ചില കൊലയാളിക്കാറ്റുകളെ പരിചയപ്പെടാം
ഗ്രെയ്‌റ്റ് ഹരിക്കെയ്‌ന്‍: 1780 ഒക്‌ടോബര്‍ 10, 16 തീയതികളില്‍ മാര്‍ട്ടിനിക്, സെന്റ് യുസ്‌റ്റേഷ്യസ്, ബാര്‍ബഡോസ് ദ്വീപുകളില്‍ വീശിയടിച്ച ഗ്രെയ്‌റ്റ് ഹരിക്കെയ്‌ന്‍ 22,000 പേരുടെ ജീവനെടുത്തു. അമേരിക്കന്‍ ആഭ്യന്തര വിപ്ലവം നടക്കുന്ന കാലത്തായിരുന്നു ഇത്. ബ്രിട്ടീഷ്-ഫ്രഞ്ച് സേനകളില്‍പ്പെട്ട അനേകം പേര്‍ ഇതുമൂലം മരിക്കാനിടയായി. ഇത് യുദ്ധഗതിയെ മാറ്റിമറിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
ഗാന്‍വെസ്‌റ്റണ്‍ ഹരിക്കെയ്‌ന്‍: 1900 സെപ്‌റ്റംബര്‍ ഒന്നുമുതല്‍ പന്ത്രണ്ടുവരെ അമേരിക്കയിലെ ടെക്‌സാസ് സംസ്‌ഥാനത്തെ ഗാന്‍ വെസ്‌റ്റണില്‍ മണിക്കൂറില്‍ 217 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ ഈ കാറ്റ് 12,000 പേരുടെ മരണത്തിനു കാരണമായി.
ഭോല: ചരിത്രത്തിലെ ഏറ്റവും വിനാശകാരികളായ ചുഴലിക്കൊടുങ്കാറ്റുകളിലൊന്നാണ് 1970 നവംബര്‍ 13 ന് ബംഗ്ലാദേശില്‍ ചുഴറ്റിയടിച്ച ഭോല. 15-20 അടിവരെ കടല്‍ത്തിരകളെ അടിച്ചുയര്‍ത്തി തീരപ്രദേശത്തെ വെള്ളപ്പൊക്കത്തില്‍ മുക്കിയ ഈ കൊടുങ്കാറ്റില്‍ അഞ്ചുലക്ഷത്തോളം പേര്‍ മരിച്ചുവെന്നാണ് കണക്ക്.
പേരില്ലാക്കാറ്റ്: 1991 ഏപ്രില്‍ 29 ന് ബംഗ്ലാദേശില്‍ വീശിയടിച്ച ഈ പേരില്ലാ ചുഴലിക്കാറ്റ് ചിറ്റഗോങ് മേഖലയില്‍ കുറഞ്ഞത് 1,38,000 ആളുകളുടെ ജീവഹാനിക്കിടയാക്കി. നൂറു ടണ്‍ ഭാരമുള്ള ഒരു ക്രെയിന്‍ ഉയര്‍ത്തിയെടുത്ത് കാറ്റ് അതിനെ കര്‍ണഫുലി നദിയിലെ പാലത്തില്‍ കൊണ്ടിടിച്ചു. പാലം രണ്ടായി ഒടിഞ്ഞുപോയി.
ഹരിക്കെയ്‌ന്‍മിച്ച്: മധ്യ അമേരിക്കയില്‍ 1998 ഒക്‌ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ചുവരെ വീശിയടിച്ച ഹരിക്കെയ്‌ന്‍ മിച്ച് 18,000 പേരുടെ ജീവനെടുത്തു. ഒറീസ (ട്രോപ്പിക്കല്‍ സൈക്ലോണ്‍ 05 ബി): 20-ാം നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും മാരകമായ ചുഴലിക്കൊടുങ്കാറ്റ്. 1999 ഒക്‌ടോബര്‍ 29ന് ഒറീസയെ തകര്‍ത്തെറിഞ്ഞു. പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. 150-300 കിലോമീറ്റര്‍ വേഗമുണ്ടായിരുന്നു.
കത്രീനയും റീത്തയും: 2005 ഓഗസ്‌റ്റ് 29ന് അറ്റ്‌ലാന്റിക് സമുദ്രത്തിലെ മെക്‌സിക്കോ ഉള്‍ക്കടലില്‍നിന്ന് ചുഴറ്റിയടിച്ച കത്രീന അമേരിക്കയിലെ അലബാമ, ലൂസിയാന, മിസിസിപ്പി സംസ്‌ഥാനങ്ങളിലാണ് നാശംവിതച്ചത്. 1,163 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 2005 സെപ്‌റ്റംബര്‍ 21 നായിരുന്നു അറ്റ്‌ലാന്റിക്കില്‍ നിന്ന് റീത്ത കരയിലേക്കു കയറിയത്. മണിക്കൂറില്‍ 232 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ റീത്ത ടെക്‌സാസ്, ലൂസിയാന സംസ്‌ഥാനങ്ങളിലാണ് നാശംവിതച്ചത്. നൂറോളം പേര്‍ മരിച്ചു.
സ്‌റ്റാന്‍, വില്‍മ, ദുരിയാന്‍, ഗോനു, ഡീന്‍: 2005 ഒക്‌ടോബര്‍ 5ന് മധ്യ അമേരിക്കയില്‍ സ്‌റ്റാന്‍ ചുഴലിക്കാറ്റും വന്‍തോതില്‍ നാശംവിതച്ചു. അതേമാസം തന്നെ (ഒക്‌ടോബര്‍ 22) മെക്‌സിക്കോയിലെ കരീബിയന്‍ തീരമേഖലയില്‍ വില്‍മ ചുഴലിക്കാറ്റ് വന്‍ നാശമുണ്ടാക്കി. 2006 ഡിസംബറില്‍ ഫിലിപ്പിന്‍സില്‍ ആയിരത്തിലേറെ മരണം വരുത്തിവച്ചശേഷം തെക്കന്‍ വിയറ്റ്‌നാം തീരത്തും ആഞ്ഞടിച്ച ദുരിയാന്‍ ചുഴലിക്കൊടുങ്കാറ്റ് അവിടെ നാല്‍പതോളം പേരുടെ മരണത്തിനിടയാക്കി. 2007 ജൂണ്‍ 6ന് ഒമാന്‍ തീരത്ത് വീശിയടിച്ച ഗോനു മലയാളികളടക്കം 35 പേരുടെ മരണത്തിനിടയാക്കി. മെയ് ഇരുപത്തിയെട്ടോടെ കേരളതീരത്ത് എത്തേണ്ടിയിരുന്ന മണ്‍സൂണ്‍ കാറ്റ് ഗോനുവിന്റെ പിടിയിലായിപ്പോയി. 2007 ഓഗസ്‌റ്റില്‍ കരീബിയന്‍ മേഖലയെ ഉലച്ചുകൊണ്ട് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ ജമൈക്കയില്‍ വീശിയടിച്ച ഡീന്‍ വന്‍ നാശനഷ്‌ടമാണ് വരുത്തിവച്ചത്.
സിദര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട സിദര്‍ ചുഴലിക്കാറ്റ് 2007 നവബര്‍ 15ന് അര്‍ധരാത്രിയോടെ ബംഗ്ലാദേശ് തീരത്ത് ആഞ്ഞടിച്ചു. പതിനായിരത്തോളം പേര്‍ മരിച്ചതായാണ് കണക്ക്.
ഗുസ്‌താവ്: കരീബിയന്‍ തീരങ്ങളില്‍ 2008 സെപ്‌റ്റംബര്‍ ഒന്നിന് ദുരന്തംവിതച്ച ഗുസ്‌താവ് ചുഴലിക്കാറ്റ് അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലും ആഞ്ഞടിച്ചു. മണിക്കൂറില്‍ 249 കിലോമീറ്റര്‍ വേഗത്തിലാണ് ഗുസ്‌താവ് മെക്‌സിക്കന്‍ തീരം കടന്നുവന്നത്. ലക്ഷക്കണക്കിനാളുകള്‍ ഗുസ്‌താവിനെ പേടിച്ച് നഗരംവിട്ടോടി.
ഹന്ന: കരീബിയന്‍ രാജ്യമായ ഹെയ്‌ത്തിയില്‍ സെപ്‌റ്റംബര്‍ അഞ്ചിന് ആഞ്ഞുവീശിയ ഹന്ന ചുഴലിക്കാറ്റ് വന്‍ നാശനഷ്‌ടമാണ് വരുത്തിവച്ചത്. തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലുമായി അറുപതോളം പേരാണ് മരിച്ചത്.
ഐക്കെ: ഗുസ്‌താവിനു തൊട്ടുപിറകെ സെപ്‌റ്റംബര്‍ 13-ഓടുകൂടി അമേരിക്കയിലെ ടെക്‌സാസില്‍ വീശിയടിച്ച ഐക്കെ ചുഴലിക്കാറ്റും വന്‍പ്രളയവും നാശവും വിതച്ചു. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച ഐക്കെ ടെക്‌സാസിലെ ഗാര്‍വെല്‍സ്‌റ്റണില്‍ അഞ്ചുമീറ്റര്‍വരെ തിരമാലകളുയര്‍ത്തി.
എന്താണ് ന്യൂനമര്‍ദം?
ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തേക്കു കടന്നതിനാല്‍ കേരളത്തില്‍ പരക്കെ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട് എന്നെല്ലാമുള്ള കാലാവസ്‌ഥാ പ്രവചനങ്ങള്‍ കൂട്ടുകാര്‍ കേട്ടിട്ടുണ്ടാവുമല്ലോ. എന്താണീ ന്യൂനമര്‍ദ്ദം? വായുവിന് ചൂടുകൂടുമ്പോള്‍ അതിന്റെ തന്മാത്രകള്‍ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നു. ചൂടുപിടിച്ച് വികസിക്കുന്ന വായുവിന് ഭാരം കുറവായതിനാല്‍ അത് മുകളിലേക്ക് പൊങ്ങി മേഘങ്ങള്‍ ഉണ്ടാകുന്നു. അതിനാലാണ് ന്യൂനമര്‍ദ്ദം മൂലം കാറ്റുംമഴയും ഉണ്ടാകുന്നത്.
കാറ്റിനെ അളക്കാന്‍
അനിമോമീറ്റര്‍: കാറ്റിന്റെ വേഗം കണ്ടുപിടിക്കാനുള്ള ഉപകരണമാണ് അനിമോമീറ്റര്‍. നാലു കപ്പുകള്‍ നാട്ടിനിര്‍ത്തിയിട്ടുള്ള ഉപകരണമാണിത്. 1450 ല്‍ ലിയോണ്‍ ബാറ്റിസ്‌റ്റ ആല്‍ബര്‍ട്ടിയാണ് അനിമോമീറ്റര്‍ കണ്ടുപിടിച്ചത്. ഇന്ന് ഉപയോഗിക്കുന്ന അര്‍ധഗോളാകൃതിയിലുള്ള കപ്പ് ഉപയോഗിച്ചുകൊണ്ടുള്ള അനിമോമീറ്റര്‍ കണ്ടുപിടിച്ചത് 1846 ല്‍ റോബിന്‍സനാണ്. കുത്തനെ നിര്‍ത്തിയിരിക്കുന്ന പോസ്‌റ്റില്‍ എത്രതവണ കപ്പുകള്‍ തിരിഞ്ഞുവരുന്നു എന്നതിന്റെ അടിസ്‌ഥാനത്തിലാണ് കാറ്റിന്റെ വേഗം കണ്ടുപിടിക്കുന്നത്.
ബാരോമീറ്റര്‍: അന്തരീക്ഷമര്‍ദ്ദം അളക്കാനുള്ള ഉപകരണം. മര്‍ദ്ദമാപിനി എന്നും വിളിക്കും. ഇറ്റലിക്കാരനായ ടോറിസെല്ലിയാണ് ഇത് കണ്ടുപിടിച്ചത്. ഏറ്റവും പ്രചാരത്തിലുള്ളതും രസബാരോമീറ്റര്‍ ആണ്. ഗ്ലാസ്‌കുഴലില്‍ രസംനിറച്ച്, തുറന്നവശം രസംനിറച്ച് ഒരു തുറന്ന കപ്പില്‍ വയ്‌ക്കുന്നു. ഗ്ലാസ്‌കുഴലിലെ രസവിതാനം അന്തരീക്ഷമര്‍ദ്ദം അനുസരിച്ച് വ്യത്യാസപ്പെടുന്നു. വിമാനങ്ങളിലും മറ്റും ദ്രാവകങ്ങള്‍ ഉപയോഗിക്കാത്ത അനിറോയ്‌്ഡ് ബാരോമീറ്ററാണ് ഉപയോഗിക്കുന്നത്.
ഹൈഗ്രോമീറ്റര്‍: വായുവിലെ നീരാവി (അന്തരീക്ഷ ആര്‍ദ്രത) അളക്കാന്‍ ഉപയോഗിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ഹൊറസ് ബെനഡിക്‌ട് ഡിസോസര്‍ ആണ് ഇത് കണ്ടുപിടിച്ചത്. എണ്ണമയമില്ലാത്ത തലമുടിയിഴകൊണ്ടുള്ള ഒരു ഉപകരണമാണിത്. എണ്ണമയമില്ലാത്ത രോമം ഈര്‍പ്പം വലിച്ചെടുക്കുമ്പോള്‍ അതു വലിച്ചാല്‍ നേരിയ ദൈര്‍ഘ്യവര്‍ദ്ധനയുണ്ടാകുന്നു. ഈ ദൈര്‍ഘ്യത്തിന്റെ വര്‍ധന ആപേക്ഷിക ആര്‍ദ്രതയ്‌ക്ക് ആനുപാതികമാണ്.
കാറ്റ് പഴഞ്ചൊല്ലില്‍
കാറ്റിനെ പിടിച്ചുകെട്ടാനാകുമോ?
കാറ്റില്ലാതെ ഇലയനങ്ങുകയില്ല.
കാറ്റുനന്നെങ്കില്‍ കല്ലും പറക്കും.
കാറ്റുവിതച്ചാല്‍ കൊടുങ്കാറ്റു കൊയ്യും.
കാറ്റിനെ വിചാരിക്കുന്നവന്‍ വിതയ്‌ക്കില്ല.
കടങ്കഥയിലെ കാറ്റ്
പാടുന്നുണ്ട്, പറക്കുന്നുണ്ട്.
തട്ടുന്നുണ്ട്, തലോടുന്നുണ്ട്
കാണാന്‍ പറ്റുന്നില്ല
എങ്ങും തിങ്ങി നടക്കും
ആര്‍ക്കും പിടികൊടുക്കില്ല
കാണാത്തോന്‍ ശ്വാസംവിടുമ്പോള്‍
വെളിച്ചപ്പാടുതുള്ളുന്നു
0 Comments