Header Ads Widget

ലോഹമാക്കാം സിമന്റിനെ

  • സിമന്റിനെ ലോഹമാക്കി മാറ്റാന്‍കഴിയുമോ? ഇലക്ട്രോണിക്സ് രംഗത്തെ താരമായി സിമന്റ് മാറുമോ? ഏയ്, അതിനു സാധ്യതയില്ലെന്നാണോ ഉത്തരം? എങ്കില്‍ തെറ്റി. സിമന്റിനെ ലോഹമാക്കിമാറ്റാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ തെളിയിച്ചുകഴിഞ്ഞു. പണ്ട് ആല്‍കെമിസ്റ്റുകള്‍ വിലകുറഞ്ഞ ലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റാന്‍ ശ്രമിച്ചതുപോലെ ലോഹങ്ങളുടെ സവിശേഷതകള്‍ ഒട്ടുമില്ലാത്ത പദാര്‍ഥങ്ങള്‍ക്ക് ലോഹസ്വഭാവം നല്‍കാനുള്ള ശ്രമത്തിലാണ് പല ഗവേഷണശാലകളും. അഭിനവ ആല്‍കെമിസ്റ്റുകളുടെ റോളിലാണ് ഈ രംഗത്തെ ഗവേഷകര്‍. അമേരിക്കയില്‍ ആര്‍ഗോന്നെ നാഷണല്‍ ലബോറട്ടറിയില്‍ അമേരിക്ക, ജപ്പാന്‍, ഫിന്‍ലാന്‍ഡ്, ജര്‍മനി എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരടങ്ങിയ സംഘമാണ് സിമന്റിനെ ലോഹമാക്കുന്ന ഇന്ദ്രജാലം യാഥാര്‍ഥ്യമാക്കിയത്.

    ജപ്പാനിലെ സിങ്കോട്രോണ്‍ റേഡിയേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള ഗവേഷകരായ ബെന്മോറും ഷിഞ്ചി കൊഹാറയുമാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. അലുമിനാ സിമന്റിലെ ഒരു പ്രധാന ഘടകമായ മേയെനൈറ്റ് ഉപയോഗിച്ചായിരുന്നു പരീക്ഷണം. കാത്സ്യത്തിന്റെയും അലുമിനിയത്തിന്റെയും ഓക്സൈഡുകള്‍ അടങ്ങിയിട്ടുണ്ട് ഇതില്‍. ഒരു എയ്റോഡൈനാമിക് ലെവിറ്റേറ്ററില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലേസര്‍ ബീം ഉപയോഗിച്ച് സിമന്റിനെ 2000 ഡിഗ്രി സെല്‍ഷ്യസില്‍ ഉരുക്കി ദ്രാവകാവസ്ഥയിലേക്കു മാറ്റി. മറ്റു പ്രതലങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് തടയാനും ചൂടുള്ള ദ്രാവകം ക്രിസ്റ്റല്‍ രൂപത്തിലേക്കു മാറുന്നത് തടയാനുമാണ് ലെവിറ്റേറ്റര്‍ ഉപയോഗിച്ചത്. ഈ സിമന്റ് ദ്രാവകം തണുപ്പിച്ചപ്പോള്‍ അത് ഗ്ലാസ്പോലുള്ള അവസ്ഥയിലേക്കു വന്നു. എന്നുവച്ചാല്‍ സാധാരണ ഗ്ലാസിലേതുപോലെ കൃത്യമായൊരു ക്രമവുമില്ലാത്ത തന്മാത്രാക്രമീകരണമുള്ള ഒരു പദാര്‍ഥമായി മാറി എന്നു സാരം.

    ഇതിലെ കൂടുപോലുള്ള ഘടനയ്ക്ക് സ്വതന്ത്ര ഇലക്ട്രോണുകളെ കുരുക്കാനുള്ള കഴിവുണ്ട്. മെറ്റാലിക് ഗ്ലാസ് എന്നാണ് ഈ പദാര്‍ഥത്തെ വിളിക്കുന്നത്. ഈ ഇലക്ട്രോണ്‍ ട്രാപ്പിങ്ങാണ് മെറ്റാലിക് ഗ്ലാസിന് വൈദ്യുത ചാലകത നല്‍കുന്നത്. ലോഹങ്ങള്‍ക്ക് സ്വതന്ത്ര ഇലക്ട്രോണുകള്‍ ചാലകഗുണം നല്‍കുന്നതുപോലെ ഈ മെറ്റാലിക് ഗ്ലാസിന് കുരുക്കപ്പെട്ട ഇലക്ട്രോണുകള്‍ ചാലകത നല്‍കും. ഇതിനുമുമ്പ് ലോഹങ്ങളെ മാത്രമേ മെറ്റാലിക് ഗ്ലാസാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നുള്ളു. ഇപ്പോള്‍ സിമന്റിനെ മെറ്റാലിക് ഗ്ലാസാക്കി മാറ്റാമെന്ന കണ്ടെത്തല്‍ പദാര്‍ഥവിസ്മയങ്ങളിലേക്കും അതിന്റെ നൂതന സാധ്യതകളിലേക്കുമുള്ള വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്. സിമന്റ്പോലുള്ള ഒരു കെട്ടിടനിര്‍മാണ വസ്തു മെറ്റാലിക്ഗ്ലാസിന്റെ രൂപത്തില്‍ അര്‍ധചാലകമായി മാറി കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലുമൊക്കെ സ്ഥാനംപിടിക്കുന്ന കാലമാണ് വരുന്നത്. ഇലക്ട്രോണിക്സ് രംഗത്ത് കനംകുറഞ്ഞ പാളികള്‍, സംരക്ഷണ ആവരണങ്ങള്‍, കംപ്യൂട്ടര്‍ ചിപ്പുകള്‍, എല്‍സിഡികളിലെ കനം കുറഞ്ഞ റെസിസ്റ്ററുകള്‍ എന്നിവയുടെയൊക്കെ നിര്‍മാണത്തില്‍ പുതിയ മെറ്റാലിക് ഗ്ലാസ് ഉപയോഗിക്കുന്നത് ലാഭകരമാവുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.

    സവിശേഷതകള്‍ ഏറെയാണ് പുത്തന്‍ മെറ്റാലിക് ഗ്ലാസിന്. അത് സാധാരണ ലോഹങ്ങളെപ്പോലെ എളുപ്പം ലോഹനാശത്തിനു വിധേയമാവുന്നില്ല. സാധാരണ ഗ്ലാസ്പോലെ പെട്ടെന്നു പൊട്ടിപ്പോവുകയുമില്ല. കാന്തിക മണ്ഡലത്തില്‍ ഇതിനുണ്ടാവുന്ന ഊര്‍ജനഷ്ടം കുറവാണ്. അതിനെ ഏതു രൂപത്തിലേക്കും മാറ്റാന്‍ എളുപ്പവുമാണ്. മുമ്പ് അമോണിയ ദ്രാവകത്തില്‍ മാത്രം തിരിച്ചറിഞ്ഞ ഇലക്ട്രോണ്‍ ട്രാപ്പിങ് എന്ന പ്രതിഭാസമാണ് ഇപ്പോള്‍ സിമന്റിനെ മെറ്റാലിക് ഗ്ലാസാക്കി മാറ്റുന്ന മാന്ത്രിക വടി. വൈദ്യുതചാലകമല്ലാത്ത ഖരവസ്തുക്കളെ സാധാരണ താപനിലയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ധചാലകങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്ന നേട്ടമാണിത്. സിമന്റിനെ ലോഹമാക്കി മാറ്റാന്‍ കഴിഞ്ഞെങ്കിലും രഹസ്യങ്ങള്‍ ഇനിയും ചുരുള്‍നിവരാനുണ്ടെന്നാണ് ഗവേഷകര്‍പറയുന്നത്.
    കടപ്പാട് :- ദേശാഭിമാനി (കിളിവാതിൽ)
Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments