അക്ഷരങ്ങളുടെ കണ്ടെത്തൽ - 2

Share it:
പേപ്പറിന്റെ പിതാവ്
പാപ്പിറസ് ഷീറ്റുകളാക്കിയുള്ള എഴുത്തിന്റെ മുൻഗാമികൾ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ രൂപത്തിലുള്ള പേപ്പർ പിറവിയെടുത്തത് ചൈനയിലാണ്. ഹാൻ രാജവംശത്തിലെ (ബിസി 202മുതൽ എഡി 220വരെ) ഉദ്യോഗസ്ഥനായിരുന്ന കൈലൂൻ എന്നയാളാണ് ആദ്യത്തെ പേപ്പർ ഉണ്ടാക്കിയത്. മരങ്ങളുടെ പട്ട, ചണത്തിന്റെ നാര്, മൾബറിനാര്, പഴന്തുണി, മത്സ്യവല എന്നിവ ഉപയോഗിച്ചാണ് അദ്ദേഹം കടലാസ് നിർമിച്ചത്. പിന്നീട് ചൈനയിൽ കടലാസ് നിർമാണം വ്യാപകമായെങ്കിലും 500വർഷത്തോളം ആ വിദ്യ ചൈനക്കാരുടെ ഇടയിൽ മാത്രം ഒതുങ്ങിനിന്നു. ഏഴാം നൂറ്റാണ്ടോടെ അത് ജപ്പാനിലെത്തി. കടലാസ് കണ്ടുപിടിച്ചത് ചൈനയിലാണെങ്കിലും ആദ്യമായി അച്ചടി നടപ്പിലായത് ജപ്പാനിലാണ്. എഡി 770ൽ ജപ്പാനിലെ ഷോട്ടോകു ചക്രവർത്തിനി ഒരു പ്രാർഥനാ പുസ്തകത്തിന്റെ പത്ത് ലക്ഷം പ്രതികൾ ഒറ്റയടിക്ക് അച്ചടിച്ചു. ഏതാണ്ട് ആറുവർഷംകൊണ്ട് പൂർത്തിയായ വമ്പൻ പദ്ധതിയായിരുന്നു അത്. എഡി എട്ടാം നൂറ്റാണ്ടോടെ ചൈനക്കാർ വഴി അറേബ്യൻ രാജ്യങ്ങളിലും കടലാസ് എത്തി. ഇന്ത്യയിൽ ഏഴാം നൂറ്റാണ്ടിൽ ചൈനീസ് പേപ്പറെത്തിയെങ്കിലും കടലാസിന്റെ ഉപയോഗം വ്യാപകമായത് 12ാം നൂറ്റാണ്ടിലാണ്.
ഇലയിലെഴുത്ത്
ഇലകളായിരുന്നു ഇന്ത്യയിലെ ആദ്യത്തെ കടലാസ്. പനയോലകളും ചില പ്രത്യേക ഇലകളുമായിരുന്നു എഴുതാനുപയോഗിച്ചിരുന്നത്. ഓലക്കീറുകൾ കൂട്ടിച്ചേർത്ത്‌ ഗ്രന്ഥരൂപത്തിൽ സൂക്ഷിക്കും. എഴുതാൻ ഇല (താളുകൾ)ഉപയോഗിച്ചതുകൊണ്ടാണ് പേജിന് ഇംഗ്ലീഷിൽ ഇലയെന്നർഥമുള്ള ലീഫ് എന്ന പേര് വന്നത്. മണലിലെഴുതിയാണ് നമ്മുടെ പൂർവികർ പണ്ട് പഠിച്ചിരുന്നതെന്ന് ചരിത്രം പറയുന്നു. കൈയിൽകൊണ്ടുവരുന്ന പൂഴിക്കുടുക്കയിലെ പൂഴി (മണൽ) നിലത്ത് വിരിച്ച് അതിൽ ചൂണ്ടുവിരൽകൊണ്ട് അക്ഷരം എഴുതിയാണ് പഠിച്ചിരുന്നത്. ഓർത്ത് വയ്‌ക്കേണ്ട കാര്യങ്ങൾ ഓലക്കീറിൽ നാരായംകൊണ്ട് എഴുതി സൂക്ഷിക്കും. ഡോക്ടർ വില്യംകാരി എന്ന ഇംഗ്ലീഷ് മിഷണറിയാണ് ഇന്ത്യയിൽ ആദ്യമായി കടലാസ് കൊണ്ടുവന്നത്.
Share it:

എഴുത്ത്

Post A Comment:

0 comments: