കടാങ്കോട്ട് മാക്കം

Share it:
മാക്കം ഒരു തെയ്യമാണ്‌. മക്കളായ ചാത്തുവും ചീരുവും തെയ്യങ്ങൾതന്നെ.  എങ്ങനെയാണ്‌ അവർ തെയ്യങ്ങളായത്?
വടക്കെ മലബാറിലെ കുഞ്ഞിമംഗലം സ്വദേശിനിയാണ്‌ മാക്കം. 12 ആങ്ങളമാരുടെ ഒരേയൊരു പെങ്ങൾ.  രണ്ടു മക്കളുണ്ട് മാക്കത്തിന്‌. ചാത്തുവും ചീരുവും.  മരുമക്കത്തായം എല്ലാ പ്രൌഢിയോടുംകൂടെ നിലനിന്നിരുന്ന കാലം.
ഏറ്റവും ഇളയ നാത്തൂൻ ഒഴികെ  മറ്റു പതിനൊന്നുപേർക്കും മാക്കത്തോട് അസൂയയായിരുന്നു.  ആങ്ങളമാർ പെങ്ങളെ ഇത്ര സ്നേഹിക്കുമോ! അവർ എളുപ്പവഴി കണ്ടു. ജാരബന്ധം ആരോപിക്കുക. !
എമ്മൻ എന്ന വാണിയൻ എണ്ണ കൊണ്ടുവന്ന് അകത്തെ ഇറയത്തുവെച്ചതും  നാത്തൂന്മാർ വിറകുകെട്ടുമായി മുറ്റത്തെത്തിയതും ഒരുമിച്ചായിരുന്നു. അവർ ഒറ്റക്കെട്ടായി ഭർത്താക്കന്മാരോടുപറഞ്ഞു, “മാക്കത്തിന്‌ ഒളിസേവയുണ്ട്; ഞങ്ങളതു നേരിട്ടുകണ്ടു”. ഭാര്യമാരുടെ നിർബന്ധത്തിനു വഴങ്ങി  തറവാട് അശുദ്ധമാക്കിയ മാക്കത്തെയും മക്കളെയും കൊല്ലണമെന്ന് ആങ്ങളമാർ തീരുമാനിച്ചു.  ഇളയ ആങ്ങളയ്ക്ക് നോക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ.
പെങ്ങളെയും മക്കളെയും കൂട്ടി ആങ്ങളമാർ തെക്കോട്ട് യാത്രതിരിച്ചു.  മാക്കം തന്റെ നിരപരാധിത്തം കരഞ്ഞുപറഞ്ഞിട്ടും  അവർ കേട്ട ഭാവം നടിച്ചില്ല.  നടന്നു,നടന്നു ചാലയിൽ എത്തിയപ്പോൾ അവർ ഒരു തറവാട്ടിൽ കയറി വിശപ്പും ദാഹവും അടക്കി. തനിക്കു പാൽ നല്കിയ കിണ്ടിയിൽ മാക്കം  തന്റെ ആഭരണങ്ങളെല്ലാം നിക്ഷേപിക്കുകയും മടങ്ങിവരുമ്പോൾ തിരിച്ചെടുത്തോളാമെന്നു പറയുകയും ചെയ്തു.   പിന്നെയും നടന്നു കായലോട് എത്തിയപ്പോൾ ആങ്ങളമാർ മാക്കത്തിന്റെയും മക്കളുടെയും തല വെട്ടി കാടുപിടിച്ചുകിടന്ന ഒരു പറമ്പിലെ കിണറ്റിലിട്ടു. മാക്കവും മക്കളും അങ്ങനെ ദൈവക്കരുവായി മാറി. അപ്പോൾത്തന്നെ കുഞ്ഞിമംഗലത്തെ തറവാടുവീട്ടിൽ അഗ്നിബാധയുണ്ടായെന്നും  നാത്തൂന്മാരിൽ ഇളയവൾ ഒഴികെ ബാക്കിയെല്ലാവരും വെന്തുമരിച്ചുവെന്നും ഐതിഹ്യം.
എല്ലാവർഷവും കുംഭം 15,16 തീയതികളിൽ ചാലയിലെ വീട്ടിൽ മാക്കത്തിന്റെയും മക്കളുടെയും തെയ്യം കെട്ടിയാടും. വണ്ണാന്മാരാണ്‌  കോലധാരികൾ.  തോറ്റം ചൊല്ലുമ്പോൾ നിരവധി സ്ത്രീകൾ ഇപ്പോളും കരയാറുണ്ട്.
എന്തെങ്കിലും സവിശേഷതയുള്ള വ്യക്തികളെയാണ്‌ തെയ്യമായി ആരാധിക്കുന്നത്. പാതിവ്രത്യവും നിരപരാധിത്തവുമാണ്‌ മാക്കത്തിന്റെയും മക്കളുടെയും ആരാദ്ധ്യത. തെയ്യങ്ങളുടെ അനുഗ്രഹം തേടുന്നവരാണ്‌ ആയിരക്കണക്കിന്‌ കാണികൾ. അതൊരു സവിശേഷസംസ്കാരമാണ്‌.
തെയ്യത്തിന്‌ കാണിക്ക അർപ്പിക്കുക വളരെ പ്രധാനമാണ്‌. ചില പ്രധാനതെയ്യങ്ങളുടെ കോലം ധരിക്കുന്നവർക്ക് ആയിരക്കണക്കിന്‌ ഉറുപ്പിക വരുമാനമുണ്ടാവും.
ഏറ്റവും പ്രചാരമുള്ളതും ഏതുകാലത്തും കെട്ടിയാടുന്നതുമായ വെള്ളാട്ടം മുത്തപ്പൻ ദൈവത്തിന്റെതാണ്‌.  അതിന്റെ തെയ്യക്കോലമാണ്‌ ‘തിരുവപ്പന’. അത് എവിടെയും കെട്ടാം. അഞ്ഞൂറ്റാനോ, വണ്ണാനോ കോലധാരികളാവാം. മലയവിഭാഗത്തിൽപ്പെട്ടവരാണ്‌ വാദ്യക്കാർ.
Share it:

Post A Comment:

0 comments: