ദൂരദര്‍ശന് 50 വയസ്സ്

Share it:











ഇന്ത്യയുടെ അഭിമാനമായ ദൂരദര്‍ശന് സെപ്തംബര്‍ 15ന് 50 വയസ് തികഞ്ഞു. യുനസ്‌കോയുടെ സഹായമായി ലഭിച്ച 20,000 ഡോളറും സൗജന്യമായി ലഭിച്ച 180 ഫിലിപ്‌സ് ടെലിവിഷന്‍ സെറ്റുകളും ഉപയോഗിച്ച് 1959 സെപ്തംബര്‍ 15നാണ് ദൂരദര്‍ശന്റെ ആദ്യസിഗ്നലുകള്‍ ഭാരതത്തിന്റെ അന്തരീക്ഷത്തില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടത്. ഫിലിപ്‌സ് ഇന്ത്യ കമ്പനി കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചു നല്‍കിയ ട്രാന്‍സ്മിറ്ററായിരുന്നു ആ പ്രൊജക്ടിന്റെ ഹൃദയം.

ആകാശവാണിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ച സ്റ്റുഡിയോയില്‍ നിന്നാണ് ആദ്യസംപ്രേക്ഷണം നടത്തിയത്. ട്രാന്‍സിമിറ്ററിന്റെ ശേഷി കുറവായിരുന്നതിനാല്‍ ഡല്‍ഹിക്കുചുറ്റും 40 കിലോമീറ്റര്‍ പരിധിയില്‍ മാത്രമേ പരിപാടികള്‍ ലഭ്യമായിരുന്നുള്ളു. ആഴ്ചയില്‍ 20 മിനുട്ട് വീതമായിരുന്നു ദൂരദര്‍ശന്‍ പ്രവര്‍ത്തനം തുടങ്ങിയത്. സൗജന്യമായി ലഭിച്ച ടെലിവിഷന്‍ സെറ്റുകള്‍ ഉപയോഗിച്ച് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും തുടങ്ങിയ 180 ടെലിക്ലബ്ബുകളായിരുന്നു ദൂരദര്‍ശനെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചത്. സംപ്രേക്ഷണം തുടങ്ങിയ ഉടനെ തന്നെ സമീപ ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്കും ടെലി ക്ലബ്ബുകളിലൂടെ ടെലിവിഷന്റെ മാസ്മരികലോകം കാണാനായി എന്നത് ദൂരദര്‍ശന്റെ ജനപ്രീതിക്ക് തറക്കല്ലിട്ടു. ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷം 1965 ല്‍ വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങി. ഇതോടെ ആകാശവാണിയിലെ താല്‍ക്കാലിക സ്റ്റുഡിയോ പോരാതെ വന്നതിനെത്തുടര്‍ന്ന് ജര്‍മ്മനിയുടെ സഹായത്തോടെ ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയാണ് പ്രോഗ്രാമുകള്‍ തയ്യാറാക്കിയത്. 1970 ല്‍ സ്‌പ്രേക്ഷണ ദൈര്‍ഘ്യം മൂന്നു മണിക്കൂറായി വര്‍ദ്ധിപ്പിച്ചതിനുപിന്നാലെ വാര്‍ത്താ ബുള്ളറ്റിനും ദൂര്‍ദര്‍ശന്‍ തുടങ്ങി. ഡല്‍ഹിക്കു പുറത്തേക്ക് സിഗ്നലുകള്‍ എത്തിക്കാനായി ശക്തികൂടിയ ട്രാന്‍സ്മിറ്റര്‍ ഉപയോഗിച്ചതോടെ സംപ്രേക്ഷണ പരിധി 60 കിലോമീറ്ററായും വര്‍ദ്ധിപ്പിച്ചു. ഈ പരിധിയില്‍ വരുന്ന 80 ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കായി കൃഷിദര്‍ശന്‍ എന്ന പരിപാടിയും തുടങ്ങി. ഇപ്പോഴും സംപ്രക്ഷണം തുടരുന്ന പരിപാടികളിലൊന്നാണ് കൃഷിദര്‍ശന്‍. 39 വര്‍ഷമായി ആഴ്ചയില്‍ അഞ്ചുദിവസവും വൈകീട്ട് ആറയ്ക്കാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്. ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ചത്. 1982 ലെ ഏഷ്യന്‍ ഗെയിംസ് ലൈവായി കൊടുത്തതാണ് ദൂരദര്‍ശന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായത്. ഇന്ത്യന്‍ ഭൗമാതിര്‍ത്തിയുടെ 90.7 ശതമാനം സ്ഥലത്തും ദൂരദര്‍ശന്റെ സിഗ്നലുകള്‍ ലഭ്യമാണ്. 1400 ട്രാന്‍സ്മിറ്ററുകളുടെ സഹായത്തോടെയാണ് ഈ ഭൂതല സംപ്രേക്ഷണം നിര്‍വഹിക്കുന്നത്. 146 രാജ്യങ്ങളില്‍ സാറ്റ്‌ലൈറ്റ് മുഖേനെ ദൂരദര്‍ശന്‍ ചാനലുകള്‍ കാണാനാവും. ആകാശവാണിയുടെ കീഴില്‍ തുടങ്ങിയ ദുരദര്‍ശന്‍ പിന്നീട് സ്വതന്ത്രമായി പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. പ്രസാദ് ഭാരതി ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ കീഴിലാണ് ഇപ്പോള്‍ ദൂരദര്‍ശനും ആകാശവാണിയും പ്രവര്‍ത്തിക്കുന്നത്. കുറ്റാന്വേഷണ സീരിയലായ ബ്യോങ്കേഷ് ബക്ഷി, 1984 ജൂലൈ 7ന് തുടങ്ങിയ പ്രശ്തമായ സീരിയല്‍ ഹംലോഗ്, നുഖാദ്, ബി.ആര്‍ ചോപ്ര തയ്യാറാക്കിയ അത്ഭുതമെന്ന് വിശേഷിക്കപ്പെട്ട മഹാഭാരത്, ബുനിയാദ്, യെ ജോ ഹെ സിന്ദഗി, രാമാനന്ദ് സാഗറിന്റെ രാമായണ്‍, മിസ്റ്റര്‍ യോഗി, ഷാരൂഖ് ഗാന്‍ രംഗപ്രവേശനം ചെയ്ത ഫൗജി, മുഗേരിലാല്‍ കെ ഹസീന്‍ സപ്‌നെ, സര്‍ക്കസ് തുടങ്ങിയ പരിപാടികളും ദൂരദര്‍ശന്റെ വളര്‍ച്ചയെ സ്വാധീനിച്ചു. 1982 നവംബര്‍ 19 ന് തിരുവനന്തപുരത്ത് ഒരു കിലോവാട്ട് ശേഷിയുള്ള ലോ പവര്‍ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കേരളവും ദൂരദര്‍ശന്റെ മാസ്മരിക തരംഗങ്ങളില്‍ പെട്ടു. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രോഗ്രാമുകള്‍ റിലേ ചെയ്യുകമാത്രമായിരുന്നു ഇവിടെ. 1985 ജനുവരിയില്‍ ആദ്യ മലയാളം പ്രൊഡക്ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുടങ്ങി. ആദ്യ മലയാളവാര്‍ത്താ ബുള്ളറ്റിനും 85 ജനുവരി ഒന്നിന് ആരംഭിച്ചു. മലയാളം വാണിജ്യ പരിപാടികളും അന്നുതന്നെ സംപ്രേക്ഷണം തുടങ്ങി. നാലുമാസത്തിനകം തിരുവനന്തപുരത്ത് ശക്തികൂടിയ പത്ത് കിലോവാട്ട് ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ചതോടെ കൂടുതല്‍ പ്രദേശത്ത് മലയാളം പരിപാടികള്‍ ലഭ്യമായിത്തുടങ്ങി. 1995 ല്‍ മലയാളം സിനിമകള്‍ നല്‍കിത്തുടങ്ങി. പൂര്‍ണമലയാളം ചാനലായി ഡി.ഡി. മലയാളം സാറ്റ്‌ലൈറ്റ് ചാനല്‍ 2000 ജനുവരി ഒന്നിന് സംപ്രേക്ഷണം ആരംഭിച്ചു. 2004 ല്‍ ഡിജിറ്റര്‍ എര്‍ത്ത് സ്റ്റേഷന്‍ തുടങ്ങി. 2005 ല്‍ തന്നെ കോഴിക്കോട് ഡി.ഡി. ന്യൂസ് ഹൈപവര്‍ ട്രാന്‍സ്മിഷന്‍ ആരംഭിച്ചു. 1862 ലാണ് ലോകത്ത് ആദ്യത്തെ നിശ്ചല ചിത്രം വൈദ്യുതിതരംഗങ്ങളായി കൈമാറിയത്. ചലചിത്രങ്ങള്‍ മറ്റൊരിടത്തേക്ക് തരംഗങ്ങളായി അയക്കാനുള്ള ശ്രമങ്ങള്‍ക്കും ഇതോടെ തുടക്കമായി. 1873 ലാണ് മേയ് , സ്മിത്ത് എന്നീ രണ്ട് ശാസ്ത്രജ്ഞന്മാര്‍ ഇതിനുള്ള സാധ്യത വിജയകരമായി പരീക്ഷിച്ചത്. എന്നാല്‍ ടെലിഫോണ്‍ കണ്ടുപിടിച്ച അലക്‌സാണ്ടര്‍ ഗ്രഹാം ബെല്ലും തോമസ് ആല്‍വ എഡിസണും 1880 ല്‍ ഫോട്ടോ ഫോണ്‍ എന്ന സങ്കല്‍പത്തെ അടിസ്ഥാനമാക്കി പരീക്ഷണങ്ങള്‍ തുടങ്ങി. 1884 ല്‍ ആദ്യത്തെ 18 ലൈന്‍ റെസലൂഷനുള്ള ചിത്രം വയറുകളിലൂടെ അയക്കാനായി. ഇലക്ട്രോണിക് ടെലിസ്‌കോപ്പ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. 1900 ല്‍ പാരീസില്‍ ടെലിവിഷന്‍ എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടെങ്കിലും 1906ലാണ് ആദ്യത്തെ മെക്കാനിക്കല്‍ ടെലിവിഷന്‍ കണ്ടുപിടിക്കൂന്നത്. കാഥോഡ് റേ ട്യൂബിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. 1926 ല്‍ ജോണ്‍ ബേഡ് സെക്കന്‍ഡില്‍ അഞ്ച് ഫ്രേമുകള്‍ വീതം അയക്കാനാവുന്ന സംവിധാനം കണ്ടെത്തിയതോടെ ആധുനിക ടെലിവിഷന്റെ ചരിത്രം തുടങ്ങി. 1927 ല്‍ അമേരിക്കയിലെ ബെല്‍ ടെലിഫോണ്‍ കമ്പനി ന്യൂയോര്‍ക്കിലും വാഷിങ്ടണ്‍ ഡി.സിയിലും ദീര്‍ഘദൂര ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചു. 1928 ല്‍ ഫെഡറല്‍ റേഡിയോ കമ്മീഷന്‍ ആദ്യത്തെ ടെലിവിഷന്‍ സ്‌റ്റേഷന്‍ ലൈസന്‍സ് ( W3XK ) ചാള്‍സ് ജെക്കിന്‍സിന് നല്‍കിയതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ടെലിവിഷന്‍ യുഗത്തിന് തുടക്കമായി വിനോദ ചാനലുകള്‍ക്കും വ്യപാരതാല്‍പര്യങ്ങളുള്ള ചാനലുകള്‍ക്കും തീരെ താല്‍പര്യമില്ലാത്ത ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ചാണ് ദൂരദര്‍ശന്‍ അന്നും ഇന്നും പ്രവര്‍ത്തനം തുടരുന്നത്. 22 ഭാഷകളിലായി 30 ചാനലുകളുള്ള ദൂരദര്‍ശന്‍ ലോകത്തെ വലിയ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകളിലൊന്നാണ്
Share it:

ദൂരദര്‍ശന്‍

Post A Comment:

0 comments: