Header Ads Widget

ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം


കോണ്‍ഗ്രസിന്‍െറ പിറവി
ശിപായി ലഹളയെ തുടര്‍ന്നുള്ള ദശാബ്ദങ്ങള്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ ബോധത്തിന്‍െറയും ഇന്ത്യന്‍ നേതൃത്വം ഉയര്‍ന്നുവരുന്നതിന്‍േറതുമായിരുന്നു. ദാദാഭായി നവറോജി 1867ല്‍ ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍ രൂപവത്കരിച്ചു. സുരേന്ദ്രനാഥ് ബാനര്‍ജി 1876ല്‍ ഇന്ത്യന്‍ നാഷനല്‍ അസോസിയേഷന്‍ രൂപവത്കരിച്ചു. ബ്രിട്ടീഷ് സിവില്‍ സര്‍വീസില്‍നിന്ന് വിരമിച്ച എ.ഒ. ഹ്യൂമിന്‍െറ നിര്‍ദേശത്തില്‍ പ്രേരിതരായി 1885ല്‍ 73 ഇന്ത്യന്‍ പ്രതിനിധികള്‍ ബോംബെയില്‍ ഒത്തുചേര്‍ന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചു. ഇവര്‍ പ്രധാനമായും തങ്ങളുടെ പ്രവിശ്യകളിലെ സമ്പന്നരും പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ചവരും ആയിരുന്നു. നിയമം, അധ്യാപനം, പത്രപ്രവര്‍ത്തനം തുടങ്ങിയ ജോലികള്‍ സ്വീകരിച്ചവരായിരുന്നു അധികവും. തുടക്കത്തില്‍ കോണ്‍ഗ്രസിനു വ്യക്തമായി നിര്‍വചിക്കപ്പെട്ട തത്ത്വശാസ്ത്രങ്ങളോ സിദ്ധാന്തങ്ങളോ ഉണ്ടായിരുന്നില്ല. 
ഇന്ത്യന്‍ സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതില്‍ സ്വാമി ദയാനന്ദ് സരസ്വതി ആരംഭിച്ച ആര്യ സമാജം,  രാജാറാം മോഹന്‍ റോയ് ആരംഭിച്ച ബ്രഹ്മ സമാജം തുടങ്ങിയ സാമൂഹിക-മത സംഘടനകളുടെ പങ്ക് പ്രധാനമായിരുന്നു. സ്വാമി വിവേകാനന്ദന്‍, രാമകൃഷ്ണ പരമഹംസന്‍, സര്‍ സയ്യിദ് അഹ്മദ് ഖാന്‍, ശ്രീ അരബിന്ദോ, സുബ്രഹ്മണ്യ ഭാരതി, ബങ്കിം ചന്ദ്ര ചാറ്റര്‍ജി,  രവീന്ദ്രനാഥ ടാഗോര്‍, ദാദാഭായി നവറോജി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യ മോഹം ഇന്ത്യക്കാരില്‍ ശക്തമാക്കി.
1900ത്തോടെ കോണ്‍ഗ്രസ് ഒരു അഖിലേന്ത്യാ രാഷ്ട്രീയ സംഘടനയായി വളര്‍ന്നു. സ്വരാജ് എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ച ദേശീയനേതാവ് ബാല ഗംഗാധര തിലക് ആയിരുന്നു. അദ്ദേഹത്തിന്‍െറ പ്രശസ്ത വചനമായ ‘സ്വരാജ് എന്‍െറ ജന്മാവകാശമാണ്, ഞാനതു നേടും’ എന്നത് രാജ്യത്തിനാകെ പ്രചോദനമായി. 
ബംഗാള്‍ വിഭജന പ്രക്ഷോഭം
ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങളെ എങ്ങനെയും അടിച്ചമര്‍ത്തുക എന്ന തന്ത്രമാണ് ബ്രിട്ടീഷ് പട്ടാളക്കാര്‍ സ്വീകരിച്ചിരുന്നത്. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് ഒരളവുവരെ പ്രചോദനം നല്‍കിയത് 1905 ജൂലൈ 20ലെ ബംഗാള്‍ വിഭജനമായിരുന്നു. ബംഗാളിന്‍െറ ഭരണ സൗകര്യാര്‍ഥം എന്ന നിലയിലാണ് ബ്രിട്ടീഷ് ഇന്ത്യന്‍ വൈസ്രോയിയായ കഴ്സണ്‍ പ്രഭു ബംഗാളിനെ രണ്ടായി വിഭജിച്ചത്. അക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയായിരുന്നു. ആദ്യ ബ്രിട്ടീഷ് ഭരണകാലത്ത് ഒറീസയും ബിഹാറുമുള്‍പ്പെടുന്ന വലിയൊരു ഭൂപ്രദേശം ഉള്‍പ്പെടുന്നതായിരുന്നു ബംഗാള്‍. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്‍െറ ചില പ്രധാന ഭാഗങ്ങള്‍പോലും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 1903ല്‍ ഭരണ നിര്‍വഹണം എളുപ്പമാക്കാനെന്ന നിലയില്‍ ധാക്ക, രാജ്ഷാഹി, ചിറ്റഗോങ് പ്രദേശങ്ങളെ വേര്‍പെടുത്തി അസമില്‍ ചേര്‍ത്ത് ‘പൂര്‍വ ബംഗാള്‍ അസം’ എന്ന് പേരിട്ട് പുതിയ സംസ്ഥാനമാക്കി.
ബിഹാര്‍, ഒറീസ, ബംഗാളിന്‍െറ മറ്റുചില ഭാഗങ്ങള്‍ എന്നിവ ചേരുന്നതിന് ‘പശ്ചിമ ബംഗാള്‍’ എന്നായിരുന്നു പേര്. എന്നാല്‍, ഈ വിഭജനത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ ഇന്ത്യയിലെ ദേശീയവാദികള്‍ തയാറായിരുന്നില്ല. ‘മുസ്ലിംകളെ രക്ഷിക്കാന്‍’ വേണ്ടിയുള്ള നടപടിയെന്നൊക്കെ ഇതിനെ വൈസ്രോയി വിശേഷിപ്പിച്ചെങ്കിലും ഇതിനുപിന്നിലെ യഥാര്‍ഥ ഉദ്ദേശ്യം എന്തെന്ന് ഇന്ത്യക്കാര്‍ മനസ്സിലാക്കിയിരുന്നു. ഇന്ത്യയിലെ വളരുന്ന ദേശീയ പ്രസ്ഥാനത്തെ ഭിന്നിപ്പിച്ച് തകര്‍ക്കുകയാണ് ഭരണാധികാരികളുടെ ലക്ഷ്യമെന്ന് ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞു. ഏതായാലും 1905 ജൂലൈ 20ന് വൈസ്രോയി കഴ്സണ്‍ പ്രഭു ബംഗാള്‍ വിഭജനം ഔദ്യാഗികമായി നടപ്പാക്കി. ആഗസ്റ്റ് ഏഴിന് കല്‍ക്കത്തയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ബംഗാളില്‍ ബ്രിട്ടീഷ് സാധനങ്ങള്‍ ബഹിഷ്കരിക്കുകയെന്ന് പ്രമേയം അവതരിപ്പിക്കപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങളും ഹര്‍ത്താലുകളുമുണ്ടായി. ബ്രിട്ടീഷ് ഭരണാധികാരികള്‍ മര്‍ദന മുറകള്‍കൊണ്ടാണ് ഇതിനെ നേരിട്ടത്. എന്നാല്‍, ഇതൊന്നും ഇന്ത്യക്കാരുടെ സമരവീര്യത്തെ കെടുത്തിയില്ല. പ്രകടനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വൈകാതെ വിപ്ളവ സ്വഭാവം കൈവരുകയാണുണ്ടായത്. ഇതോടെ വിപ്ളവകാരികളെ പിടികൂടി തൂക്കിക്കൊല്ലല്‍, നാടുകടത്തല്‍ പോലുള്ള കഠിനശിക്ഷകള്‍ നല്‍കി. എന്നാല്‍, ഇത്തരം ശിക്ഷാരീതികള്‍ കൊണ്ടും ഇന്ത്യക്കാരന്‍െറ ആത്മവീര്യത്തെ തോല്‍പിക്കാനാവില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് മനസ്സിലായി. 1911 ഡിസംബറില്‍ ദല്‍ഹിയിലെ ദര്‍ബാറില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിയായിരുന്ന ജോര്‍ജ് അഞ്ചാമന്‍ 1905ലെ ബംഗാള്‍ വിഭജനം റദ്ദ്ചെയ്തതായി കല്‍പന പുറപ്പെടുവിച്ചു. ഒപ്പം ഇന്ത്യന്‍ തലസ്ഥാനം കല്‍ക്കത്തയില്‍നിന്ന് ദല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു.
 
ചമ്പാരന്‍ സത്യഗ്രഹം 1917
ബിഹാറിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ ചമ്പാരനിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു മഹാത്മാഗാന്ധി ചമ്പാരനിലെത്തിയത്. 1917ലായിരുന്നു ഇത്. ചമ്പാരന്‍ ജില്ലയിലെ ബ്രിട്ടീഷുകാരായ തോട്ടമുടമകളുടെ മണ്ണില്‍ ജോലി ചെയ്തിരുന്ന കര്‍ഷകര്‍ക്ക് ഭൂമി വിട്ടുകൊടുക്കുക എന്നതായിരുന്നു ചമ്പാരന്‍ സമരത്തിന്‍െറ ആവശ്യം. അവിടെ നിലവിലുണ്ടായിരുന്ന ‘തിന്‍കാഫിയ’ സമ്പ്രദായമനുസരിച്ച് ജന്മിയുടെ കൃഷിഭൂമിയുടെ ഇരുപതില്‍ മൂന്ന് ഭാഗത്തോളം മണ്ണില്‍ നീലം കൃഷിചെയ്യാന്‍ സാധാരണ കര്‍ഷകര്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല ഇങ്ങനെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നീലം ബ്രിട്ടീഷുകാര്‍ നിശ്ചയിക്കുന്ന വില നല്‍കി വാങ്ങുകയും ചെയ്തിരുന്നു. ഈ ജന്മിമാരുടെ ചൂഷണം അസഹ്യമായപ്പോള്‍ കര്‍ഷകര്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങുകയായിരുന്നു. ഈ സമരത്തിന്‍െറ പേരില്‍ ഗാന്ധിജി ഇന്ത്യയില്‍ ആദ്യമായി അറസ്റ്റ്ചെയ്യപ്പെട്ടു. ഒടുവില്‍ ഈ വ്യവസ്ഥ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമലംഘന പ്രസ്ഥാനത്തിലെ ഈ ആദ്യവിജയം പിന്നീടുള്ള സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളെ തെല്ലൊന്നുമല്ല തുണച്ചത്.
 
ജാലിയന്‍ വാലാബാഗ് 1919
പഞ്ചാബിലെ അമൃത്സറിലാണ് ജാലിയന്‍വാലാബാഗ്. 1919 മാര്‍ച്ച് 17ന് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ‘റൗലത്ത് ആക്ട്’ നടപ്പാക്കി.  ഈ നിയമമനുസരിച്ച് വിചാരണ കൂടാതെ കുറ്റവാളിയെന്ന് ആരോപിച്ച് മരണശിക്ഷ വരെ നല്‍കാന്‍ കഴിയുമായിരുന്നു. 1919 ഏപ്രില്‍ ആറിന് വില്യം വിന്‍സെന്‍റ് ബ്രിട്ടീഷ് സാമ്രാജ്യ നിയമസഭയില്‍ ആക്ട് അവതരിപ്പിച്ചതോടെ ഇന്ത്യയില്‍ ഈ കരിനിയമത്തിനെതിരെ പ്രതിഷേധത്തിന്‍െറ അലകളുയര്‍ന്നു. പഞ്ചാബിലായിരുന്നു ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ ഏറെ ശക്തിപ്പെട്ടത്. പഞ്ചാബില്‍ പട്ടാളനിയമം കൊണ്ടുവരാനും ഇത് കാരണമായി. ഏപ്രില്‍ 13ന് അമൃത്സറിലെ ജാലിയന്‍വാലാബാഗ് സ്ക്വയറില്‍ 25,000ത്തോളം ദേശീയവാദികള്‍ യോഗം ചേര്‍ന്നു. ചുറ്റുപാടും മതില്‍ക്കെട്ടുകളും കെട്ടിടങ്ങളുമുള്ള ജാലിയന്‍വാലാബാഗിലേക്ക് പ്രവേശത്തിന് ഒരേയൊരു കവാടമാണുള്ളത്. ‘റൗലത്ത് ആക്ട്’ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി സംഘടിച്ച ജനങ്ങള്‍ക്കിടയിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുകയറി ജനറല്‍ ഡയറിന്‍െറ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം വെടിവെക്കുകയായിരുന്നു. സംഘത്തില്‍ 25 സൈനികരാണുണ്ടായിരുന്നത്. 