ഇന്ത്യയിലെ പതിനഞ്ചാമത്തെയും സ്വതന്ത്ര ഭാരതത്തിലെ ഏഴാമത്തെയും കാനേഷുമാരിയാണ് ഇപ്പോള്‍ നടക്കുന്നത്. ഏപ്രില്‍ ഒന്നിന് രാഷ്‌ട്രപതി പ്രതിഭാ പാട്ടീലില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് 15-ാം സെന്‍സസിനു തുടക്കം കുറിച്ചത്. ലോകത്തില്‍ ഇതേവരെ നടന്നതില്‍ വെച്ച് ഏറ്റവും വിപുലമായ കണക്കെടുപ്പാണ് വരുന്ന 11 മാസങളിലായി ഇന്ത്യയില്‍ നടക്കുക. സെന്‍സസുമായി ബന്ധപ്പെട്ട ചില വിവരങ്ങളിതാ.
സെന്‍സസ് വിശേഷങ്ങള്‍
ക്രിസ്‌തുവിന്റെ ജനനത്തിനു 4000 വര്‍ഷം മുമ്പുതന്നെ ജനങ്ങളുടെ കണക്കെടുപ്പു നടത്തുന്ന സമ്പ്രദായം ആരംഭിച്ചിരുന്നു. ബാബിലോണിയയില്‍ ജനങ്ങളുടെ വരുമാനം കണക്കാക്കിയതാണ് ആദ്യത്തെ കണക്കെടുപ്പായി കരുതപ്പെടുന്നത്. ക്രിസ്‌തുവര്‍ഷാരംഭത്തില്‍ ലോക ജനസംഖ്യ ഏകദേശം 20 കോടിക്കും 40 കോടിക്കും ഇടയ്‌ക്കായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ആ കാലയളവില്‍ ജനനനിരക്ക് ഉയര്‍ന്നതായിരുന്നെങ്കിലും ജനസംഖ്യ വര്‍ധിക്കാതിരുന്നതു മരണനിരക്ക് വളരെ ഉയര്‍ന്നതുകൊണ്ടായിരുന്നു. പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, യുദ്ധങ്ങള്‍, ഭക്ഷ്യക്ഷാമം എന്നിവയായിരുന്നു കാരണം. ശിശുമരണനിരക്കും വളരെ കൂടുതലായിരുന്നു. 1830 ലെ കണക്കുപ്രകാരം ലോകജനസംഖ്യ ഏകദേശം 100 കോടി മാത്രമേ ഉണ്ടായിരുന്നുള്ളു. 1950 കള്‍ക്കു ശേഷമാണ് ജനസംഖ്യയില്‍ വമ്പിച്ച വര്‍ധനവുണ്ടാവുന്നത്. ആധുനിക ശാസ്‌ത്രസാങ്കേതിക വിജ്‌ഞാനത്തിന്റെ വളര്‍ച്ച, ജനങ്ങളുടെ ജീവിത ഗുണനിലവാരത്തിലുണ്ടായ പുരോഗതി പകര്‍ച്ച വ്യാധികള്‍ പ്രകൃതിദുരന്തങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിലുണ്ടായ നേട്ടങ്ങള്‍, പരിസരശുചീകരണത്തിലും ആരോഗ്യപരിപാലനത്തിലുമുണ്ടായ പുരോഗതി എന്നിവ ഇതിനുകാരണമായി. ഇന്ന് ഓരോ സെക്കന്‍ഡിലും 17 പേരാണ് പിറന്നു വീഴുന്നത്.
ഇന്ത്യയില്‍
ഇന്ത്യയില്‍ ശാസ്‌ത്രീയമായി ആദ്യത്തെ കണക്കെടുപ്പു നടന്നത് 1872 ലാണ്. ഇന്ത്യയാകമാനമുള്ള സെന്‍സസ് നടന്നതാകട്ടെ 1881-ലാണ്. റിപ്പണ്‍ പ്രഭുവായിരുന്നു അന്നത്തെ വൈസ്രോയി. അന്നുമുതല്‍ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ഇന്ത്യയില്‍ സെന്‍സസ് നടന്നുവരുന്നു. 2010 ല്‍ നടക്കുന്നത് ഇന്ത്യയിലെ പതിനഞ്ചാമത്തെയും സ്വതന്ത്ര ഇന്ത്യയിലെ ഏഴാമത്തെയും കാനേഷുമാരിയാണ്.
ഇന്ത്യന്‍ ജനസംഖ്യ ഒരു നൂറ്റാണ്ടില്‍
1901- 23,83,96,327
1911- 25,20,93,390
1921- 25,13,21,213
1921- ലെ സെന്‍സസ് റിപ്പോര്‍ട്ടിന് ഒരു പ്രത്യേകതയുണ്ട്. മുമ്പു നടന്ന സെന്‍സസിനേക്കാള്‍ ജനസംഖ്യ കുറവു കാണിച്ച ഒരേ ഒരു വര്‍ഷമാണ് 1921 . അതുകൊണ്ട് ഇയര്‍ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നാണ് ഇന്‍ഡ്യയുടെ സെന്‍സസ് ചരിത്രത്തില്‍ 1921 അറിയപ്പെടുന്നത്.
1931-27,89,77,238
1941-31,86,60,580
1951-36,10,88,090
1961-43,92,34,771
1971-54,81,59,652
1971- ലെ സെന്‍സസിലാണ് ഇന്ത്യയിലെ ജനസംഖ്യ ഏറ്റവുമുയര്‍ന്ന വളര്‍ച്ച നിരക്കു രേഖപ്പെടുത്തിയത്.
1981- 68,33,29,097
1991-84,64,21,039
2001-1,02,87,37,436
0 Comments