ആഹാരം

ശരീരത്തിന് പോഷണം നല്‍കുന്ന വസ്തുവാണ് ആഹാരം. ജീവന്‍ നിലനിര്‍ത്താന്‍ ആഹാരം അത്യാവശ്യവുമാണ്. അരി, ഗോതമ്പ്, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍, മുട്ട, മാംസ്യം എന്നിവയെല്ലാം പ്രധാന ആഹാരപദാര്‍ഥങ്ങളാണ്. ഇവയില്‍നിന്നാണ് ശരീരത്തിനാവശ്യമായ മാംസ്യം (Proteins), ധാന്യകം (carbohydrates), കൊഴുപ്പ് (Fats), ധാതുക്കള്‍ (Minerals), ജീവകങ്ങള്‍ (Vitamins) എന്നിവ ലഭിക്കുന്നത്.
സമീകൃതാഹാരം
ശരീരത്തിനാവശ്യമായ എല്ലാ പോഷകഘടകങ്ങളും- മാംസ്യം, ധാന്യകം, കൊഴുപ്പ്, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ- ശരിയായ അനുപാതത്തിലും ആവശ്യമായ അളവിലുമടങ്ങിയ ആഹാരമാണ് സമീകൃതാഹാരം.
ശരീരനിര്‍മാണ ഘടകങ്ങള്‍
ശരീരം നിര്‍മിക്കുന്നതിനും അത് ആരോഗ്യമുള്ളതായി സൂക്ഷിക്കുന്നതിനും ആവശ്യമായ പോഷകഘടകങ്ങളാണ് ശരീരനിര്‍മാണ ഘടകങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് മാംസ്യമാണ്.
മാംസ്യം
മാംസ്യത്തില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ ധാരാളവും ഇവക്കുപുറമെ നൈട്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവകൂടി അടങ്ങിയിരിക്കുന്നു. മാംസ്യം ശരീരകലകളുടെ നിര്‍മിതിക്ക് അത്യാവശ്യവുമാണ്. ധാന്യകത്തെപ്പോലെ മാംസ്യത്തിന് ഊര്‍ജം നല്‍കാന്‍ കഴിയും.
ഊര്‍ജദായക ഘടകങ്ങള്‍
ശരീരത്തിന് ഊര്‍ജവും ആവശ്യത്തിന് ചൂടും നല്‍കുന്ന ധാന്യകം, കൊഴുപ്പ് എന്നിവയാണ് ഊര്‍ജദായക ഘടകങ്ങള്‍.

ധാന്യകം
കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ മൂലകങ്ങള്‍ ചേര്‍ന്നുണ്ടായ സംയുക്തമാണ് ധാന്യകം. അരി, ഗോതമ്പ്, ചോളം, ബാര്‍ലി എന്നിവ ധാന്യകങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഒരു ഗ്രാം ധാന്യകത്തില്‍നിന്ന് നാലു കലോറി ഊര്‍ജം ലഭിക്കും.
കൊഴുപ്പ്
കൊഴുപ്പുകളും ശരീരത്തിന് ഊര്‍ജം നല്‍കുന്നു. ധാന്യകത്തിലുള്ളതിനേക്കാള്‍ ഊര്‍ജം കൊഴുപ്പില്‍ അടങ്ങിയിട്ടുണ്ട്. ഒരു ഗ്രാം കൊഴുപ്പില്‍നിന്ന് 9.3 കലോറി ഊര്‍ജം ലഭിക്കും. പാചകത്തിന് ഉപയോഗിക്കുന്ന വെളിച്ചെണ്ണ, കടുകെണ്ണ, സൂര്യകാന്തി എണ്ണ, പാല്‍, മാംസം, വെണ്ണ, നെയ്യ്, മുട്ട, മത്സ്യം എന്നിവയിലെല്ലാം കൊഴുപ്പ് അടങ്ങിയിരിക്കുന്നു.
സംരക്ഷക നിയന്ത്രണ ഘടകങ്ങള്‍
ആരോഗ്യം നിലനിര്‍ത്തുന്നതിനും ശരീരത്തിന്‍െറ വിവിധ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും ഇവ സഹായിക്കുന്നു. ധാതുക്കളും ജീവകങ്ങളുമാണ് ഇതില്‍പെടുന്നവ.
ധാതുക്കള്‍
ശരീരപ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കാനും വളര്‍ച്ചക്കും ധാതുക്കള്‍ സഹായിക്കുന്നു. ശരീരത്തില്‍ ഇവ താഴെ കൊടുത്തവിധത്തില്‍ ഉപകാരപ്പെടുന്നു.
അസ്ഥികളുടെയും പല്ലുകളുടെയും നിര്‍മാണത്തിന്
ജീവകോശങ്ങളുടെ പ്രവര്‍ത്തനത്തിന്
പ്ളാസ്മ, ശരീരദ്രവങ്ങള്‍ എന്നിവയുടെ ഘടകമായി
കാല്‍സ്യം, അയഡിന്‍, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, സള്‍ഫര്‍, ക്ളോറിന്‍, മാംഗനീസ്, കൊബാള്‍ട്ട്, കോപ്പര്‍, സിങ്ക് എന്നിവ മിക്ക ഭക്ഷണങ്ങളിലും അടങ്ങിയ പ്രധാന ധാതുക്കളാണ്.
ധാതുക്കള്‍ പലവിധം
കാല്‍സ്യം
അസ്ഥി, പല്ല് നിര്‍മാണത്തിന്
രക്തം കട്ടപിടിക്കാന്‍
പാല്‍, പാല്‍വിഭവങ്ങള്‍, ഇലക്കറി എന്നിവയില്‍ കാല്‍സ്യം ലഭ്യമാണ്.
ഇരുമ്പ്
ഇരുമ്പ് ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഓക്സിജനെ എത്തിക്കാന്‍ സഹായിക്കുന്നു.
കരള്‍, പ്ളീഹ, മാംസം, കക്ക, മുട്ട, ഓട്സ്, ഗോതമ്പ്, ഉണങ്ങിയ പയറുവര്‍ഗങ്ങള്‍, ശര്‍ക്കര, മുരിങ്ങയില എന്നിവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു.
അയഡിന്‍
തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അയഡിന്‍ ആവശ്യമാണ്. അയോഡൈസ്ഡ് ഉപ്പ്, കടല്‍മത്സ്യങ്ങള്‍ എന്നിവയിലൂടെ അയഡിന്‍ ലഭിക്കുന്നു.
ഗോയിറ്റര്‍
അയഡിന്‍ കുറഞ്ഞാല്‍ തൈറോയ്ഡ് ഗ്രന്ഥി വീര്‍ത്ത് വലുതാകുന്ന രോഗാവസ്ഥയാണിത്.
അമിതപോഷണം
ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പോഷകഘടകങ്ങള്‍ എത്തുന്നതാണ് അമിത പോഷണം. പൊണ്ണത്തടി, അമിതഭാരം എന്നിവയാണ് ഇതിന്‍െറ ലക്ഷണങ്ങള്‍. സാധാരണ വേണ്ടുന്ന ഭാരത്തിന്‍െറ 20 ശതമാനം അധികമായാല്‍ അമിതപോഷണമായി.
ലക്ഷണങ്ങള്‍: അമിതമായി കൊഴുപ്പടിഞ്ഞ് ഹൃദയസ്തംഭനം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുണ്ടാകുന്നു.
ഭക്ഷ്യവിഷബാധ
വിഷം കലര്‍ന്ന ആഹാരം കഴിക്കാന്‍ ഇടയായാല്‍ പെട്ടെന്നുണ്ടാകുന്ന അസുഖമാണ് ഭക്ഷ്യവിഷബാധ. സാല്‍ മൊണല്ല, സ്റ്റഫിലോ കോക്കസ്, ക്ളോസ്ട്രീഡിയം എന്നിവയാണ് ഭക്ഷ്യവിഷബാധക്ക് കാരണമായ പ്രധാന രോഗകാരികള്‍.
ലക്ഷണങ്ങള്‍: 1. വയറുവേദന, 2. ഛര്‍ദി, 3. വയറിളക്കം, 4 തളര്‍ച്ച, 5. കാഴ്ച തകരാറ്.
മായംചേര്‍ക്കല്‍:
കൊള്ളലാഭമുണ്ടാക്കാന്‍ ആഹാരസാധനങ്ങളില്‍ വിലകുറഞ്ഞതോ ഹാനികരമായതോ ആയ വസ്തുക്കള്‍ കലര്‍ത്തുന്നതിന് മായംചേര്‍ക്കല്‍ എന്നുപറയുന്നു. പാലില്‍ വെള്ളം ചേര്‍ക്കുന്നതും വിലകുറഞ്ഞ ചായങ്ങള്‍ മിഠായികളിലും ശീതളപാനീയങ്ങളിലും ചേര്‍ക്കുന്നതും പഞ്ചസാരക്കുപകരം സാക്കറിന്‍ ചേര്‍ക്കുന്നതും വെളിച്ചെണ്ണയില്‍ മറ്റു സസ്യഎണ്ണകള്‍ ചേര്‍ത്ത് വില്‍പന നടത്തുന്നതുമെല്ലാം ഇന്ന് വ്യാപകമായി തീര്‍ന്നിട്ടുണ്ട്.

ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Post a Comment

0 Comments