നാടകം

Share it:

നാടകമെന്നു കേള്‍ക്കുമ്പോള്‍ കൂട്ടുകാര്‍ക്ക് എന്തൊക്കെയാണ് ഓര്‍മവരുന്നത്? സ്റ്റേജ്, കര്‍ട്ടന്‍, ലൈറ്റ്, മ്യൂസിക്, നിറങ്ങള്‍, ആള്‍ക്കൂട്ടം... അങ്ങനെ എന്തെല്ലാം. സദസ്സിലെ വെളിച്ചമെല്ലാം അണയുന്നു. സ്റ്റേജില്‍ മാത്രം വെളിച്ചം തെളിയുകയായി. നടീനടന്മാര്‍ പ്രവേശിച്ചു തുടങ്ങി. സങ്കടവും സന്തോഷവും വിജയവും പരാജയവും വീരവാദവും ആകാംക്ഷയും നിറഞ്ഞ ഒന്നുരണ്ടു മണിക്കൂറുകള്‍. അങ്ങനെ കര്‍ട്ടന്‍ വീണുകഴിഞ്ഞു. പലതരം വികാരങ്ങളുമായി കാണികള്‍ എഴുന്നേറ്റ് വീടുകളിലേക്ക് മടങ്ങുന്നു. ചിലര്‍ സ്റ്റേജിനു പിറകില്‍ ചെന്ന് നടീനടന്മാരെയും സംവിധായകരെയും അഭിനന്ദിച്ചിട്ടേ പിരിഞ്ഞുപോകൂ. ഇതു മാത്രമാണോ നാടകം. കൂട്ടുകാര്‍ നന്നായൊന്ന്  ആലോചിച്ചുനോക്കൂ. ജീവിതംതന്നെ നാടകമല്ലേ. അതില്‍ പല കഥാപാത്രങ്ങള്‍, അച്ഛന്‍, അമ്മ, മകന്‍, മകള്‍, അയല്‍വാസി, പഞ്ചായത്ത് പ്രസിഡന്‍റ്,
പൊലീസ്, മാഷ്, മീന്‍കാരന്‍... അങ്ങനെയങ്ങനെ...
***************************
ജീവിതവും നാടകവും
രംഗങ്ങള്‍ ഓര്‍ത്തുനോക്കൂ... സ്കൂള്‍, ബസ്സ്റ്റോപ്, വീട്, പലചരക്കുകട, ആലിന്‍ചുവട്, മൈതാനം, അമ്പലം, പള്ളി, കുളക്കടവ് ഇങ്ങനെ എത്രയുണ്ട്. നമ്മളൊക്കെ ഓരോ സ്ഥലത്തും ഓരോ തരത്തിലല്ലേ പെരുമാറുന്നത്.  സ്കൂളിലെപ്പോലെയല്ല വീട്ടില്‍. മാഷുടെ മുന്നിലെപ്പോലെയല്ല അച്ഛന്‍െറ മുന്നില്‍, ഇനി കൂട്ടുകാരുടെ മുന്നിലാണെങ്കിലോ വേറെയൊരു മുഖമായി. കൊച്ചുകുട്ടിയെ കളിപ്പിക്കുന്നപോലെയാണോ ഹെഡ്മാസ്റ്ററോട് പെരുമാറുക. അല്ല! അങ്ങനെ നോക്കുമ്പേള്‍ ഈ ജീവിതംതന്നെ വലിയൊരു നാടകമാണ്. സമയമാകുമ്പോള്‍ ഓരോ കഥാപാത്രവും അഭിനയം നിര്‍ത്തി തിരശ്ശീലക്കു പിന്നില്‍ മറയും. അതുകൊണ്ടാണ് ഷേക്സ്പിയര്‍ എന്ന വിശ്വനാടകകൃത്ത് പറഞ്ഞത് ‘ജീവിതം ഒരു നാടകമാണ്. നമ്മളൊക്കെ അതിലെ നടീനടന്മാരും’. എത്ര ശരിയാണത്. ഇങ്ങനെയുള്ള ഈ ജീവിതംതന്നെയാണ് നാം നാടകമാക്കി മാറ്റുന്നതും.
പരന്നൊഴുകുന്ന വായു ഒരു ചെറിയ ഓടക്കുഴലിലൂടെ കടത്തിവിടുമ്പോള്‍ മധുരശബ്ദമുണ്ടാവുന്നില്ലേ. ഇതുപോലെ പരന്നുകിടക്കുന്ന ജീവിതത്തെ, ലോകത്തെ നാം സ്റ്റേജിലേക്ക് ചുരുക്കുമ്പോള്‍ അത് നാടകമാവുന്നു. എങ്ങനെയാണ് ചുരുക്കുക? അവിടെയാണ് കലാകാരന്‍െറ കഴിവ് പ്രകടമാവുന്നത്. അറുപതു വര്‍ഷത്തെ ഒരാളുടെ ജീവിതം മൂന്നു മണിക്കൂറിലേക്ക് ചുരുക്കണം. അപ്പോള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രമേ അതിലുണ്ടാവാന്‍ പാടുള്ളൂ. പലതും എഡിറ്റ് ചെയ്ത് നീക്കേണ്ടിവരും. ഒരുപാട് സ്ഥലങ്ങളില്‍വെച്ചാവും നായകന്‍െറ ജീവിതത്തില്‍ പല സംഭവങ്ങളും നടന്നത്. അതില്‍ പ്രധാന സംഭവങ്ങളും സ്ഥലങ്ങളും മാത്രം സ്റ്റേജില്‍ കാണിച്ചാല്‍ മതിയാകും. പ്രധാനമായത് എന്ന് പറയുമ്പോള്‍ നാടകത്തിന് ആവശ്യമായത് എന്നാണര്‍ഥം. ഒരു പാറയില്‍നിന്ന് ശില്‍പമല്ലാത്തതെല്ലാം ചെത്തിക്കളയുകയാണ് ശില്‍പി ചെയ്യുന്നത്. അപ്പോള്‍ മനോഹരമായ ഒരു ശില്‍പം  രൂപമെടുക്കുന്നു. വേണ്ടാത്തത് ഒഴിവാക്കി വേണ്ടതെടുക്കണമെങ്കില്‍ രണ്ടും നന്നായി തിരിച്ചറിയണം. ഇത് ജീവിതത്തെ സംബന്ധിച്ചുംവളരെ അത്യാവശ്യമാണെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ?
മൂന്ന് ഘടകങ്ങള്‍
ഒരു കഥ, അത് അഭിനയിക്കാന്‍ നടീനടന്മാര്‍, കാണാന്‍ കാണികള്‍. ഇത് മൂന്നും ചേരുമ്പോഴേ നാടകമാവൂ. ഇംഗ്ളീഷില്‍ Author, Actor, Audience എന്നാണ് പറയുക. കാണികള്‍ നാടകത്തില്‍ പ്രധാനമാണ്. അവരുടെ നിലവാരമനുസരിച്ചായിരിക്കും കഥയും അഭിനയ രീതികളും എല്ലാം തീരുമാനിക്കുക. ആസ്വാദകരില്ലാതെ ഒരു കലയും പൂര്‍ണമാവുകയില്ലല്ലോ. സ്റ്റേജിലെത്തിക്കഴിഞ്ഞാല്‍ നടന്‍െറ/നടിയുടെ കൈയിലാണ് നാടകമുള്ളത്. നാടകകൃത്തിനോ സംവിധായകനോ പിന്നെ അവിടെ ഒരു റോളുമില്ല. നടന് സംഭവിക്കുന്ന അബദ്ധംപോലും നാടകത്തിന്‍െറ ഭാഗമാവും.
നാടകം നടിക്കാനുള്ളതാണ്. എല്ലാ കാര്യങ്ങളും പറഞ്ഞുതീര്‍ക്കരുത്. ചെയ്തുകാണിക്കണം. ‘ഡ്രാമ’ എന്ന വാക്കിന്‍െറ അര്‍ഥംതന്നെ ‘ചെയ്യുക’ എന്നാണ്. നമ്മുടെ പല നാടകങ്ങളിലും സംഭാഷണം പറഞ്ഞുതീര്‍ക്കുന്നതാണ് കാണാനാവുക. ഇത് ശരിയല്ല. നാടകം കളിക്കുക എന്നല്ലേ. അത് കളിക്കുകതന്നെ വേണം.  കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടുണ്ട്.
‘നാടകം കളിയാണ്. പക്ഷേ, അതിനെ കളിയാക്കരുത്’ എന്ന്. കൂട്ടുകാര്‍ ഈ കാര്യം വളരെ ശ്രദ്ധിക്കണം. ചെയ്തുകാണിക്കാന്‍ പറ്റാത്ത കാര്യങ്ങളും നാടകത്തിലുണ്ടാവും. അവ മറ്റെന്തങ്കിലും സൂചനകളിലൂടെ കാണിക്കണം. ലൈറ്റോ മ്യൂസിക്കോ ഒക്കെ ചേരുമ്പോള്‍ നമ്മള്‍പോലും വിചാരിക്കാത്ത രീതിയില്‍ ഒന്നോരണ്ടോ ദൃശ്യങ്ങള്‍കൊണ്ട് പല കാര്യങ്ങളും തോന്നിപ്പിക്കാന്‍ പറ്റും.
സൂചനകളുടെ കല
കാടാണ് രംഗമെങ്കില്‍ മരങ്ങള്‍ മുഴുവന്‍ പറിച്ചുകൊണ്ടുവന്ന് സ്റ്റേജിനെ കാടാക്കാന്‍ കഴിയുമോ? അപ്പോള്‍ എന്തുവേണം? കാടെന്ന് തോന്നിപ്പിക്കാന്‍ ഒരു മരക്കൊമ്പോ രണ്ടോ മൂന്നോ വള്ളികളോ മതി. സൂചനകളുടെ കലയാണ് നാടകം. ഒരു തെരുവിനെ സൂചിപ്പിക്കാന്‍ ഏതെങ്കിലും ബോര്‍ഡോ തെരുവുവിളക്കിന്‍െറ കാലോ മറ്റോ കൊണ്ടുവെച്ചാല്‍ മതി. എല്ലാ രംഗങ്ങളിലേക്കും ആവശ്യമുള്ള വസ്തുക്കളാക്കി പെട്ടെന്ന് മാറ്റാന്‍ കഴിയുന്ന ഒന്നോ രണ്ടോ മരക്കൂടുകള്‍, സ്റ്റെപ്പുകള്‍ എന്നിവയാണെങ്കില്‍ കുറച്ചുaകൂടി നല്ലത്. ഓരോ രംഗത്തിലും വസ്തുക്കള്‍ മാറ്റാന്‍ വേണ്ടിയുള്ള ഓട്ടപ്പാച്ചില്‍ കുറഞ്ഞുകിട്ടും.
ഒരു രാജകുമാരിയായിട്ട് അഭിനയിക്കുന്ന കുട്ടിയെ, നമ്മുടെ കൈയിലുള്ള മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ച് നമുക്ക് പറ്റുന്ന രീതിയിലുള്ള ഒരു രാജകുമാരിയാക്കിയാല്‍ മതി. ബാക്കിയൊക്കെ കാണികള്‍ വിശ്വസിച്ചുകൊള്ളും.  ഞാന്‍ ശകുന്തളയായാല്‍ എങ്ങനെയിരിക്കും എന്നാണ് നടി ആലോചിക്കേണ്ടത്. ശകുന്തള ഞാനായാല്‍ എങ്ങനെയാവും എന്നല്ല. അഭിനയത്തിനിടക്ക് എന്തെങ്കിലും അബദ്ധങ്ങള്‍ സംഭവിച്ചാല്‍ പരിഭ്രമിക്കേണ്ടതില്ല, ഇത് നാടകമാണെന്ന് കാണികള്‍ക്കറിയാം. അഭിനയമാണെന്നറിഞ്ഞിട്ടും ആളുകള്‍ അന്തംവിട്ട് നോക്കിനില്‍ക്കുന്നതു കണ്ടിട്ടില്ലേ? അവരുടെ ആകാംക്ഷ വളര്‍ത്തുന്ന രീതിയില്‍ കഥ മുന്നോട്ടു കൊണ്ടുപോകണമെന്നേയുള്ളൂ...
ഉദ്ഭവ കഥകള്‍
എങ്ങനെയാണ് നാടകം എന്ന കലാരൂപമുണ്ടായത്. മനുഷ്യന്‍ വേട്ടയാടി ജീവിച്ചിരുന്ന കാലത്ത് വിശ്രമവേളയില്‍ തീ കൂട്ടിയിരുന്ന് തങ്ങള്‍ക്ക് നേരിട്ട വല്ല സംഭവവും അനുകരിച്ചു കാണിച്ചിട്ടുണ്ടാവാം. അതിന് ശബ്ദവും ചാട്ടവും ഉപയോഗിച്ചിരിക്കാം. ഇതാണ് നാടകത്തിന്‍െറ പ്രാഗ്രൂപം എന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. 3000 ബി.സിയില്‍ ഈജിപ്തില്‍ ഫറോവമാരുടെ കിരീടധാരണം, ശവസംസ്കാരം എന്നീ ചടങ്ങുകളെയൊക്കെ നാടകത്തിന്‍െറ ആദ്യ മാതൃകകളായി പലരും പണിഗണിക്കുന്നുണ്ട്. പ്രാചീന ഗ്രീസില്‍ ബി.സി 600ല്‍ സമൃദ്ധിയുടെയും വീഞ്ഞിന്‍െറയും ദേവനായ ഡയോണിസസിനുവേണ്ടി പൂജകളും ഉത്സവങ്ങളും നടന്നിരുന്നു. ഇതില്‍നിന്നാണ് പാശ്ചാത്യ നാടകം ഉദയം ചെയ്തത്.
വ്യത്യസ്ത രംഗവേദികള്‍
കാണികളെക്കാള്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന, മൂന്നുഭാഗവും മറച്ച, ചതുരത്തിലുള്ള സ്റ്റേജാണ് നമ്മള്‍ അധികവും കണ്ടിട്ടുള്ളത്. കുറച്ചുകൂടി കാണികള്‍ക്കിടയിലേക്ക് തള്ളിനില്‍ക്കുന്ന സ്റ്റേജുമുണ്ട്. ചുറ്റും കാണികളെ ഇരുത്തി, നടുക്ക് നാടകം കളിക്കുന്ന രീതിയുണ്ട്. ഇരുപുറവും കാണികള്‍ക്കും നടുക്കുള്ള നീണ്ടുകിടക്കുന്ന സ്ഥലം അഭിനേതാക്കള്‍ക്കും.  ഇങ്ങനെ പലതരം രംഗവേദികളുണ്ട്. ഇതുകൂടാതെ കാണികള്‍ക്കിടയിലൂടെ നടന്ന് നാടകം കളിക്കാം. തെരുവിലോ പുഴ തീരത്തോ ബസിലോ ട്രെയിനിലോ ഒക്കെ കളിക്കാം. ഓരോന്നിലും ഓരോ രീതിയാണെന്നു മാത്രം. നമ്മുടെ നാട്ടിലെ പല നാടന്‍കലകളും മുറ്റത്തോ പറമ്പിലോ വെച്ചാണല്ലോ നടക്കുന്നത്.  അവക്കൊക്കെ നാടകരൂപംതന്നെയാണുള്ളത്. തെയ്യം, പടയണി മുതലായ അനുഷ്ഠാനകലകളില്‍ തെങ്ങോല, പന്തങ്ങള്‍, മുഖത്തെഴുത്ത്, കൊട്ട്, പാട്ട്, സംഭാഷണം, ഓട്ടം, ചാട്ടം, കഥാപാത്രങ്ങള്‍, കഥ എല്ലാമുണ്ട്. ചില കഥകള്‍ പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍തന്നെ വേണ്ടിവരും. കൂടിയാട്ടം, കഥകളി എന്നിവയൊക്കെ കണ്ടിട്ടില്ലേ. ഒരു നടന്‍ ഒറ്റക്ക് കാടും മലയും പുഴയും സിംഹവും പുലിയും കുരങ്ങും പാമ്പും എല്ലാമായി അഭിനയിക്കും. കണ്ണിന്‍െറ പുരികം കൊണ്ടുപോലും അവര്‍ അഭിനയിക്കുന്നതുകണ്ടാല്‍ നാം അദ്ഭുതപ്പെട്ടുപോകും. പക്ഷേ, ഇതൊക്കെ അനേകവര്‍ഷത്തെ പരിശീലനം കൊണ്ടേ സാധിക്കൂ. നാടകനടന്മാര്‍ക്കും ഇത്തരം പരിശീലനം വേണമെന്ന് പല സംവിധായകരും പറഞ്ഞിട്ടുണ്ട്. സ്റ്റാനിസ്ലാവ്സ്കി, ഗ്രോട്ടോവ്സ്കി എന്നിവരൊക്കെ അവരില്‍ ചിലരാണ്. ‘നില്‍ക്കാന്‍ ഒരു തറ. പിന്നില്‍ ഒരു മറ. എന്‍െറ ഉള്ളില്‍ നാടകവും മുന്നില്‍ നിങ്ങളും’- എന്നാണ് നാടകത്തെപ്പറ്റി മലയാളത്തിന്‍െറ നാടകാചാര്യന്‍ എന്‍.എന്‍. പിള്ള പറഞ്ഞിട്ടുള്ളത്. നടന്‍ കഴിവുറ്റവനാണെങ്കില്‍ തറയോ മറയോ വേണമെന്നില്ല. രംഗവസ്തുക്കള്‍പോലും വേണ്ട. കാണികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംപറഞ്ഞ് സാഹചര്യത്തിനനുസരിച്ച് പുരോഗമിക്കുന്ന നാടകങ്ങളും ഉണ്ട്.

Subscribe to കിളിചെപ്പ് by Email
Share it:

നാടകം

Post A Comment:

0 comments: