ജനപ്രതിനിധിയാകുക എന്നത് സേവനമാണന്നാണ് പറച്ചില്‍, തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇടിക്കുന്നവരും അതു തന്നെയാണ് പറയുക. ഒരു എം.പിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ആകൃഷ്ടരാകുന്നവരും കുറവല്ല. പക്ഷേ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓടി നടക്കുന്നവര്‍ക്ക് അതിനാവശ്യമായ ചെലവുകള്‍ ജനങ്ങള്‍ തന്നെ നല്‍കേണ്ടതുണ്ടങ്കിലും ഇത്രയേറെ ആനുകൂല്യങ്ങള്‍ നല്‍കി നാം തിരഞ്ഞെടുത്ത് അയക്കുന്ന ആളുകള്‍ അതിനനുസരിച്ച് ജോലി ചെയ്യുന്നുണ്ടോ എന്നുള്ളതാണ് പ്രശ്‌നം.
ഇരുസഭകളിലേയും 790 അംഗങ്ങള്‍ക്കായി 64 കോടി രൂപയാണ് ഒരു വര്‍ഷം ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി നാം നല്‍കുന്നത്. അതായത് ഒരു എം.പിക്ക് ശരാശരി 8.22 ലക്ഷം രൂപ ഒരു വര്‍ഷം ലഭിക്കും.
1954 ലാണ് പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കായുമുള്ള നിയമം സഭ പാസാക്കിയത്. നിരവധി ഭേദഗതികള്‍ക്ക് വിധേയമായ ഈ നിയമം ഒടുവില്‍ ഭേദഗതി ചെയ്തത് 2006 ലാണ്. ഈ ഭേദഗതി അവതരിപ്പിക്കുമ്പോള്‍ മാത്രമാണ് സഭയില്‍ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായി നില്‍ക്കുന്നത്.
എം.പിമാര്‍ക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇവയാണ്.
മാസശമ്പളം 16,000
സഭാ സമ്മേളനമുള്ള ദിവസങ്ങളിലെ ദിന ബത്ത -1000
നിയോജക മണ്ഡല അലവന്‍സ്- പ്രതിമാസം 25,000
ഓഫീസ് ചെലവ് പ്രതിമാസം: 20,000 (4000-സ്റ്റേഷനറി, 2000-തപാല്‍ ചെലവ്, 14,000 - സെക്രട്ടറിമാരുടെ ശമ്പളം)
യാത്രാ ആനുകൂല്യങ്ങള്‍
വിമാനത്തില്‍
പാര്‍ലമെന്റ് സമ്മേളന കാലത്തോ അല്ലാത്തപ്പോഴോ ഇന്ത്യയില്‍ എവിടെ വേണമെങ്കിലും യാത്ര ചെയ്യാന്‍ ഒരു വര്‍ഷം 34 ടിക്കറ്റ് ലഭിക്കും. ഈ യാത്രയില്‍ അംഗത്തിന്റെ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ അല്ലെങ്കില്‍ സഹായിക്കോ കൂടെ പോകാം.
തീവണ്ടിയില്‍
ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ഏതു വണ്ടിയിലും ഏതു സമയത്തും ഒന്നാം ക്ലാസ് എസി കോച്ചില്‍ പങ്കാളിക്കൊപ്പം യാത്ര ചെയ്യാന്‍ സൗജന്യ പാസ്. റെയില്‍ യാത്രയില്‍ ഒരു സഹായിയെ കൂടെ കൊണ്ടുപോകാന്‍ രണ്ടാം ക്ലാസ് എ.സി. സൗജന്യ പാസ്.റോഡ് മാര്‍ഗ്ഗമാണങ്കില്‍ കിലോമീറ്ററിന് 13 രൂപ
മറ്റ് ആനുകൂല്യങ്ങള്‍
കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ താമസ സൗകര്യം. പ്രതിവര്‍ഷം 4000 കിലോലിറ്റര്‍ വെള്ളവും 50,000 യൂണിറ്റ് വൈദ്യുതിയും ഉപയോഗിക്കാം. മൂന്നു മാസം കൂടുമ്പോള്‍ വാഷിംഗ് അലവന്‍സ്, ഡല്‍ഹിയിലെ ഓഫിസിലേക്കും മണ്ഡലത്തിലെ വീട്ടിലേക്കും ഓരോ ലാന്‍ഡ് ഫോണുകള്‍ വീതം. ഒരോന്നിലും 50,000 സൗജന്യ ലോക്കല്‍ കോളുകള്‍. കൂടാതെ രണ്ടു മൊബൈല്‍ ഫോണും. പ്രതിമാസം 1500 രൂപ ഇന്റര്‍നെറ്റ് ചാര്‍ജും ലഭിക്കും. അംഗത്തിനും കുടുംബാംഗങ്ങള്‍ക്കും സൗജന്യ വൈദ്യസഹായത്തോടൊപ്പം മറ്റ് മെഡിക്കല്‍ ആനുകൂല്യങ്ങളും ലഭിക്കും.
പെന്‍ഷന്‍
ഒരു സഭാകാലാവധി (5 വര്‍ഷം) അംഗമായിരുന്ന ആള്‍ക്ക് പ്രതിമാസം 8000 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക. ഇതുകൂടാതെ അഞ്ചു വര്‍ഷത്തില്‍ കൂടുതലുള്ള ഓരോ വര്‍ഷത്തിനും പ്രതിമാസം 800 രൂപ വീതം ലഭിക്കും. പത്തു വര്‍ഷം അംഗമായിരുന്ന വ്യക്തിക്ക് 12,000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിക്കും. അംഗത്തിന്റെ മരണശേഷം ആശ്രിതര്‍ക്കു നിലവിലുള്ള പെന്‍ഷന്റെ 50 ശതമാനം ലഭിക്കും. മുന്‍ അംഗത്തിന് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ഏതു തീവണ്ടിയിലും ഏതു സമയത്തും ഒന്നാം ക്ലാസ് എസി കോച്ചില്‍ യാത്രചെയ്യാം. സഹായി കൂടെയുണ്ടെങ്കില്‍ രണ്ടുപേര്‍ക്കും രണ്ടാം ക്ലാസ് എസിയില്‍ സൗജന്യമായി യാത്ര ചെയ്യാം.
ഇത്രയൊക്കെ നല്‍കിയിട്ടും കഴിഞ്ഞ സഭയില്‍ അമ്പതിലേറെ അംഗങ്ങള്‍ വാ തുറന്നിട്ടില്ലന്നുള്ളതാണ് സത്യം.
കടപ്പാട്:മാത്രുഭൂമി ജനവിധി 2009
0 Comments