ഹോബികള്‍ പലവിധം
കൗതുകവസ്‌തുക്കള്‍ ശേഖരിക്കുക, സ്വയം നിര്‍മ്മിക്കുക, ശാരീരികവും മാനസികവുമായ ഉല്ലാസങ്ങളില്‍ ഏര്‍പ്പെടുക, സ്‌റ്റാമ്പ്, നാണയം, പേന, പുരാവസ്‌തുക്കള്‍, കല്ലുകള്‍, തൂവല്‍, വാച്ച്, പാവകള്‍, ചിത്രങ്ങള്‍, ചിപ്പി, ആട്ടോഗ്രാഫ് എന്നിവ ശേഖരിക്കുക. ചിത്രരചന, ശില്‌പ നിര്‍മാണം, ഹെര്‍ബേറിയം തുടങ്ങി ഓരോര്‍ത്തര്‍ക്കും താല്‌പര്യമനുസരിച്ച് തിരഞ്ഞെടുക്കാനുള്ള ഒരുപാട് ഹോബികളുണ്ട്.
ചിത്രരചന
സ്‌കെച്ച് ബുക്ക്
സ്‌കെച്ച് ബുക്ക് ഒരു ചിത്രകാരന്റെ ഏറ്റവും പ്രധാന ഉപകരണമാണ്. യാത്രവേളകളിലെല്ലാം അത് കൈയില്‍ കരുതുക. ഒപ്പം കറുത്ത മഷിനിറച്ച ഒരു പേനയും. മുന്‍വര്‍ഷത്തെ നോട്ടുബുക്കിലെ ഒഴിവുവന്ന പേജുകള്‍ തുന്നിക്കെട്ടി അല്‌പം കട്ടിയുള്ള ഒരു ചട്ടയും ഫിറ്റ് ചെയ്‌താല്‍ സ്‌കെച്ചു ബുക്കായി. പ്രകൃതിദൃശ്യങ്ങളോ, ബസ്സ്റ്റാന്റോ ചന്തയോ, ചില പ്രത്യേകവ്യക്‌തികളോ എന്നുവേണ്ട കാണുന്നതെല്ലാം ഞൊടിയിടകൊണ്ട് പകര്‍ത്തി ശീലിക്കുക. മറ്റുള്ളവര്‍ ശ്രദ്ധിക്കുമോ എന്നു കരുതി ചമ്മേണ്ട കാര്യമില്ല. പിന്നീട് സമയം കിട്ടുമ്പോള്‍ നല്ല രീതിയില്‍ പകര്‍ത്തി വരച്ച് നിറംകൊടുത്ത് നല്ല പെയിന്റിങുകളാക്കാം.
നാണയശേഖരണം
നാണയശേഖരണമാരംഭിക്കുന്നത് കിട്ടാവുന്നിടത്തോളം നാണയങ്ങള്‍ സ്വരൂപിച്ചുകൊണ്ടായിരിക്കണം. അടുത്ത ബന്ധുക്കളോടും കൂട്ടുകാരോടും ചോദിച്ചുവാങ്ങുന്നതിനു പുറമേ ഒരേ ഇനത്തില്‍ കൂടുതലുള്ള നാണയങ്ങള്‍ പരസ്‌പരം മാറി വാങ്ങിയും ശേഖരിക്കാം. ശേഖരിച്ചുവച്ചിട്ടുള്ള നാണയങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് നിര്‍മ്മിത അറകള്‍ ഉള്ള ഒരു പെട്ടിയില്‍ സൂക്ഷിക്കണം. ഒരേ തരം നാണയങ്ങള്‍ പ്രത്യേകകവറുകളിലാക്കി പെട്ടിയില്‍ സൂക്ഷിക്കണം. പഴക്കം ചെന്ന നാണയങ്ങള്‍ സോപ്പുവെള്ളത്തില്‍ ഇട്ടുവെച്ച് പല്ലുതേക്കുന്ന ബ്രഷ് ഉപയോഗിച്ച് മൃദുവായി ബ്രഷ്‌ചെയ്‌ത് കഴുകിയെടുക്കുക. സൂക്ഷിക്കുന്ന കവറിനുപുറത്ത് നാണയങ്ങളുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തുക.
ഹെര്‍ബേറിയം ഉണ്ടാക്കാം
എന്താണ് ഹെര്‍ബേറിയം? വൈവിധ്യമാര്‍ന്ന സസ്യലോകത്തിലെ പ്രത്യേകതകള്‍ മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴിയാണ് ഹെര്‍ബേറിയം ഉണ്ടാക്കല്‍. ഇലയോ പൂവോ കായോ വേരോ എന്നുവേണ്ട ഓരോ സസ്യത്തിന്റെയും ഭാഗങ്ങളെല്ലാം ഉണക്കി ഒട്ടിച്ചു സൂക്ഷിക്കുന്നതിനെയാണ് ഹെര്‍ബേറിയം എന്നു പറയുക. പറിച്ചെടുത്ത ഇലകളോ പൂവുകളോ ഉപയോഗശൂന്യമായ പുസ്‌തകത്താളുകള്‍ക്കിടയില്‍ വെച്ച് ഉണക്കിയെടുക്കുക. അല്‌പം വലിയൊരു പുസ്‌തകമുണ്ടാക്കി അതില്‍ സെലോടേപ്പ് ഉപയോഗിച്ച് ഭംഗിയായി ഒരുപേജില്‍ കൊള്ളുന്ന വിധത്തില്‍ ഒട്ടിച്ചുവയ്‌ക്കുക. പൂവും കായും ഇലയും ഒരുമിച്ചുള്ള ചെറിയശാഖകളാണെങ്കില്‍ നല്ലത്. ചെടിയുടെ പേര്, ശാസ്‌ത്രനാമം, കുടുംബം, മറ്റ് പ്രത്യേകതകള്‍, ഉപയോഗങ്ങള്‍, കണ്ടുവരുന്ന പ്രദേശം എന്നിവയും അടിക്കുറിപ്പായി നല്‍കാം.
ലാഭകരമാവുന്ന ഹോബികള്‍
തയ്യല്‍, എംബ്രോയ്‌ഡറി, കളിമണ്‍ശില്‌പനിര്‍മ്മാണം, പൂന്തോട്ട നിര്‍മ്മാണം, കൂടനിര്‍മ്മാണം, മുത്തുകള്‍കൊണ്ട് രൂപങ്ങള്‍ ഉണ്ടാക്കല്‍, ലെയ്‌സുകൊണ്ടുള്ള തുന്നല്‍പ്പണി മുതലായവ സന്തോഷം പ്രദാനം ചെയ്യുന്നതിനു പുറമേ സ്വന്തം കരവിരുത് പ്രകടമാക്കാനുള്ള അവസരംകൂടി നല്‍കുന്നു. തുകല്‍, പായ് എന്നിവ ഉപയോഗിച്ചുള്ള ബാഗ്, പഞ്ഞിയും തുണിയും ഉപയോഗിച്ചുള്ള പാവനിര്‍മ്മാണം തുടങ്ങിയവയെല്ലാം ക്രമേണ വാണിജ്യാടിസ്‌ഥാനത്തില്‍ വിപുലീകരിച്ച് ചെറിയൊരു ധനാഗമമാര്‍ഗമായി വളര്‍ത്താവുന്നതാണ്.
സ്‌റ്റാമ്പുശേഖരണം
സ്‌റ്റാമ്പ് ശേഖരണം എങ്ങനെ?
സ്‌റ്റാമ്പുകള്‍ പതിച്ച കവറില്‍നിന്നും സ്‌റ്റാമ്പുള്ള ഭാഗം കത്രികകൊണ്ട് മുറിച്ചെടുക്കുക. ഇത് വെള്ളത്തില്‍ മുങ്ങിപ്പോകാത്ത വിധം - വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കുതിരാനായി ഇട്ടുവയ്‌ക്കണം. അല്‌പസമയത്തിനുശേഷം സ്‌റ്റാമ്പിന്റെ അടിയിലുള്ള പേപ്പര്‍ താനെ ഇളകിക്കൊള്ളും. ഇത് പ്രത്യേകം കവറുകളില്‍ ആക്കി ഉണങ്ങാനായി വെക്കുക. ഉണങ്ങിയതിനുശേഷം മാത്രം ആല്‍ബത്തില്‍ ഒട്ടിക്കുക. ക്ഷമയും ശ്രദ്ധയും ശുചിത്വബോധവും വേണ്ട ഒരു ഹോബിയാണ് സ്‌റ്റാമ്പ് ശേഖരണം.
0 Comments