Header Ads Widget

മനുഷ്യന്‍െറ ചാന്ദ്രയാത്ര

‘അമ്പിളിമാമന്‍െറ വീട്ടിലും നമ്മുടെ
അമ്മാവന്മാര്‍ ചിലര്‍ പോയിവന്നു
അഞ്ചാറു കല്ലുകളത്രേ നമുക്കായ്
സഞ്ചിയില്‍ മാമന്‍ കൊടുത്തയച്ചു.’

-മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്‍െറ ആവേശത്തില്‍ മലയാളത്തിന്‍െറ പ്രിയ കവി ഒ.എന്‍.വി. കുറുപ്പ് കുട്ടികള്‍ക്കായി എഴുതിയ കവിതയാണിത്. ലളിതവും മനോഹരവുമായ വരികള്‍ അല്ലേ കൂട്ടുകാരേ?
മാനത്ത് അമ്പിളിമാമനെ കാണാന്‍ തുടങ്ങിയ കാലത്തേ മനുഷ്യന്‍െറ ആഗ്രഹമാണ് ആ വെള്ളിക്കിണ്ണത്തില്‍ ഒന്നു തൊടാന്‍. അദ്ഭുതത്തോടെയും ഒട്ടൊരു കൗതുകത്തോടെയും അമ്പിളിമാമനെ  നോക്കിനിന്ന മനുഷ്യന്‍ അതിനെ അടുത്തറിയാനും കീഴടക്കാനുമുള്ള ശ്രമങ്ങളും ആരംഭിച്ചു. 1959ല്‍ സോവിയറ്റ് യൂനിയന്‍െറ ചാന്ദ്രവാഹനം ലൂണ-3 ചാന്ദ്രരഹസ്യങ്ങള്‍ തേടിയിറങ്ങി. മനുഷ്യരാരുമുണ്ടായിരുന്നില്ല ലൂണയില്‍. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതോടെയാണ് മനുഷ്യന്‍െറ ചാന്ദ്രയാത്രാ സ്വപ്നങ്ങള്‍ക്ക് ചിറകുമുളക്കുന്നത്. 1959 ഒക്ടോബര്‍ ഏഴിന് ചന്ദ്രനില്‍നിന്ന് 40 മിനിറ്റുകൊണ്ട് 29 ചിത്രങ്ങളെടുത്ത് ലൂണ -3 ചരിത്രം രചിച്ചു.
1966 ഫെബ്രുവരി നാലിന് റഷ്യയുടെ ലൂണ-9 ചന്ദ്രനില്‍ സാവധാനം ഇറങ്ങി. തുടര്‍ന്ന് ലൂണ-10, 11, 12, 13 എന്നിവ ചന്ദ്രനെ പ്രദക്ഷിണംവെച്ച് നിരവധി ചിത്രങ്ങളെടുത്ത് ഭൂമിയിലേക്കയച്ചു. സര്‍വേയര്‍, സ്പുട്നിക് തുടങ്ങിയ ബഹിരാകാശ വാഹനങ്ങള്‍ ചന്ദ്രനെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്‍കി.
1969 ജൂലൈ 21, പുലര്‍ച്ചെ 1:48നാണ് (ഇന്ത്യന്‍ സമയം) ചരിത്രത്തിലാദ്യമായി മനുഷ്യന്‍ ചന്ദ്രഗോളത്തില്‍ പറന്നിറങ്ങിയത്. അമേരിക്കന്‍ സമയം വൈകുന്നേരം 10:56, ജൂലൈ 20 ഞായര്‍. നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവര്‍ ചരിത്രകഥാപാത്രങ്ങളായി. മിഷന്‍ കമാന്‍ഡറായിരുന്ന നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി. 19 മിനിറ്റിനുശേഷം ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി. പാവം മൈക്കിള്‍ കോളിന്‍സ് ചന്ദ്രന്‍െറ മണ്ണിലൊന്നു സ്പര്‍ശിക്കാന്‍ ഭാഗ്യമില്ലാതെ വാഹനം നിയന്ത്രിച്ച് എല്ലാറ്റിനും സാക്ഷിയായി.
രണ്ടു മണിക്കൂര്‍ 48 മിനിറ്റാണ് അവര്‍ ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ചത്. 22.6 കിലോഗ്രാം മണ്ണും പാറക്കല്ലുകളും അവര്‍ ശേഖരിച്ചു. ജൂലൈ 24ന് രാത്രി 10.20ന് അവര്‍ ഭൂമിയില്‍ തിരിച്ചെത്തി.
Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments