ഏഴാം ജന്മം; ശാസ്ത്ര നാടകം

Share it:

(ഒരു ലൈബ്രറിയാണ് രംഗം. വലതു വശത്ത് ഒരു പുസ്തക ഷെല്‍ഫിന്‍െറ ഭാഗം ദൃശ്യമാണ്. മാറാലയും പൊടിയും നീക്കം ചെയ്യുന്ന ലൈബ്രേറിയന്‍. അയാളെ റിമോട്ട് അങ്കിള്‍ എന്നാണ് പുസ്തകം എടുക്കാന്‍ വരുന്ന കുട്ടികള്‍ വിളിക്കുന്നത്. ഡെസ്റ്റ് അലര്‍ജി കാരണം റിമോട്ട് അങ്കിള്‍ തുമ്മുകയും തുമ്മല്‍ പിടിച്ച് നിര്‍ത്തുകയും ഒക്കെ ചെയ്യുന്നുണ്ട്. ഈ സമയം മൂന്ന് കുട്ടികള്‍ അവിടേക്ക് വരുന്നു. അങ്കിളിനെ അനുകരിച്ച് തുമ്മുന്നു.)
കുട്ടി 1: റിമോട്ട് അങ്കിളേ തുമ്മി തോല്‍പ്പിക്കാനാണോ പരിപാടി
കുട്ടി 2: അങ്കിളേ ആ റിമോട്ട് ഇങ്ങ് താ.
റി : നിനക്കൊന്നും വേറെ പണിയില്ലേ
കുട്ടി 3: ഞങ്ങള്‍ വേറെ പണിക്ക് പോയാല്‍ അങ്കിളിന്‍െറ റിമോട്ട് വാങ്ങാന്‍ ആരാ വരുന്നത്.
റി: നിനക്കൊക്കെ റിമോട്ട് തന്ന് കളിപ്പിക്കലും കളി കാണിക്കലുമല്ല എന്‍െറ പണി.
കുട്ടി 1: അങ്കിളിന്‍െറ പണി ഞങ്ങള്‍ക്കറിയാം. ലൈബ്രേറിയന്‍.
റി: ‘A’ ഗ്രേഡ് ലൈബ്രറിയുടെ ലൈബ്രേറിയന്‍െറ വില നിനക്കൊന്നും അറിയില്ല.
കുട്ടി 2: പിന്നെ ഗെസറ്റഡ് പോസ്റ്റല്ലേ്യാ.
റി : നിനക്കു കുറെ കൂടുന്നു. കളിച്ച് കളിച്ച് അപ്പന്‍െറ പ്രായക്കാരോടാ കളി
കുട്ടി 1: അവന് വിവരമില്ല അങ്കിളേ. 200 ചാനലും മന$പാഠമാക്കിയ അങ്കിളിന്‍െറ ഓര്‍മശക്തി ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ എന്‍ട്രന്‍സ് ജയിച്ച് മെഡിക്കല്‍ കോളജില്‍ കയറിയേനെ.
കുട്ടി 3: 200 ചാനലും കാണാതറിയാവുന്ന ലൈബ്രേറിയന് ഈ ലൈബ്രറിയിലെ പുസ്തകങ്ങളെപ്പറ്റി....

റി: ഒരു വിവരോം ഇല്ല. ഞാനെന്തിനാ ഈ വയസ്സുകാലത്ത് പുസ്തകങ്ങളുടെ പേരു കാണാപാഠം പഠിക്കുന്നത്. പുസ്തകം എടുക്കാന്‍ വരുന്നവര്‍ പത്തില്‍ താഴെയാ. എല്ലാവരും വരുന്നത് ടി.വി കാണാനാ. അതുകൊണ്ട് ഞാനവരെ സേവിക്കുന്നു.
കുട്ടി 2: very very correct. ഞങ്ങള് വന്നതും ക്രിക്കറ്റ് കാണാനല്ലിയോ.
കുട്ടി 1: സംസാരിച്ച് സമയം കളയാതെ ടി.വി ഓണാക്ക് അങ്കിള്‍...പ്ളീസ്
(റിമോട്ട് അവനെ സൂക്ഷിച്ച് നോക്കുന്നു. അതുകണ്ടിട്ട്)
കുട്ടി 3: ഇന്ന് ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള വണ്‍ഡേയാ. ആസ്ട്രേലിയ ഇന്ത്യയെ കിടത്തും.
കുട്ടി 2: ആസ്ട്രേലിയ ഉലത്തും. രാജ്യ സ്നേഹമില്ലാത്ത നിന്നെയൊക്കെ ചുമക്കുന്ന ഭാരതാംബ.... ഹോ! കഷ്ടംതന്നെ.
കുട്ടി 3: രാജ്യസ്നേഹം കാണിക്കേണ്ടത് കളിക്കുന്നവരാ. കളികാണുന്നവര്‍ക്ക് രാജ്യസ്നേഹം ഉണ്ടായെന്നു കരുതി കളി ജയിക്കില്ല. ഞാന്‍ ആസ്ട്രേലിയയുടെ ഭാഗം ചേരുന്നതു കളി തീരുമ്പോള്‍ മനോവിഷമം ഉണ്ടാകാതിരിക്കാനാ.
കുട്ടി 1: ചപ്പടാച്ചി വര്‍ത്തമാനം നിറുത്തടേ. അങ്കിളേ ടി.വി ഓണാക്ക്.
റി : ടി.വി ഓണാവൂല്ല.
കുട്ടി 1:
        2:അതെന്താ
റി : അതങ്ങനാ ടി.വി ഓണാവൂല്ല (കുട്ടികള്‍ അങ്കിളിന്‍െറ അടുത്ത് കൂടി സോപ്പിടുന്നു. ഒടുവില്‍...)
റി: കറന്‍റില്ലാതെങ്ങനാ ടി.വി ഓണാക്കുന്നത്! ഇവന്മാര്‍ക്കൊരു വിവരവും ഇല്ലല്ലോ. റിമോട്ട് നിങ്ങളു തന്നെ വെച്ചോ (റിമോട്ട് അവിടെ വെച്ചിട്ട് അങ്കിള്‍ പുറത്തേക്ക് പോകുന്നു. കുട്ടികള്‍ നിരാശരായി അവിടവിടെയായി ഇരിക്കുന്നു. ഒരു കുട്ടി പുസ്തക ഷെല്‍ഫിലേക്ക് തുറിച്ചുനോക്കുന്നു. ഷെല്‍ഫിലെ പുസ്തകം അനങ്ങുന്നത് പോലെ അവന് തോന്നുന്നു. അവന്‍ അടുത്തിരിക്കുന്നവനോട് പറയുന്നു. അവനും അതേ അനുഭവം. മൂന്നു പേര്‍ക്കും പുസ്തകം അനങ്ങുന്നതായി തോന്നുന്നതോടെ അവരില്‍ ഭയം ജനിക്കുന്നു. അവര്‍ മെല്ലെ എഴുന്നേറ്റ് പിറകോട്ട് മാറുന്നു. പുസ്തകം ഷെല്‍ഫില്‍ നിന്ന് അവരുടെ അടുത്തേക്ക് വരുന്നു. പുസ്തകം അടുത്തുവരുന്നതിനനുസരിച്ച് അതിന്‍െറ വലുപ്പവും കൂടുന്നു. പുസ്തകം രംഗമധ്യത്തിലെത്തുന്നു. അതില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും വിധം ഏഴാം ജന്മം. സയന്‍സ് ഫിക്ഷന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പുസ്തകം മെല്ലെ തുറന്നുവരുന്നു. കുട്ടികള്‍ അതിലേക്ക് യാന്ത്രികമായി കടന്ന് അപ്രത്യക്ഷരാകുന്നു. തുടര്‍ന്ന് പുസ്തകത്താളുകളുടെ ഇടയില്‍നിന്ന് ഒരുമാന്ത്രികന്‍ രംഗത്തേക്ക് വരുന്നു.)
മാ: സ്വാഗതം... സുസ്വാഗതം മക്കളേ. വേഷം കൊണ്ടു തന്നെ ബ്രാന്‍ഡ് ചെയ്യപ്പെട്ട എന്നെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. സംഭവ്യം ആയതും എന്നാല്‍ സംഭവിച്ചിട്ടില്ലാത്തതുമായ ഈ ശാസ്ത്രകഥയുടെ ഏടുകളിലൂടെ ഞാന്‍ നിങ്ങള്‍ക്കു കൂട്ടായി വരാം. കാഴ്ചക്കപ്പുറത്തെ നേരുകളിലേക്കു കണ്ണായും കേള്‍ക്കാത്ത ശബ്ദങ്ങള്‍ക്ക് കാതായും നിങ്ങളോടൊപ്പം ഞാനും കൂടാം.
ഒന്നാം ഏടിലേക്ക് സ്വാഗതം
(മാന്ത്രികന്‍ പിന്‍വാങ്ങുന്നു. രംഗം മാറുന്നു)
ഏട് ഒന്ന്
(രംഗം ശൂന്യം. ദുര്‍ബലനും മൃതപ്രായനുമായ ഒരു പടുവൃദ്ധനെ കുറെ ജീവികള്‍ വീല്‍ചെയറില്‍ തള്ളിക്കൊണ്ടുവരുന്നു. ജീവികള്‍ക്ക്  ഇലക്കൂമ്പ് പോലുള്ള തലയും ഇലയെ അനുസ്മരിപ്പിക്കുന്ന കൈകളും പച്ച നിറവും ആണുള്ളത്. വൃദ്ധന്‍ സ്റ്റേജിന്‍െറ മധ്യത്ത് എത്തുമ്പോള്‍ മാന്ത്രികന്‍െറ ശബ്ദം)
ഭൂമിയിലെ അവസാനത്തെ മനുഷ്യന്‍
ജീവന്‍ അവശേഷിക്കുന്നത് കൊണ്ട് മാത്രം ജീര്‍ണിക്കുന്നില്ല.
ബുദ്ധിയും ഓര്‍മയും വിവേചനശേഷിയും നഷ്ടമായിട്ട് കാലം ഏറെയായി. പരസ്പരം സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു കൂട്ടം ജീവികള്‍ക്കിടയില്‍ ഇദ്ദേഹം ഇനിയും എത്രനാള്‍?
(ജീവച്ഛവമായ ആ മനുഷ്യനെ ഒരു കളിപ്പാട്ടം പോലെ കൈകാര്യം ചെയ്തുകൊണ്ട് അപൂര്‍വ ജീവികള്‍ രംഗം വിടുന്നു.)
ഏട് 2
(ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ ക്ഷുഭിതനായി രംഗത്തേക്കു വരുന്നു. പിന്നാലെ അതിലും ക്ഷുഭിതയായി അയാളുടെ ഭാര്യയും. ഭാര്യ മന്ദബുദ്ധിയാണെന്ന ഭാവത്തിലാണ് കോടീശ്വരന്‍ പെരുമാറുന്നത്)
ഭാര്യ: നിങ്ങളെന്നാ ഭാവത്തിലാ
കോ: അഹംഭാവത്തില്‍. ലോകത്തെ ഒന്നാമത്തെ കോടീശ്വരനായ എനിക്കു ചേരുന്ന ഭാവം അതുമാത്രമാണ്. അഹംഭാവം അഥവാ അഹങ്കാരം.
ഭാര്യ: അതെല്ലാം തീരാന്‍ പോവുകയാണ്. എത്രകോടി ഡോളറാണ് നിങ്ങള്‍ പുതിയ ബിസിനസിന്‍െറ പേരില്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇനി ഇത് തുടരാന്‍ ഞാന്‍ സമ്മതിക്കില്ല.
കോ: നിന്‍െറ സമ്മതം ആര്‍ക്ക് വേണം. നിനക്ക് വിട്ട് പോകണമെങ്കില്‍ ആകാം. എന്‍െറ തീരുമാനത്തിന് മാറ്റമില്ല.
ഭാര്യ: മനുഷ്യാ... നിങ്ങള്‍ക്കു ഭ്രാന്താണോ. ദൈവം നിങ്ങള്‍ക്ക് തന്ന സമ്പത്ത് ഇത്തരത്തില്‍ അനാവശ്യമായി കളയുന്നത് ദൈവത്തെ നിന്ദിക്കലാണ്.
കോ: എന്തനാവശ്യം. ഈ ഭൂമി ഇല്ലാതായാല്‍ സമ്പത്ത് കൊണ്ടെന്തുകാര്യം. ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഒരു പടംവെച്ചു മാലയിടാന്‍ പോലും ഈ ഭൂമിയില്‍ ആരും ഉണ്ടാകില്ല. പിന്നെന്തിനാണെടെ പണവും പ്രതാപവും.
ഭാര്യ: ഭൂമി ഇല്ലാതാകുമെന്ന് നിങ്ങളോടാരാ പറഞ്ഞത്.
കോ: ആരും പറയേണ്ട.അതിനു കോമണ്‍സെന്‍സു മതി. ആഗോളതാപനം, ഓസോണ്‍ ശോഷണം, അമ്ള മഴ, മലിനീകരണം...ഒടുവില്‍... ഭൂമി ഇല്ലാതാവില്ല.  പക്ഷേ ജീവികളുണ്ടാവില്ല.
ഭാര്യ: ഇനി അങ്ങനെ സംഭവിച്ചാല്‍ നമ്മളും ഇല്ലാതാവില്ലേ.
കോ: ഇല്ല. ഈ ഭൂമിയില്‍ ജീവികളെല്ലാം ഇല്ലാതായാലും ഞാനും നീയും ഉണ്ടാകും. ഭൂമിയുടെ പുതിയ അധിപന്മാരായി നമ്മളും നമ്മളുടെ സന്തതി പരമ്പരയും ഉണ്ടാകും.
ഭാര്യ: എങ്ങനെ? മക്കളില്ലാത്ത നമുക്ക് എവിടുന്നാ സന്തതി പരമ്പര.
കോ: അതിനാണ് ഞാന്‍ കാത്തിരിക്കുന്നത്. ഒരു സര്‍വ നാശം. അതത്തേുടര്‍ന്നുള്ള പുനര്‍ജനി. പുനര്‍ജനിക്കവകാശം നമുക്ക് മാത്രം.
ഭാര്യ: എന്താണ് മനുഷ്യാ ഈ പുലമ്പുന്നത്.
കോ: നിന്നെ പോലൊരു മന്ദബുദ്ധിക്കു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. എങ്കിലും ഞാന്‍ പറയാം. ആസന്നമരണയായ ഭൂമിയില്‍നിന്ന് ശൂന്യാകാശത്തിലേക്ക് നമ്മള്‍ രക്ഷപ്പെടും. അതിനുള്ള സ്പേസ് ഷട്ടില്‍ ഒരുങ്ങിക്കഴിഞ്ഞു. ശൂന്യാകാശത്തൊരു ഹണി മൂണ്‍. ഞാനും നീയും മാത്രം. പിന്നെ ഭൂമിയിലേക്കൊരു മടക്കു യാത്ര...
ഭാര്യ: എത്ര നല്ല സ്വപ്നം. പക്ഷേ, ഈ സ്വപ്നം ആസ്വദിക്കണമെങ്കില്‍ മനസ്സിന്‍െറ സമനില തെറ്റണം. അതുകൊണ്ട് എനിക്ക് ആസ്വദിക്കുവാന്‍ കഴിയില്ല.
കോ: നീ ആസ്വദിക്കേണ്ട. ഏതാനും നിമിഷങ്ങള്‍ക്കകം അവരിവിടെ വരും.
ഭാര്യ: വരട്ടേ. എന്താണവര്‍ പറയുന്നതെന്നു കേള്‍ക്കട്ടെ.
കോ: അതുകേട്ടാല്‍ നിനക്ക് മനസ്സിലാവില്ല.
ഭാര്യ: നിങ്ങള്‍ക്കു മനസ്സിലാവുമോ. എങ്കില്‍ എനിക്കും മനസ്സിലാവും. ബുദ്ധിയുടേയും വിദ്യാഭ്യാസത്തിന്‍െറയും കാര്യത്തില്‍ നമ്മളിരുവരും നല്ല പൊരുത്തമാ. വിദ്യാഭ്യാസ യോഗ്യത പുറത്ത് പറയാന്‍ കൊള്ളില്ലെന്നേ ഉള്ളൂ. എന്നിട്ട് സ്വയം കേമനായങ്ങ് ഞെളിയുവാ.
കോ: ഛെ. നിറുത്ത്. കുറേ കൂടുന്നു.
ഭാര്യ: അതു നിങ്ങള്‍ക്കും ആകാം.
(രണ്ടുപേരും വഴക്കിന്‍െറ വക്കിലേക്ക് നീങ്ങുമ്പോള്‍ ശാസ്ത്രജ്ഞര്‍ വരുന്നു. ഒരാള്‍ സ്ത്രീയാണ്. അവള്‍ വര്‍ധിച്ച സന്തോഷത്തിലാണ്)
കോ:  welcome welcome ഡോ. സൂസന്‍മേബിള്‍, ഡോ. നോബിള്‍ ബര്‍മന്‍ എവിടം വരെയായി കാര്യങ്ങള്‍.
സൂസ: നമ്മള്‍ വിജയിച്ചുകഴിഞ്ഞു.
കോ: എങ്ങനെ
നോ: ഭൂമി നാശത്തോടടുക്കുമ്പോള്‍ നാം ഇവിടെനിന്ന് ശൂന്യാകാശത്തിലേക്ക് രക്ഷപ്പെടുന്നു.
ഭാര്യ: അതെങ്ങനാ വിമാനത്തിലാണോ?
സൂ : നോ...നോ... അതിനുള്ള സ്പേസ് ഷട്ടില്‍ ഇതിനകം തന്നെ available  ആണ്. ഒരെണ്ണം സംഘടിപ്പിക്കുവാന്‍ ബുദ്ധിമുട്ടില്ല.
കോ: എന്നിട്ട്
നോ: ഭൂമിയില്‍ സര്‍വനാശം പൂര്‍ണമാകുമ്പോള്‍, അതായത് ജീവികളെല്ലാം ഇല്ലാതായി കഴിഞ്ഞാല്‍ നമ്മള്‍ മെല്ലെ ഭൂമിയിലേക്ക് മടങ്ങും.
സൂ: ഭൂമിയില്‍ എത്തിക്കഴിഞ്ഞാല്‍ നമ്മെ അലട്ടുന്ന പ്രശ്നം ഭക്ഷണമായിരിക്കും.
ഭാര്യ: എന്താ ഇപ്പറയുന്നത്. ഭൂമിയില്‍ ജീവികളൊന്നുമില്ലെങ്കില്‍, നമ്മള്‍ മാത്രമേ ഉള്ളൂവെങ്കില്‍ ഭക്ഷണത്തിന് എവിടെയാ പഞ്ഞം.
കോ: മണ്ടത്തരം എഴുന്നള്ളിക്കാതെ. ഭൂമിയില്‍ സസ്യങ്ങളോ ജന്തുക്കളോ ഉണ്ടാകില്ല. പിന്നെവിടുന്നാ ഭക്ഷണം.
നോ: വഴക്കടിക്കേണ്ട. ആപ്രശ്നം പരിഹരിച്ചുകഴിഞ്ഞു. ഒരു ഹരിത ജാക്കറ്റ് ഞങ്ങള്‍ വികസിപ്പിച്ചെടുത്തത് കണ്ടോളൂ.
(ഹരിത ജാക്കറ്റെടുത്ത് കോടീശ്വരനെ ധരിപ്പിക്കുന്നു. ഭാര്യ അന്തംവിട്ട് നില്‍ക്കുന്നു.)
സൂ: ഈ ജാക്കറ്റിലെ ക്ളോറാഫിലിന് സൂര്യപ്രകാശത്തെ ആഗിരണം ചെയാന്‍ കഴിയും. വെള്ളവും കാര്‍ബണ്‍ഡൈ ഓക്സൈഡും കൂടി നല്‍കിയാല്‍ ഈ ജാക്കറ്റിന്‍െറ സഹായത്തോടെ ഫോട്ടോസിന്തസിസ് നടക്കും. ജാക്കറ്റില്‍ നിന്നും ഗ്ളൂക്കോസ് വേര്‍ തിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യയും ഞങ്ങള്‍ക്കറിയാം.
ഭാര്യ: അപ്പോ. ഈ കോട്ടും ധരിച്ച് വെയിലത്ത് നിന്നാല്‍ നമ്മളുടെ ശരീരത്തില്‍ കായും കിഴങ്ങും ഉണ്ടാകുമോ. അത് അടര്‍ത്തി എടുക്കുമ്പോ നോവില്ലേ.
(കോടീശ്വരന്‍ ദേഷ്യത്തോടെയും പരിഹാസത്തോടെയും ഭാര്യയെ തള്ളി ഉള്ളിലോട്ടു കൊണ്ടുപോകുന്നു. മടങ്ങിവരുന്നു.)
കോ: എനിക്കൊരു സംശയം
നോ: ചോദിച്ചോളൂ.
കോ: ഈ ജാക്കറ്റ് ധരിച്ചാല്‍ ആഹാരത്തിനുവേണ്ടി സസ്യങ്ങളെ ആശ്രയിക്കേണ്ട കാര്യമില്ല. എന്നാല്‍ വെയിലു കൊള്ളണ്ടേ. ഈ ജാക്കറ്റില്‍നിന്ന് ആഹാരം വേര്‍തിരിച്ചെടുക്കാന്‍ സാങ്കേതിക വിദ്യയും തൊഴിലാളികളും വേണ്ടേ.
സൂ: ശരിയാണ് ഇതെല്ലാം പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിച്ചേ മതിയാവൂ.
കോ: അതെങ്ങനെ.
നോ: നമ്മുടെ ശരീരത്തില്‍ തന്നെ ഫോട്ടോസിന്തസിസ് നടന്നാലോ, വെയിലും വെള്ളവും കാര്‍ബണ്‍ ഡൈ ഓക്സൈഡും ഒക്കെ ചേര്‍ന്ന് നമ്മുടെ ശരീരത്തില്‍ തന്നെ ഗ്ളൂക്കോസ് ഉണ്ടായാലോ.
കോ: അതു നടക്കുമോ.
സൂ: നടക്കും. അതിനുള്ള വിദ്യയും ഞങ്ങടെ പരീക്ഷണശാലയില്‍ രൂപപ്പെട്ട് കഴിഞ്ഞു.
കോ: (വര്‍ധിച്ച സന്തോഷത്തോടെ) എങ്ങനെ? എനിക്കൊന്ന് വിശദീകരിച്ച് തരാമോ.
നോ: വിശദീകരിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകുമോ.
(ഭാര്യ കടന്നു വരുന്നു)
ഭാര്യ: മനസ്സിലാകണമല്ലോ. അങ്ങേരാണല്ലോ ഈ പദ്ധതിക്കൊക്കെ പണം മുടക്കുന്നത്.
സൂ: പണം മുടക്കുന്നത് കൊണ്ട് മനസ്സിലാകണമെന്നില്ല.
ഭാര്യ: ഞങ്ങള്‍ക്കു മനസ്സിലായില്ലെങ്കില്‍ നിന്‍െറയൊക്കെ പരീക്ഷണത്തിനുമുടക്കാന്‍ കാശും ഞങ്ങടെ കൈയിലില്ല.
നോ: കുറച്ചു കൂടി മാന്യമായി സംസാരിക്കണം
കോ: അവള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. എന്താണ്, എങ്ങനെയാണ്, നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്. പറയൂ എനിക്ക് മനസ്സിലാകും.
സൂ: ശരി ക്ളോറോഫിലിന്‍െറ രാസവാക്യം C55H72O5N4Mg
നോ: ഹീമോഗ്ളോബിന്‍േറത് C55H72O5N4Fe
സൂ: ക്ളോറോഫിലില്‍ നിന്ന് മഗ്നീഷ്യം നീക്കി അയണ്‍ ആറ്റം ചേര്‍ത്താല്‍ ക്ളോറോഫില്‍ ഹീമോഗ്ളോബിന്‍ ആകും
നോ: ഹീമോഗ്ളോബിനില്‍ നിന്ന് അയണ്‍ നീക്കി മഗ്നീഷ്യം ചേര്‍ത്താല്‍ ഹീമോഗ്ളോബിന്‍ ക്ളോറോഫില്‍ ആകും. മനസ്സിലായോ.
കോ: എനിക്ക് മനസ്സിലായി.
ഭാര്യ: എന്തോ മനസ്സിലായി
കോ: അത് നിനക്ക് മനസ്സിലാവില്ല.
ഭാര്യ: പക്ഷേ, നിങ്ങളെ എനിക്ക് മനസ്സിലാകും
കോ: എന്തോ മനസ്സിലാകും.
ഭാര്യ: എന്നെക്കൊണ്ടൊന്നും പറയിക്കരുത്്. നിങ്ങള്‍ക്കൊരു കുന്തോം മനസ്സിലായിട്ടില്ല. വെറുതേ ജാട കാണിക്കണ്ട.
കോ: നിന്നെ ഞാന്‍...(രണ്ടും പേരും വഴക്കാവുന്നു. ശാസ്ത്രജ്ഞര്‍ തടസ്സം  പിടിക്കുന്നു. ക്രമേണ നാലു പേരും രംഗം വിടുന്നു. മാന്ത്രികന്‍ പ്രവേശിക്കുന്നു).
മാ: എവിടെ മനസ്സിലാവാന്‍. അത്യാവശ്യം വിവരമുള്ളവര്‍ക്കുപോലും മനസ്സിലാവാത്ത കാര്യം. പിന്നെ ധനമുണ്ടെങ്കിലും ബുദ്ധിയില്ലാത്ത ഇവറ്റകള്‍ക്ക് എങ്ങനെ മനസ്സിലാകാനാ. ഞാനെന്‍െറ ഈ മാന്ത്രിക ദണ്ഡ് ഉപയോഗിച്ച് ഹീമോഗ്ളോബിനും ക്ളോറോഫിലിനും ജീവന്‍ നല്‍കാം. അവര്‍ വന്ന് അവരുടെ കഥ പറയട്ടെ. (ഹീമോഗ്ളോബിനും ക്ളോറോഫിലും പ്രവേശിക്കുന്നു. ഇരുവരുടേയും വസ്ത്രത്തില്‍ അവരുടെ രാസവാക്യങ്ങള്‍ എഴുതി വെച്ചിട്ടുണ്ട്. ഹീമോഗ്ളോബിന് ചുവന്ന ജാക്കറ്റും ക്ളോറോഫിലിന് പച്ച ജാക്കറ്റുമാണ് വേഷം.)
ഹീ: നോക്കടേ നമ്മള്‍ തമ്മില്‍ എന്ത് സാമ്യം
ക്ളോ: ശരിയാ  എനിക്കും നിനക്കും 55 കാര്‍ബണ്‍ ആറ്റം വീതം
ഹീ: 72 ഹൈഡ്രജന്‍ ആറ്റം വീതം.
ക്ളോ: അഞ്ച് ഓക്സിജന്‍ ആറ്റവും പിന്നെ നാല് നൈട്രജന്‍ ആറ്റവും
ഹീ: ആകെയുള്ള വ്യത്യാസം നിനക്ക് മഗ്നീഷ്യം  എനിക്ക് അയണ്‍.
ക്ളോ: എന്‍െറ മഗ്നീഷ്യം ഞാന്‍ നിനക്കു തരാം.
ഹീ: എന്‍െറ അയണ്‍ ഞാന്‍ നിനക്കുതരാം. അങ്ങനെ ഞാന്‍ നീയും നീ ഞാനും ആകട്ടെ.
(മാന്ത്രികന്‍ മാന്ത്രിക ദണ്ഡ് ഉപയോഗിച്ച് രണ്ടുപേരെയും അടുത്തു വിളിച്ച് തുണികൊണ്ട് മൂടുന്നു. മന്ത്രം ജപിക്കുന്നു. തുണി എടുത്തുമാറ്റുമ്പോള്‍ ഹീമോഗ്ളോബിന്‍ ക്ളോറോഫിലും ക്ളോറോഫില്‍ ഹീമോഗ്ളോബിനും ആകുന്നു.)
മാ: എങ്ങനെയുണ്ട് ജാല വിദ്യ.  ഈ പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. (രംഗത്തുനിന്ന് മായുന്നു)
കോടീശ്വരനും സൂസനും നോബിളും രംഗത്തേക്ക് വരുന്നു.
കോ: എന്താ നമ്മുടെ പദ്ധതി ഒന്ന് തെളിച്ചുപറ.
നോ: തെളിച്ചുപറയാം. ഭൂമിയില്‍ സര്‍വനാശം. നമ്മളോ ശൂന്യാകാശത്തില്‍. നമ്മള്‍ നമുക്കു വേണ്ടുന്ന ആഹാരം ഹരിത ജാക്കറ്റിലൂടെ നിര്‍മിക്കും. ഭൂമിയില്‍ സംഹാരാഗ്നി അണഞ്ഞു കഴിഞ്ഞാല്‍ നമ്മള്‍ ഭൂമിയില്‍ മടങ്ങിയെത്തും.
സൂ: ഹരിത ജാക്കറ്റ് ഉപയോഗിച്ച് നമ്മള്‍ ഭക്ഷണം സ്വയംനിര്‍മിക്കും.
കോ: ഈ ഹരിത ജാക്കറ്റിന് കേടുപറ്റിയാലോ. വീണ്ടും നിര്‍മിക്കാന്‍ കഴിയാതെ വന്നാലോ. നമ്മുടെ സന്തതി പരമ്പരകള്‍ക്ക് ഹരിത ജാക്കറ്റ് ഉപയോഗിക്കാന്‍ കഴിയാതെ വന്നാലോ. ഹരിത ജാക്കറ്റ് ഇല്ലാതെ തന്നെ അവര്‍ക്ക് ഫോട്ടോസിന്തസിസിനു കഴിയണം.
നോ: അതിനും മാര്‍ഗ്ഗമുണ്ട്.
കോ: എങ്ങനെ?
നോ: ജനിതക എന്‍ജിനീയറിങ്ങിലൂടെ ഹീമോഗ്ളോബിന്‍ നിര്‍മിക്കുന്നതിന് കാരണമായ ജീനിനെ മനുഷ്യനില്‍നിന്ന് നീക്കം ചെയ്യും. ക്ളോറോഫില്‍ നിര്‍മിക്കുന്നതിന് കാരണമായ ജീനിനെ ആ സ്ഥാനത്ത് ഉള്‍പ്പെടുത്തും. ഹീമോഗ്ളോബിനു പകരം ക്ളോറോഫില്‍ സിരകളില്‍ വഹിക്കുന്ന നമ്മുടെ സന്തതികള്‍ ഉണ്ടാകും. അവര്‍ ഈ ഭൂമിയുടെ അധിപന്മാരാകും. നമ്മളീ ഭൂമി ഭരിക്കും.
സൂ: സ്വയം ആഹാരം നിര്‍മിക്കാന്‍ കഴിയുന്ന മനുഷ്യരുടെ ഏഴാം ജന്മം
ഭാ: ഏഴാം ജന്മമോ?
നോ: അതേ ഏഴാം ജന്മം. പ്രകൃതി ഇതിനകം അഞ്ചു തവണ സര്‍വനാശം വിതച്ചു. അന്നൊന്നും മനുഷ്യന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് സര്‍വനാശത്തിന് മനുഷ്യനൊരവസരം കിട്ടിയില്ല. എന്നാല്‍ ആറാമത്തെ വംശനാശം മനുഷ്യന്‍െറ സംഭാവനയായിരിക്കും. അതു കഴിഞ്ഞു മനുഷ്യന്‍ പുനര്‍ജനിക്കുന്നതു നമ്മുടെ കണക്കു കൂട്ടലിന് വിധേയമായിട്ടായിരിക്കും.
സൂ: ഗവേഷണം പൂര്‍ത്തിയായി. എല്ലാം റെഡിയാണ്.
നോ: ഇനി സര്‍വനാശം സംഭവിച്ചാല്‍ മാത്രം മതി.
ഭാ: ആ സുദിനം എന്നാണാവോ
കോ: വരും നമുക്ക് കാത്തിരിക്കാം. അതുവരെ വരാന്‍ പോകുന്ന സൗഭാഗ്യത്തെ വരവേല്‍ക്കാനായി നമുക്ക് ആടാം, പാടാം, ആഹ്ളാദിക്കാം.
(നൃത്തം ചെയ്യുന്നു. ക്രമേണ അവര്‍ രംഗത്തുനിന്ന് മാറുന്നു. ഭൂമിയില്‍ സര്‍വനാശം വിതച്ചുകൊണ്ട് വെള്ളപ്പൊക്കവും ഭൂമികുലുക്കവും പരക്കംപായുന്ന ജനങ്ങളും. സര്‍വനാശത്തിന്‍െറ നേര്‍ക്കാഴ്ചകള്‍. ഒടുവില്‍ എല്ലാം ശാന്തമാകുന്നു.)
മാ: ഭൂമിയില്‍നിന്ന് ജീവനും ജീവികളും അപ്രത്യക്ഷമായി. എല്ലാം ശാന്തം. പക്ഷേ, ഒന്നും അവസാനിക്കുന്നില്ല. എനിക്കുപിന്നാലെ അവര്‍ വരുന്നുണ്ട്. ഹരിത ജാക്കറ്റുമായി നാലുപേര്‍. സ്വയം ആഹാരം  പാകം ചെയ്യാന്‍ കഴിയുന്ന സന്തതി പരമ്പരകളേയും സ്വപ്നംകണ്ട് ഭൂമിയുടെ അധിപന്മാരാകാന്‍ അവര്‍ വരുന്നു. സ്വാഗതം...സുസ്വാഗതം...
ഏട് മൂന്ന്
മാന്ത്രികന്‍ അപ്രത്യക്ഷനാവുന്നു. ഹരിത ജാക്കറ്റ് ധരിച്ച നാലുപേര്‍ പ്രവേശിക്കുന്നു.
1. ഹായ് എത്ര സുന്ദരം ഈ ഭൂമി. എവിടെയും നിശ്ശബ്ദത.
2. എല്ലാം നമുക്കായി ഒരുങ്ങിനില്‍ക്കുന്നതുപോലെ
3.സ്വയം ആഹാരം നിര്‍മിക്കാന്‍ കഴിയുന്ന നമ്മുടെ സന്തതി പരമ്പരകള്‍...
4. എനിക്കൊന്നും വിശ്വസിക്കാനാവുന്നില്ല. എല്ലാം ഒരു സ്വപ്നം പോലെ...
(അവര്‍ ആടിപ്പാടി തിമിര്‍ക്കുന്നു)
ഏട് നാല്
ഇലക്കൂമ്പ് പോലെ തലയും ഇലയുടെ ആകൃതിയില്‍ കൈകളുമായി മൂന്ന് ജീവികള്‍ രംഗത്തേക്ക് വരുന്നു. അവരുടെ ചലനം പ്രത്യേകതരത്തിലാണ്. ആ അപൂര്‍വ ജീവികള്‍ കാറ്റിനൊപ്പം ഒഴുകുകയും വെയിലത്തു തുള്ളിച്ചാടുകയും ചെയ്യുന്നു. സ്വയം ആഹാരം നിര്‍മിക്കാന്‍ കഴിയുന്ന ജീവികളായതുകൊണ്ട് അവര്‍ക്ക് വിശപ്പില്ല. മൂന്നുപേരും ഉത്സാഹത്തിമിര്‍പ്പിലാണ്.
1. എനിക്കുദാഹിക്കുന്നു.
2. ദേ ജലാശയം
3. ഇറങ്ങി ആവശ്യത്തിന് കുടിച്ചോ
1. എനിക്ക് പേടിയാവുന്നു.
2.അതിനൊരുമാര്‍ഗമുണ്ട്. എന്‍െറ കൈയില്‍ പിടിച്ചോണ്ടിറങ്ങിക്കോ.
3. അപ്പം നിന്നെ ആരു പിടിക്കും. നീ  എന്നെ പിടിച്ചോ.
അങ്ങനെ മൂന്നുപേരും ജലാശയത്തിലേക്കു വള്ളിക്കൈപിടിച്ചിറങ്ങുന്നു. ഒന്നാമന്‍ വെള്ളത്തിലിറങ്ങി വലിഞ്ഞു വലിഞ്ഞു മൂന്നു പേരും വെള്ളത്തിലാവുന്നു. കഷ്ടിച്ച് രക്ഷപ്പെടുന്നു. കരക്കുകയറുന്നു.
1. ഒരാളെ കാണുന്നില്ല. അവന്‍ വെള്ളത്തില്‍ പോയി അയ്യോ
2. ആരാ വെള്ളത്തില്‍ പോയത്
1. അതറിഞ്ഞുകൂടാ. നമ്മള്‍ മൂന്നുപേരായിരുന്നല്ലോ. ഇപ്പം ഒന്ന്, രണ്ട് (എണ്ണിക്കൊണ്ട്) രണ്ടുപേരല്ലേ  ഉള്ളൂ.
 (മൂന്നുപേരും പരസ്പരം എണ്ണുന്നു. എണ്ണുന്ന ആള്‍ അയാളെ എണ്ണുന്നില്ല. അത് കൊണ്ട് എപ്പോഴും രണ്ടുപേരുടെ കണക്കേ വരുന്നുള്ളൂ. അവസാനം ഒരാളെ കാണാനില്ലെന്ന് പറഞ്ഞ് കൂട്ടനിലവിളി. നിലവിളി കേട്ടുകൊണ്ട് കോടീശ്വരന്‍െറ ഭാര്യ പ്രത്യക്ഷപ്പെടുന്നു. അവര്‍ വൃദ്ധയായിരിക്കുന്നു.)
ഭാ: എന്താ മക്കളേ എന്തുപറ്റി
1. ഞങ്ങളില്‍ ഒരാള്‍ വെള്ളത്തില്‍പോയി
ഭാ: നിങ്ങള്‍ മൂന്നുപേരുമുണ്ടല്ലോ. പിന്നാരാ വെള്ളത്തില്‍ പോയത്
2. ഞങ്ങള്‍ രണ്ടുപേരല്ലേ ഉള്ളൂ. (പഴയതുപോലെ എണ്ണിക്കാണിക്കുന്നു. ഭാര്യ എണ്ണുമ്പോള്‍ മൂന്ന്)
 ഇത് കണ്ട് മൂന്നു പേരും ചേര്‍ന്ന്: ഇനി അമ്മ എണ്ണിയാല്‍ മതി. അല്ലെങ്കില്‍ ഞങ്ങളില്‍ ഒരാള്‍ വെള്ളത്തിലാകും. ഇതുകേട്ട് കോടീശ്വരന്‍െറ ഭാര്യക്ക് ദേഷ്യവും സങ്കടവും സഹിക്കാതെ മൂന്നുപേരെയും ആട്ടി ഓടിക്കുന്നു. മന്ദ ബുദ്ധികളുടെ അമ്മയാവാനാണോ ദൈവമേ എന്‍െറ ദുര്‍വിധി എന്നു നിലവിളിച്ചുകൊണ്ട് കുത്തിയിരിക്കുന്നു. ഈ സമയം കോടീശ്വരന്‍ പ്രവേശിക്കുന്നു.
ഭാ: നിങ്ങള്‍ ഒരുത്തനാണ് ഇതിനൊക്കെ കാരണം. എന്തൊക്കെ ആയിരുന്നു ഗീര്‍വാണം. ഭൂമി സ്വന്തമാക്കുന്ന സന്തതി പരമ്പര. കുറേ മന്ദബുദ്ധികളെ മക്കളേ എന്നുവിളിക്കേണ്ട ഗതികേടുണ്ടായത് മിച്ചം.
കോ: നിന്‍െറയല്ലിയോ സന്തതികള്‍.
ഭാ: നിങ്ങള്‍ പിന്നെ ഉറങ്ങുവായിരുന്നോ. എന്നെ കൊണ്ടൊന്നും പറയിക്കരുത്. ആ ജാക്കറ്റ് കീറുന്നത് വരെ മന്ദബുദ്ധികളായ മക്കള്‍ക്ക് കാവലായി ഇവിടിരുന്നോ. എനിക്ക് വേറെ പണിയുണ്ട്. (അമര്‍ത്തി) ചവിട്ടി പുറത്തേക്ക് പോകുന്നു. ഈ സമയം ശാസ്ത്രജ്ഞന്‍ നോബിള്‍ രംഗത്തുവരുന്നു. ഹരിത ജാക്കറ്റ് ധരിച്ചിട്ടുണ്ട്, വൃദ്ധനാണ്).
കോ: തൃപ്തി ആയല്ലോ ഗവേഷണം ഫലം കണ്ടുമതിയായല്ലോ
നോ: ഞങ്ങടെ ഗവേഷണം വിജയിച്ചു. ക്ളോറോഫില്‍ സിരകളില്‍ വഹിക്കുന്ന മനുഷ്യരെ നമ്മുടെ സന്തതികളായി സൃഷ്ടിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു.
കോ: നമ്മുടെയൊക്കെ സന്തതികള്‍... മന്ദബുദ്ധി പരിഷകള്‍. നാണമില്ലല്ലോ വീമ്പിളക്കാന്‍.
നോ: സ്വയം ആഹാരം നിര്‍മിക്കാന്‍ കഴിയുന്ന മനഷ്യരെ സൃഷ്ടിച്ചപ്പോള്‍ അവരില്‍ ഉണ്ടാകാന്‍ ഇടയുള്ള വ്യതിയാനങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയി.
കോ: വെളുക്കാന്‍ തേച്ചത് പാണ്ടായി.
നോ: ശരീരത്തില്‍ ക്ളോറോഫില്‍ നിറഞ്ഞപ്പോള്‍ രക്തക്കുഴലുകള്‍ സൈലവും ഫ്ളോയവും ആയി രൂപാന്തരപ്പെട്ടു. വെള്ളം വലിച്ചെടുക്കാനും നിര്‍മിക്കപ്പെടുന്ന ആഹാരം സംവഹനം ചെയ്യാനും അവ ഉപയോഗിക്കപ്പെട്ടു.
കോ: അത് സമ്മതിച്ചു. മന്ദബുദ്ധികളായിപ്പോയത് എന്തുകൊണ്ടാ?
നോ: മസ്തിഷ്കത്തിനും പ്രസക്തി ഇല്ലാതെ ആയി. ചിന്തക്ക് പഴുതില്ലാതായി. മസ്തിഷ്കം ക്രമേണ ശുഷ്കിച്ചു. ഈ പ്രകൃതി തത്ത്വം മുന്‍കൂട്ടി കാണാന്‍ നമുക്ക് കഴിഞ്ഞില്ല.
കോ: ഇനി ഇപ്പം എന്താ ചെയ്ക
നോ: സഹിക്കുക. അല്ലാതെ മാര്‍ഗമില്ല. (പോകുന്നു, ഈ സമയം പഴയ സസ്യമനുഷ്യര്‍ രംഗത്തേക്ക് വരുന്നു. അവര്‍ കോടീശ്വരനു ചുറ്റും കളിക്കുന്നു. കോടീശ്വരന് അരിശം മൂത്ത് അടിച്ചോടിക്കുന്നു. രംഗം ശൂന്യമാകുന്നു)
ഏട് അഞ്ച്
(മാന്ത്രികന്‍ പ്രവേശിക്കുന്നു)
മാ: കാലം കടന്നുപോയി. കാലത്തിന് അതിരുകളിടാന്‍ മനുഷ്യനും ഇല്ലാതായി. ഏഴാം ജന്മത്തിലൂടെ പുനര്‍ജനിച്ചതും മനുഷ്യനായിരുന്നില്ല. സസ്യങ്ങളോടും മനുഷ്യനോടും സാദ്യശ്യമുള്ള ഒരു പുതിയജീവി. അവയെ സൃഷ്ടിച്ചത് താനാണെന്ന് വീമ്പിളക്കിയ മനുഷ്യന്‍ പരാജയപ്പെടുന്നതുകാണാന്‍ എന്തുരസം. ആറാം വംശനാശത്തിന്‍െറ കര്‍ത്താവായി സ്വയംമാറിയ മനുഷ്യനില്‍നിന്നും അന്യമായ മറ്റൊരു ജീവിവര്‍ഗം ഇതാ ഇവിടെ എത്തിയിരിക്കുന്നു. അവരില്‍നിന്ന് മറ്റൊരു ജൈവ വൈവിധ്യത്തിനും തുടക്കം കുറിക്കുന്നു. അതിരുകളില്ലാത്ത കാലത്തിന്‍െറ അനന്തമായ പ്രവാഹം. (മാന്ത്രികന്‍ അപ്രത്യക്ഷനാവുന്നു.)
(നേരത്തേ കണ്ട സസ്യമനുഷ്യന്‍. അവനെ ഓടിച്ചിട്ടു പിടിക്കുന്ന മുയല്‍ കുട്ടന്‍, മുയല്‍ കുട്ടനെ പിടിക്കുന്ന ചെന്നായ്, പുലി അങ്ങനെ വിവിധ തരത്തിലുള്ള ജന്തുക്കളും സസ്യങ്ങളും ഇടകലര്‍ന്ന ഒരു ജൈവ വൈവിധ്യത്തിന്‍െറ കലവറയായി രംഗം ക്രമേണ മാറുന്നു.
ഏഴു കഥാപാത്രങ്ങളെക്കൊണ്ട് വിവിധ ജീവികളുടെ വേഷം കെട്ടിക്കണം. ആദ്യം സസ്യമനുഷ്യനിലും മുയലിലും തുടങ്ങി വിവിധ ജീവികള്‍കൊണ്ട് സ്റ്റേജ് നിറഞ്ഞ്നിറഞ്ഞ് വരണം.
അവര്‍ പരസ്പരം തിന്നുംകൊന്നും ആക്രമിച്ചും കഴിയുന്ന ഒരു കാട്ടു രീതിയാണ് ചിത്രീകരിക്കേണ്ടത്. ക്രമേണ രംഗം വിജനമാവുന്നു. ഒടുവില്‍ മനുഷ്യന്‍െറ ശരീരവും തലയുടെ സ്ഥാനത്ത് ഒരു വലിയ ചോദ്യചിഹ്നവുമായി ഒരു രൂപം വേദിയിലേക്ക് വരുന്നു. മെല്ലെ മെല്ലെ അപ്രത്യക്ഷമാവുന്നു. തുടര്‍ന്നു മാന്ത്രികന്‍ പ്രവേശിക്കുന്നു.)
മാ: ഏഴാം ജന്മത്തിലൂടെ ഭൂമിയുടെ അധിപനാകാന്‍ കൊതിച്ച ബുദ്ധിമാനായ മനുഷ്യന്‍െറ പരമ്പര വിഡ്ഢിത്തത്തിന്‍െറ നേരടയാളം. ഈ പുതിയ ഭൂമിയില്‍ മനുഷ്യജന്മം എത്രയോ അകലെയാണ്. പ്രകൃതി ആറ്റുനോറ്റ് രൂപപ്പെടുത്തിയ ഉദാത്തനായ മനുഷ്യന്‍ സ്വയം കുഴിച്ച കുഴിയില്‍ ഇല്ലാതെയായി. ഇനി ഒരു മനുഷ്യ ജന്മത്തിന് പ്രകൃതി അതിന്‍േറതായ സമയം എടുക്കും. ഒന്നോര്‍ക്കുക. മനുഷ്യന്‍െറ വളര്‍ച്ച പ്രകൃതി ആഗ്രഹിക്കുന്നതും അനുവദിക്കുന്നതുമാണ്. എന്നാല്‍, അത് പ്രകൃതി നിയമങ്ങളുടെ ലംഘനമാകരുത്. ഈ ഏടുകള്‍ തരുന്ന മുന്നറിയിപ്പാണത്.
(മാന്ത്രികന്‍ രംഗം വിടുന്നു)
പഴയ ലൈബ്രറി സീന്‍
ആദ്യം രംഗത്തുണ്ടായിരുന്ന കുട്ടികള്‍ അവര്‍ മറ്റൊരുലോകത്തില്‍ എന്നപോലെ നില്‍ക്കുന്നു.
1. നമ്മള്‍ എവിടെ ആയിരുന്നു
2. ഭൂമി നശിച്ചുവോ
3. മനുഷ്യന്‍ എത്ര നിസ്സാരനാണ്
1. ഭൂമിയെ അധീനപ്പെടുത്തി സ്വന്തമാക്കാന്‍ ശ്രമിച്ചവന്‍െറ അന്ത്യം
2. ബുദ്ധിമാനായ മനുഷ്യന്‍ മന്ദബുദ്ധിയായ ഇല മനുഷ്യനായി.
3. ഇല മനുഷ്യന്‍...അതൊരു കാഴ്ച തന്നെയായിരുന്നു.
 ചിരിക്കുന്നു, ചിരിയില്‍ മൂന്നുപേരും കൂടുന്നു. ചിരിയുടെ കൈ്ളമാക്സില്‍ റിമോട്ട് അങ്കിള്‍ വരുന്നു.
റി: ഇവന്മാര്‍ക്ക് ഇതെന്തുപറ്റി. വട്ടു പിടിച്ചോ.
എന്‍െറങ്കിളേ അതുകാണേണ്ടതായിരുന്നു. ഞങ്ങളൊരു അദ്ഭുതലോകത്തായിരുന്നു. പ്രകൃതിയെ ക്രൂരമായി പീഡിപ്പിച്ചാല്‍ ഫലം ഗുരുതരമായിരിക്കുമെന്നു ഞങ്ങള്‍ മനസ്സിലാക്കി. പണവും ബുദ്ധിയും സ്വാര്‍ഥതയുംകൊണ്ട് പ്രകൃതിയെ കീഴടക്കാന്‍ നോക്കിയാല്‍ മന്ദബുദ്ധികളായ ഇലമനുഷ്യരെ പോലെ മനുഷ്യവംശം തന്നെ മാറിപ്പോകും.
ഇങ്ങനെയുള്ള ഡയലോഗുകളിലൂടെ റിമോട്ട് അങ്കിളിനെ അവര്‍ പൊതിയുന്നു. റിമോട്ടിന് സംശയവും അദ്ഭുതവും  തമാശയും.
റി: സത്യം പറ...മയക്കു മരുന്നോ അതോ കഞ്ചാവോ.
(കുട്ടികള്‍ ചിരിക്കുന്നു. ഈ സമയം കറന്‍റ് വരുന്നു. ടി.വിയില്‍  ക്രിക്കറ്റിന്‍െറ ആരവം)
റി: കറന്‍റ് വന്നെടേ കളി കാണാം
1. വേണ്ട ഞങ്ങള്‍ക്കു കളികാണണ്ട
2. ഞങ്ങള്‍ക്കു പുസ്തകം മതി
3. ഒരു പുസ്തകത്തിലൂടെ ഓടിച്ചുകടന്നുപോയപ്പോള്‍ ഞങ്ങളെന്തൊക്കെ മനസ്സിലാക്കിയെന്നോ.
4. ഞങ്ങളൊരു അദ്ഭുതലോകത്തായിരുന്നു.
1. എത്ര അറിവും തിരിച്ചറിവും ഞങ്ങള്‍ക്കുണ്ടായി
എല്ലാ: ഇനിമുതല്‍ പുസ്തകങ്ങളാണ് ഞങ്ങളുടെ കൂട്ടുകാര്‍
(പോയി പുസ്തക ഷെല്‍ഫില്‍നിന്ന് പുസ്തകങ്ങള്‍ എടുക്കുന്നു, തുമ്മുന്നു)
റി: തുമ്മിയാലും വേണ്ടില്ല. ഞാന്‍ പൊടിയൊക്കെ തുടച്ച് പുസ്തക ഷെല്‍ഫ് നീറ്റാക്കി വെക്കാം. എനിക്കും അതാ ഇഷ്ടം. ലൈബ്രേറിയന്‍ ആവുമല്ലോ. (പുസ്തക ഷെല്‍ഫ് വൃത്തിയാക്കാന്‍ ഒരുങ്ങുന്നു. റിമോട്ടും തുമ്മുന്നു. തുമ്മലും കൂട്ടച്ചിരിയും.)
നാടകം അവസാനിക്കുന്നു.

Subscribe to കിളിചെപ്പ് by Email
Share it:

ശാസ്ത്ര നാടകം

Post A Comment:

0 comments: