കാല്‍പന്തിന്റെ ചാരുത

Share it:
ക്രിക്കറ്റിന്റെ ആവേശം . കാല്‍പന്തിന്റെ ചാരുത ... നാടന്‍ പന്തുകളിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ക്രിക്കറ്റിലെ 'ക്യാച്ചുകള്‍' , ഇന്നിംഗ്‌സ് സംവിധാനം, ഫുട്‌ബോളിലെ 'ഗോള്‍ കിക്കുകള്‍' ഇവയുടെ പകരക്കാരെ നാടന്‍ പന്തുകളിയില്‍ കാണാം. കളിക്കാര്‍ തമ്മിലുള്ള ശാരിരിക ഏറ്റുമുട്ടലും ഈ കളിയിലില്ല.

ദീര്‍ഘ ചതുരാകൃതിയിലാണ്‌ നാടന്‍ പന്തുകളിക്കളം . സാധാരണ രീതിയില്‍ ഏഴു പേരാകും ടീമുകളിലുണ്ടാകുക. അഞ്ച്‌ വരകളും(ഇന്നിംഗ്‌സുകള്‍) ഉണ്ടാകും. അംഗങ്ങളുടെ എണ്ണവും ഇന്നിംഗ്‌സുകളുടെ എണ്ണവും ടൂര്‍ണമെന്റുകള്‍ക്കു മാത്രമാണ്‌ ബാധകം.

ഗോളാകൃതിയില്‍ വശങ്ങള്‍ പതിഞ്ഞ തുകല്‍ പന്തുകളാണ്‌ മത്സരത്തിന്‌ ഉപയോഗിക്കുക. കളിക്കളത്തില്‍ ഇരുവശമായാകും ടീമുകള്‍ അണിനിരക്കുക. ടെന്നീസിന്‌ സമാനമായി എതിര്‍ടീമിനെ വെട്ടിച്ച്‌ പന്ത്‌ അതിര്‍ത്തികടത്തുകയാകും ഇരു ടീമുകളുടെയും ലക്ഷ്യം. എന്നാല്‍ കുത്തിത്തിരിഞ്ഞ്‌ ഇടത്തോട്ടോ വലത്തോട്ടോ പന്ത്‌ കളത്തിനു പുറത്തു പോയാല്‍ ആ പന്ത്‌ നയിച്ച ടീമിനെതിരേ പോയിന്റു കുറിക്കപ്പെടും.

എന്നാല്‍ ടെന്നീസിന്‌ വിരുദ്ധമായി എതിര്‍കളിക്കാരന്റെ തലയ്‌ക്കു മുകളിലൂടെ പറത്തുന്ന പന്തുകള്‍ നിയപരമാണ്‌ . ടെന്നീസിലെ സര്‍വീസുകള്‍ക്ക്‌ തുല്യമായി നാടന്‍ പന്തുകളിയിലെ 'വെട്ടുകളെ' കണക്കാക്കും. മൂന്നു എണ്ണങ്ങള്‍(പോയിന്റ്‌) ഉള്ള യൂണിറ്റായാണ്‌ വെട്ടുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുള്ളത്‌ .

കളി തുടങ്ങും മുമ്പ്‌ ഒരു കാര്യം കൂടി. ഈ കളിയില്‍ പാദരക്ഷകളും കൈയുറകളും പാടില്ല.
ഒറ്റ

ഒറ്റ 'ഒന്നിലാണ്‌' കളിതുടങ്ങുന്നത്‌ . ഒറ്റ വിഭാഗത്തില്‍ രണ്ട്‌ എണ്ണങ്ങള്‍ എടുത്താല്‍ പെട്ടയിലേക്ക്‌ കടക്കാം. മറ്റു യൂണിറ്റുകളില്‍ മൂന്ന്‌ പോയിന്റുകള്‍ നേടിയാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കാനാകൂ. ഒരു കൈ മാത്രമുപയോഗിച്ചാണ്‌ ഒറ്റവെട്ട്‌ നടത്തുന്നത്‌ . കൈയില്‍ നിന്ന്‌ പന്ത്‌ അല്‍പം ഉയര്‍ത്തിയിട്ടശേഷം അതേ കൈകൊണ്ട്‌ അടിച്ചാണ്‌ ഒറ്റ വെട്ട്‌ നിര്‍വഹിക്കുക. ഒറ്റ മൂന്നിന്‌ ശേഷം 'പെട്ട'യിലേക്കു കടക്കാം.
പെട്ട

ഒരു കൈകൊണ്ട്‌ പന്തുയര്‍ത്തി മറു കൈകൊണ്ടാണ്‌ പെട്ടവെട്ട്‌ നിര്‍വഹിക്കുക.
പിടിയന്‍

ഒരു കൈ പുറകോട്ട്‌ കെട്ടി മറുകൈകൊണ്ടാണ്‌ പിടിയന്‍ വെട്ടുക.


താളം 

പന്ത്‌ അല്‍പം ഉയര്‍ത്തിയിട്ട്‌ , അന്തരീക്ഷത്തിലായിരിക്കുന്ന സമയം തുടയില്‍ തട്ടിയ ശേഷമാകും താളം വെട്ടുക. ഈ വെട്ടിനും ഒരു കൈമാത്രമേ ഉപയോഗിക്കാനാകൂ.
കീഴ്‌ 

പന്ത്‌ തുടയുടെ അടിയിലൂടെ മുകളിലേക്കെറിഞ്ഞ ശേഷമാകും കീഴ്‌ വെട്ട്‌ നടത്തുക.
ഇണ്ടന്‍

ഫുട്‌ ബോളിലെ ഗോള്‍ കിക്കിനോട്‌ ഇതിന്‌ സാദൃശ്യുണ്ട്‌ . പന്ത്‌ ഉയര്‍ത്തിയിട്ടശേഷം നിലത്തു തൊടുംമുമ്പ്‌ കാലുകൊണ്ട്‌ തൊഴിക്കുകയാകും ചെയ്യുക.

ഇത്രയും ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന ടീമിന്‌ 'ചക്കര' പോയിന്റ്‌ ലഭിക്കും. തുടര്‍ന്ന്‌ അടുത്ത ചക്കരയിലെത്താന്‍ ഒറ്റ, പെട്ട, ... രീതിയില്‍ തുടങ്ങാം.

ഒരു കളിക്കാരന്‍ നിര്‍ത്തിയതില്‍ നിന്നാണ്‌ അടുത്ത കളിക്കാരന്‍ തുടങ്ങേണ്ടത്‌ . ഉദാഹരണമായി ഒരാള്‍ പെട്ട ഒന്നില്‍ പുറത്തായാല്‍ അടുത്തയാളും പെട്ട ഒന്നാണ്‌ വെട്ടേണ്ടത്‌ .

ടീമിലെ എല്ലാവരും 'വെട്ട്‌' നിര്‍വഹിക്കേണ്ടതുണ്ട്‌ .

വെട്ടാന്‍ ടീമെത്തുമ്പോള്‍ എതിര്‍ടീം ചെറുക്കാനായി കളിക്കാരെ അണിനിരത്തും. എതാനും പേര്‍ പിടുത്തക്കാരായി നില്‍ക്കും മറ്റുള്ളവര്‍ കാലടികാരും. വെട്ടുന്ന പന്ത്‌ നിലത്തുകൊള്ളും മുമ്പ്‌ പിടിച്ചാല്‍ വെട്ടുകാരന്‍ 'ഔട്ട്‌'. വെട്ടുകാരന്‌ കളത്തിനു മുകളിലൂടെ വെട്ടാന്‍ അനുവാദമില്ല. പന്ത്‌ നിലത്തു തൊട്ടാല്‍ കൈകൊണ്ട്‌ പിടിക്കാന്‍ അവകാശമില്ല. പിന്നെ തൊഴിക്കാന്‍ മാത്രമേ കഴിയൂ. കളിക്കിടെ പന്ത്‌ നിലത്തുതൊടും മുമ്പ്‌ പിടിക്കുന്ന ടീമിന്‌ 'ഉയര്‍ത്തി വെട്ടാനുള്ള' അനുവാദം ലഭിക്കും. ഉയര്‍ത്തിവെട്ടല്‍ കളിയുടെ തുടര്‍ച്ച മാത്രം. ഉയര്‍ത്തിവെട്ടിലൂടെ കളിക്കാരനെ പുറത്താക്കാനോ പോയിന്റു ലഭിക്കാനോ അവസരം ലഭിക്കും.

കളിക്കിടെ ബോള്‍ നിന്നു പോയാല്‍ എതിര്‍ ടീമിന്‌ തൊഴിക്കാന്‍('കൊത്ത്‌') അവസരം ലഭിക്കും. കളിക്കിടെ പന്തു കൈയിലും കാലിലുമൊഴികെയുള്ള ശരീര ഭാഗങ്ങളില്‍ തൊടാനാകില്ല. തൊട്ടാല്‍ 'ഫൗള്‍'. കാച്ച്‌ 'മിസാ'കുന്നത്‌ പോയിന്റ്‌ നഷ്‌ടത്തിനിടയാക്കും. കാലില്‍ തട്ടി പന്ത്‌ പുറകോട്ട്‌ പോയാലും പോയിന്റ്‌ നഷ്‌ടമാകും.

ടീമിലെ എല്ലാവരും പുറത്തായാല്‍ അടുത്ത ഇന്നിംഗ്‌സ്(വര) അവസാനിക്കും. എല്ലാ ഇന്നിംഗ്‌സുകള്‍ക്കു ശേഷം കൂടുതല്‍ എണ്ണം(പോയിന്റ്‌) ലഭിക്കുന്ന ടീം വിജയിയാകും.

പന്തു തൊഴിക്കുന്ന രീതിയടിച്ചളീ ചട്ടപ്പാതി, കൊത്ത്‌, മടക്കിയടി എന്നിങ്ങനെയുള്ള സാങ്കേതിക പദങ്ങളും ഈ കായിക വിഭാഗത്തിന്‌ സ്വന്തം. 
Share it:

അവധിക്കാലം

Post A Comment:

0 comments: