ആദ്യയാത്രയിലെ മൂന്നുപേര്‍

Share it:

നീല്‍ ആംസ്‌ട്രോങ്[Neil Armstrong]


ഒഹായോയിലെ വാപാകെനെറ്റെയില്‍ 1930 ആഗസ്ത് അഞ്ചിന് ജനനം. ബഹിരാകാശ ശാസ്ത്രജ്ഞനാകും മുമ്പ് കൊറിയന്‍ യുദ്ധകാലത്ത് നാവികസേനാ പൈലറ്റായിരുന്നു. ആദ്യ ബഹിരാകാശയാത്ര 1966ല്‍ ജെമിനി എട്ടിന്റെ കമാന്‍ഡ് പൈലറ്റായി. അപ്പോളോ 11ലെ യാത്ര അവസാനത്തേതും. അപ്പോളോ 13ഉം ചലഞ്ചറും തകര്‍ന്നപ്പോള്‍ അന്വേഷണച്ചുമതല ഇദ്ദേഹത്തിനായിരുന്നു. 1971ല്‍ നാസയില്‍ നിന്ന് വിരമിച്ചു.

ആസ്‌ട്രോങ്ങിനെക്കുറിച്ചുള്ള രസകരമായ ചില വിവരങ്ങള്‍: 1994ലിനു ശേഷം ആംസ്‌ട്രോങ് ആര്‍ക്കും ഓട്ടോഗ്രാഫ് കൊടുത്തിട്ടില്ല. തന്റെ കയ്യൊപ്പ് പതിനായിരക്കണക്കിന് ഡോളറുകള്‍ക്ക് അദ്ദേഹം വിറ്റു. 2005ല്‍ മുടിവെട്ടുകാരനെതിരെ അദ്ദേഹം കേസു കൊടുത്തു. ബഹിരാകാശയാത്രികരുടെ ആരാധകര്‍ക്ക് തന്റെ മുടിവില്‍ക്കുന്നു എന്നതായിരുന്നു പരാതിക്കു കാരണം.

എഡ്വിന്‍ ഇ. ആല്‍ഡ്രിന്‍ എന്ന 'ബസ് ' ആല്‍ഡ്രിന്‍[Edwin Aldrin]


കൊറിയന്‍ യുദ്ധത്തില്‍ പൈലറ്റായി സേവനം ചെയ്ത പരിചയവുമായാണ് ആല്‍ഡ്രിനും ബഹിരാകാശ സഞ്ചാരിയായത്. 1930 ജനവരി 20ന് ന്യൂ ജഴ്‌സിയ്‌ലെ ഗ്ലെന്‍ റിഡ്ജില്‍ ജനിച്ചു. ആദ്യ ബഹിരാകാശ സഞ്ചാരം ജെമിനി 12ല്‍. അപ്പോളോ 11ലെ മോഡ്യൂള്‍ പൈലറ്റായിരുന്നു. ചന്ദ്രനില്‍ ഇറങ്ങിയ രണ്ടാമന്‍. ചന്ദ്രനില്‍ വെച്ച് ബൈബിളിലെ ഉല്‍പ്പത്തി പുസ്തകം വായിച്ചതിന്റെയും വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന്റെയും പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു. ചന്ദ്രനില്‍ നിന്ന് തിരിച്ചെത്തിയ ആല്‍ഡ്രിന്‍ വിഷാദരോഗത്തിനടിപ്പെട്ടു. കടുത്ത മദ്യപാനിയായി. ഇവയെല്ലാം റിട്ടേണ്‍ ടു എര്‍ത്ത് എന്ന ആത്മകഥയിലും അടുത്തിടെ എഴുതിയ മാഗ്‌നിഫിസെന്റ് ഡിസൊലെയ്ഷന്‍ എന്ന ഓര്‍മക്കുറിപ്പിലും അദ്ദേഹം പറയുന്നുണ്ട്. ഇനിയും മനുഷ്യനെ ബഹിരാകാശത്തേക്കയണം എന്ന് ശക്തിയായി വാദിക്കുന്നു ഇദ്ദേഹം.

മൈക്കല്‍ കോളിന്‍സ്[Michael Collins]


അപ്പോളോ 11ലെ മൂന്നാമത്തെ യാത്രികന്‍. വാഹനത്തിന്റെ കമാന്‍ഡ് മോഡ്യൂള്‍ പൈലറ്റ്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ചന്ദ്രനെ തൊട്ടപ്പോള്‍ കോളിന്‍സ് അമ്പിളിമാമനു ചുറ്റും പറന്നു നടന്നു. ഒറ്റക്കുള്ള ആ പറക്കലിനെ തന്റെ ആത്മകഥയായ കാരീയിങ് ദ് ഫയര്‍: ആന്‍ അസ്‌ട്രൊനോട്‌സ് ജേണിയില്‍ അദ്ദേഹം താരമ്യം ചെയ്യുന്നത് ആദി മനുഷ്യനായ ആദത്തിന്റെ ഏകാന്തതയോടാണ്.

ഇറ്റലിയിലെ റോമില്‍ യു. എസ്. ദമ്പതിമാരുടെ മകനായി 1930 ഒക്ടോബര്‍ 30ന് ജനിച്ചു. ജെമിനി 10ല്‍ ആദ്യ ബഹിരാകാശയാത്രനടത്തി.

***
ചന്ദ്രനിലേക്കും തിരിച്ചുമുള്ള യാത്രക്കിടെ അപ്പോളോ യാത്രികര്‍ എന്താകും കഴിച്ചിരിക്കുക. വെള്ളം കുടിച്ചിട്ടുണ്ടാകുമോ. ഏകദേശം 2800 കാലറി ഊര്‍ജം കിട്ടുന്ന ഭക്ഷണമായിരുന്നു ഓരുരുത്തര്‍ക്കും വേണ്ടിയിരുന്നത്. തണുപ്പിച്ച് പ്ലാസ്റ്റിക് കൂടുകളിലാക്കിയ ടോസ്റ്റ് ചെയ്ത ബ്രെഡും കുക്കീസും സാന്‍വിച്ചുകളും പന്നിയിറച്ചിയും അവര്‍ കൊണ്ടുപോയി. അപ്പോളോ 11ലാണ് ബഹിരാകാശയാത്രികര്‍ ചൂടുവെള്ളം ലഭിക്കുന്ന സംവിധാനം ആദ്യമായി ഏര്‍പ്പെടുത്തിയിരുന്നത്.
Share it:

Moon

ചന്ദ്രന്‍

Post A Comment:

0 comments: