Header Ads Widget

ആനവാല്‍



ആനവാലുകളിക്കാന്‍ കുറഞ്ഞത്‌ അഞ്ചുകുട്ടികള്‍ വേണം.

കുട്ടികളില്‍ മൂന്നുപേരും നേരെ നേരെ കുനിഞ്ഞു നില്‌ക്കുക. ഓരോരുത്തരും കുനിഞ്ഞ്‌ മുന്നിലുള്ള ആളുടെ അരയില്‍ തൊട്ടുനില്‍ക്കണം. രണ്ടാമത്തെ ആള്‍ ഒന്നാമന്റെ അരയില്‍ രണ്ടു കൈകൊണ്ടും തൊട്ടു നില്‍ക്കണം. മൂന്നാമന്‍ രണ്ടാമന്റെ അരയിലും. ഇപ്പോള്‍ മൂന്നുപേരും കൂടി ഒരാനയായി.

ഒന്നാമന്‍ ആനയുടെ തല

രണ്ടാമന്‍ ആനയുടെ ഉടല്‍

മൂന്നാമന്‍ ആനയുടെ വാല്‍

നാലാമന്‍ ആനക്കാരന്‍

അഞ്ചാമന്‍ ആനക്കള്ളന്‍

ആനക്കാരന്‍ ആനക്കള്ളനെ പിടിക്കാന്‍ ഓടണം. കള്ളന്‍ പിടികൊടുക്കാതെ ഓടണം. ഓടിയോടിക്കുഴഞ്ഞാല്‍ അയാള്‍ക്ക്‌ രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ട്‌. ആനയുടെ വാലായി നില്‍ക്കുന്നവന്റെ ഇടുപ്പില്‍ പിടിച്ചുകൊണ്ട്‌ അവന്റെ പിന്നില്‍ കുനിഞ്ഞു നില്‍ക്കുക.

ഉടന്‍ ആനയുടെ തലയായി മുമ്പില്‍ നിന്നവന്‍ ഓടിക്കൊള്ളണം. ഇവനാണ്‌ ഇപ്പോഴത്തെ ആനക്കള്ളന്‍. ആനക്കാരന്‍ ഈ പുതിയ കള്ളന്റെ പിറകെയാണ്‌ ഓടേണ്ടത്‌. പുതിയ കള്ളനും ഓടിക്കുഴയുമ്പോള്‍ മൂന്നാമന്റെ പുറകില്‍ വന്നുനിന്ന്‌ രക്ഷപ്പെടാം. അപ്പോള്‍ തലയായിനിന്നവന്‍ കള്ളനായി ഓടും, കുഴങ്ങിയാല്‍ ആനവാലായി രക്ഷപ്പെടും.

ആനക്കാരന്‍ കള്ളനെ തൊട്ടാലോ? കള്ളന്‍ പിന്നെ ആനക്കാരനാകും. ആനക്കാരന്‍ കള്ളനും. കളിച്ചുനോക്കിയാലേ ആനവാലിന്റെ രസമറിയൂ. ഇന്നുതന്നെ ആനവാലു കളിക്കണേ

Post a Comment

0 Comments