1650 റൗണ്ട് വെടിയുതിര്‍ത്തപ്പോള്‍ മരിച്ചുവീണത് 1000ത്തോളം നിരപരാധികളായിരുന്നു. അക്കൂട്ടത്തില്‍ സ്ത്രീകളും പിഞ്ചുകുട്ടികളുമൊക്കെയുണ്ടായിരുന്നു. ഔദ്യാഗിക കണക്കുകള്‍ പറയുന്നത് 379 പേര്‍ മരിച്ചുവെന്നും 1200 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റുവെന്നുമാണ്. 
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഇന്ത്യയിലെ ദേശീയവാദികളെ ഒന്നടങ്കം ഞെട്ടിച്ചു. പ്രതിഷേധ പ്രകടനങ്ങളും ഹര്‍ത്താലുകളും രാജ്യമെങ്ങും അരങ്ങേറി. ഏപ്രില്‍ 18ന് ഗാന്ധിജി സിവില്‍ നിയമലംഘനം താല്‍ക്കാലികമായി പിന്‍വലിച്ചു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ബ്രിട്ടീഷുകാര്‍ നല്‍കിയ ‘സര്‍’ പദവി രാജിവെച്ചു. ഈ ദുരന്തത്തിന്‍െറ അനന്തര ഫലമാണെന്നു പറയപ്പെടുന്നു, 1940 മാര്‍ച്ച് 13ന് ഉദ്ദംസിങ് എന്ന സ്വാതന്ത്ര്യസമര പോരാളി ലണ്ടനില്‍വെച്ച്, കൂട്ടക്കൊലക്ക് ഉത്തരവിട്ട പഞ്ചാബ് ഗവര്‍ണര്‍ മൈക്കല്‍ ഡയറിനെ വെടിവെച്ചുകൊന്നു.
 
 ചൗരിചൗരാ 1922
1922 ഫെബ്രുവരി അഞ്ചിന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പുറിലെ ചൗരിചൗരാ ഗ്രാമത്തില്‍ നടന്ന സംഭവം ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ഏറെ ബന്ധമുള്ളതാണ്. 2000ത്തോളം കോണ്‍ഗ്രസ് വളന്‍റിയര്‍മാരും കര്‍ഷകരും പങ്കെടുത്ത പ്രകടനക്കാരോട് പൊലീസ് ഏറ്റുമുട്ടി. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് വെടിവെപ്പും നടത്തി. എന്നാല്‍, വന്‍ ജനക്കൂട്ടം ഇളകിയതോടെ പൊലീസുകാര്‍ക്ക് ഓടി രക്ഷപ്പെടേണ്ടിവന്നു. അവര്‍ ഒരു പൊലീസ് സ്റ്റേഷനിലായിരുന്നു അഭയം തേടിയത്. എന്നാല്‍, രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ വളയുകയും തീകൊളുത്തുകയും ചെയ്തു. സംഭവത്തില്‍ 22 പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇതേതുടര്‍ന്ന് ഫെബ്രുവരി 12ന് ബര്‍ദോളിയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗം സംഭവത്തില്‍ പ്രതിഷേധിച്ചു. നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജിയുടെ നിര്‍ദേശമനുസരിച്ച് നിര്‍ത്തിവെക്കുകയും ചെയ്തു.
1900 പിന്നിട്ടതോടെ സമരമുഖങ്ങളില്‍ പിന്നെ പോരാട്ടങ്ങള്‍ പലതു നടന്നു. അതില്‍ ചിലതു മാത്രമാണ് ഇവിടെ. വലുതും ചെറുതുമായ വേറെയും സംഭവങ്ങള്‍ ഉണ്ടെന്നറിയുക...
 
നിസ്സഹകരണ പ്രസ്ഥാനം
ഗാന്ധി 1915ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്നു. ഗാന്ധിജിയുടെ സ്വാധീനമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു പുതിയ ദിശാബോധം നല്‍കിയത്. ജനങ്ങളോട് ബ്രിട്ടീഷ് തുണിത്തരങ്ങള്‍ക്കു പകരമായി ഖാദി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും ബഹിഷ്കരിക്കാനും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍നിന്ന് രാജിവെക്കാനും നികുതി നല്‍കുന്നത് നിര്‍ത്താനും ബ്രിട്ടീഷ് പട്ടങ്ങളും പദവികളും ഉപേക്ഷിക്കാനും നിസ്സഹകരണ പ്രസ്ഥാനം ജനങ്ങളോട് ആഹ്വാനം ചെയ്തു. വ്യാപകമായ ജനകീയ പിന്തുണ ഈ സമരത്തിനു ലഭിച്ചു. സമരത്തിന്‍െറ ഫലമായി ഉണ്ടായ, അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജനകീയ മുന്നേറ്റം വിദേശ ഭരണത്തിനു ഗൗരവമായ വെല്ലുവിളി ഉയര്‍ത്തി. എങ്കിലും ചൗരി ചൗരാ സംഭവത്തെ തുടര്‍ന്ന് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചു. 
 
ഉപ്പ് സത്യഗ്രഹം
അഹ്മദാബാദിലുള്ള തന്‍െറ ആശ്രമത്തില്‍നിന്ന് ദണ്ഡിയിലേക്കുള്ള ഗാന്ധിജിയുടെ യാത്ര 1930 മാര്‍ച്ച് 12നും ഏപ്രില്‍ ആറിനും ഇടക്കാണ് നടന്നത്. ഈ പദയാത്ര ദണ്ഡിയാത്ര അഥവാ ഉപ്പു സത്യഗ്രഹം എന്നറിയപ്പെടുന്നു. ദണ്ഡിയില്‍ വെച്ച് ബ്രിട്ടീഷുകാര്‍ ഉപ്പിന്മേല്‍ ഏര്‍പ്പെടുത്തിയ നികുതിയില്‍ പ്രതിഷേധിച്ച് ഗാന്ധിയും ആയിരക്കണക്കിനു അനുയായികളും കടല്‍വെള്ളത്തില്‍നിന്നും ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.
 
ഇന്ത്യന്‍ നാഷനല്‍ ആര്‍മി
ബ്രിട്ടീഷ് സര്‍ക്കാര്‍ സുഭാഷ് ചന്ദ്രബോസിനെ കല്‍ക്കത്തയില്‍ 1940ല്‍ വീട്ടുതടങ്കലിലാക്കി. ബോസ് തടവില്‍നിന്ന് രക്ഷപ്പെട്ട് അഫ്ഗാനിസ്താനിലൂടെ ജര്‍മനിയില്‍ എത്തി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തോടു പോരാടാന്‍ അച്ചുതണ്ട് ശക്തികളുടെ സഹായം അഭ്യര്‍ഥിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തോട് പോരാടാന്‍ ഒരു സ്വതന്ത്രസേന രൂപവത്കരിക്കണം എന്ന് ബോസിനു തോന്നി.  അതിനായി ഇന്ത്യന്‍ നാഷനല്‍ ആര്‍മി രൂപവത്കരിച്ചു. ഇന്ത്യയില്‍ യുദ്ധസന്നദ്ധമായ ഒരു സൈന്യമായി എത്തി ബ്രിട്ടീഷ് ഭരണകൂടത്തെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പരിശീലനത്തിന്‍െറ കുറവ്, ആവശ്യത്തിനു പിന്തുണയില്ലായ്മ, മോശം യുദ്ധോപകരണങ്ങള്‍ എന്നീ കാരണങ്ങളാല്‍ ഐ.എന്‍.എ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments