രാമചന്ദ്രവീരപ്പയെ ഓര്‍ക്കുന്നുണ്ടോ? കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും പ്രായമേറിയ ആളായിരുന്നു രാമചന്ദ്രവീരപ്പ, തിരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും പ്രായമേറിയ ആളെന്ന ബഹുമതിയും വീരപ്പയ്ക്കുതന്നെ. 96-ാം വയസിലും എംപിയായി മത്സരിച്ചു ജയിച്ച അദ്ദേഹം ഏഴുതവണയാണ് പാര്‍ലമെന്റില്‍ എത്തിയത്.
കര്‍ണാടകയിലെ ബിദര്‍ മണ്ഡലമായിരുന്നു വീരപ്പയുടെ പ്രധാന തട്ടകം. ആദ്യമായി എം.പിയാകുന്നത് 1962ലായിരുന്നു, കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വീരപ്പ, 67 ലും ബിദറില്‍ നിന്നുതന്നെ വിജയിയായി. പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന വീരപ്പ പാര്‍ലമെന്റിലെത്തുന്നത് 1991 ലെ തിരഞ്ഞെടുപ്പിലാണ്. 1996, 1998, 1999, 2004 തിരഞ്ഞെടുപ്പുകളിലും വീരപ്പ ബിദര്‍മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി
2004 മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വീരപ്പ ജയിച്ചുകയറിയെങ്കിലും അനാരോഗ്യം മൂലം 2004 ജൂലൈ 19 ന് അദ്ദേഹം അന്തരിച്ചു.
ഇനി പ്രായംകുറഞ്ഞ എംപി യുടെ കാര്യം, 26-ാം വയസ്സില്‍ പാര്‍ലമെന്റിലെത്തിയ സച്ചിന്‍ പൈലറ്റാണ് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ എംപിയായ വ്യക്തി. രാജസ്ഥാനിലെ ദൗസ മണ്ഡലത്തില്‍ നിന്നാണ് സച്ചിന്‍ പൈലറ്റ് എം.പിയായി വിജയിച്ചത്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച സച്ചിന്‍ പൈലറ്റ് 51 ശതമാനം വോട്ടുകളും നേടിയിരുന്നു.
ഇന്ത്യക്കും ഇന്ത്യന്‍ പാര്‍ലമെന്റിനും ഒപ്പം നമ്മുടെ എം.പിമാരുടെ ശരാശരി പ്രായത്തിനും വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കണമെന്ന് എല്ലാതിരഞ്ഞെടുപ്പുകളിലും കേള്‍ക്കാറുണ്ടെങ്കിലും നമ്മുടെ എംപിമാരുടെ ശരാശരി പ്രായം ഏറുകതന്നെയാണ്. ആദ്യ ലോകസഭയിലെ എം.പിമാരുടെ ശരാശരി പ്രായം 46.5 ആയിരുന്നെങ്കില്‍ പതിനാലാം ലോക് സഭയില്‍ ഇത് 52.6 ആയി.
കൂടിക്കൊണ്ടിരുന്ന ശരാശരിപ്രായത്തിനിടെ രണ്ടുതവണമാത്രാണ് കുറവുണ്ടായത്. ഏഴാം ലോകസഭയിലും 12-ാം ലോകസഭയിലും മാത്രമാണ് കയറ്റത്തിന് കാര്യമായ ഒരു മാറ്റമുണ്ടായത്. വരുന്ന തിരഞ്ഞെടുപ്പിലെ ശരാശരിപ്രായം ഏറുമോ കുറയുമോ എന്നതാണ് ഇനി അറിയാനുള്ളത്.
കടപ്പാട്:മാത്രുഭൂമി ജനവിധി 2009
0 Comments