ലോകത്തെ ഏറ്റവും വലിയ പഴമാണ് ചക്കപ്പഴം. ഒരു കാലത്ത് മലയാളിയുടെ വിശപ്പ് മാറ്റിയിരുന്ന ഒരു പ്രധാന ഫലമായിരുന്നു ഇത്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാഴാക്കപ്പെടുന്ന ഫലങ്ങളിലൊന്നാണ് ചക്ക. പതിനാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരിയായ മറിഹ്‌നൊള്ളി ചക്ക കണ്ട് ഒരാടിന്റെ മുഴുപ്പുള്ള ഫലം! എന്ന് അന്തംവിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചക്കപ്പഴം സാധാരണയായി രണ്ടു തരമുണ്ട്. ബലം കുറഞ്ഞതും മാര്‍ദവമേറിയതുമായ ചുളകളുള്ള കൂഴയും കട്ടികൂടിയ മാര്‍ദവമില്ലാത്ത വരിക്കയും. പഴുത്ത തേന്‍ വരിക്കയുടെ സുഗന്ധമേറ്റാല്‍ കൊതിവരാത്തവരാരാണുള്ളത്. കൂഴച്ചക്ക കറിവയ്‌ക്കാന്‍ നല്ലതാണ്. നല്ല തേന്‍ വരിക്കയുടെ കുരു പാകിമുളപ്പിച്ചാല്‍ കിട്ടുന്ന മരത്തില്‍ ചിലപ്പോള്‍ കൂഴയായിരിക്കും ഉണ്ടാവുക. പ്ലാവ് ഒരു പരപരാഗണ വൃക്ഷമായതിനാലാണ് മാതൃവൃക്ഷത്തിന്റെ ഗുണമുള്ള തൈച്ചെടികള്‍ ഉണ്ടാവാത്തത്. ഏതാണ്ട് 54 ഇനത്തോളം പ്ലാവിനങ്ങള്‍ ഇന്ത്യയില്‍ വളരുന്നുണ്ട്. സഫേദ, ഘാജാ, ഭൂസില, ബടിയാ, ഹാന്‍ഡിസ എന്നിവ മറ്റ് സംസ്‌ഥാനങ്ങളില്‍ കാണപ്പെടുന്ന ഇനങ്ങളാണ്. ടി-നഗര്‍ ജാക്ക്, മാമത്ത്, എവര്‍ബിയാറര്‍, റോസ് സെന്റസ് എന്നിവ വിശേഷപ്പെട്ട ചില ഇനങ്ങളാണ്. കേരളത്തില്‍ വളര്‍ത്താന്‍ പറ്റിയ രണ്ടിനങ്ങളാണ് മുട്ടം വരിക്കയും ശ്രീലങ്കന്‍ വരിക്കയും. നട്ട് മൂന്നാം വര്‍ഷം ഇൗ രണ്ടിനങ്ങളും കായ്‌ക്കുന്നു. പ്ലാവിന്റെ ശാസ്‌ത്രനാം ആര്‍ട്ടോകാര്‍പ്പസ് ഹെട്ടരോഫിലസ് (Artocarpus hetero phyllus) എന്നാണ്. കുടുംബം മോറേസിയേ (moraceae) ഇംഗ്ലീഷില്‍ ജാക്ക് ട്രീ എന്നും പറയുന്നു. ചക്കയിലെ പോഷകങ്ങള്‍ പഴുത്ത ചക്കയുടെ ഭക്ഷ്യയോഗ്യമായ 100 ഗ്രാമില്‍ 1.3 മുതല്‍ 1.9 ഗ്രാം വരെ മാംസ്യം, 0.1 മുതല്‍ 0.3 ഗ്രാം കൊഴുപ്പ്, 18.9 മുതല്‍ 25.4 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, ഒരു ഗ്രാം ഭക്ഷ്യനാര്, 22 മില്ലിഗ്രാം കാത്സ്യം, 0.13 മുതല്‍ 0.23 മില്ലിഗ്രാം വരെ ഫോസ്‌ഫറസ്, 0.2 മുതല്‍ 1.2 മില്ലി ഗ്രാം വരെ ഇരുമ്പ്, എന്നിവയുണ്ട്. ജീവകം ബി-1, ബി-2 എന്നിവയുടെ ഭേദപ്പെട്ട ശേഖരമാണ് ചക്കക്കുരു. ************************* മാമ്പഴം പഴങ്ങളിലെ രാജാവാണ് മാമ്പഴം. ഇന്ത്യയിലെ അസോം ആണ് മാവിന്റെ ജന്മദേശമെന്നറിയപ്പെടുന്നത്. ലോകത്തില്‍ ഏറ്റവുമധികം മാമ്പഴം ഉല്‌പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യതന്നെ. അല്‍ഫോന്‍സ, പൈരി, നീലം, ബങ്കനപ്പള്ളി, മല്‍ഗോവ, സുവര്‍ണരേഖ, ലംഗര, ദുസെഹറി, ഗുലിബ് ഖാസ്, കലെപ്പാടി, മുണ്ടപ്പ, ബാംഗളോറ തുടങ്ങി ഏതാണ്ട് അഞ്ഞൂറിലധികം മാവിനങ്ങള്‍ ഇന്ത്യയില്‍ വളരുന്നു. ഒരു കാലത്ത് കേരളത്തില്‍ സമൃദ്ധമായിരുന്ന പല മാവിനങ്ങളും ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. കേരളത്തിന്റെ സ്വന്തമായ ഒരിനമാണ് ഒളോര്‍. കോഴിക്കോടന്‍ പ്രദേശങ്ങളില്‍ സുലഭമായിരുന്ന ഒളോര്‍, ചേലന്‍-മാങ്ങകള്‍ ഇന്നു കണികാണാനില്ല. വേനല്‍ ചൂടില്‍ കളിച്ചു തിമിര്‍ത്തുവരുന്ന കുഞ്ഞുങ്ങള്‍ക്ക്, മാമ്പഴക്കുലകളില്‍ നിന്നും പഴുത്ത തേന്‍ കനികള്‍ എറിഞ്ഞുകൊടുത്തിരുന്ന കിഴവന്‍ നാട്ടുമാവുകളും അപ്രത്യക്ഷമായി. നാടന്‍ മാവുകളിലെ കമ്പില്‍ നല്ല ഇനങ്ങളുടെ ശാഖകള്‍ പിടിപ്പിച്ചാണ് ഒട്ടുമാവുകളുണ്ടാക്കുന്നത്. 1889ല്‍ ഇന്ത്യയില്‍ ആദ്യമായി ഉല്‍പ്പാദിപ്പിച്ച ഒട്ടുമാവാണ് മല്‍ഗോവ. മറ്റ് ഒട്ടു മാവുകള്‍-ഹൈബ്രിഡ് നമ്പര്‍ - 45, ഹൈബ്രിഡ് നമ്പര്‍ - 87, ഹൈബ്രിഡ് നമ്പര്‍ - 151. മാവിന്റെ ശാസ്‌ത്രനാമം - മാന്‍ജിഫെറ ഇന്‍ഡിക്ക (mangifera indica) കുടുംബം അനികാര്‍ഡിയേസിയേ (Ana cardiaceae) പോഷക സമ്പുഷ്‌ടം 100 ഗ്രാം മാമ്പഴത്തില്‍ 2743 അന്തര്‍ ദേശീയ യൂണിറ്റ് വിറ്റാമിന്‍ - എ അടങ്ങിയിരിക്കുന്നു. 16 മില്ലിഗ്രാം വിറ്റാമിന്‍-സി, 14 മില്ലിഗ്രാം കാത്സ്യം, 16 മില്ലിഗ്രാം ഫോസ്‌ഫറസ്, 0.6 ശതമാനം മാംസ്യം, 0.4 ശതമാനം കൊഴുപ്പ്, 16.9 ശതമാനം കാര്‍ബോഹൈഡ്രേറ്റ്, 0.7 ശതമാനം ഭക്ഷ്യനാരുകള്‍ എന്നിവ കൂടാതെ ബി-ഗ്രൂപ്പ് ജീവകങ്ങള്‍ ചെറിയ തോതിലും ഇവയിലുണ്ട്. | ||
0 Comments