Header Ads Widget

നിരായുധീകരണ വാരം (ഒക്ടോബർ 24-30)

1978ൽ നടന്ന യു.എൻ ജനറൽ അസംബ്ലിയുടെ പ്രത്യേക യോഗത്തിലാണ് യു.എൻ സ്ഥാപക ദിനമായ ഒക്ടോബർ 24 മുതലുള്ള ഒരാഴ്ചക്കാലം നിരായുധീകരണ വാരമായി ആചരിക്കാൻ തീരുമാനിച്ചത്. നിരായുധീകരണം എന്ന ആശയത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് രാജ്യാന്തര സമാധാനം ഉറപ്പു വരുത്തുന്നതിനും ആയുധക്കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു.

സംഘർഷങ്ങളുടെ ലോകം
സംഘർഷങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഈ കാലഘട്ടത്തിൽ നഗരപ്രദേശങ്ങൾ ഉൾപ്പെടുന്ന സിവിൽ മേഖലകൾ കൂടുതലായി സംഘർഷ ബാധിത മേഖലകളായി മാറുന്നുവെന്ന് സ്റ്റോക്ക് ഹോം ഇന്റെർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങൾ പറയുന്നു. 2017 ലെ ആദ്യ പതിനൊന്നു മാസങ്ങളിൽ ഏറ്റവും കുറഞ്ഞത് 15,400 സാധാരണക്കാർ നഗരപ്രദേശങ്ങളിൽ സ്ഫോടനത്തിൽ മരിച്ചീട്ടുണ്ടെന്നും ഇത് 2016 ആയി താരതമ്യം ചെയ്യുമ്പോൾ 42% കൂട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മ്യാൻമാർ, അഫ്ഗാനിസ്ഥാൻ, മധ്യ അമേരിക്ക , കോംഗോ, സൊമാലിയ, സിറിയ, യെമൻ, തെക്കൻ സുഡാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംഘർഷങ്ങളുടെ ഫലമായി 2016ൽ 6.56 കോടി ജനങ്ങൾ പാലായനം ചെയ്തീട്ടുണ്ടെന്നാണ് കണക്ക്. ഉഭയകക്ഷി സമ്മതപ്രകാരം 63 സമാധാന ശ്രമങ്ങളാണ് 2017ൽ ലോകത്ത് നടന്നത്.

ഭീഷണിയായി ആണവായുധം
നിരായുധീകരണത്തിന്റെ പാതയിലെ ഏറ്റവും പ്രധാന വെല്ലുവിളി ആണവായുധങ്ങളാണ്. 2018ലെ കണക്കനുസരിച്ച് അമേരിക്ക, റഷ്യ, യു.കെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, ഇസ്രായേൽ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങൾക്കായി 15,000 ത്തോളം ആണവായുധങ്ങൾ നിലവിലുണ്ട്. ഇതിൽ 3750 എണ്ണം ഉപയോഗിക്കാൻ പാകത്തിൽ പട്ടാളത്തിനു നൽകിയിട്ടുമുണ്ട്. ഇതിൽ തന്നെ 2000 എണ്ണം ഏതു സമയത്തും ഉപയോഗിക്കാൻ പാകത്തിൽ തയാറായി നിൽക്കുന്നു. ആഗോള ആണവായുധ ശേഖരത്തിന്റെ 92% അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ പക്കൽ തന്നെയാണ്.

പ്രതീക്ഷയേകി കരാറുകൾ
നിരായുധീകരണം ലക്ഷ്യം വച്ച് 1925 ലെ ജനീവ പ്രട്ടോ കോളിന്റെ ഭാഗമായി വിഷവാതക പ്രയോഗം ഉൾപ്പെടെയുള്ള യുദ്ധമുറകൾ നിരോധിച്ചു കൊണ്ടുള്ള ധാരണ മുതൽ 2017 ലെ ആണവായുധ നിരോധന കരാർ വരെ ഏകദേശം 38 കരാറുകൾ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ വിവിധ കാലങ്ങളിൽ രൂപം കൊണ്ടീട്ടുണ്ട്. ലോകസമാധാനത്തിന്റെ താഴികക്കല്ലുകൾ എന്നു വേണമെങ്കിൽ ഈ കരാറുകളെ വിശേഷിപ്പിക്കാം. ഇതിൽ തന്നെ 1996 ൽ നിലവിൽ വന്ന സമഗ്ര ആണവ പരീക്ഷണ നിരോധന കരാർ, 1999ലെ യൂറോപ്യൻ ആംഡ് ഫോഴ്സ് കരാർ, 2017 ലെ ആണവായുധ നിരോധന കരാർ  എന്നിവ ഇപ്പോഴും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.

2013 -2017 കാലഘട്ടത്തിൽ പ്രധാന ആയുധ ഇറക്കുമതി രാജ്യങ്ങൾ

  1. ഇന്ത്യ
  2. സൗദി അറേബ്യ
  3. ഈജിപ്റ്റ്
  4. യു.എ.ഇ
  5. ചൈന
  6. ഓസ്ട്രേലിയ
  7. അൾജീരിയ
  8. ഇറാക്ക്
  9. പാക്കിസ്ഥാൻ
  10. ഇന്തോനേഷ്യ

2013 -2017 കാലഘട്ടത്തിൽ പ്രധാന ആയുധ കയറ്റുമതി രാജ്യങ്ങൾ

  1. യു.എസ്.എ
  2. റഷ്യ
  3. ഫ്രാൻസ്
  4. ജർമനി
  5. ചൈന
  6. യു.കെ
  7. സ്പെയിൻ
  8. ഇസ്രയേൽ
  9. ഇറ്റലി
  10. നെതർലാൻഡ്

നമ്മുക്ക് ചെയ്യാൻ
  • യുദ്ധവിരുദ്ധ - ആയുധവിരുദ്ധ പോസ്റ്റർ പ്രദർശനം
  • മോക് യു.എൻ അസംബ്ലി സംഘടിപ്പിക്കുക
  • ആയുധങ്ങൾക്കു വേണ്ടി ചെലവഴിക്കുന്ന പണവും ഭക്ഷണത്തിനും ശുദ്ധജലത്തിനും വേണ്ടിവരുന്ന പണവും താരതമ്യപ്പെടുത്തി പട്ടിക തയ്യാറാക്കുക
  • യുദ്ധത്തിന്റെ കെടുതികൾ കാണിക്കുന്ന സിനിമ / ഡോക്യുമെൻറി പ്രദർശനം

Post a Comment

0 Comments