ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി പെട്ടിയിലിട്ടിരുന്ന കാലം ഒരോര്‍മ്മ മാത്രമായി മാറിയിരിക്കുന്നു. ഇന്ന് വോട്ടിംഗിനായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രമാണ് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നത്. അഞ്ച് മീറ്റര്‍ നീളമുള്ള ഒരു കേബിള്‍ ഉപയോഗിച്ച് ബന്ധിപ്പിക്കപ്പെട്ട ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റിംഗ് യൂണിറ്റും അടങ്ങുന്നതാണ് വോട്ടിംഗ് യന്ത്രം. യന്ത്രം പ്രവര്‍ത്തിക്കുന്നത് 6 വോള്‍ട്ടുള്ള ഒരു ബാറ്ററിയിലാണ്. കണ്‍ട്രോള്‍ യൂണിറ്റ് പോളിംഗ് ആഫീസറുടെ പക്കലും ബാലറ്റിംഗ് യൂണിറ്റ് വോട്ട് ചെയ്യുന്നസ്‌ഥലത്തുമാണ് സൂക്ഷിക്കുന്നത്. പോളിംഗ് ആഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടെയാണ് വോട്ട് ചെയ്യാന്‍ പാകത്തില്‍ യന്ത്രം സജ്‌ജമാകുന്നത്. വോട്ടിംഗ് യന്ത്രം ആദ്യമായി നിര്‍മ്മിച്ചത് 1989-90 കാലത്തായിരുന്നു. ഒരു പരീക്ഷണാടിസ്‌ഥാനത്തില്‍ മധ്യപ്രദേശ്, രാജസ്‌ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ 16 മണ്ഡലങ്ങളില്‍ 1998 നവംബറില്‍ ഇത് ഉപയോഗിച്ചു. വോട്ടിംഗ് യന്ത്രമുപയോഗിച്ച് സംസ്‌ഥാനത്തെ മുഴുവന്‍ അസംബ്ലി മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പു നടത്തിയ ആദ്യ സംസ്‌ഥാനം ഗോവയാണ്. ഒരു യന്ത്രത്തില്‍ മൊത്തം 3840 വോട്ടുകളെ രേഖപ്പെടുത്താനാവൂ. സാധാരണയായി ഒരു പോളിംഗ് സേ്‌റ്റഷനില്‍ 1500ല്‍ കൂടുതല്‍ വോട്ടര്‍മാര്‍ ഉണ്ടാകാറില്ല. അതുപോലെ ഒരു ബാലറ്റിംഗ് യൂണിറ്റില്‍ 16 സ്‌ഥാനാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാവൂ. ഇതിന്‍പ്രകാരം നാലു യൂണിറ്റുകളിലായി ഒരു വോട്ടിംഗ് യന്ത്രത്തില്‍ ഉള്‍ക്കൊള്ളാവുന്ന സ്‌ഥാനാര്‍ത്ഥികളുടെ പരമാവധി എണ്ണം 64 ആണ്. ഒരു മിനിട്ടില്‍ 5 വോട്ട് മാത്രമാണ് യന്ത്രത്തില്‍ രേഖപ്പെടുത്താനാവുക. പരമ്പരാഗത രീതിയില്‍നിന്ന് വ്യത്യസ്‌തമായി 2-3 മണിക്കൂറിനുള്ളില്‍ തന്നെ ഫലമറിയാന്‍ കഴിയും. തെരഞ്ഞെടുപ്പു ഫലം പത്തുവര്‍ഷം വരെ ഇതിന്റെ മെമ്മറിയില്‍ സൂക്ഷിക്കാനും കഴിയും. അസാധുവോട്ടുകള്‍ ഉണ്ടാകുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഒരാള്‍ക്ക് ഒരു വോട്ട് എന്ന ആശയമാണിവിടെ നടപ്പാകുന്നത്. |
0 Comments