മനുഷ്യാവകാശ കമീഷനു പകരം 2006 ജൂണ്‍ 19ന് 170 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ ജനീവയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോകമെങ്ങുമുള്ള മനുഷ്യരുടെ അവകാശങ്ങള്‍ക്ക് തണലൊരുക്കാനാണ് യുഎന്‍ ഇതിലൂടെ ശ്രമിക്കുന്നത്. മൂന്നുവര്‍ഷത്തേക്കാണ് കൗണ്‍സിലിനെ തെരഞ്ഞെടുക്കുന്നത്. കൗണ്‍സില്‍ അംഗങ്ങളെ ലോകത്തെ വിവിധ മേഖലകളായി കണ്ട് മേഖലാ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. മനുഷ്യാവകാശ പ്രശ്നങ്ങളില്‍ സമീപ ദശകങ്ങളില്‍ യുഎന്‍ വന്‍പ്രാധാന്യം നല്‍കി ഇടപെടുന്നു. മനുഷ്യാവകാശ നിഷേധങ്ങളും വംശഹത്യകളും ഐക്യരാഷ്ട്ര സമിതി പരിശോധിക്കുന്നു. എല്ലാ അംഗരാജ്യങ്ങളും ഭക്ഷണം, ആരോഗ്യം, സാമ്പത്തികം, പരിസ്ഥിതി, വ്യക്തിസുരക്ഷ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് മാനവസുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍
ഐക്യരാഷ്ട്രസംഘടന നേതൃത്വം നല്‍കുന്ന മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെയും മുഖ്യ നിര്‍വഹണ ഉദ്യോഗസ്ഥനാണ് മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍. യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലിന്റെ പദവിയുണ്ട് ഇതിന്. നാലുവര്‍ഷമാണ് കാലാവധി. ആസ്ഥാനം ജനീവ.
ദേശീയ മനുഷ്യാവകാശ കമീഷന്‍
1993 സെപ്തംബറിലാണ് ഇന്ത്യയില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ രൂപീകൃതമായത്. മനുഷ്യാവകാശ സംരക്ഷണ നിയമ പ്രകാരം ഇന്ത്യ യുടെ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്ന ആളായിരിക്കണം കമീഷന്റെ ചെയര്‍മാന്‍. അഞ്ചംഗങ്ങള്‍ അടങ്ങിയ കമീഷനില്‍ മൂന്നുപേരും വിരമിച്ച ന്യായാധിപന്മാരായിരിക്കും. മറ്റു രണ്ടുപേര്‍ മനുഷ്യാവകാശ സംബന്ധമായ കാര്യങ്ങളില്‍ നിപുണരുമായിരിക്കും. ദേശീയ വനിതാ കമീഷന്‍ അ ധ്യക്ഷ, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ കമീഷനിലെ അനൗദ്യോഗിക അംഗങ്ങളാണ്. മലയാളിയായ ജ സ്റ്റിസ് കെ ജി ബാലകൃഷ്ണ നാണ് ഇപ്പോഴത്തെ ചെയര്‍മാന്‍. കമീഷന് സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളുമുണ്ട്. രാജ്യത്തെ മനുഷ്യാവകാശ ലംഘനം സംബന്ധിച്ച കേസുകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് സാധാരണ കോടതിയില്‍ വിചാരണ നടത്താം. ദേശീയ മനുഷ്യാവകാശ കമീഷ ന്റെ കണക്ക് അനുസരിച്ച് അധ:സ്ഥിതവര്‍ഗത്തില്‍പ്പെട്ടവരും സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കു ഇരയാവുന്നത്.
സംസ്ഥാന മനുഷ്യാവകാശ കമീഷന്‍
ദേശീയ മനുഷ്യാവകാശ കമീഷന്റെ ചുവടുപിടിച്ച് 1998 ഡിസംബര്‍ 11-ന് കേരളത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ രൂപീകരിച്ചു. ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ആളായിരിക്കണം കമീഷന്റെ അധ്യക്ഷന്‍. ആസ്ഥാനം തിരുവനന്തപുരം. മനുഷ്യന് നേരെ പീഡനം നടക്കുമ്പോള്‍ സ്വമേധയാ ആയിട്ടും പീഡിതനായ പൗരനോ അയാള്‍ക്കുവേണ്ടി മറ്റാരെങ്കിലുമോ പരാതി നല്‍കുമ്പോഴും കമീഷന്‍ കേസെടുത്ത് നടപടി ആരംഭിക്കും. സംഭവം നടന്നു ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കണം. ജസ്റ്റിസ് ജെ ബി കോശിയാണ് ഇപ്പോഴത്തെ ചെയര്‍മാന്‍.
മനുഷ്യാവകാശ പ്രമാണങ്ങള്‍
കൂട്ടക്കൊല, അടിമത്തം, വര്‍ണ വിവേചനം, വംശീയ വിവേചനം, സ്ത്രീകള്‍ക്കെതിരായ വിവേചനം, തടവിലെ പീഡനം, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ മനുഷ്യാവകാശ ലംഘനത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ക്കെതിരായി നിര്‍ദേശിച്ചിട്ടുള്ള അന്താരാഷ്ട്ര നിയമങ്ങളാണ് മനുഷ്യാവകാശ പ്രമാണങ്ങള്‍.
അന്താരാഷ്ട്ര നിയമസംഹിതകള്‍
മനുഷ്യാവകാശ പ്രഖ്യാപനം രാജ്യങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങള്‍ മാത്രമായിരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങള്‍ക്കു ഏകീകരണം ഇല്ലാത്തതിനാല്‍ 1966-ല്‍ ഐക്യരാഷ്ട്ര പൊതുസഭ രണ്ടു നിയമസംഹിത അംഗീകരിച്ചു. ഒന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ പരമ്പരാഗതമായി അംഗീകരിച്ചു വരുന്ന പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംബന്ധിച്ചത്. മറ്റൊന്ന് സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അവകാശങ്ങളുമായി ബന്ധപ്പെട്ടത്. 1976 മുതലാണ് ഇവ പ്രാബല്യത്തിലായത്. 1979-ല്‍ ഇന്ത്യ ഈ നിയമങ്ങള്‍ സ്ഥിരീകരിച്ചു.
കുട്ടികളുടെ അവകാശങ്ങള്‍
കുട്ടികളെ പൂര്‍ണ വ്യക്തികളായി കണ്ട് അവരുടെ വ്യക്തിത്വം അംഗീകരിച്ച് സമൂഹത്തിന്റെ പ്രവര്‍ത്തനം ഉണ്ടാകണം. ഐക്യരാഷ്ട്രസഭ ഇതിനുവേണ്ടി കുട്ടികളുടെ അവകാശ പ്രഖ്യാപനം 1959-ലും അവകാശ കണ്‍വന്‍ഷന്‍ 1989-ലും നടത്തി. യുഎന്‍ അംഗങ്ങളില്‍ അമേരിക്കയും സോമാലിയയും ഒഴികെയുള്ള 195 രാഷ്ട്രങ്ങള്‍ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നവംബര്‍ 20 സാര്‍വദേശീയ ശിശുദിനമായി ആചരിക്കുന്നു. 1989 നവംബര്‍ 20ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ കുട്ടികളുടെ അവകാശ ഉടമ്പടി അംഗീകരിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ചൂഷണങ്ങള്‍ തടയാനും വേണ്ട വകുപ്പുകള്‍ നമ്മുടെ രാജ്യത്തെ ശിക്ഷാനിയമത്തിലും ഭരണഘടനയിലും ഉണ്ട്. കുടുംബത്തോടൊപ്പം സ്വന്തം നാട്ടില്‍ താമസിക്കാനും നല്ല വിദ്യാഭ്യാസം ലഭിക്കാനും എല്ലാ കുട്ടികള്‍ക്കും അവകാശമുണ്ട്. എല്ലാതരം ചൂഷണങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് സംരക്ഷണം ലഭിക്കണം. തങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയെന്ന് ഓരോ കുട്ടിയും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
Subscribe to കിളിചെപ്പ് by Email
0 Comments