ക്രൂരനായ ആനയുടെ കഥ

Share it:
പണ്ടു പണ്ടൊരിടത്ത് ഒരു കാട്ടിൽരൊരു  ഒറ്റയാൻ ജീവിച്ചിരുന്നു.  എല്ലാ മൃഗങ്ങളോടും വളരെ ക്രൂരനായാണ് അവൻ പെരുമാറിയിരുന്നത്.  എപ്പോഴും മദിച്ച് രസിച്ചു നടന്ന അവൻ കണ്ണിൽ കണ്ടതൊക്കെ തച്ചുതകർത്ത് എല്ലാപേർക്കും ശല്യമായി നടന്നു.  ഒരു കാരണവുമില്ലാതെ തന്നെ അവൻ മരച്ചില്ലകൾ വലിച്ചൊടിക്കുകയും പക്ഷികളുടെ കൂടുകൾ തകർക്കുകയും ഒക്കെ ചെയ്തു.  പാവം കുഞ്ഞിക്കുരുവിയുടെ കൂടും അതിലെ കുഞ്ഞുങ്ങളും ആനയുടെ അക്രമത്തിൽ പെട്ടു.  കുറുക്കന്മാരുടെ താവളവും മരംകൊത്തിയിരുന്ന തെങ്ങും എന്നുവേണ്ട എല്ലാം നശിപ്പിച്ച് ആ കാട്ടിലെ എല്ലാ മൃഗങ്ങൾക്കും ഒരു പേടിസ്വപ്നമായി അവൻ  മാറി.

മൃഗങ്ങൾ പലരും തങ്ങളെ ഉപദ്രവിക്കരുതെന്ന് അവനോട് കേണപേക്ഷിച്ച് പറഞ്ഞു.  അവരെയൊക്കെ പരിഹസിച്ച് പേടിപ്പിച്ച് ഓടിച്ചു വിടുന്നതായിരുന്നു അവന് ഹരം.  സങ്കടം പറഞ്ഞവരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നത് പതിവായി.

എങ്ങനെയെങ്കിലും ഇവന്റെ ശല്യം ഇല്ലാതാക്കണം, മൃഗങ്ങൾ എല്ലാപേരും കൂടിയാലോചിച്ചു.  പലരും പല വഴികൾ പറഞ്ഞു.  പക്ഷേ ആനയുടെ ഭീമാകാരമായ ശരീരം തന്നെ പേടിപ്പെടുത്തുന്നതായിരുന്നു.  നേരിട്ട് ഒരു ഏറ്റുമുട്ടലിൽ അവനെ തോൽപ്പിക്കാനാവില്ല. അവസാനം അവർ കൂട്ടായി ഒരു തീരുമാനമെടുത്തു.  കുഞ്ഞനെലിയും കുറുക്കൻ ചേട്ടനുമാണ് ഉപായം പറഞ്ഞത്.  എല്ലാപേരുടെയും സഹായം ഇക്കാര്യത്തിന് ആവശ്യമായി വന്നു.

അങ്ങനെ ആ ദിവസം വന്നു.  എല്ലാ മൃഗങ്ങളും ഒത്തുകൂടി കാത്തിരുന്നു.  ആന പതിവുപോലെ ചിന്നം വിളിച്ച് ആകെ പ്രകമ്പനം കൊള്ളിച്ച് രാവിലെ തന്നെ തന്റെ അക്രമം തുടങ്ങി.  നേരത്തേ പറഞ്ഞുവച്ചത് പോലെ കുഞ്ഞു പക്ഷികളും തേനീച്ചകളും വണ്ടുകളും ഒക്കെ അവനെ വളഞ്ഞ് ശല്യം ചെയ്യാൻ തുടങ്ങി.  ആന ആകെ അസ്വസ്ഥനായി.  ഇതിനിടയിൽ മരംകൊത്തി തന്റെ നീണ്ട കൊക്കുകൊണ്ട് ആനയുടെ രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിച്ചു.  ആന വേദന കൊണ്ട് പുളഞ്ഞു.  അവൻ എങ്ങോട്ടെന്നില്ലാതെ ഓടി.  എങ്ങനെയും കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കിൽ കണ്ണുകൾ കഴുകി അൽപ്പം ആശ്വാസം കിട്ടുമായിരുന്നു.

ഈ തക്കത്തിൽ പദ്ധതിയിട്ടതു പോലെതന്നെ തവളകൾ സമീപത്തുള്ള പഴയ ചെളിനിറഞ്ഞ ചതുപ്പു നിലത്തിൽ നിരന്നിരുന്ന് ശബ്ദമുണ്ടാക്കാൻ തുടങ്ങി.  കണ്ണുകാണാതെ ആകെ ഭ്രാന്തനായ ആന, തവളയുടെ ശബ്ദം കേട്ട സ്ഥലം ഒരു തടാകമായിരിക്കുമെന്ന കണക്കുകൂട്ടലിൽ ആ ദിക്കിലേയ്ക്ക് ഓടിയടുത്തു.  കുളത്തിൻ കരയിലാണല്ലോ സാധാരണ തവളകൾ ശബ്ദമുണ്ടാക്കുന്നത്.  പക്ഷേ, വളരെ ആഴമുള്ള, ചെൾഇ നിറഞ്ഞ ആ ചതുപ്പ് നിലത്തിൽ തന്നെ ആന വന്നു വീണു.  അതിൽ നിന്ന് അവന് പുറത്ത് വരാനും കഴിഞ്ഞില്ല.  വേദനയും നിസ്സഹായാവസ്ഥയും കാരണം നിലവിളിച്ച് അവൻ ആ ചതുപ്പ് നിലത്തിലെ ചെളിയിൽ തന്നെ താഴ്ന്നു താഴ്ന്ന് പോയി.  അധികം താമസിയാതെ തന്നെ ചത്തും പോയി.

സ്വന്തം ബലത്തിൽ അഹങ്കരിച്ച് മറ്റുള്ളവർക്ക് ശല്യമായിരിക്കുന്ന എല്ലാപേരുടെയും അവസാനം ഇങ്ങനെ ദയനീയമായിരിക്കും.  അതിനാൽ, ഒരിക്കലും സ്വന്തം ബലത്തിൽ അഹങ്കരിച്ച്, മതിമറന്ന് മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കണം.
Share it:

Post A Comment:

0 comments: