Header Ads Widget

അരവിന്ദ ഘോഷ്‌

1872 ഓഗസ്‌റ്റ് 15-ന്‌ ബംഗാളിലെ പ്രസിദ്ധമായ 'ഘോഷ്‌ കുടുംബത്തിലാണ്‌ അരവിന്ദ ഘോഷ്‌ ജനിച്ചത്‌. ഇംഗ്ലണ്ടില്‍ താമസിച്ച്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി ഐ.സി.എസ്‌. പരീക്ഷ പാസായി. ഇരുപത്തിയൊന്നാം വയസില്‍ ഭാരതത്തില്‍ തിരിച്ചെത്തി സംസ്‌കൃതം, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളിലും അവഗാഹം നേടി. തുടര്‍ന്ന്‌ ബറോഡ സംസ്‌ഥാനത്തെ ഭരണരംഗത്തും വിദ്യാഭ്യാസരംഗത്തും സേവനമനുഷ്‌ഠിച്ചു. ഭാര്യ മൃണാളിനിയുടെ മരണത്തോടെ അതീവ ദുഃഖിതനായ അദ്ദേഹം ശിഷ്‌ടായുസ്‌ ഭാരതീയരുടെ ആത്മീയ പുരോഗതിക്കായി ചെലവഴിച്ചു.
മഹാത്മാഗാന്ധിക്കു മുമ്പു തന്നെ നിയമലംഘനത്തെ രാഷ്‌ട്രീയലക്ഷ്യം സാധിക്കുന്നതിനുള്ള ഉപാധിയായി സ്വീകരിച്ചത്‌ അരവിന്ദ ഘോഷ്‌ ആയിരുന്നു. 1908-ലെ 'ആലിപ്പൂര്‍' ബോംബ്‌ കേസില്‍ നിരപരാധി എന്നു കണ്ട്‌ കോടതി അദ്ദേഹത്തെ വിട്ടയച്ചു. പ്രസിദ്ധ അഭിഭാഷകനായ ചിത്തരഞ്‌ജന്‍ ദാസാണ്‌ കേസില്‍ ഹാജരായതും വാദിച്ചതും. ഭാരതീയരുടെ ആധ്യാത്മിക ജീവിതത്തെക്കുറിച്ച്‌ ആഴമായി ചിന്തിക്കുവാനും പഠിക്കുവാനും തുടങ്ങിയതോടെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിലുള്ള താല്‍പര്യം തീരെയില്ലാതായി. 'ഹോം റൂള്‍' പ്രസ്‌ഥാനത്തെ നയിക്കുവാന്‍ ബാലഗംഗാധര തിലകന്‍ ക്ഷണിച്ചെങ്കിലും അരവിന്ദ ഘോഷ്‌ ഒഴിഞ്ഞുമാറി.
യോഗയും വേദപാരായണവും മനുഷ്യന്റെ മരണാനന്തരാവസ്‌ഥയെപ്പറ്റി ആഴമായി ചിന്തിക്കുവാനും പഠിക്കുവാനും അദ്ദേഹത്തില്‍ താല്‍പര്യം ജനിപ്പിച്ചു. ഇത്രയൊക്കെയായിട്ടും ഒരു ഇന്ത്യന്‍ ചാരന്‍ എന്ന വിധത്തിലാണ്‌ ബ്രിട്ടീഷ്‌ ഭരണകൂടം അരവിന്ദനെ വീക്ഷിച്ചത്‌. 'അമ്മ' എന്ന പേരില്‍ പിന്നീട്‌ പ്രസിദ്ധയായ മീര റിച്ചാര്‍ഡ്‌് എന്ന ഫ്രഞ്ചുകാരി അരവിന്ദന്റെ ശിഷ്യത്വം സ്വീകരിക്കുകയും അവരുടെ ഉത്സാഹത്തില്‍ 1926-ല്‍ പുതുശേരിയില്‍ ഒരു ആശ്രമം സ്‌ഥാപിക്കുകയും ചെയ്‌തതോടെ അരവിന്ദന്റെ ശിഷ്യസമ്പത്ത്‌ ക്രമാതീതമായി വര്‍ധിച്ചു. 1950-ല്‍ ഹൈന്ദവരും ഇതര മതസ്‌ഥരും ഉള്‍പ്പെടെ എഴുന്നൂറിലേറെ അന്തേവാസികള്‍ അവിടെ ഉണ്ടായിരുന്നു.
ചൈതന്യരൂപിയായ പരമാത്മാവ്‌ ഈ ലോകത്തില്‍ ലയിച്ചിരിക്കയാണെന്നും ആ ലയനത്തില്‍ നിന്നുള്ള ആത്മചൈതന്യത്തിന്റെ മോചനമാണ്‌ പരിണാമമെന്നുമായിരുന്നു അരവിന്ദന്റെ പ്രധാന സിദ്ധാന്തം. പ്രപഞ്ചത്തെ നയിക്കുന്ന ശാശ്വത സത്തയും വ്യക്‌തികളുടെ ആത്മാക്കളും ഒന്നാണെന്നുള്ള മഹര്‍ഷിവര്യന്മാരുടെ ദര്‍ശനത്തെ പൂര്‍ണമായി അംഗീകരിക്കയാണ്‌ അദ്ദേഹം ചെയ്‌തത്‌. സകല മനുഷ്യരുടെയും സര്‍വതോന്മുഖമായ ശിക്ഷണം ലക്ഷ്യമാക്കിയുള്ള ജ്‌ഞാനയോഗം, ഭക്‌തിയോഗം, കര്‍മയോഗം എന്നിവയിലൂടെ മനുഷ്യനു പൂര്‍ണ വികാസവും വളര്‍ച്ചയും പ്രാപിക്കാന്‍ കഴിയുമെന്നും അതിനൊരു ഗുരുവിന്റെ സഹായം അത്യന്താപേക്ഷിതമാണെന്നും ഘോഷ്‌ വ്യക്‌തമാക്കി.
വെളുത്ത വസ്‌ത്രം ധരിച്ച്‌ ശാന്തമായി സംസാരിക്കുന്ന അദ്ദേഹത്തെ തേടി അനേക സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരുന്നു. മഹാരാജാക്കന്മാരും പണ്ഡിതരും രാഷ്‌ട്രീയ പ്രമുഖരുമൊക്കെ അവരില്‍ ഉണ്ടായിരുന്നു. സന്ദര്‍ശകരുടെ ചോദ്യങ്ങള്‍ക്ക്‌ കടലാസില്‍ ഉത്തരം എഴുതിക്കൊടുക്കുന്നതായിരുന്നു രീതി. ആശ്രമം ഉണ്ടാക്കിയതിനു ശേഷമുള്ള കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്‌ അമ്മ (മീര) ആയിരുന്നു. മരണം വരെ അരവിന്ദ ഘോഷിന്റെ വലംകൈ ആയി അവര്‍ പ്രവര്‍ത്തിച്ചു. വൃക്കരോഗത്താല്‍ ആരോഗ്യസ്‌ഥിതി അനുദിനം ക്ഷയിച്ചു വന്നിട്ടും അരവിന്ദ്‌ അതത്ര കാര്യമാക്കിയില്ല. 1950 നവംബര്‍ 24-നു സന്ദര്‍ശകര്‍ക്കും അന്തേവാസികള്‍ക്കും അന്ത്യദര്‍ശനം നല്‍കിയ ആ മഹായോഗി ഡിസംബര്‍ അഞ്ചിനു മഹാസമാധി പൂകി. നാലുദിവസത്തോളം മൃതശരീരത്തിനു യാതൊരു നിറവ്യത്യാസമോ ദുര്‍ഗന്ധമോ ഉണ്ടായിരുന്നില്ലെന്ന്‌ ശിഷ്യന്മാര്‍ അവകാശപ്പെടുന്നു.
റവ. ജോര്‍ജ്‌ മാത്യു പുതുപ്പള്ളി
കടപ്പാട് : മംഗളം ദിനപത്രം 
Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments