത്തണമെന്ന ദൃഢനിശ്ചയത്തില്‍ മേരിയയും." അവള്‍ പറഞ്ഞു: "കൈയിലുള്ള പണവുമായി ചേച്ചി പാരീസിലേക്ക് പോകൂ. നാല് വര്‍ഷം പഠിക്കാനുള്ള പണം ഞാന്‍ അയച്ചുതരാം." സ്വന്തം സഹോദരിയുടെ പഠനത്തിന്റെ ചുമതലകള്‍ ഏറ്റെടുത്ത മേരിയയെ കൂട്ടുകാര്‍ അ റിയും. മേരി ക്യൂറി (മാഡം ക്യൂറി)എന്ന പേരില്‍ പിന്നീട് ലോകമറിയുന്ന ശാസ്ത്രജ്ഞയായി അവര്‍ മാറി. യുനെസ്കോയ്ക്കുവേണ്ടി ന്യൂസയന്റിസ്റ്റ് മാഗസിന്‍ 2009ല്‍ നട ത്തിയ വോട്ടെടുപ്പില്‍ ശാസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ ആവേശം കൊള്ളിക്കുന്ന വനിതയായി മേരിക്യൂറി തെരഞ്ഞെടുക്കപ്പെട്ടു. ജൂലായ് നാല് മേരി ക്യൂറിയുടെ ചരമദിനമാണ്. ഐക്യരാഷ്ട്ര സഭ 2011 രസതന്ത്ര വര്‍ഷമായി പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്ന് മേരിക്യൂറിക്ക് രസതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വാര്‍ഷികമാണ് എന്നതാണ്. ലോകമെങ്ങുമുള്ള രസതന്ത്രജ്ഞരുടെ സംഘടനയാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി (കഡജഅഇ) ഈ സംഘടനയുടെ പൂര്‍വരൂപമായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റീസ് (കഅഇട) രൂപീകരിച്ചിട്ട് നൂറ് വര്‍ഷം തികഞ്ഞു എന്നത് മറ്റൊന്ന്.

"പരീക്ഷണ"ബാല്യം

അധ്യാപക ദമ്പതികളായ ബ്രോ ണിസ്ലോവയുടെയും വ്ളാഡിസ്ലാ സ്സ്ലോഡോവിസ്കിയുടെയും അഞ്ചാമത്തെ മകളായി 1867 നവംബര്‍ ഏഴിനാണ് മേരി ക്യൂറി ജനിച്ചത്. മേരിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയും രണ്ട് വര്‍ഷം കഴിഞ്ഞ് മൂത്ത സഹോദരി സോഫിയയും ക്ഷയരോഗം മൂലം മരിച്ചു. തുഛവരുമാനം മാത്രമുള്ള കുടുംബം ജീവിക്കാന്‍ നന്നേ പ്രയാസപ്പെട്ടു. അച്ഛന്റെ കണ്ണാടി അലമാരയിലെ പരീക്ഷണ ഉപകരണങ്ങള്‍ അവളെ സ്വാധീനിച്ചു. അച്ഛനൊപ്പം രാസ പരീക്ഷണങ്ങളിലും പങ്കാളിയായി.

പിയറിയെ കണ്ടുമുട്ടുന്നു

1894-ല്‍ സോര്‍ബോണ്‍ സര്‍വകലാശാലയിലെ പഠന കാലത്താണ് പിയറിയെ പരിചയപ്പെടുന്നത്. പീസോ ഇലക്ട്രിക് പ്രഭാവത്തിന്റെ കണ്ടുപിടുത്തത്തോടെ ശാസ്ത്രലോകത്ത് പ്രശസ്തനായിരുന്നു അദ്ദേഹം. 1895-ല്‍ ഇവര്‍ വിവാഹിതരായി. ഐറിന്‍ , ഈവ് എന്നിവരാണ് മക്കള്‍ . ജീവിതത്തിലും പരീക്ഷണങ്ങളിലും താങ്ങുംതണലുമായിരുന പിയറിയുടെ അപകട മരണം കുടുംബത്തിന് ആഘാതമായി. 1906 ഏപ്രില്‍ 19ന് പാരീസിലെ തിരക്കുപിടിച്ച റോഡിലൂടെ നടന്നവന്ന പിയറിയെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ഒരു വീട്ടില്‍ മൂന്ന് നൊബേല്‍ സമ്മാനം

റേഡിയോ ആക്ടീവതയുടെ കണ്ടുപിടുത്തത്തിന് 1903ല്‍ മേരിക്കും ഭര്‍ത്താവ് പിയറിക്കും ഹെന്‍റി ബെക്കുറലിനൊപ്പം ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1911-ല്‍ രസതന്ത്രത്തിലും മേരിയെ തേടി നൊബേല്‍ സമ്മാനമെത്തി. അവരുടെ മൂന്നാമത്തെ മകള്‍ ഐറിനും ഭര്‍ത്താവ് ഫ്രെഡറിക്കിനും പില്‍ക്കാലത്ത് നൊബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയാണ് മേരി ക്യൂറി. രണ്ട് വിഷയത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ച ഒരേയൊരു വ്യക്തിയും മേരി തന്നെ. പിന്നീട് നിരവധി പുരസ്കാരങ്ങള്‍ മേരിക്ക് ലഭിച്ചു. റേഡിയോ ആക്ടീവതയുടെ യൂണിറ്റിന് "ക്യൂറി" എന്ന പേര് നല്‍കി ശാസ്ത്രലോകം അവരെ ആദരിച്ചു.

കണ്ടുപിടുത്തങ്ങള്‍

ഹെന്‍റി ബെക്കുറല്‍ കണ്ടെത്തിയ റേഡിയോ ആക്ടിവിറ്റി എന്ന പ്രതിഭാസത്തിന് മേല്‍ നിരവധി തുടര്‍പരീക്ഷണങ്ങള്‍ അവര്‍ നടത്തി. "റേഡിയോ ആക്ടിവിറ്റി" എന്ന പേര് നല്‍കിയത് മാഡം ക്യൂറിയാണ്. ഈ പ്രതിഭാസത്തില്‍ നിന്നുണ്ടാകുന്ന വികിരണങ്ങളുടെ തീവ്രത കണ്ടെത്താന്‍ ക്യൂറി ദമ്പതികള്‍ക്ക് സാധിച്ചു. 1902ല്‍ റേഡിയം ക്ലോറൈഡും 1910ല്‍ റേഡിയവും അവര്‍ വേര്‍തിരിച്ചെടുത്തു. റേഡിയോ ആക്ടീവ് വികിരണം ഏറ്റതുമൂലം ബാധിച്ച രക്താര്‍ബുദത്തെത്തുടര്‍ന്ന് 1934 ജൂലൈ നാലിന് അവര്‍ ലോകത്തോട് വിട പറഞ്ഞു


--
എല്ലാ ഭാവുകങ്ങളും നേരുന്നു

Post a Comment

0 Comments