ഒരു ചെന്നായ ആര്‍ത്തിയോടെ തന്റെ ഇരയെ ഭക്ഷിക്കുന്നതിനിടയ്ക്ക് ഒരു വലിയ മുള്ള് അതിന്റെ തോണ്ടയില്‍ കുടുങ്ങി. അത് വേദനയോടെ വിളിച്ചും മുരണ്ടും കൊണ്ട് കാട് മുഴുവനും ഓടി നടന്ന് ഓരോരുത്തരോടുമായി മുള്ളെടുത്തു തരാനായി അഭ്യര്‍ത്ഥിച്ചു. മുള്ളെടുത്തു തരുന്നവര്‍ക്ക് തക്കതായ പ്രതിഫലം കൊടുക്കാമെന്നും പറഞ്ഞുനോക്കി. ആരും ഭയന്ന് അടുത്തില്ല.
ചെന്നായയുടെ നിസ്സഹായത കണ്ട് മനസ്സലിഞ്ഞും, പ്രതിഫല തുക കണ്ട് കണ്ണുമഞ്ഞളിച്ചും ഒരു കൊക്ക് ഒടുവില്‍ മുള്ള് എടുത്തുകൊടുക്കാന്‍ തയ്യാറായി ചെന്നായയുടെ അടുത്തെത്തി.
ചെന്നായ വായ് തുറന്നു കൊടുത്തു. തന്റെ നീണ്ട കൊക്കുകള്‍ ചെന്നായയുടെ
വായ്ക്കുള്ളില്‍ കടത്തി, കൊക്ക് പേടിയുണ്ടെങ്കിലും അതു മറച്ച് ധൈര്യം സംഭരിച്ച് മുള്ള് പതിയെ വെളിയില്‍ എടുത്തു.
പിന്നീട്,കൊക്ക് വേദന കുറഞ്ഞ് ആശ്വസിക്കുന്ന ചെന്നായയോട് ഭവ്യതയോടെ പ്രതിഫല തുക ആവശ്യപ്പെട്ടുപ്പോള്‍ ചെന്നായ വെറുപ്പോടും ദേഷ്യത്തോടും ചീറി, “നന്ദിയില്ലാത്തവനേ, നിനക്ക് ഇപ്പോഴും ജീവനോടെ ഇരിക്കാന്‍ പറ്റുന്നതു തന്നെ വലിയൊരു പാരിതോഷികമല്ലെ? പോരാത്തതിന്, നിനക്ക് ഇനി മറ്റുള്ളവരോടൊക്കെ പറഞ്ഞു നടക്കാമല്ലൊ, ചെന്നായയുടെ വായ്ക്കകത്ത് തലയിട്ടിട്ടും ജീവനോടെ പുറത്തു വന്നു എന്ന്”
ഗുണപാഠം-ദുഷ്ടന്മാരെ സഹായിക്കുമ്പോള്‍ തിരിച്ച് ഒന്നും പ്രതീക്ഷിക്കരുത്. വലിയ ആപത്തൊന്നും കൂടാതെ രക്ഷപ്പെടാനായെന്നുമാത്രം ആശ്വസിക്കുക.
0 Comments