പരീക്ഷകളെ നേരിടാന്‍

Share it:



പരീക്ഷക്കാലം തുടങ്ങിക്കഴിഞ്ഞു. ഇനി ഏതാണ്ട് ഒരു മാസക്കാലം എല്ലാവരും പരീക്ഷച്ചൂടിലായിരിക്കും.എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകള്‍ കഴിഞ്ഞാലും മറ്റു ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ തീരുകയില്ല. പരീക്ഷയോ അതൊക്കെ വരും പോകും എന്ന മട്ടില്‍ ഒന്നും മൈന്‍ഡ് ചെയ്യാതെ നടന്നിരുന്ന കുസൃതികളും പക്ഷേ, പരീക്ഷ വന്നു തലയില്‍ കയറുന്ന ഈ വേളയില്‍ ശരിക്കും ടെന്‍ഷനിലാകാറുണ്ട്. എന്തൊക്കെയായാലും പരീക്ഷ പരീക്ഷ തന്നെയാണല്ലോ!

പരീക്ഷക്കാലമാകുന്നതോടെ ഉറക്കമൊഴിച്ച് കുത്തിയിരുന്നു പഠിക്കുന്നതാണ് ചിലരുടെ ശീലം. അത്രയൊക്കെ മതി എന്നാണ് പലരും കരുതുന്നതും. ഇതു വരെ ഒന്നും പഠിക്കാതെ നടന്നവര്‍ക്ക് ഇനി അതല്ലേ കഴിയൂ. അപ്പോഴും പക്ഷേ, ഉറക്കമിളച്ച് കുത്തിയിരുന്നു പഠിക്കുന്നതല്ല നല്ലത് എന്നതാണ് വസ്തുത. ശരിയായ വിശ്രമവും മതിയായ ഉറക്കവും ആരോഗ്യകരമായ ഭക്ഷണ പാനീയച്ചിട്ടകളുമുണ്ടെങ്കിലേ പരീക്ഷകളെ കൂളായി നേരിടാന്‍ കഴിയൂ. വളരെ ചുരുക്കം ദിവസങ്ങള്‍ കൊണ്ട് വളരെയധികം പഠിക്കുകയും ഓര്‍മ പുതുക്കുകയും വേണം ഈ പരീക്ഷക്കാലത്ത്.

അതിന് ശാരീരികമായും മാനസികമായും വേണ്ടത്ര ഒരുക്കങ്ങള്‍ കൂടിയേ തീരൂ. പഠിക്കുന്നതിന് വളരെയേറെ ഊര്‍ജം വേണം. ഒരു മണിക്കൂര്‍ ശാരീരികാധ്വാനം ചെയ്യാന്‍ വേണ്ടതിനെക്കാള്‍ ഊര്‍ജം ആവശ്യമുണ്ട് ഒരു മണിക്കൂര്‍ പഠിക്കാന്‍. നമുക്കാകട്ടെ, വേനലിന് കടുപ്പം കൂടി വരുന്ന സമയത്താണ് പരീക്ഷകള്‍ വരുന്നത്. വേനലിന്റെ രൂക്ഷതകളെ നേരിടാന്‍ തന്നെ വേണം പ്രത്യേക ജാഗ്രതകള്‍. അതിനൊപ്പം പരീക്ഷകള്‍ കൂടി വരുമ്പോള്‍ വളരെ കരുതലുള്ള ജീവിതച്ചിട്ടകളും ഭക്ഷണ ക്രമങ്ങളും കൂടിയേ തീരൂ. ഭക്ഷണക്രമം എന്നാണ് പറയുന്നതെങ്കിലും പാനീയങ്ങളുടെ കാര്യം കൂടുതല്‍ ഗൗരവമായെടുക്കേണ്ടതാണ്.

പാനീയങ്ങള്‍

വേണ്ടത്ര വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനലും പരീക്ഷപ്പനിയും ഒരുമിച്ചു നേരിടാന്‍ മാത്രം വെള്ളം കുടിക്കണം. ജ്യൂസുകള്‍, മോരുംവെള്ളം തുടങ്ങിയവ കൂടുതല്‍ നല്ലതാണ്. ചായയും കാപ്പിയും കൂടുതല്‍ കുടിക്കാതിരിക്കുന്നതാണ് നല്ലത്. അത്യാവശ്യമെന്നു തോന്നിയാല്‍ രാവിലെയും വൈകിട്ടും ഓരോ ചായ അല്ലെങ്കില്‍, കാപ്പിയാവാം. നേരത്തേയുള്ള പതിവാണെങ്കില്‍ ഒഴിവാക്കേണ്ട കാര്യമില്ല. അധികം തണുപ്പില്ലാത്ത പാനീയങ്ങള്‍ തയ്യാറാക്കി വെക്കുന്നത് നല്ലതാണ്. തേന്‍ ചേര്‍ത്ത നാരങ്ങാ വെള്ളം, ചുക്കും മല്ലിയും ഇട്ട് തിളപ്പിച്ച് ആറിയ വെള്ളം, തഴുതാമ, ഇഞ്ചി എന്നിവയിട്ടു തിളപ്പിച്ച വെള്ളം തുടങ്ങിയവയൊക്കെ നല്ലതാണ്. താത്പര്യമുള്ളവര്‍ക്ക് നല്ല ആരോഗ്യപാനീയങ്ങളും പാലും കുടിക്കാം.

വാഴപ്പഴം, ആപ്പിള്‍ തുടങ്ങി പുളിയില്ലാത്ത പഴങ്ങളും പാലും ചേര്‍ത്ത് അടിച്ചെടുക്കുന്ന ഷെയ്ക്കുകളും നല്ലതു തന്നെ. സൂക്ഷ്മപോഷകങ്ങള്‍ ചേര്‍ന്ന പാനീയങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞാല്‍ നല്ലത്. വളരെ നേരം ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ചവയും അധികം ഐസിട്ടവയും കുടിക്കുമ്പോള്‍ രസമായിരിക്കുമെങ്കിലും അധികം തണുപ്പ് നമ്മുടെ വേനലില്‍ അത്ര നന്നല്ല. മിതമായ തണുപ്പ് ആകാം.

ഭക്ഷണം

വളരെ പ്രധാനപ്പെട്ട മറ്റൊന്നാണ് ഭക്ഷണം. പരീക്ഷാസമ്മര്‍ദത്തെ മറികടക്കുന്നതില്‍ ഭക്ഷണത്തിന് വളരെയധികം പങ്കുണ്ടെന്ന് ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യുട്രീഷ്യന്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എളുപ്പം ദഹിക്കുന്നതും നാരുകള്‍ ധാരാളമുള്ളതുമായ ഭക്ഷണമാണ് വേണ്ടത്. പഴങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍ എന്നിവ നല്ലതാണ്. ഇഷ്ടമുള്ളവര്‍ക്ക് ഓട്‌സ് പോലുള്ളവ കഴിക്കാം.

വറുത്തതും പൊരിച്ചതുമായ ഇനങ്ങള്‍, മാംസം തുടങ്ങിയവ പരമാവധി കുറയ്ക്കുക. സസ്യേതര ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മീന്‍കറിക്ക് പ്രാധാന്യം നല്‍കാം. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ചിപ്‌സ്, മിക്‌സ്ചര്‍ തുടങ്ങിയവ കൊറിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. ഒറ്റയടിക്ക് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ നല്ലത് കുറേശ്ശേ ഭക്ഷണം കൂടുതല്‍ തവണകളായി കഴിക്കുന്നതാണ്.

ഉറക്കം

പഠന ദിവസങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഉറക്കം,വിശ്രമം, ഭക്ഷണപാനീയങ്ങള്‍ തുടങ്ങിയവ. കടുത്ത ചൂടുള്ള ഉച്ചനേരങ്ങളില്‍ ഇരുന്നു പഠിക്കുന്നത് കൂടുതല്‍ ക്ഷീണമുണ്ടാക്കും. ഉച്ചയ്ക്ക് അരമണിക്കൂര്‍ ഉറങ്ങുന്നത് ആശ്വാസകരമാവും. പരമാവധി ഒരു മണിക്കൂര്‍ വരെയേ ഉറങ്ങാവൂ. അധികം ഉറങ്ങിയാല്‍ ക്ഷീണം കൂടുകയേ ഉള്ളൂ. രാത്രി അല്പം കൂടുതല്‍ നേരം ഇരിക്കാനും രാവിലെ നേരത്തേ എഴുന്നേല്‍ക്കാനും ഈ ഉച്ചയുറക്കം സഹായിക്കും. പരീക്ഷക്കാലത്ത് അല്പം കൂടുതല്‍ നേരം ഇരിക്കാം. അതിനപ്പുറം വളരെയധികം ഉറക്കം കളയുന്നത് ആരോഗ്യകരമാവില്ല. ചുരുങ്ങിയത് ആറുമണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം.

വിശ്രമം

ഒറ്റയടിക്ക് മണിക്കൂറുകളോളം ഇരുന്നു പഠിക്കുന്നതിനെക്കാള്‍ നല്ലത് ചെറിയ ചെറിയ ഇടവേളകള്‍ നല്‍കി പഠിക്കുന്നതാണ്. ഒന്നോ ഒന്നരയോ മണിക്കൂറിന്റെ ഇടവേളയില്‍ അഞ്ചുമിനിറ്റു വീതം പഠനമുറിയില്‍ നിന്ന് പുറത്തിറങ്ങി വിശ്രമിക്കാം. അല്പനേരം നടക്കുകയോ ശരീരമനങ്ങിയുള്ള എന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ഈ ചെറു വിശ്രമവേളയില്‍ ടി.വി. കാണാന്‍ പോകരുത്.

ടെന്‍ഷന്‍ വേണ്ട

പരീക്ഷകളെ കൂളായി നേരിടാനുള്ള മാനസികാവസ്ഥ വളരെ പ്രധാനമാണ്. വളരെയധികം ടെന്‍ഷനടിക്കുന്നത് പഠനത്തെ മോശമായി ബാധിക്കും. മാത്രമല്ല, പഠിച്ചത് യഥാസമയം ഓര്‍ത്തെടുക്കാന്‍ കഴിയാതെയും വരും. കുട്ടികളെ അനാവശ്യ പരിഭ്രാന്തികളില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് അച്ഛനമ്മമാര്‍ശ്രദ്ധിക്കേണ്ടത്.

Subscribe to കിളിചെപ്പ് by Email
Share it:

പരീക്ഷകളെ നേരിടാന്‍

Post A Comment:

0 comments: