Header Ads Widget

ലോകകപ്പ്‌ ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ്‌ F

ഇറ്റലി
 വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക  
വിളിപ്പേര്: അസൂറി
കോച്ച്: മാഴ്‌സലോ ലിപ്പി
ക്യാപ്റ്റന്‍: ഫാബിയോ കന്നവാരോ
ഫിഫ റാങ്കിങ്: 5

പ്രതീക്ഷകളിലോ സാധ്യതാ പട്ടികയിലോ സ്ഥാനമുണ്ടായിരുന്നില്ലെങ്കിലും, 2006 ലോകകപ്പില്‍ അത്ഭുതമെന്ന പോലെ ഉയര്‍ന്നുവരികയും ജേതാക്കളാവുകയും ചെയ്തു. അതുകൊണ്ടുതന്നെ, ഇക്കുറി അവരുടെ വിലകുറച്ചുകാണാന്‍ ആരും തയ്യാറാവില്ല. തുടര്‍ച്ചയായ രണ്ടുതവണ ലോകകിരീടം നേടി. 1934-ലും 1938-ലും.

ടീം വിശകലനം

ലോകത്തെ മുന്‍നിര താരങ്ങളാണ് ഇറ്റലിയുടെ കരുത്ത്. ഏറ്റവും മികച്ച ഗോള്‍കീപ്പറെന്ന് പണ്ഡിതന്മാര്‍ വിലയിരുത്തുന്ന ജിയാന്‍ലൂയിജി ബഫണില്‍ത്തുടങ്ങുന്നു ആ മേന്മ. പ്രതിരോധത്തിന് പേരുകേട്ട ഇറ്റലിയ്ക്ക് പ്രതിരോധകരുത്ത് പകരുന്നതില്‍ ഗോള്‍കീപ്പറുടെയും സാന്നിധ്യമുണ്ട്. 2006-ലോകകപ്പില്‍ ഇറ്റലിയ്ക്ക് കിരീടം നേടിക്കൊടുത്തതിന് പിന്നില്‍, സിദാന്റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ തടുത്തിട്ട ബഫണിന്റെ അസാമാന്യ റിഫ്ലക്‌സിനും സ്ഥാനമുണ്ട്. കന്നവാരോ നേതൃത്വം നല്‍കുന്ന പ്രതിരോധനിര ഏത് ആക്രമണവും തടുക്കാന്‍ സുസജ്ജമാണ്. ഗെന്നാരോ ഗെട്ടൂസോ, ആന്ദ്രെ പിര്‍ലോ, മൗറോ കമോറാനെസി തുടങ്ങി ആമുഖമാവശ്യമില്ലാത്ത താരങ്ങള്‍ വേറെയുമുണ്ട്. 

ലോകകപ്പിലേക്കുള്ള വഴി

താരതമ്യേന ശക്തരല്ലാത്ത ടീമുകളുള്‍പ്പെട്ട എട്ടാം ഗ്രൂപ്പില്‍നിന്നാണ് ഇറ്റലി യോഗ്യത നേടിയത്. 10 കളികളില്‍ ഏഴ് ജയവും മൂന്ന് സമനിലയുമായി അപരാജിതരായി യോഗ്യത കരസ്ഥമാക്കി. 18 ഗോളുകളടിച്ചപ്പോള്‍, ഏഴെണ്ണം മാത്രമാണ് വഴങ്ങിയത്. ടീമിന്റെ പ്രതിരോധമികവ് ഗോള്‍നില സൂചിപ്പിക്കുന്നു. നാല് ഗോളോടെ ആല്‍ബര്‍ട്ടോ ഗിലാര്‍ഡീനോ യോഗ്യതാ റൗണ്ടില്‍ ടീമിന്റെ ടോപ്‌സ്‌കോററായി. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് 19-ാം തവണ
നാല് തവണ ജേതാക്കള്‍
1938, 1950, 1982, 2006 ലോകകപ്പുകളില്‍ കിരീടം.
1970, 1994 ലോകകപ്പുകളില്‍ രണ്ടാം സ്ഥാനം.
1954-ലും 1990ലും മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം, 1978-ല്‍ നാലാം സ്ഥാനം
ഇതുവരെ: 77 കളി, 44 ജയം, 19 സമനില, 14 തോല്‍വി

കോച്ച്

മാഴ്‌സലോ ലിപ്പി
ലോകഫുട്‌ബോളിലെ പരിചയസമ്പന്നനായ പരിശീലകരിലൊരാള്‍. കഴിഞ്ഞ ലോകകപ്പില്‍ ജേതാക്കളാക്കി. ലോകകപ്പിനുശേഷം ചുമതലയില്‍നിന്നൊഴിഞ്ഞെങ്കിലും പിന്‍ഗാമിയായ റോബര്‍ട്ടോ ഡൊണാഡോണിയുടെ കീഴില്‍ ടീം മികച്ച പ്രകടനങ്ങളില്ലാതെ കഷ്ടപ്പെട്ടതോടെ തിരിച്ചുവന്നു. ടീം സ്​പിരിറ്റിനും ഒത്തിണക്കത്തിനും മുന്‍തൂക്കം നല്‍കുന്ന പരിശീലകന്‍. മികച്ച താരങ്ങളല്ല, ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി നിര്‍വഹിക്കുന്ന ശരാശരിക്കാരായ താരങ്ങളാണ് ടീം വിജയിക്കുന്നതില്‍ നിര്‍ണായകമെന്ന് വിശ്വസിക്കുന്നു. ഇറ്റലിയിലെ പ്രമുഖ ക്ലബ്ബുകളെയെല്ലാം പരിശീലിപ്പിച്ചിട്ടുണ്ട്.

പാരഗ്വായ്‌
 വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക  
വിളിപ്പേര്:വൈറ്റ് ആന്‍ഡ് റെഡ്
കോച്ച്: ജെറാര്‍ഡോ മാര്‍ട്ടിനോ
ക്യാപ്റ്റന്‍: ഡെനിസ് കാനിസ
ഫിഫ റാങ്കിങ്: 23

സാല്‍വദോര്‍ കബാനസിനുണ്ടായ ദുരന്തത്തിന്റെ വേദനയുമയായാണ് ലോകകപ്പിനെത്തുന്നത്. യോഗ്യതാ റൗണ്ടില്‍ ആറു ഗോളുകളോടെ ടീമിന്റെ ടോപ്‌സ്‌കോററായ താരമാണ് കബാനസ്. ലോകകപ്പിനോളംതന്നെ കടുപ്പമേറിയ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ തുടക്കം മുതല്‍ മുന്നിട്ടുനില്‍ക്കുകയും ഒടുവില്‍ മൂന്നാം സ്ഥാനക്കാരായി യോഗ്യത നേടുകയും ചെയ്തു.

ടീം വിശകലനം

കബാനസിന് വെടിയേറ്റതാണ് പാരഗ്വായുടെ ആവലാതികളില്‍ പാതിയിലേറെയും നിറഞ്ഞുനില്‍ക്കുന്നത്. അതിനുപുറമെ, മാഞ്ചസ്റ്റര്‍ സിറ്റി താരം റോക്കി സാന്റക്രൂസും പരിക്കിന്റെ പിടിയിയാണ്. സാന്റക്രൂസ് ലോകകപ്പിന് മുമ്പ് പരിക്കില്‍നിന്ന് മുക്തനായേക്കുമെന്നാണ് പ്രതീക്ഷ പാരഗ്വായുടെ മുന്നേറ്റങ്ങള്‍ക്ക് ശക്തിപകരാന്‍ ഒരുനിര താരങ്ങള്‍ വേറെയുമുണ്ട്. യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്‌ക്കെതിരെ വിജയഗോള്‍ ഉള്‍പ്പെടെ അഞ്ചുതവണ നിറയൊഴിച്ച നെല്‍സണ്‍ ഹെയ്‌ഡോ വാല്‍ഡെസ്, ജസ്‌റ്റോ വില്ലാര്‍, ജോനാതന്‍ സന്റാന, പൗളോ ഡാ സില്‍വ, ഓസ്‌കര്‍ കര്‍ഡോസോ എന്നിവരാണ് പ്രമുഖര്‍.

ലോകകപ്പിലേക്കുള്ള വഴി

ലോകത്തെ മറ്റേത് ടീമിനെയും പരാജയപ്പെടുത്താന്‍ ശേഷിയുള്ളവര്‍ മാത്രമേ ലാറ്റിനമേരിക്കയില്‍നിന്ന് യോഗ്യത നേടാറുള്ളൂ. അവിടെത്തന്നെ, മുന്‍നിര ടീമുകളെ പരാജയപ്പെടുത്തുകയെന്നത് നിസ്സാരമല്ല. അര്‍ജന്റീനയെയും ബ്രസീലിനെയും സ്വന്തം നാട്ടില്‍ തോല്പിക്കുകയും അര്‍ജന്റീനയെ അവരുടെ നാട്ടില്‍ സമനിലയില്‍ കുരുക്കുകയും ചെയ്താണ് പാരഗ്വായുടെ വരവ്. ആദ്യ അഞ്ച് മത്സരങ്ങളില്‍ നാല് ജയവും ഒരു സമനിലയും നേടി യോഗ്യതാ റൗണ്ടില്‍ മിന്നുന്ന തുടക്കമാണ് പാരഗ്വായ് നടത്തിയത്. 18 കളികളില്‍ പത്തുജയവും മൂന്ന് സമനിലയും നേടിയ ടീം അവസാന മത്സരത്തില്‍ കൊളംബിയയോട് പരാജയപ്പെട്ടതോടെയാണ് മൂന്നാം സ്ഥാനക്കാരായത്. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് എട്ടാം തവണ
1986, 1998, 2002 ലോകകപ്പുകളില്‍ പ്രീക്വാര്‍ട്ടറില്‍
ഇതുവരെ: 22 കളികള്‍, ആറ് ജയം, ഏഴ് സമനില, ഒമ്പത് തോല്‍വി

കോച്ച്

ജോറാര്‍ഡോ മാര്‍ട്ടിനോ
പാരഗ്വായ് ലീഗില്‍ ലിബര്‍ട്ടാഡിനെയും സെറോ പോര്‍ട്ടിനോയെയും കിരീടത്തിലേക്ക് നയിച്ചിട്ടുള്ള പരിചയ സമ്പന്നനായ കോച്ചാണ് ജെറാര്‍ഡോ മാര്‍ട്ടിനോ. 2007-ല്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിരോധത്തിലൂന്നിയ ശൈലിയാണ് പിന്തുടരുന്നത്. എതിരാളികളെ അറിഞ്ഞ് തന്ത്രങ്ങള്‍ മെനയുന്ന പരിശീലകന്‍. 1991-ല്‍ അര്‍ജന്റീനാ ദേശീയ ടീമിലംഗമായെങ്കിലും രണ്ട് മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളൂ. ലോകകപ്പിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകരിലൊരാളാണ് ഈ 48 കാരന്‍.

ന്യൂസീലന്‍ഡ്‌
 വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക  
വിളിപ്പേര്: ഓള്‍ വൈറ്റ്‌സ്
കോച്ച്: റിക്കി ഹെര്‍ബര്‍ട്ട്
ക്യാപ്റ്റന്‍: റയാന്‍ നെല്‍സണ്‍
ഫിഫ റാങ്കിങ്: 79

ഓഷ്യാനിയ ചാമ്പ്യന്മാരായി പ്ലേ ഓഫ് റൗണ്ടിലേക്ക് യോഗ്യത നേടി. ഒരുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനുശേഷമാണ് എതിരാളിയായി ബഹ്‌റൈനെ ലഭിക്കുന്നത്. കടലാസ് കരുത്തിലും പരിചയസമ്പത്തിലും ബഹ്‌റൈനായിരുന്നു വിജയസാധ്യത കല്‍പിക്കപ്പെട്ടത്. എന്നാല്‍, നിശ്ചയദാര്‍ഢ്യത്തിലൂടെ ന്യൂസീലന്‍ഡ് ലക്ഷ്യം നിറവേറ്റി.

ടീം വിശകലനം

വണാറ്റു, ന്യൂ കലാഡോണിയ, ഫിജി തുടങ്ങിയ എതിരാളികളെ മറികടന്ന് യോഗ്യത നേടിയ ന്യൂസീലന്‍ഡിന്റെ പ്രധാന വെല്ലുവിളി കരുത്തുറ്റ എതിരാളികളെ നേരിടാന്‍ അവസരം കിട്ടുന്നില്ലെന്നതാണ്. ഓഷ്യാനിയ സോണ്‍ അവസാന യോഗ്യതാ റൗണ്ടില്‍ ഫിജിയോട് പരാജയം നേരിട്ടത് അവരുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടുകയും ചെയ്തു. പ്ലേ ഓഫില്‍, ബഹ്‌റൈന്റെ പെനാല്‍ട്ടി തടുത്തിട്ട ഗോള്‍കീപ്പര്‍ മാര്‍ക്ക് പാസ്റ്റണാണ് ടീമിന്റെ ശക്തികേന്ദ്രം. ലോകകപ്പിന് ന്യൂസീലന്‍ഡിന് യോഗ്യത നേടിക്കൊടുത്തത് ഈ രക്ഷപ്പെടുത്തലായിരുന്നു. ക്യാപ്റ്റന്‍ റയാന്‍ നെല്‍സണ്‍, സെന്‍ട്രല്‍ ഡിഫന്‍ഡര് ബെന്‍ സിഗ്മണ്ട്, പരിചയസമ്പന്നനായ മിഡ്ഫീല്‍ഡര്‍ സൈമണ്‍ എലിയട്ട്, യോഗ്യതാ റൗണ്ടില്‍ എട്ടുഗോളടിച്ച ഷെയ്ന്‍ സെ്മല്‍റ്റ്‌സ് എന്നിവരും പ്രതീക്ഷകളാണ്. ഇംഗ്ലണ്ടിനെ യൂത്ത് ടീമുകളില്‍ പ്രതിനിധാനം ചെയ്തിട്ടുള്ള ടോമി സ്മിത്തിന്റെ സാന്നിധ്യവും ടീമിന് ശക്തി പകരുന്നു.

ലോകകപ്പിലേക്കുള്ള വഴി

ഓഷ്യാനിയ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി ലോകകപ്പിനെത്തി. പ്ലേ ഓഫില്‍ ഏഷ്യന്‍ ടീം ബഹ്‌റൈനെ ഇരുപാദങ്ങളിലായി 1-0ന് പരാജയപ്പെടുത്തി. ബഹ്‌റൈനില്‍ നടന്ന ആദ്യപാദത്തില്‍, ബഹ്‌റൈന്‍ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയത് നിര്‍ണായകമായി. വെല്ലിങ്ടണില്‍ നടന്ന രണ്ടാം പാദത്തില്‍ റോറി ഫാളന്‍ നേടിയ ഗോള്‍ ലോകകപ്പിലേക്ക് വഴി തുറന്നു

ലോകകപ്പില്‍

പങ്കെടുക്കുന്നത് രണ്ടാം തവണ
1982-ല്‍ ആദ്യ റൗണ്ടില്‍ പുറത്ത്
ഇതുവരെ മൂന്ന് കളി, മൂന്ന് തോല്‍വി

കോച്ച്

റിക്കി ഹെര്‍ബര്‍ട്ട്
ന്യൂസീലന്‍ഡിന്റെ നാട്ടുകാരനായ ആദ്യ പരിശീലകനാണ് റിക്കി ഹെര്‍ബര്‍ട്ട്. 1982 ലോകകപ്പില്‍ ടീമിന്റെ പ്രതിരോധനിരയിലെ സുപ്രധാന താരമായിരുന്ന ഹെര്‍ബര്‍ട്ട് തന്റെ ടീമിനെയും പ്രതിരോധത്തിലൂന്നിയ ശൈലിയിലാണ് കളിപ്പിക്കുന്നത്. ബഹ്‌റൈനെതിരെ പ്ലേ ഓഫില്‍ 5-2-3 ശൈലിയില്‍ കളിപ്പിച്ചു. 4-4-2 ശൈലിയും പ്രയോഗിക്കുന്നു. ടീം തിരഞ്ഞെടുപ്പില്‍ പരിചയസമ്പന്നര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു

സ്ലോവാക്യ
 വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക  
വിളിപ്പേര്:ദ ഫൈറ്റിങ് ജോണ്ടാസ്
കോച്ച്: വഌദിമിര്‍ വീസ്
ക്യാപ്റ്റന്‍: മരേക് ഹാംസിക്
ഫിഫ റാങ്കിങ്: 33

ദക്ഷിണാഫ്രിക്കയിലെ അപ്രതീക്ഷിത അതിഥികള്‍. ചെക്ക് റിപ്പബ്ലിക്ക് യോഗ്യതയും പോളണ്ട് പ്ലേ ഓഫ് സ്ഥാനവും നേടുമെന്ന് കരുതിയ ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരായി സ്ലോവാക്യയെത്തി. ഒരു സെല്‍ഫ് ഗോളിന്റെ പിന്തുണയില്‍ ലോകകപ്പിന് യോഗ്യത നേടിയവര്‍ എന്ന് പറയാമെങ്കിലും യോഗ്യതാ റൗണ്ടിലുടനീളം പുറത്തെടുത്ത വിസ്മയകരമായ ഒത്തിണക്കം അവരെ എതിരാളികള്‍ക്കുള്ള വെല്ലുവിളിയാക്കുന്നുണ്ട്.

ടീം വിശകലനം

കഴിഞ്ഞ ഒരു ദശകത്തിനിടെ സ്ലോവാക്യയില്‍ നിന്നുണ്ടായിട്ടുള്ള ലോകനിലവാരമുള്ള ഒരേയൊരു താരം മരേക് ഹാംസിക്കാണ്. ഹാംസിക്ക് തന്നെയാണ് യോഗ്യതാ റൗണ്ടില്‍ സ്ലോവാക്യയെ തുണച്ചതും. അതിനൊപ്പം തന്നെ യുവതാരങ്ങളായ മാര്‍ട്ടില്‍ സ്‌കെര്‍ട്ടല്‍, കോച്ച് വഌദിമിര്‍ വീസിന്റെ മകന്‍ വഌദിമിര്‍ വീസ് ജൂനിയര്‍, യോഗ്യതാ റൗണ്ടില്‍ ആറു ഗോള്‍ നേടിയ സ്റ്റാനിസ്ലാവ് സെസ്റ്റാക് എന്നിവരും മികവുകാട്ടി. 

ലോകകപ്പിലേക്കുള്ള വഴി

അവസാന രണ്ടു മത്സരങ്ങളില്‍ രണ്ട് പോയന്റ് നേടിയാല്‍ യോഗ്യത നേടാമെന്ന സുഖകരമായ അവസ്ഥയിലായിരുന്നു സ്ലോവാക്യ. എന്നാല്‍, സ്ലോവേനിയയോട് അപ്രതീക്ഷിത തോല്‍വി നേരിട്ടതോടെ, അവസാന മത്സരം ജയിക്കണമെന്ന അവസ്ഥയായി. പോളണ്ടില്‍ നടന്ന മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ സ്ലോവാക്യ പിന്നീട് ആ ലീഡ് കാത്തുസൂക്ഷിച്ചതോടെയാണ് ടിക്കറ്റ് ഉറപ്പായത്. യോഗ്യതാ റൗണ്ടില്‍ പോളണ്ടിനെ രണ്ടുവട്ടവും ചെക്ക് റിപ്പബ്ലിക്കിനെ ഒരുതവണയും തോല്പിച്ചു. ചെക്ക് റിപ്പബ്ലിക്കുമായി ഒരു മത്സരം സമനിലയുമായി. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് ആദ്യതവണ

കോച്ച്

വഌദിമിര്‍ വീസ്
സ്ലോവാക്യന്‍ ടീമിന്റെ ഏറ്റവും വലിയ കരുത്ത് വഌദിമിര്‍ വീസ് എന്ന പരിശീലകനാണ്. താരങ്ങളെ ഉത്തേജിപ്പിക്കുന്ന പരിശീലകനാണ് അദ്ദേഹം. കോച്ചില്‍നിന്നുകിട്ടിയ പിന്തുണയാണ് ടീമിന് യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായതും. താരങ്ങളുടെയും ആരാധകരുടെയും സ്ലോവാക്യന്‍ അസോസിയേഷന്റെയും പൂര്‍ണ പിന്തുണ വീസിനുമുണ്ട്. മകന്‍ വഌദിമിര്‍ മീസ് ജൂനിയര്‍ കളിക്കുന്ന ടീമിനോട് പിതൃതുല്യമായ വാത്സല്യം ഉണ്ടായതിന് മറ്റ് കാരണമൊന്നും തേടേണ്ടതില്ല. 

 കടപ്പാട്:മാത്രുഭൂമി വെബ്സൈറ്റ്   

Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments