അക്ഷരങ്ങളുടെ കണ്ടെത്തൽ - 1

Share it:
എഴുത്തിന്റെ തുടക്കം 
എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നതിന് മുമ്പ് മനുഷ്യന്റെ ആശയവിനിമയം എങ്ങനെയായിരുന്നു? ഒന്നുറക്കെ പറയുക അല്ലെങ്കിൽ വിളിച്ച് കൂവുക. തങ്ങളുടെ ശബ്ദമെത്താത്തിടത്തേക്ക് വാദ്യങ്ങൾ മുഴക്കിയും ആകാശത്തേക്ക് പുകയുയർത്തിയും അക്കാലത്തെ മനുഷ്യൻ ആശയവിനിമയം നടത്തി. എന്നിട്ടും വിചാരിച്ചപോലെ ആശയങ്ങൾ കൈമാറാനാവാതെ വന്നപ്പോൾ അവർ വിപ്ലവകരമായ ഒരു കണ്ടെത്തൽ നടത്തി. അതാണ് എഴുത്ത്.
അക്ഷരങ്ങളുടെ കണ്ടുപിടിത്തം
വരയായിരുന്നു എഴുത്തിന്റെ മുൻഗാമി. മനസ്സിൽ ഉദ്ദേശിച്ചത് വരകളായി. പിന്നെ ചിത്രങ്ങളായി. കളിമണ്ണിലും ഗുഹാഭിത്തിയിലുമൊക്കെ ചരിത്രാതീത കാലത്ത് മനുഷ്യർ കോറിയിട്ടു. എല്ലും കമ്പുമൊക്കെ ഉപയോഗിച്ചാണ് അവർ രൂപങ്ങൾ വരച്ചത്. ഇതിൽനിന്നാണ് ലിപിയുടെ ആരംഭം. പഴയ നാഗരികതയുടെ ചരിത്രം പരിശോധിച്ചാൽ മിക്കവാറും എല്ലാ ഭാഷയിലെയും അക്ഷരങ്ങൾ ചിത്രങ്ങളോട് സാദൃശ്യമുള്ളതാണെന്ന് കാണാം. ചിത്രങ്ങളിലൂടെ കൃത്യമായി ആശയം വെളിപ്പെടുത്താൻ കഴിയാതെ വന്നപ്പോഴാണ് ചിത്രങ്ങളോട് സാമ്യമുള്ള അക്ഷരങ്ങളുണ്ടായത്. മലയാളത്തിൽ ആന എന്ന വാക്ക് പരിശോധിച്ച് നോക്കൂ. ആനയുടെ രൂപത്തോട് വളരെ സാമ്യമുണ്ട് 'ആ' എന്ന അക്ഷരത്തിന്.
ചിത്രലിപിയുടെ തുടക്കം
ഏതാണ്ട് 6000വർഷംമുമ്പ് സുമേറിയയിൽ ആണ് ചിത്രലിപി ജന്മമെടുത്തതെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്യൂനിഫോം എന്നായിരുന്നു ഇതിന് പേര്. കളിമണ്ണ് കുഴച്ച് പലകപോലെ പരത്തിയെടുത്താണ് അവർ എഴുതിയിരുന്നത്. ഏതാണ്ടിതേ കാലത്ത് ഈജിപ്തിലും ഹയറോ ഗിഫികസ് എന്ന ചിത്രലിപി രൂപംകൊണ്ടു. കരിങ്കൽപാളികളിൽ ചിത്രങ്ങൾ കൊത്തിവച്ചായിരുന്നു ഈജിപ്തുകാരുടെ എഴുത്ത്.

കല്ലിൽനിന്നും കടലാസിലേക്ക്
കളിമണ്ണിലും കല്ലിലും വരക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇതോടെ പുതിയൊരു മാധ്യമം അന്വേഷിച്ച് തുടങ്ങി. ഈ അന്വേഷണമാന് മനുഷ്യനെ ഇന്നത്തെ കടലാസിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ഇത് എഴുത്ത് ചരിത്രത്തിലെ നിർണായക വഴിത്തിരിവാകുകയായിരുന്നു. നൈൽനദിക്കരയിലും പലസ്തീനിലുമൊക്കെ സമൃദ്ധമായി വളർന്നുവന്ന പാപ്പിറസ് ചെടി 5000വർഷംമുമ്പ് തന്നെ ഈജിപ്തുകാർ എഴുതാനായി ഉപയോഗിച്ചിരുന്നു. പാപ്പിറസ് ചെടിയുടെ തണ്ടാണ് എഴുതാനായി എടുത്തിരുന്നത്. തണ്ട് നെടുകെ മുറിച്ചശേഷം അതിനുള്ളിലെ ഭാഗം നേരിയ പാളികളായി പൊളിച്ചെടുക്കാം. ഇത് യോജിപ്പിച്ച് ഷീറ്റുകളാക്കിയാണ് എഴുതിയിരുന്നത്. പേപ്പർ എന്ന വാക്ക് വന്നത് പാപ്പിറസിൽനിന്നാണ്. പാപ്പിറസിന് ക്ഷാമമുണ്ടായപ്പോൾ പുതിയ എഴുത്ത് സൂത്രമെത്തി. മൃഗത്തോൽ അഥവാ ചർമപത്രം. 4000 വർഷം പഴക്കമുള്ള പാർച്ചുമെന്റുകൾ കണ്ടെത്തിയിട്ടുണ്ട്.

എഴുത്തിന്റെ ദേവതകൾ
ലോകത്തിന്റെ നാനാഭാഗത്തും കലയ്ക്കും വിദ്യയ്ക്കുമായി ദേവതകളുണ്ട്. ഇന്ത്യയിൽ കലകളുടെ ദേവി സരസ്വതിയാണ്. ഗ്രീക്ക് സംസ്കാരത്തിൽ കലകളുടെ ദേവത മ്യൂസസ് ആണ്. ചൈനയിലാണെങ്കിൽ 'മാസു' എന്ന പേരിലാണ് എഴുത്തിന്റെ ദേവത അറിയപ്പെടുന്നത്. ഈജിപ്തുകാരുടെ വിശ്വാസപ്രകാരം പക്ഷിത്തലയുള്ള 'തോത്ത്' എന്ന ദേവനാണ് മനുഷ്യനെ എഴുതാൻ പഠിപ്പിച്ചത്. ഒരു ദിവസം മനുഷ്യരെയെല്ലാം വിളിച്ച് കൂട്ടിയ തോത്ത് തന്റെ നീണ്ട കൊക്ക് കൊണ്ട് മണലിൽ എഴുതി കാണിച്ചത്രേ!
Share it:

എഴുത്ത്

Post A Comment:

0 comments: