Header Ads Widget

അറിയാം ആദിവാസി ചരിത്രം - 5(Know About Tribal Part - 5)

വയനാടന്‍ പുലയര്‍ (Wayanadan Pulayar)
വയനാടന്‍ പുലയരെന്നും മാതപ്പുലയരെന്നും ഇവര്‍ അറിയപ്പെടുന്നു. മനസ്സിലാക്കാന്‍ പ്രയാസമുള്ള മലയാളമാണ് സംസാരഭാഷ. ഇവര്‍ വയനാട്ടില്‍ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല. അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കുന്നത് സമുദായത്തിലെ കാരണവരാണ്. താലികെട്ടാനുള്ള അവകാശം കാരണവരുടേതാണ്. പ്രധാനചടങ്ങ് താലികെട്ടാണ്.കുട്ടി ജനിച്ചാല്‍ 15ാം ദിവസം പേരിടണം. പേരിടല്‍കര്‍മം നടത്തുക പ്രസവിച്ചു കിടക്കുന്ന തീണ്ടാരിപ്പുരയില്‍വെച്ചാണ്. 30 ദിവസം അമ്മക്ക് പുലയുണ്ട്.വയനാടന്‍ പുലയര്‍ക്കും തലവന്മാരുണ്ട്. തലവന്‍െറ പ്രത്യേക അവകാശങ്ങളിലൊന്ന് എല്ലാ വിവാഹസദ്യകള്‍ക്കും മരണസദ്യകള്‍ക്കും ക്ഷണിക്കപ്പെടുക എന്നതാണ്.

തച്ചനാടന്‍ മൂപ്പന്മാര്‍ (Tachanadan Muppanmar)
തച്ചനാട് എന്ന പ്രദേശത്തുനിന്ന് വന്നവരായതുകൊണ്ടാണ് തച്ചനാടന്‍ എന്ന് പേരുണ്ടായതെന്നു കരുതുന്നു. വയനാട്ടിലെയും ഏറനാട്ടിലെയും പ്രദേശങ്ങളിലാണ് ഇവരുള്ളത്. പ്രാകൃത മലയാളമാണ് ഇവരുടെ ഭാഷ. ഇവര്‍ക്കിടയില്‍ രണ്ട് മൂപ്പന്മാരുണ്ടാവും. മൂപ്പന്മാരില്‍ പ്രധാനിയെ മൂത്താളിയെന്നും രണ്ടാമനെ എളേരിയെന്നും വിളിക്കുന്നു. തര്‍ക്കങ്ങള്‍ തീര്‍ക്കേണ്ടതും വിവാഹങ്ങള്‍ തീരുമാനിക്കേണ്ടതും പുരുഷദൈവങ്ങളെ പൂജിക്കേണ്ടതും മൂത്താളിയുടെ ചുമതലയാണ്. വിവാഹത്തിനുള്ള മുഹൂര്‍ത്തവും തീയതിയും നിശ്ചയിക്കേണ്ടതും സ്ത്രീദേവതകളെ പൂജിക്കേണ്ടതും എളേരിയുടെ ചുമതലയാണ്. എളേരി പൂജാരിയും മന്ത്രവാദിയുംകൂടിയാണ്.ഋതുമതിയാവുന്നതിനുമുമ്പ് പെണ്‍കുട്ടികളുടെ വിവാഹം നടത്തണമെന്ന് നിര്‍ബന്ധമാണ്. പ്രധാനകര്‍മം താലികെട്ടാണ്.

പതിയാര്‍ (Pathiyanmar)
മൈസൂരിലെ പുന്നാട് എന്ന സ്ഥലത്തുനിന്ന് വയനാട്ടില്‍ എത്തിയവരാണ് പതിയാര്‍ സമുദായം. കന്നട കലര്‍ന്ന മലയാളമാണ് ഇവരുടെ ഭാഷ. പതിച്ചുകൊടുത്തിരുന്ന ഭൂമികളില്‍ ആദ്യം താമസിച്ചിരുന്നതുകൊണ്ടാണ് അവര്‍ക്ക് പതിയാര്‍മാര്‍ എന്ന പേരുണ്ടായതെന്ന് പറയുന്നു. വിവാഹദിവസം വധു വളകളും വരന്‍ തലപ്പാവും ധരിക്കണം. വിവാഹം നിശ്ചയിക്കാന്‍ ജ്യോത്സ്യനെ സമീപിക്കുന്ന പതിവുണ്ട്. ഒരു പെണ്ണിനെ സംരക്ഷിക്കാനുള്ള കഴിവ് ചെറുക്കനുണ്ടെന്ന് മുതിര്‍ന്നവര്‍ക്ക് ബോധ്യമായാല്‍ മാത്രമേ വിവാഹം ചെയ്യാന്‍ യുവാക്കളെ അനുവദിക്കൂ. ഇവര്‍ക്കിടയിലും മൂപ്പന്മാരുണ്ട്. പതിയാര്‍മാര്‍ ഹിന്ദുക്കളാണ്.

മുതുവാന്‍ (Muthuvan)
എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുതുവാന്മാര്‍ ഉള്ളത്. തമിഴിന്‍െറ വകഭേദമായ ഒരു ദേശഭാഷയാണ് ഇവരുടേത്. മുതുവാന്മാര്‍ പല വംശക്കാരാണ്. ഓരോ വംശത്തിനും പ്രത്യേകം പേരുകളുണ്ട്. വംശങ്ങള്‍ക്ക് കൂട്ടങ്ങള്‍ എന്നാണ് പറയുക. കായാനു കൂട്ടം, പൂതണി കൂട്ടം, കണ്ണകൂട്ടം, തുഷാനി കൂട്ടം, എല്ലിക്കൂട്ടം, മേലക്കൂട്ടം എന്നിങ്ങനെയാണ് കൂട്ടങ്ങളുടെ പേരുകള്‍.
ചെയ്യുന്ന ജോലിക്കനുസരിച്ചും സ്ഥലമനുസരിച്ചുമാണ് കൂട്ടങ്ങള്‍ക്ക് പേരുണ്ടായത്. കായ്കള്‍ കൊണ്ടുപോകുന്നവര്‍ കായാനു കൂട്ടര്‍. പൂക്കള്‍ കൊണ്ടുപോകുന്നവര്‍ പൂരാണി കൂട്ടര്‍. തുഷാനത്ത് താമസിച്ചവര്‍ തുഷാനി കൂട്ടര്‍.മരണം സംഭവിക്കുമ്പോള്‍ സമുദായത്തിലുള്ളവരെയെല്ലാം വിവരമറിയിക്കണം.

മലയരയര്‍ (Malayarar)
ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഇവരെ കണ്ടുവരുന്നത്. കടലിലെ മീന്‍പിടിത്തക്കാരായ അരയരുമായി മലയരയര്‍ക്ക് ഒരു ബന്ധവുമില്ല. ഭാഷ തനിമലയാളം. അവരുടേതായ പ്രാകൃതപദങ്ങള്‍ ഭാഷയില്‍ കലര്‍ന്നിട്ടുണ്ടെന്നുമാത്രം. ‘മല അരചന്‍’ എന്ന പദത്തിന് രൂപഭേദം വന്നതാണ് മലയരയന്‍. മലയിലെ അരചന്‍ (രാജാവ്) ആണത്രെ മലയരയനായത്.
മലയരയര്‍ക്ക് പ്രധാനമായി ആറു വംശങ്ങളുണ്ട്. ആറില്ലങ്ങളെന്നാണ് ഇവയെ പറയുന്നത്. വളയില്ലം, എണ്ണയില്ലം, മൂണ്ടില്ലം, പൂത്താനിയില്ലം, മാലയില്ലം, നെല്ലിപ്പള്ളിയില്ലം എന്നിവയാണവ.സമുദായത്തില്‍ സ്ത്രീകളുടെ സ്ഥാനം പുരുഷന്മാരോടൊപ്പമാണ്. വധുപ്പണം കൊടുക്കുന്ന പതിവില്ല. തലവന്‍ സമ്പ്രദായം ഇവര്‍ക്കിടയിലുണ്ട്. ‘പേരമ്പറൊ’ന്നോ ‘മൂട്ടു കാണി’യെന്നോ തലവനെ വിളിക്കുന്നു.മരണാനന്തര ജീവിതത്തിലും പുനര്‍ജന്മത്തിലും വിശ്വാസമുള്ളവരാണ് മലയരയര്‍.

കര്‍ണാടകയിലെ മൈസൂരിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും വയനാട് അതിര്‍ത്തിയിലുമാണ് ഉരിഡവര്‍ (Uridavar)
കന്നടഭാഷ സംസാരിക്കുന്നു. മൈസൂരില്‍നിന്ന് ഉരുണ്ടുവന്നവന്‍ എന്ന അര്‍ഥത്തിലാണ് ഇവര്‍ക്ക് ഉരിഡവര്‍ എന്ന പേരുണ്ടായത്. ഇവരുടെ മൂപ്പനെ യജമാനനെന്നു വിളിക്കുന്നു. അദ്ദേഹത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ഇവരുടെ വിവാഹങ്ങളില്‍ പൗരോഹിത്യംവഹിക്കേണ്ടത് ബ്രാഹ്മണരായ പൂജാരികളാണ്. താലികെട്ട് പ്രധാന ചടങ്ങാണ്.

മലപ്പണിക്കര്‍ (Malappanikkar)
മലപ്പുറം ജില്ലയിലെ പല മേഖലകളിലാണ് മലപ്പണിക്കന്മാരെ കാണുക. മലയിലെ പണിക്കാരായതുകൊണ്ടാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. മലയാളമാണ് ഭാഷ. എന്നാല്‍, മനസ്സിലാക്കാന്‍ പ്രയാസമാണ്. പെണ്‍കുട്ടികള്‍ ഋതുമതിയാവുന്നതിനുമുമ്പ് താലികെട്ടുകല്യാണവും ഋതുമതിയായാല്‍ തിരണ്ടുകല്യാണവുമുണ്ടാകും. പിന്നീട്, സാക്ഷാല്‍ കല്യാണവും ഉണ്ടാവും. ഇങ്ങനെ, മലപ്പണിക്കന്മാര്‍ക്കിടയിലെ പെണ്‍കുട്ടികള്‍ക്ക് മൂന്നു വിവാഹമുണ്ടായിരിക്കും. താലിക്കെട്ടുക വരന്‍െറ സഹോദരിയായിരിക്കും.12 വയസ്സുകഴിഞ്ഞ് മരണപ്പെടുന്നവരുടെയെല്ലാം മൃതദേഹം ദഹിപ്പിക്കണമെന്നാണ് സമുദായ നിയമം. ശവദാഹ കര്‍മങ്ങളില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ പാടില്ല.

മലക്കാരന്മാര്‍ (Malakkanmar)
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കണ്ടുവരുന്നവരാണ് മലക്കാരന്മാര്‍. ഇവര്‍ക്ക് മലമുത്തന്മാരെന്ന മറ്റൊരു പേരുണ്ട്. തമിഴിലെയും മലയാളത്തിലെയും ഒട്ടേറെ പദങ്ങള്‍കലര്‍ന്ന വെങ്കല ഭാഷയാണവരുടേത്. ഇവരുടെ സമുദായ നേതാവിനെ ‘അയ്യ’നെന്നും മൂപ്പനെന്നും പറയും.വിവാഹബന്ധം പാവനമായി കണക്കാക്കുന്നു.ഋതുമതിയായ സ്ത്രീകള്‍ അഞ്ചുദിവസം തീണ്ടാരിപ്പുരയില്‍ പാര്‍ക്കണം. സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരുടെ പേരുകള്‍ വിളിക്കാന്‍ പാടില്ല.മൃതദേഹം ദഹിപ്പിക്കുകയോ മറവു ചെയ്യുകയോ ചെയ്യുന്നത് താമസസ്ഥലത്തുനിന്ന് വളരെ അകലെയായിരിക്കും.

അരണാടന്മാര്‍ (Aranadanmar)
മലപ്പുറത്താണ് അരണാടന്മാരുള്ളത്. തമിഴും മലയാളവും തുളുവും കലര്‍ന്നതാണ് ഇവരുടെ ഭാഷ.
അരണാടന്മാര്‍ക്ക് മൂപ്പനില്ല. ഇവര്‍ക്ക് പ്രത്യേകം മതമില്ല. കുട്ടികള്‍ പിറന്നാല്‍ സദ്യ നടത്തുന്ന പതിവില്ല. മൃതദേഹം മറവുചെയ്യും. ശവദാഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം.

മുഡുഗര്‍ (Mudugar)
അട്ടപ്പാടിയില്‍ കണ്ടുവരുന്ന വിഭാഗമാണ് മുഡുഗര്‍. പിഞ്ചുകുട്ടികളെ മുതുകില്‍ കെട്ടിത്തൂക്കി നടക്കുന്ന തമിഴ്നാട്ടുകാരുടെ സമ്പ്രദായം മുഡുഗിലെ സ്ത്രീകള്‍ സ്വീകരിച്ചതുകൊണ്ടാണ് അവരെ മുതുഗര്‍ (മുഡുഗര്‍) എന്നു വിളിക്കുന്നതെന്ന് പറയപ്പെടുന്നു. മനസ്സിലാക്കാന്‍ പ്രയാസമുള്ള പ്രാകൃത തമിഴാണ് അവരുടെ ഭാഷ. മലയാളം ശരിക്കും മനസ്സിലാവില്ല.മുഡുഗര്‍ക്കും മൂപ്പന്മാരുണ്ട്. മൂപ്പന്മാരുടെ കീഴില്‍ രണ്ടാളുകളുണ്ട്. അവരുടെ സ്ഥാനപ്പേരുകള്‍ ഭണ്ഡാരിയെന്നും കുറു ആളയെന്നുമാണ്.വിവാഹത്തില്‍ പ്രധാന ചടങ്ങ് താലികെട്ടാണ്. തീണ്ടാരിയാചരിക്കുന്ന പതിവ് അവര്‍ക്കില്ല. മൃതദേഹം മറവുചെയ്യുന്നു.

കുറുമ്പര്‍ (Kurumbar)
അട്ടപ്പാടി താഴ്വരയില്‍ കാണുന്ന ഗിരിവര്‍ഗ വിഭാഗമാണ് കുറുമ്പര്‍. വയനാട്ടില്‍ കുറുമരെന്ന പേരില്‍ അറിയപ്പെടുന്നവര്‍തന്നെയാണ് അട്ടപ്പാടിയിലെ കുറുമ്പര്‍.

To know about More : http://en.wikipedia.org/wiki/Tribals_in_Kerala
കടപ്പാട് :- ലേഖനം  :വെളിച്ചം 
അടുത്ത പോസ്റ്റില്‍ തുടരും ....

Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments