പി.എസ്. രാകേഷ്
സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഭാവം മാറുന്നത് രാജ്യം പലതവണ കണ്ടു. അതനുസരിച്ച് തിരഞ്ഞെടുപ്പുചിഹ്നങ്ങളും മാറിക്കൊണ്ടേയിരുന്നു. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് ആശയക്കാര്‍ പുറത്തുവന്ന് 1948ലാണ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഐ.എസ്.പി.)ക്കു രൂപം നല്‍കുന്നത്. ജയപ്രകാശ് നാരായണ്‍, അച്യുത് പട്‌വര്‍ധന്‍, റാംമനോഹര്‍ ലോഹ്യ തുടങ്ങി പ്രഗല്ഭരുടെ ഒരു നിര തന്നെയുണ്ടായിരുന്നു നേതൃത്വത്തില്‍. 'ആല്‍മരം' ചിഹ്നത്തില്‍ മത്സരിച്ച ഐ.എസ്.പിക്ക് ആദ്യതിരഞ്ഞെടുപ്പില്‍ 12 സീറ്റു ലഭിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കിസാന്‍ മസ്ദൂര്‍ പ്രജാപക്ഷും ഐ.എസ്.പി.യും ലയിച്ച് നപ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി.) എന്ന പുതിയ കക്ഷിയുണ്ടാക്കി. കിസാന്‍ മസ്ദൂറിന്റെ ചിഹ്നമായ 'കുടില്‍' പുതിയ പാര്‍ട്ടിചിഹ്നമായി തീരുമാനിച്ചു.
കോണ്‍ഗ്രസ്സുമായുള്ള സഖ്യതീരുമാനത്തെച്ചൊല്ലി 1955ല്‍ പി.എസ്.പി. പിളര്‍ന്നു. കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത ലോഹ്യയും കൂട്ടരും സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി. ഒമ്പതുവര്‍ഷം കഴിഞ്ഞ് 1964ല്‍ ഇരുകക്ഷികളും വീണ്ടുമൊന്നിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി. 'കുടില്‍' തന്നെയായിരുന്നു ചിഹ്നം. ഒരുവര്‍ഷമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. '65ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി അവ വീണ്ടും വഴിപിരിഞ്ഞു. രണ്ടു പാര്‍ട്ടികളായി 1971ലെ തിരഞ്ഞെടുപ്പിനെ നേരിട്ട സോഷ്യലിസ്റ്റുകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടുമൊന്നിച്ചു. ഇത്തവണ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാണ് പുതിയ കക്ഷിക്ക് പേരിട്ടത്. എട്ടു മാസത്തിനുള്ളില്‍ വീണ്ടും പിളര്‍പ്പ്. പാര്‍ട്ടി വിട്ട രാജ്‌നാരായണും കര്‍പ്പൂരി ഠാക്കൂറും പഴയ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു. ആ സമയത്ത് കോണ്‍ഗ്രസ് വിട്ട് ചരണ്‍സിങ് രൂപവത്കരിച്ച ഭാരതീയ ക്രാന്തിദളില്‍ ലയിച്ച് ഭാരതീയ ലോക്ദളുണ്ടാക്കി.
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ എല്ലാംമറന്ന് ഒന്നിച്ചത് അടിയന്തരാവസ്ഥക്കാലത്തായിരുന്നു. അവര്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം ഒരു പാര്‍ട്ടിയില്‍ അണിനിരക്കാനും മടിച്ചില്ല. ഭാരതീയ ലോക്ദള്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം എന്നിവയെല്ലാം ഈ പാര്‍ട്ടിയില്‍ ഒന്നായി. ഭാരതീയ ലോക്ദളിന്റെ 'കലപ്പയേന്തിയ കര്‍ഷകന്‍' ചിഹ്നത്തിലാണ് പുതിയ ജനതാപാര്‍ട്ടി മത്സരിച്ചത്. വന്‍ഭൂരിപക്ഷത്തോടെ 1977ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനും അവര്‍ക്കായി.
1979ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസും ചരണ്‍സിങ്ങും ചേര്‍ന്ന് ജനതാപാര്‍ട്ടി-എസ്സിനു രുപം നല്‍കി. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടി ചക്രം ചിഹ്നവുമായി തുടര്‍ന്നു. വാജ്‌പേയിയും അദ്വാനിയുമടക്കമുള്ള ജനസംഘക്കാര്‍ ഭാരതീയ ജനതാപാര്‍ട്ടിയുണ്ടാക്കി. ജനതാപാര്‍ട്ടി-എസ്സില്‍നിന്ന് രാജ്‌നാരായണ്‍ വിഭാഗം വഴിപിരിഞ്ഞു. ബാക്കിയുള്ളവര്‍ ചരണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ലോക്ദളുണ്ടാക്കി. ജോര്‍ജ് ഫെര്‍ണാണ്ടസ് ലോക്ദള്‍ വിട്ട് ജനതാപാര്‍ട്ടിയില്‍ തിരിച്ചെത്തി. ലോക്ദള്‍ പിന്നെയും രണ്ടായി. ചരണ്‍സിങ്ങിന്റെ മകന്‍ അജിത്‌സിങ്ങിന്റെ ലോക്ദള്‍ എ.യും എച്ച്.എന്‍. ബഹുഗുണയുടെ ലോക്ദള്‍ ബി.യും. ലോക്ദളും ജനതാപാര്‍ട്ടിയും വീണ്ടും ഒന്നിക്കുന്നത് 1989ലായിരുന്നു. കോണ്‍ഗ്രസ് വിട്ടെത്തിയ വി.പി.സിങ്ങുമായി ചേര്‍ന്ന് ജനതാദള്‍ എന്ന പുതിയ കക്ഷി നിലവില്‍ വന്നു. ചക്രമായിരുന്നു ചിഹ്നം. പത്തുമാസം പൂര്‍ത്തിയായപ്പോള്‍ ജനതാദള്‍ പിളര്‍ത്തി സമാജ്‌വാദി ജനതാദള്‍ രൂപവത്കരിച്ച് ചന്ദ്രശേഖര്‍ പുറത്തുപോയി. 'ചക്രത്തിനുള്ളിലെ കര്‍ഷകന്‍' ആയിരുന്നു ചന്ദ്രശേഖറിന്റെ പാര്‍ട്ടിയുടെ ചിഹ്നം.
ഇതിനിടയില്‍ ജനതാദള്‍ പല കഷണങ്ങളായി പിരിഞ്ഞുതുടങ്ങി. ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, മുലായം സിങ് യാദവിന്റെ സമാജ്‌വാദി ജനതാപാര്‍ട്ടി, നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, ശരത് യാദവിന്റെ ജനതാദള്‍ യു., ദേവഗൗഡയുടെ ജനതാദള്‍-എസ്., ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സമതാ പാര്‍ട്ടി എന്നിവയെല്ലാം ഇതിന്റെ പിന്തുടര്‍ച്ചകളാണ്. സമതാ പാര്‍ട്ടി പിന്നീട് ജനതാദള്‍ യു.വില്‍ ലയിച്ചു. ഗൗഡയുടെ ജനതാദള്‍ എസ്സിനാണ് ചക്രം ചിഹ്നം ലഭിച്ചത്. ജനതാദള്‍-എസ്. വീണ്ടും പിളര്‍ന്നപ്പോള്‍ ചിഹ്നം ട്രാക്ടറായും പിന്നെ കറ്റയേന്തിയ സ്ത്രീയായും മാറി.
പിളര്‍പ്പിന്റെ ട്രാക്ക് റെക്കോഡ് പരിശോധിക്കുമ്പോള്‍ ഭേദം കമ്യൂണിസ്റ്റ് പാര്‍ട്ടികളാണെന്ന് വ്യക്തമാകും. 1952ലെ ആദ്യതിരഞ്ഞെടുപ്പ് മുതല്‍ അരിവാള്‍നെല്‍ക്കതിര്‍ ചിഹ്നത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിച്ചത്. 1964ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ നിലവില്‍ വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അരിവാള്‍ ചുറ്റിക നക്ഷത്രത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.) അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നത്തിലും മത്സരിക്കാന്‍ തുടങ്ങി. അതിനുശേഷം ഇന്നുവരെ അതേ ചിഹ്നത്തില്‍ത്തന്നെയാണ് ഇരുപാര്‍ട്ടികളും വോട്ടു തേടുന്നത്.
അവലംബം :മാത്രുഭൂമി ജനവിധി 2009
0 Comments