Header Ads Widget

വായന


‘വേണ്ട, പകരം എനിക്ക് ഒരു പുസ്തകം തന്നാല്‍ മതി’
-ഒരു ഓപ്പറേഷനു വിധേയനാവേണ്ടിവന്നപ്പോള്‍ സ്വാമി വിവേകാനന്ദന്‍ ഡോക്ടറോടു പറഞ്ഞത്രെ. എന്തിനു പകരമാണെന്നോ? ദേഹം കീറിമുറിക്കുന്നതിനു മുമ്പ് വേദന അറിയാതിരിക്കാനുള്ള മയക്കു കുത്തിവെപ്പിനു പകരം! ഓപ്പറേഷന്‍ കഴിഞ്ഞ ശേഷം വായന പൂര്‍ത്തിയാക്കി ചെറു പുഞ്ചിരിയോടെ അദ്ദേഹം പുസ്തകം മടക്കിവെച്ചത്രെ. ഏകാഗ്രമായ വായനക്കിടയില്‍ വേദന അദ്ദേഹം അറിഞ്ഞതേയില്ല. വിവേകാനന്ദന്‍െറ ഏകാഗ്രതയെക്കുറിച്ചു പറയുന്ന കഥയാണിത്. വായനലോകത്തെ ഒരദ്ഭുതമാണ് സ്വാമി വിവേകാനന്ദന്‍.
ലൈബ്രറിയില്‍ പുസ്തകങ്ങളെടുത്ത് ഓരോ പേജും വെറുതെ മറിച്ചുനോക്കി തിരികെ വെക്കുന്ന വിവേകാനന്ദനോട് ഒരാള്‍ ചോദിച്ചു: ‘നിങ്ങള്‍ എന്താണ് ഓരോ പുസ്തകവും ഇങ്ങനെ മറിച്ചുനോക്കുന്നത്? ഇതില്‍ കാണാന്‍ ചിത്രങ്ങളൊന്നും ഇല്ലല്ലോ!’
അപ്പോള്‍ വിവേകാനന്ദന്‍ പുസ്തകത്തിലെ വരികള്‍ അയാള്‍ക്ക് പറഞ്ഞുകൊടുത്തത്രെ. ‘വെറുതെ’ താളുകള്‍ മറിക്കുമ്പോള്‍തന്നെ ഉള്ളടക്കം അദ്ദേഹത്തിന് ഹൃദിസ്ഥമായിട്ടുണ്ടാവുമെന്ന്! എന്തൊരു വേഗത അല്ലേ?
വായന എന്ന ഭാഗ്യം
ഇന്ന് ലോകത്തെ നിയന്ത്രിക്കുന്നത് അറിവുകളാണ്. പുതിയ പുതിയ അറിവുകള്‍ നേടാനുള്ള മാര്‍ഗമോ? കണ്ണും കാതും തുറന്നുവെക്കുക. എന്നുവെച്ചാല്‍ കണ്ടും കേട്ടും അറിയുക. അറിവുനേടാനുള്ള ഏറ്റവും മികച്ച മാര്‍ഗം വായനതന്നെ. വായിച്ചു വളരണം. ‘വായിച്ചു വളര്‍ന്നാല്‍ വിളയും; വായിക്കാതെ വളര്‍ന്നാല്‍ വളയും’ എന്ന് കുഞ്ഞുണ്ണി മാഷ് എഴുതിയത് എത്ര ശരി. പണ്ടൊക്കെ വളയുകയേയുള്ളൂ; ഇന്നാണെങ്കില്‍ ‘വലയു’മെന്ന് പ്രശസ്ത ബാലസാഹിത്യകാരന്‍ പ്രഫ. എസ്. ശിവദാസ് പറയുന്നു. ‘എന്നാല്‍ ഇനി വായന തുടങ്ങിയേക്കാം’ എന്ന് ഒരു ദിവസമങ്ങു തീരുമാനിച്ചാല്‍ സംഗതി നടന്നോളണമെന്നില്ല കേട്ടോ. വായന ഒരു ശീലമാവണം. അതെങ്ങനെ?
ബുക് അലര്‍ജി!
‘വായിക്കണം എന്നൊക്കെയുണ്ട്. പക്ഷേ, എന്തുചെയ്യും! പുസ്തകം തുറന്നാല്‍ ഉറങ്ങിപ്പോവും.’
പലരുടെയും പരാതി ഇതാണ്. ബുക് അലര്‍ജി! വായന ആരിലും വളര്‍ത്തിയെടുക്കാനാവും. ഇന്നയാള്‍ക്കു കഴിയും, ഇന്നയാള്‍ക്കു പറ്റില്ല എന്നൊന്നുമില്ല. വളരെ ചെറുപ്പത്തിലേ വീട്ടില്‍നിന്നു തുടങ്ങണം വായന. മുതിര്‍ന്നവര്‍ വായിച്ചുകൊടുക്കുക; കുഞ്ഞുങ്ങള്‍ കേള്‍ക്കുക. പിന്നെ കുട്ടികള്‍ വായിക്കട്ടെ. മുതിര്‍ന്നവര്‍ കേള്‍ക്കാം. വിദ്യാലയങ്ങളിലും വായിക്കാന്‍ സാഹചര്യമുണ്ടാവണം. അധ്യാപകര്‍ പ്രോത്സാഹിപ്പിക്കണം.
കുട്ടി വളരുന്നതിനൊപ്പം വായനയും വളരണം. എണ്ണത്തിലും നിലവാരത്തിലും വേണം വളര്‍ച്ച. കുറഞ്ഞുവന്നാല്‍ സൂക്ഷിക്കണം, പിന്നെ തിരിച്ചുപിടിക്കുക പ്രയാസമാവും. കൂട്ടുകാരെ സംബന്ധിച്ചിടത്തോളം വായന പരമപ്രധാനമാണ്. നല്ല വായനക്കാരനാവാന്‍ നിരന്തരമായ പരിശീലനം വേണം. ലക്ഷ്യബോധം വേണം. അതെങ്ങനെയെന്നല്ലേ? പറയാം.
നേരംകൊല്ലി വായന
ലക്ഷ്യമാണ് വായനയുടെ നിലവാരം നിശ്ചയിക്കുന്നത്. യാത്രകളിലും മറ്റും വിരസത മാറ്റാന്‍ ചിലര്‍ കുറ്റാന്വേഷണ നോവലുകളും പ്രേതകഥകളും പ്രണയകഥകളും കോമിക്കുകളുമൊക്കെ വായിക്കുന്നതു കണ്ടിട്ടില്ലേ? എന്നാല്‍, ചിലര്‍ യാത്രകളില്‍പ്പോലും കവിതകളും മറ്റു ഗൗരവമുള്ള പുസ്തകങ്ങളും വായിക്കും. നിലവാരമുള്ള വായനകൊണ്ടുതന്നെ വിരസതയകറ്റാനും ആസ്വദിക്കാനും ഇവര്‍ക്കാവുന്നു. അവര്‍ക്ക് വായന ഒരു ‘ശീല’മാക്കിയെടുക്കാന്‍ സാധിച്ചിരിക്കുന്നു എന്നര്‍ഥം. യാത്രകളില്‍ പല നിലവാരത്തിലുള്ള പുസ്തകങ്ങള്‍ ‘മൂഡി’നനുസരിച്ച് മാറിമാറി വായിക്കുന്നവരുമുണ്ട്.
ഗൗരവമുള്ള വായന
വായിക്കുന്നയാളിന്‍െറ പ്രായവും ലക്ഷ്യവുമനുസരിച്ച് വായനരീതിയും നിലവാരവും മാറണം. ‘നല്ലതു’ വായിക്കുക, വായിക്കുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക... വായിക്കുന്നതിനൊപ്പം ഭാവനയുടെ ലോകത്തെ അതിരുകളില്ലാതെ തുറന്നിടണം. അപ്പോള്‍ സജീവ വായനയായി. ആശയങ്ങളെ നിര്‍ഭയം സമീപിച്ച് വിശകലനം ചെയ്യണം. അഭിപ്രായങ്ങള്‍ രൂപപ്പെടുത്തണം. ശരിയും തെറ്റും ബലവും ദൗര്‍ബല്യവും മനസ്സിലാക്കണം. തള്ളേണ്ടതു തള്ളാനും കൊള്ളേണ്ടതു മാത്രം ഉള്‍ക്കൊള്ളാനും കഴിയണം. മുന്‍ വായനകളിലൂടെ ‘ശേഖരിച്ചുവെച്ച’ അറിവിലേക്ക് പുതിയതുകൂടി ഉരുക്കിച്ചേര്‍ക്കണം. അപ്പോള്‍ നിരൂപണ വായനയായി. മുതിര്‍ന്ന ക്ളാസുകളിലെത്തുംതോറും കൂട്ടുകാരുടെ വായന ഈ രീതിയിലേക്കു മാറണം. മറ്റുള്ളവര്‍ പറയുന്നത് അവരുടെ അഭിപ്രായം; സ്വന്തം കാഴ്ചപ്പാടുകള്‍ കൊണ്ടാണ് കൃതികളെ വിലയിരുത്തേണ്ടത്.
ഏകാഗ്രത എങ്ങനെയുണ്ടാക്കാം?
ട്രെയിനിലും ബസിലുമൊക്കെയിരുന്ന് ആളുകള്‍ പുസ്തകം വായിക്കുന്നു. യാത്രകളില്‍ കൂട്ടുകാരും വായിക്കുന്നുണ്ടാവും. ചിലര്‍ ഏതു ബഹളത്തിനിടക്കും പുസ്തകത്തിലേക്ക് ആഴ്ന്നിറങ്ങും. എന്നാല്‍, ചിലര്‍ക്കു വായിക്കാന്‍ ഏകാന്തത കൂടിയേ തീരൂ. രണ്ടായാലും വായനക്കു വേണ്ടത് ഏകാഗ്രതയാണ്. ഇതു നിരന്തരമായ പരിശീലനത്തിലൂടെ ആര്‍ക്കും സ്വായത്തമാക്കാം. പക്ഷേ, സ്വയം വിചാരിക്കണം. ലക്ഷ്യമില്ലാത്ത വായന യാന്ത്രികമാവും. ലക്ഷ്യമുണ്ടാവുമ്പോള്‍ ശ്രദ്ധയും ഏകാഗ്രയുമുണ്ടാവും. ധ്യാനവും യോഗ പരിശീലനവുമൊക്കെ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഗ്രാഹ്യശേഷിയും ഓര്‍മശക്തിയും
ഏകാഗ്രതയോടെ വായിച്ചാലേ കാര്യങ്ങള്‍ നന്നായി ഗ്രഹിക്കാനാവൂ. കാര്യങ്ങള്‍ മനസ്സിലായാലല്ലേ ഓര്‍മയില്‍ നില്‍ക്കൂ. ഗ്രാഹ്യശേഷി പരിശീലനംകൊണ്ട് വര്‍ധിപ്പിക്കാം. കാര്യകാരണങ്ങളും മുന്‍ധാരണകളുമെല്ലാം ബന്ധിപ്പിച്ച് മനസ്സിരുത്തി വായിക്കുമ്പോഴാണ് ഗ്രഹിക്കാനാവുന്നത്. ചെറിയ ഭാഗങ്ങള്‍ വായിച്ച് ചോദ്യവും ഉത്തരവുമെഴുതി സ്വയം പരീക്ഷിക്കാം.
വായന വിനോദത്തിനും വിജ്ഞാനത്തിനും
എന്തിനാണു വായിക്കുന്നത് എന്നു ചോദിച്ചാല്‍ പലരും പറയുക ‘പരീക്ഷ എഴുതാന്‍’ എന്നാവും. ചിലര്‍ക്ക് വായന വിനോദവും. അറിവ്, വ്യക്തിത്വവികാസം, സമഗ്രവികാസം, പക്വത, ലോകപരിചയം, ജീവിതപരിചയം... പുസ്തകങ്ങളില്‍നിന്ന് നമുക്കു നേടാനിങ്ങനെ നിരവധിയുണ്ട്. ഇതറിഞ്ഞുവേണം വായനയെ സമീപിക്കാന്‍. വായന, സാധന, മനനം, പ്രവര്‍ത്തനം... ഇവയെല്ലാം ചേരുന്ന തപസ്സാണ് യഥാര്‍ഥ പഠനം.
വായനാപ്രവര്‍ത്തനങ്ങള്‍
വായന രസകരമായ വിനോദമാക്കാനും പല സൂത്രങ്ങളുണ്ട്. വായന ‘വിത്താ’ക്കി സര്‍ഗശേഷി വളര്‍ത്താനുതകുന്ന ‘കളി’കളുമുണ്ട്. വായിച്ച കഥ കൂട്ടുകാര്‍ ഒന്നു മാറ്റിയെഴുതി നോക്കൂ. നാടകമായും തിരക്കഥയായും ചിത്രകഥയായും രൂപാന്തരപ്പെടുത്താം. സാങ്കല്‍പിക അഭിമുഖങ്ങളുണ്ടാക്കാം. കവിതകള്‍ കഥയും നാടകവുമായും മാറ്റിയെഴുതാം. കഥകള്‍ക്ക് സ്വന്തമായി ചിത്രങ്ങള്‍ വരക്കാം. കഥയോ കഥാസന്ദര്‍ഭമോ ‘പെയ്ന്‍റിങ്’ ആയി ചിത്രീകരിക്കുകയുമാവാം.

Subscribe to കിളിചെപ്പ് by Email

Post a Comment

1 Comments