Header Ads Widget

വേറിട്ട കാഴ്ചകള്‍

നാക്കിന് നീളം കൂടിയവന്‍
‘അവടെ നാക്കിന് അല്‍പം നീളക്കൂടുതലാ?’ കലപിലാ ചിലക്കുന്ന കുഞ്ഞുപെങ്ങളെപ്പറ്റി അമ്മ പറയാറുണ്ടിങ്ങനെ. വര്‍ത്തമാനക്കാരിയായതുകൊണ്ട് അമ്മ പറഞ്ഞ അതിശയോക്തി കലര്‍ന്ന കമന്‍റാണിത്. എന്നാല്‍, ഇവിടെയിതാ സ്വന്തം ശരീരത്തേക്കാള്‍ വലിയ നാക്കുള്ള ഒരാളെ പരിചയപ്പെട്ടോളൂ.
ഇന്ത്യയിലെ നീലഗിരി വനങ്ങളില്‍ കാണുന്ന ഒരുതരം ഓന്തിന്‍െറ നാക്ക് അതിന്‍െറ ശരീരത്തേക്കാള്‍ വലുതാണ്. നാക്കിന് 1.25 മീറ്റര്‍വരെ നീളമുള്ളപ്പോള്‍ ശരീരനീളം കേവലം 45 സെ.മീറ്റാണ്. ആഫ്രിക്കയിലെയും മഡഗാസ്കറിലെയും ചില ഓന്തുകള്‍ക്ക് നാക്കിന് രണ്ടു മീറ്ററോളം നീളം വരും! മഹാമടിയന്മാരായ ഇക്കൂട്ടരുടെ നാക്ക് തീരെ കനംകുറഞ്ഞതാണ്. വായ്ക്കുള്ളില്‍ അത് വലയങ്ങളായി സ്ഥിതി ചെയ്യുന്നു. ഈ നീളന്‍ നാക്കിന്‍െറ ഉപയോഗം മരങ്ങളിലും മറ്റുമിരിക്കുന്ന കൃമികീടങ്ങളെ പിടിക്കലാണ്. നാക്കിലൂറുന്ന പശയുള്ള ദ്രാവകത്തില്‍ പുഴുക്കള്‍ പറ്റിയിരുന്നുപോകും. നിറംമാറ്റം ഇക്കൂട്ടരുടെയും സഹജസ്വഭാവമാണ്.
ദേശാടനം ചെയ്യും ശലഭങ്ങള്‍
ശലഭങ്ങള്‍ ദേശാടനം ചെയ്യുകയോ! അദ്ഭുതമായിരിക്കുന്നു അല്ലേ? എന്നാല്‍, അത്തരക്കാരായ ഒരുകൂട്ടം ശലഭങ്ങള്‍ ഇന്ന് വംശനാശഭീഷണി നേരിടുന്നുണ്ട്. ‘അമേരിക്കന്‍ മൊണാര്‍ക് ബട്ടര്‍ഫൈ്ളസാ’ണ് ഇവര്‍. വഴിതെറ്റാതെ ഇവര്‍ സഞ്ചരിക്കുന്ന ദൂരം 2500 കി.മീറ്ററാണത്രെ! തണുപ്പില്‍നിന്ന് രക്ഷനേടാന്‍ ശരത്കാലാരംഭത്തില്‍ ഇവ മെക്സികോ, ഫ്ളോറിഡ, തെക്കന്‍ കാലിഫോര്‍ണിയ തുടങ്ങിയ നാടുകളിലേക്ക് പറക്കും. കറുപ്പും ഓറഞ്ചും നിറങ്ങളിലുള്ള വര്‍ണച്ചിറകുകള്‍ വിടര്‍ത്തി ഈ ശലഭങ്ങള്‍ വൃക്ഷങ്ങളെ പൊതിഞ്ഞിരിക്കുന്ന ദൃശ്യം കാണാന്‍ എണ്ണമറ്റ ടൂറിസ്റ്റുകള്‍ എത്താറുണ്ട്. ഇവയുടെ വടക്കോട്ടുള്ള മടക്കയാത്ര വസന്തകാലാരംഭത്തില്‍ തുടങ്ങും. മൊണാര്‍ക് ശലഭങ്ങളുടെ പ്രജനനകാലം കൂടിയാണിത്. സസ്യഭാഗങ്ങള്‍ ഭക്ഷണമായി ഉപയോഗിക്കുന്ന ഇവര്‍ തങ്ങളുടെ ശരീരത്തിലെ വിഷവസ്തുവിന്‍െറ സാന്നിധ്യത്താല്‍ പക്ഷികളെയും മറ്റും അകറ്റിനിര്‍ത്തുന്നു. ഇത്തിരിപ്പോന്ന ശലഭങ്ങളുടെ ശേഷിയും ശേമുഷിയും അംഗീകരിച്ചുകൊടുത്തല്ലേ പറ്റൂ!
പക്ഷികളില്‍ കേമന്‍ ഇവന്‍
പക്ഷികളുടെ ലോകത്ത് ഏറ്റവും ഭീമന്‍ ആരെന്നറിയുമോ? സാക്ഷാല്‍ ‘ഒട്ടകപക്ഷി’ തന്നെ. വലുപ്പത്തില്‍ മാത്രമല്ല കേമത്തം. മറ്റു പല പ്രത്യേകതകളുമുണ്ട് ഈ പക്ഷിരാജന്.
ചെടികള്‍, അരി, കായ്കള്‍ തുടങ്ങി കല്ലും ഇരുമ്പുമൊക്കെ ഇവന്‍െറ മെനുവില്‍പെടും. മറ്റ് ആഹാരപദാര്‍ഥങ്ങള്‍ ദഹിക്കാന്‍ വേണ്ടിയാണത്രെ കല്ലും ഇരുമ്പുമൊക്കെ തിന്നുന്നത്! ആഫ്രിക്കയില്‍ കാണപ്പെടുന്ന ഒട്ടകപ്പക്ഷിക്ക് പറക്കാന്‍ കഴിയില്ല. ചെറിയ ചിറകുകളാണിവക്ക്. ഏകദേശം 130 കി.ഗ്രാം ഭാരവും 2.5 മീറ്റര്‍ പൊക്കവും വരും. വലിയ പാദങ്ങളാണ് ഇവക്കുള്ളത്. ഓരോന്നിലും രണ്ട് വിരലുകളേയുള്ളൂ. നീണ്ട കഴുത്തില്‍ അങ്ങിങ്ങായി രോമങ്ങള്‍ കാണാം. ആണ്‍പക്ഷിയുടെ തൂവല്‍ കറുപ്പോ കടുംതവിട്ടോ നിറത്തിലും പെണ്‍പക്ഷിയുടേത് ചാരനിറത്തിലും കാണുന്നു. മണിക്കൂറില്‍ 80 കി.മീറ്റര്‍ വേഗത്തില്‍ ഓടാന്‍ ഒട്ടകപ്പക്ഷിക്ക് കഴിയും. പരുക്കനാണ് ഇതിന്‍െറ ശബ്ദം. ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷിയും ഒട്ടകപ്പക്ഷിതന്നെ. മുട്ടകള്‍ക്ക് 12 മുതല്‍ 15 സെ.മീറ്റര്‍ വരെ വ്യാസമുണ്ടാകും.
കാഴ്ചയില്‍ മീനും കാര്യത്തില്‍ സസ്തനിയും
കാഴ്ചയില്‍ തിമിംഗലമൊരു മീനാണ്. എന്നാല്‍, കാര്യമങ്ങനെയാണോ? അല്ല. അതൊരു സസ്തനിയാണ്. ‘ദിനോസറുകള്‍’ എന്ന ഭീമാകാര ഇഴജന്തുക്കളില്‍നിന്ന് പില്‍ക്കാലത്ത് പരിണമിച്ചുണ്ടായതാണത്രെ തിമിംഗലം. എല്ലാ ജീവികളിലുംവെച്ച് ഏറ്റവും വലുപ്പംകൂടിയത് തിമിംഗലമാണ്. നീലനിറവും വയറ്റില്‍ ഉളംമഞ്ഞനിവുമുള്ള തിമിംഗലമാണ് ഏറ്റവും വലുത്. പ്രായപൂര്‍ത്തിയായാല്‍ 30 മീറ്റര്‍ നീളവും 125 ടണ്‍ ഭാരവുമുണ്ടാകും. മനുഷ്യരെപ്പോലെ ശ്വാസകോശംകൊണ്ടാണ് ഇവ ശ്വസിക്കുന്നത്. തലയുടെ മുമ്പില്‍ ഒരു മൂക്കുണ്ട്. ശ്വസിക്കുന്നതിനുവേണ്ടി അഞ്ചോ പത്തോ മിനിറ്റ് ഇടവിട്ട് ഇതിന്‍െറ തല വെള്ളത്തിനു മുകളില്‍ വരും. ശ്വാസമെടുക്കാതെ വെള്ളത്തിനടിയില്‍ 45 മിനിറ്റുവരെ കഴിയാന്‍ ഇതിന് പ്രയാസമില്ല. വെള്ളത്തില്‍ 600 അടി താഴെ വരെ തിമിംഗലം കടന്നുചെല്ലും.
കുട്ടികളെ ഇവ പ്രസവിച്ചു വളര്‍ത്തുന്നു. ഹൃദയവും ഉഷ്ണരക്തവുമുള്ള ജീവികളാണിവ. എന്നാല്‍, കടലിലെ ചുറ്റുപാടുകളുമായി ശരീരം ഇണങ്ങിയിരിക്കുന്നു. ചില തിമിംഗലങ്ങള്‍ക്ക് പല്ലുണ്ട്. മറ്റ് ചിലതിനില്ല. വായില്‍ ഫലകംപോലെയുള്ള അസ്ഥിയുണ്ട്. ഈ സ്വഭാവങ്ങള്‍ കൊണ്ടാണ് തിമിംഗലം സസ്തനിയായത്.  
വാലിന്‍െറ വിശേഷങ്ങള്‍
 കൂട്ടാളിയേക്കാള്‍ കേമനാണ് താനെന്ന് അറിയിക്കാനാണ് നായ്ക്കളും ചെന്നായ്ക്കളും വാലുയര്‍ത്തിനില്‍ക്കുന്നത്. ധീരന്‍ വാലുയര്‍ത്തുമ്പോള്‍ ഭീരുക്കള്‍ കാലുകള്‍ക്കിടയില്‍ വാല്‍ തിരുകി സ്ഥലം കാലിയാക്കുന്നത് കൂട്ടുകാര്‍ കണ്ടിട്ടില്ലേ?
ആണ്‍മയില്‍ മനോഹരമായ പീലിവിടര്‍ത്തി നൃത്തമാടുന്നത് ഇണയെ ആകര്‍ഷിക്കാനാണ്. നീല പറുദീസ പക്ഷികളാവട്ടെ മരച്ചില്ലയില്‍ തലകീഴായി തൂങ്ങിനിന്ന്, മനോഹരമായ നീല വാലിലെ തൂവലുകള്‍ വിടര്‍ത്തി ഇണയെ ആകര്‍ഷിക്കുന്നു. മുള്ളന്‍പന്നിക്ക് വാല്‍ ഒരായുധമാണ്. അതിലെ മുള്ളുകള്‍ തെറുപ്പിച്ച് ശത്രുക്കളെ തുരത്തിക്കളയും. ‘ആര്‍മഡില്ലോ പല്ലിയും’ മുള്ളുനിറഞ്ഞ വാലുകാട്ടിയാണ് അക്രമികളെ ഭയപ്പെടുത്തുക. പ്ളാറ്റിപ്പസിന് രോമാവൃതമായ വാല്‍ ഒരു തുഴയാണ്. പരുന്തിനെപ്പോലെയുള്ള പക്ഷികള്‍ക്ക് സഞ്ചാരദിശ നിര്‍ണയിക്കുന്ന സഹായിയാണ് വാല്‍. മത്സ്യങ്ങള്‍ വാല്‍ വശങ്ങളിലേക്ക് ചലിപ്പിച്ചാണ് സഞ്ചരിക്കുന്നത്. തിമിംഗലത്തെപ്പോലുള്ള സസ്തനികളുടെ വാലാകട്ടെ മുകളിലേക്കും താഴേക്കുമാണ് ചലിക്കുന്നത്. വാല്‍ നിസ്സാരക്കാരനല്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ.
മിണ്ടാത്ത മൃഗങ്ങള്‍
വാക്കുകള്‍കൊണ്ട് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിവുള്ള ഏകജീവി മനുഷ്യനാണ്. നമ്മെപ്പോലെ സംസാരിക്കില്ലെങ്കിലും ചില ശബ്ദങ്ങളും ഭാവങ്ങളുംകൊണ്ട് സന്തോഷം, ദു$ഖം, ഭയം എന്നീ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മൃഗങ്ങള്‍ക്ക് കഴിയും. പൂച്ചയെ കാണുമ്പോള്‍ കിളിക്കൂട്ടം ശബ്ദമുണ്ടാക്കുന്നതും ദേഷ്യം വരുമ്പോള്‍ പട്ടി കുരക്കുന്നതും സ്നേഹംകൊണ്ട് വാലാട്ടുന്നതുമൊക്കെ ഇത്തരം പ്രവര്‍ത്തനങ്ങളാണ്.
മൃഗങ്ങളുടെ തലച്ചോറ് നമ്മുടേതുപോലെ വികസിച്ചിട്ടില്ലാത്തതാണ് അവക്ക് സംസാരശേഷി ഇല്ലാതെ പോയതിന്‍െറ കാരണം. മൃഗങ്ങള്‍ക്കും വികാരങ്ങളുണ്ട്. പക്ഷേ, അത് പ്രകടിപ്പിക്കാന്‍ അവക്ക് വാക്കുകള്‍ ഇല്ല. ചില ഭാവങ്ങളും ശബ്ദങ്ങളുംകൊണ്ടാണ് അവ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത്. ബുദ്ധിവികാസം നേടാത്തതിനാല്‍ മൃഗങ്ങള്‍ക്ക് വാക്കുകള്‍ക്കോ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് സംസാരഭാഷക്കോ രൂപംനല്‍കാനും മനോവികാരങ്ങള്‍ പ്രകടിപ്പിക്കാനായി അതുപയോഗിക്കാനും കഴിയില്ലെന്ന് ചുരുക്കം.
 
തവളകളെ കാണാത്ത കാലമുണ്ടോ?
മഴക്കാലത്ത് ‘പേക്രോം... പേക്രോം’ ശബ്ദം കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍, മഴക്കാലം കഴിഞ്ഞാലോ? തവളക്കുട്ടന്മാരുടെ ഈ സംഗീതക്കച്ചേരി നിലക്കുന്നു. പിന്നെ, മഷിയിട്ടു നോക്കിയാല്‍  പോലും അവരെ കാണാന്‍ കഴിയില്ല. ഫെബ്രുവരി തീരുംവരെയുള്ള ശീതകാല ഇടവേളയില്‍ ഈ സംഗീതജ്ഞര്‍ എവിടെപ്പോകുന്നു എന്നന്വേഷിച്ചിട്ടുണ്ടോ?
ഉഭയജീവിയാണ് തവള. തണുത്ത രക്തമുള്ള അതിന്‍െറ ശരീര താപനില സ്ഥിരമായി നില്‍ക്കുന്നില്ല. ശീതകാലത്ത് അന്തരീക്ഷ താപനില താഴുന്നതോടെ തവളയുടെ ശരീരതാപനിലയും താഴേക്ക് വരും. അപ്പോള്‍ അതിന്‍െറ ശാരീരിക ധര്‍മങ്ങള്‍ മന്ദഗതിയിലാകും. ജീവിച്ചിരിക്കാന്‍ വേണ്ടി കുളത്തിനടിയിലെ മണ്ണില്‍ 60. സെ.മീ. ആഴത്തിലേക്ക് ഇക്കാലത്ത് തവള താഴ്ന്നുകളയും. ‘ശീതകാലനിദ്ര’ എന്നാണ് ഇതിന് പറയുക. ഫെബ്രുവരി ആകുന്നതോടെ അന്തരീക്ഷ താപനില ഉയരുമ്പോള്‍ ശീതകാല നിദ്രയില്‍നിന്നുണര്‍ന്ന് തവളകള്‍ പുറത്തുവരും. എന്നാല്‍, മേയ് മാസത്തില്‍ താപനില അത്യധികമാകുമ്പോള്‍ ഈര്‍പ്പമുള്ള മണ്ണിലേക്ക് ‘ഉഷ്ണകാല നിദ്ര’ക്കായി തവളക്കുട്ടന്മാര്‍ യാത്രയാകും. ജൂലൈ മാസത്തില്‍ മഴയാരംഭിക്കുന്നതോടെ വീണ്ടും കച്ചേരിയുമായി അവര്‍ രംഗത്തെത്തും.
കാട്ടുരാജാവിന്‍െറ കരുത്ത്
 കാട്ടിലെ ഏറ്റവും കരുത്തനായ ജന്തു സിംഹമാണെന്നാണ് വെപ്പ്. സിംഹത്തെ ‘വനരാജന്‍’ എന്നു വിളിക്കുന്നതിനു പിന്നിലെ രഹസ്യവും മറ്റൊന്നല്ല. സിംഹത്തിന്‍െറ ആക്രമണം പെട്ടെന്നാകയാല്‍ ഇരക്ക് പ്രതിരോധിക്കാനുള്ള സമയം കിട്ടാറില്ല. ജിറാഫ്, കാട്ടുപോത്ത് തുടങ്ങി തന്നേക്കാള്‍ ശരീരവലുപ്പമുള്ള ജന്തുക്കളെയും സിംഹം ആക്രമിക്കും. പിന്നില്‍നിന്ന് ആക്രമിച്ച് ബലമുള്ള കൈകൊണ്ടും കൂര്‍ത്ത പല്ലുകൊണ്ടും അവയെ കീറുകയാണ് പതിവ്. ഈ വേഗതയും ശക്തിയും നിമിത്തമാണ് സിംഹം വനരാജാവായത്. ഇപ്പോള്‍ ആഫ്രിക്കയിലെയും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെയും കാടുകളില്‍ മാത്രമാണ് സിംഹമുള്ളത്.
കുടുംബമായിട്ടാണ് സിംഹം താമസിക്കുന്നത്. ഒരുപറ്റത്തില്‍ നാലു മുതല്‍ 30 വരെ അംഗങ്ങള്‍ ഉണ്ടായിരിക്കും. പ്രായമെത്തിയ സിംഹത്തിന് മൂന്നു മീറ്ററില്‍ കൂടുതല്‍ നീളവും 180 മുതല്‍ 225 കി.ഗ്രാം വരെ ഭാരവുമുണ്ടായിരിക്കും. മാര്‍ജാര കുടുംബത്തില്‍പെട്ട ഇവക്ക് പക്ഷേ കുടുംബപരമായി ലഭിക്കാത്ത ഒരു സിദ്ധിയുണ്ട്, മരംകയറ്റം.
 
മീന്‍ പിടിത്തത്തില്‍ മുമ്പന്മാര്‍
 വെള്ളത്തില്‍ വാലുമുക്കി അനങ്ങാതെയിരിക്കുക. ഏതെങ്കിലും മത്സ്യം വാലില്‍ കൊത്തിയാലുടന്‍ അതിനെ കാലുകൊണ്ടൊരു തട്ടുതട്ടി കരക്കാക്കുക. ശാപ്പിടുക. തെക്കെ അമേരിക്കന്‍വാസികളായ ‘ജഗ്വാര്‍ പുലി’കളുടെ മത്സ്യബന്ധനരീതി ഇതാണത്രെ!
ജലോപരിതലത്തില്‍ തങ്ങളുടെ കൂര്‍ത്ത നഖമുള്ള കാലുകള്‍കൊണ്ട് ഇളക്കി മത്സ്യങ്ങളെ ആകര്‍ഷിച്ച്, കൊത്തിയാലുടന്‍ ചൂണ്ടപോലെ പ്രവര്‍ത്തിക്കുന്ന നഖംകൊണ്ട് അവയെ കുടുക്കിയെടുത്തു പറക്കുന്ന ഒരിനം വവ്വാലുകളെ മെക്സികോയില്‍ കണ്ടുവരുന്നു. വടക്കേ അമേരിക്കയിലെ ഒരു പ്രത്യേകയിനം ആമകളാവട്ടെ തങ്ങളുടെ പിളര്‍ന്ന നാവ് പുറത്തേക്ക് നീട്ടിയിളക്കി മത്സ്യങ്ങളെ ആകര്‍ഷിക്കും. നാവുകണ്ട് പുഴുക്കളാണെന്ന് കരുതി അടുത്തെത്തുന്ന ചെറുമത്സ്യങ്ങളെ ആമ അകത്താക്കുകയും ചെയ്യും.
തത്തമ്മേ പൂച്ച പൂച്ച...
മനുഷ്യശബ്ദം നന്നായി അനുകരിക്കുന്നതിനുള്ള ഏറ്റവും വലിയ ബഹുമതി ആഫ്രിക്കന്‍ ചാരതത്തക്കാണ്. മനുഷ്യശബ്ദം അനുകരിക്കുന്നതില്‍ കേമന്മാരാണ് ഇക്കൂട്ടര്‍. വെളുത്ത മുഖവും ചുവന്ന വാലുമാണിവക്കുള്ളത്. ബാക്കി മുഴുവന്‍ ഭാഗവും ചാരനിറമാണ്. ആമസോണ്‍ തത്തകളും സംസാരപ്രിയരത്രെ.
മനുഷ്യശബ്ദം അനുകരിക്കാന്‍ തത്തകളെ സഹായിക്കുന്നത് അവയുടെ സ്വരഘടനയാണ്. മറ്റു പക്ഷികളെ അപേക്ഷിച്ച് ശബ്ദം ഉണ്ടാക്കുന്ന സംവിധാനവും ശ്രവണേന്ദ്രിയവും തത്തകളില്‍ വളരെ സാവധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആഫ്രിക്കന്‍ ചാരതത്തയുള്‍പ്പെടെ ലോകത്തിലാകെ 220 തത്തവര്‍ഗങ്ങളുണ്ടെന്നാണ് കണക്ക്. പൂമൊട്ടുകളും കായ്കളും ചില പഴങ്ങളുമാണ് തത്തകളുടെ പ്രധാന ആഹാരം. പ്രാണികളെയും ഇവര്‍ ഭക്ഷിക്കാറുണ്ട്. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങള്‍ തത്തകളുടെ ആവാസസ്ഥാനങ്ങളാണ്.
Subscribe to കിളിചെപ്പ് by Email

Post a Comment

1 Comments