പെരുമകളെക്കുറിച്ച് പറയുമ്പോള്‍ എന്നും വടക്കെ മലബാറുകാര്‍ക്ക് പറയാനുള്ളത് തെയ്യപ്പെരുമകളെപ്പറ്റി തന്നെയാണ്. തങ്ങളുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത തെയ്യക്കോലങ്ങളെ അവര്‍ എങ്ങിനെ വിസ്മരിക്കും? ജീവിതത്തില്‍ സങ്കടം വരുമ്പോഴും, സന്തോഷം വരുമ്പോഴും കുട്ടിക്കാലം തൊട്ടേ ഈ തെയ്യക്കോലങ്ങളുടെ കൈ പിടിച്ചു വികാരങ്ങള്‍ പങ്കു വെക്കുന്നവരാണ് ഓരോ വടക്കെ മലബാറുകാരനും.
ദൈവം വിഗ്രഹങ്ങളില്‍ നിന്നിറങ്ങി ജീവിക്കുന്ന കോലങ്ങള്‍ ആകുമ്പോള്‍, കീഴ്ജാതിക്കാരന്‍ കെട്ടിയാടുന്ന തെയ്യങ്ങളെ ഭയ ഭക്തി പുരസ്ക്കാരത്തോടെ മേല്ജാതിക്കാരന്‍ തൊഴുത് നില്‍ക്കുമ്പോള്‍ അവിടെ തെയ്യം ഒരു സാമൂഹ്യ വിപ്ലവം ആകുകതന്നെയാണ്. ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള പാരസ്പര്യത്തിലൂടെ ഉളവാകുന്ന മാനസിക വിപ്ലവം അവിടെ നടക്കുന്നു. കേവലമായ വായനക്കപ്പുറം ഇത് അനുഭവിച്ചറിയുക തന്നെ വേണം. ചിലര്‍ക്ക് തെയ്യം ഒരു അനുഷ്ഠാനമാണെങ്കില്‍, മറ്റുചിലര്‍ക്ക് അതൊരു കലാരൂപമാണ് !!
നൃത്തം ചെയ്യുന്ന ദേവതാ സങ്കല്‍പ്പമാണ് തെയ്യം. തെയ്യത്തിന്റെ നൃത്തത്തെ തെയ്യാട്ടം, തിറയാട്ടം അഥവാ കളിയാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. ദൈവം എന്ന പദത്തിന്റെ മറ്റൊരു രൂപമാണ് ‘തെയ്യം’. ഭക്തരുടെ സങ്കടകണ്ണ്‍നീര്‍ ഒപ്പാനും, അവരുടെ വേദനകള്‍ക്ക് ആശ്വാസമേകാനും ഗ്രാമങ്ങളില്‍ ഉറഞ്ഞാടുന്ന തെയ്യം എന്നും ശ്രദ്ധ വെക്കുന്നു. അവരുടെ സങ്കടങ്ങളെ അരിയും കുറിയുമെറിഞ്ഞു ‘ഗുണം വരുത്തുകയും’ ഒപ്പം തന്നെ അവര്‍ക്ക് അവരുടെ ഇഷ്ടവര പ്രസാദിയായും, ഉദാത്തമായ കലാരൂപമായും സ്വയംഅനുഭവഭേദ്യമാകുകയും ചെയ്യുന്നു. അങ്ങിനെ വിളകള്‍ കാത്തും,നാട് കാത്തും, രോഗങ്ങള്‍ അകറ്റിയും നാടിന്റെയും നാട്ടാരുടേയും സ്പന്ദിക്കുന്ന നാഡി മിടിപ്പായി തെയ്യം പരിണമിക്കുകയും ചെയ്യുന്നു.
പഴയങ്ങാടി മുതല്‍ വളപട്ടണം വരെ തെയ്യം എന്നും പഴയങ്ങാടി പുഴയ്ക്ക് വടക്കോട്ട് കളിയാട്ടം എന്നും വളപട്ടണം മുതല്‍ തെക്കോട്ട് തിറയാട്ടം എന്ന പേരിലുമാണ് തെയ്യം അറിയപ്പെടുന്നത് എന്നാണു പൊതുവേ പറയാറുള്ളതെങ്കിലും പഴയങ്ങാടി മുതല്‍ വളപട്ടണം വരെയുള്ള സ്ഥലങ്ങളില്‍ തന്നെ കളിയാട്ടം എന്നും തെയ്യത്തെ വിശേഷിപ്പിക്കാറുണ്ട്. ഉദാഹരണമായി പറശ്ശിനിക്കടവിനടുത്ത ആന്തൂര്‍ കാവിലെ തെയ്യോല്‍സവം കളിയാട്ടം എന്ന പേരിലാണ് അറിയപ്പെടുന്നത്.
ആയിരമാണ്ടുകള്‍ പഴക്കമുള്ളതാണ് തെയ്യം എന്ന അനുഷ്ടാനം എന്നറിയുമ്പോള്‍ അതിന്റെ ഉല്പത്തിയെക്കുറിച്ച് നാം തീര്‍ച്ചയായും അന്വേഷിക്കും. അത് ചെന്നെത്തുന്നത് സംഘകാലത്തിലാണ്. അന്ന് അത് “വേലന്‍ വേറിയാട്ടം” എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സംഘകാല കൃതികളില്‍ പ്രധാനമായ ഇളങ്കോവടികളുടെ “ചിലപ്പതികാര”ത്തില്‍ കുമരിക്കോലം, വേലന്‍ വെറിയാട്ട് തുടങ്ങിയ കലാ രൂപങ്ങളുടെ പരാമര്‍ശങ്ങള്‍ ഉണ്ട്.
ഒരു കല എന്ന നിലയില്‍ വേലന്‍ വെറിയാട്ടത്തെക്കുറിച്ച് വ്യക്തമായ സൂചനകളില്ലെങ്കിലും അഗ്നിയെ അടിസ്ഥാനമാക്കി ഈ പേരില്‍ സംഘകാലത്ത് അനുഷ്ഠാന നൃത്തങ്ങള്‍ നടന്നുവന്നിരുന്നതായി സംഘകാല സാഹിത്യ കൃതികളില്‍ സൂചനയുണ്ട്. പ്രകൃതിജന്യ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ട വ്യക്തികള്‍ വിശ്വാസത്തെ നില നിര്‍ത്തുന്നതിന്റെ ഭാഗമായി ആടിയിരുന്ന ആട്ടമത്രേ അത്. ഇന്നും തെയ്യക്കോലങ്ങള്‍ ഉപയോഗിക്കുന്നത് പ്രകൃതി ജന്യ വസ്തുക്കള്‍ തന്നെയാണ്.
തെയ്യങ്ങളുടെ മുഖത്തെഴുത്തിന് ചായില്യം, മനയോല, തിരിമഷി, അഞ്ജനം, ചുണ്ണാമ്പ്, തുടങ്ങിയ പ്രകൃതി വസ്തുക്കളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ചമയങ്ങളും ഒട്ടൊക്കെ കുരുത്തോലയില്‍ തീര്‍ത്തതാണ്. ‘തങ്ങളുടെ ഉപാസന മൂര്‍ത്തികളുടെ പ്രതിപുരുഷന്‍മാര്‍ നാട്ടുവഴക്ക് പ്രകാരം ദൈവഹിതത്തിനനുസരിച്ചു ഉറഞ്ഞാടി വിശ്വാസികള്‍ക്ക് അഭയമരുളകയാണെന്ന’ പഴയ ചിട്ടയില്‍ നിന്ന് തെയ്യാട്ടത്തിനു വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കാലത്തിനനുസരിച്ച ചില പരിഷ്ക്കാരങ്ങള്‍ അവിടെയുമിവിടെയും ഉണ്ടായിട്ടുണ്ട് എന്നുള്ളത് കണ്ടില്ലെന്ന്‍ നടിക്കുന്നുമില്ല.
തീര്‍ത്തും ശാസ്ത്രീയതയില്ലാതെയുള്ള നടപ്പ് ശീലങ്ങളില്‍ ദൃശ്യവല്ക്കരിച്ചിരുന്ന ഈ കലാരൂപത്തിനു പുതിയ ഭാവവും രൂപവും നല്‍കി ചിട്ടപ്പെടുത്തിയത് “ശ്രീ വല്ലഭന്‍” കോലത്തിരി രാജാവായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം “മണക്കാടന്‍ ഗുരുക്കള്‍’ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം “ചാലയില്‍ പെരുമലയന്‍” എന്നൊരാള്‍ തെയ്യങ്ങള്‍ക്ക് പുതിയ രൂപ ഭാവങ്ങള്‍ നല്‍കി എന്ന് പറയപ്പെടുന്നുണ്ട്. അത് പരിശോധിക്കേണ്ടതാണ്. കുട്ടിച്ചാത്തന്‍ തെയ്യത്തെ കെട്ടിയാടിക്കാനുള്ള രൂപം നല്‍കിയത് ഇദ്ദേഹം ആണെന്ന് പറയപ്പെടുന്നു. വടക്ക് ചന്ദ്രഗിരിപ്പുഴ മുതല്‍ തെക്ക് കോരപ്പുഴ വരെ നീണ്ടു കിടക്കുന്നതായിരുന്നു കോലത്തിരി രാജ വംശം. തെയ്യത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ച മറ്റൊരു രാജവംശം ഇല്ലെന്നു തന്നെ പറയാം.
കരിവെള്ളൂരിലെ വണ്ണാന്‍ സമുദായത്തില്‍ പിറന്ന മണക്കാടന്‍ ഗുരുക്കള്‍ മഹാമാന്ത്രികനും കലകളില്‍ പ്രാവീണ്യം നേടിയവനുമായിരുന്നു. അദ്ദേഹത്തെപ്പറ്റി കേട്ടറിഞ്ഞ കോലത്തിരി രാജാവായ ശ്രീ വല്ലഭന്‍ ഗുരുക്കളെ ചിറക്കല്‍ കോവിലകത്തെക്ക് ക്ഷണിക്കുകയും തന്റെ ഇംഗിതം അറിയിക്കുകയും ചെയ്തതിന്റെ ഫലമായി ഒറ്റ രാത്രി കൊണ്ട് കോലത്തിരി രാജാവിന്റെ സ്വപ്ന ദൃഷ്ടിയില്‍ ഒന്ന് കുറെ നാല്പത് (39) തെയ്യക്കോലങ്ങളെ കളിയാടിച്ചു. കോലസ്വരൂപത്തിന്റെയും (കോലത്തിരി രാജാവ്), അള്ളട സ്വരൂപത്തിന്റെയും (നീലേശ്വരം രാജാവ്) കലാ സംസ്ക്കാരവുമായി ബന്ധപ്പെട്ട് വാഴ്ത്തപ്പെടുന്നവയാണ് “ഒന്ന് കുറെ നാല്‍പ്പത്” തെയ്യങ്ങള്‍.
തെയ്യക്കോലങ്ങള്‍ തട്ടകത്തിലേക്ക് വരുന്നതിന് മുന്നോടിയായി രംഗത്ത് വരുന്ന തോറ്റം പാട്ടുകളില്‍ പലതിലും ഒന്നു കുറെ നാല്‍പ്പത് തെയ്യങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. കുണ്ടോറ ചാമുണ്ഡി തോറ്റത്തില്‍ “ഒന്ന് കുറ നാല്പതിനെയും തോറ്റിചമച്ചാന്‍ ശ്രീ മഹാദേവന്‍ തിരുവടി നല്ലച്ചന്‍” എന്നും “ഒന്നു കുറെ നാല്പ്പതുമേ വാണാക്കന്‍മാരെ “ എന്ന് പാണന്‍മാരുടെ വസൂരിമാല തോറ്റത്തിലും , “ഒന്നു കുറ നാല്‍പ്പതുമെ കൂടെയുള്ളയാള്‍” എന്ന് ഭദ്രകാളി തോറ്റത്തിലും പറയുന്നത് ഇതിനെ ശരിവെക്കുന്നതാണ്.
എന്നാല്‍ ഇന്നത്തെ തെയ്യം അവതരണത്തില്‍ ഇപ്പറഞ്ഞ ഒന്ന് കുറെ നാല്‍പ്പത് തെയ്യക്കോലങ്ങള്‍ കെട്ടിയാടപ്പെട്ടു കാണുന്നില്ലെന്ന് മാത്രമല്ല അതിനു പകരം “പീഠ”വഴക്ക പുരാവൃത്ത പ്രകാരമുള്ള മുപ്പത്തൈവര്‍ തെയ്യങ്ങളും അവയുടെ അവാന്തരവിഭാഗങ്ങളുമാണ് കെട്ടിയാടിക്കപ്പെട്ട് കാണുന്നതും ആരാധിക്കുന്നതും. കോലം കല്‍പ്പിച്ചു കെട്ടിയാട്ട രീതി നടപ്പുള്ള ഇരുപത്തിയൊന്‍പതു തെയ്യങ്ങള്‍ക്കും കെട്ടിയാട്ടമില്ലാത്ത സങ്കല്‍പ്പ പീഠം കല്‍പ്പിക്കപ്പെട്ട ആറു തെയ്യങ്ങള്‍ക്കും ഇതിനോടോപ്പം പിന്നീട് കൂട്ടിചേര്‍ക്കപ്പെട്ട വയനാട്ടുകുലവന്‍, ചീര്‍മ്മ ഭഗവതിയും, കുണ്ടോറ ചാമുണ്ഡിയും കുറത്തിയും ചേര്‍ന്നാണ് ഒന്നുകുറ നാല്‍പ്പത്ആയി മാറിയത്.
ഓരോ തെയ്യവും ഉറഞ്ഞാട്ടത്തിനൊടുവില്‍ കാവിന്‍മുറ്റത്ത് മരംകൊണ്ടു കമനീയമായുണ്ടാക്കിയ പീഠത്തില്‍ ഇരിക്കുന്നതിനു മുമ്പായി ‘ചേരമാന്‍ പെരുമാള്‍’ കല്‍പ്പിച്ചു കൊടുത്ത പീഠങ്ങളെക്കുറിച്ച് വിളിച്ചുരിയാടുന്നത് കേള്‍ക്കാം. ഉദാഹരണമായി: “......വാണ വളപടത്ത് കോനാതിരി അപ്രകാരം ഒരു പീഠം എനക്കും വഴക്കം ചെയ്തിട്ടുണ്ടല്ലോ” എന്ന്. തെയ്യങ്ങള്‍ പീഠത്തിലിരിക്കുന്നതിന് മുമ്പ് ഈ പീഠവഴക്കം പറയണമെന്നാണ് ചിട്ട. ഐമ്പാടി ചിത്ര പീഠം (സാമൂതിരി നാട്), പള്ളിചിത്ര പീഠം (കോലത്തിരി നാട്), മടിയന്‍ ചിത്രപീഠം (കാഞ്ഞങ്ങാട്-നീലേശ്വരം), കുമ്പള ചിത്ര പീഠം (കുമ്പള-മായിപ്പാടി സ്വരൂപം) എന്നിവയാണാ പീഠങ്ങള്‍.
തെയ്യക്കോലങ്ങളുടെ അരുളപ്പാടിലും ശ്ലോകങ്ങളിലും പരാമര്‍ശ വിധേയമായ ആ മുപ്പത്തൈവര്‍തെയ്യങ്ങളുടെ പേരുകള്‍ ഇവയാണ്: “മുമ്പിനാല്‍ തമ്പുരാന്‍ ബന്ത്രക്കോലപ്പന്‍ (പെരും തൃക്കോവിലപ്പന്‍), തായിപ്പരദേവത, കളരിയാല്‍ ഭഗവതി, സോമേശ്വരി, ചുഴലി ഭഗവതി, പാടിക്കുറ്റി അമ്മ, വയത്തൂര്‍, കാലിയാര്‍, കീഴൂര്‍ ശാസ്താവ്, കീഴൂര്‍ വൈരജാതന്‍ (വൈരജാതനീശ്വരന്‍), മടിയന്‍ ക്ഷേത്രപാലകന്‍, വീരഭദ്രന്‍, മഹാഗണപതി, യക്ഷന്‍, യക്ഷി, കുട്ടിശാസ്തന്‍, ഊര്പ്പഴച്ചി (ഊര്പഴശ്ശി), വേട്ടയ്ക്കൊരു മകന്‍, ഇളംകരുമകന്‍, പൂതൃവാടിചേകവര്‍ (കന്നിക്കൊരു മകന്‍), ബമ്മുരിക്കന്‍, കരിമുരിക്കന്‍, തെക്കന്‍ കരിയാത്തന്‍, വയനാട്ടുകുലവന്‍, തോട്ടുംകര ഭഗവതി, പുതിയ ഭഗവതി, വീരര്‍ കാളി, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി, രക്തേശ്വരി, രക്തചാമുണ്ഡി, ഉച്ചിട്ട, കരിവാള് (കരുവാള്‍), കണ്ടാകര്‍ണ്ണന്‍, വീരന്‍” എന്നിവയാണ് മുപ്പത്തൈവര്‍ തെയ്യങ്ങള്‍.
ബന്ത്രക്കോലപ്പന്‍ (പെരും തൃക്കോവിലപ്പന്‍): തളിപ്പറമ്പത്തപ്പനായ രാജ രാജേശ്വരനെ തെയ്യങ്ങളെല്ലാം ‘എന്റെ ബന്ത്രുക്കോലപ്പാ’ എന്ന് സംബോധന ചെയ്ത് വന്ദിക്കുന്ന പതിവ് നിലവിലുണ്ട്. ഈ തെയ്യത്തിനു കെട്ടിക്കോലം നിലവിലില്ല.
തായിപ്പരദേവത: കോല സ്വരൂപത്തിന്റെ കുല ദേവത. മാടായി തിരുവര്‍ക്കാട്ട് ഭഗവതി. ദാരികാന്തകിയായ മഹാകാളിയാണ്.
കളരിയാല്‍ ഭഗവതി: വളപട്ടണത്തെ കളരി വാതില്‍ക്കല്‍ കാവില്‍ കെട്ടിയാടുന്ന കാളീ സങ്കല്‍പ്പത്തിലുള്ള ദേവത. ഇവരെ കളരിവാതില്‍ക്കലമ്മ എന്നും വിളിക്കുന്നു.
സോമേശ്വരി ദേവി: പാര്‍വതീ ദേവി സങ്കല്‍പ്പത്തിലുള്ള മാതൃദേവത. നേരിയോട്ടു സ്വരൂപത്തിന്റെ കുലദേവത. സോമേശ്വരിക്ക് പടികാവല്‍ക്കാരായി കരിഞ്ചാമുണ്ടിയും കൂടെയുണ്ടാകും.
ചുഴലി ഭഗവതി: ചെറുകുന്ന് അന്നപൂര്‍ണ്ണശ്വരി ദേവിയുടെ സഹോദരി സങ്കല്‍പ്പത്തിലുള്ള ദേവത, ചുഴലി ക്ഷേത്രത്തില്‍ കെട്ടിക്കോലമുണ്ട്. ചുഴലി സ്വരൂപത്തിന്റെ കുലദേവത.
പാടിക്കുറ്റിയമ്മ: മുത്തപ്പന്റെ മാതാവ് എന്ന സങ്കല്‍പ്പം. മൂലംപെറ്റ ഭാഗവതിയായും കൊട്ടിയൂരമ്മയായും ഈ ദേവത ആരാധിക്കപ്പെടുന്നു.
വയത്തൂര്‍ കാല്യാരീശ്വരന്‍: കിരാതമൂര്‍ത്തിയായ പരമേശ്വര സങ്കല്‍പ്പം. വയത്തൂര്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ഈ മഹാദേവന് കെട്ടിക്കോലമില്ല.
കീഴൂര്‍ ശാസ്താവ്: ശൌര്യ വീര്യ പരാക്രമമുള്ള ദേവന്‍. തുളുനാട്ടിലെ കീഴൂരില്‍ കുടികൊള്ളുന്ന ദേവന്‍ മറ്റ് ദേവതമാര്‍ക്കൊക്കെ ആരാധ്യ ദേവനെന്നു കരുതപ്പെടുന്നു. കുണ്ടോറ ചാമുണ്ഡി മലനാട്ടിലേക്കിറങ്ങാന്‍ ശാസ്താവിനു മുന്നില്‍ മണല്‍ വിരിച്ചു കമ്പക്കയര്‍ തീരത്ത് കാണിച്ച കഥയുണ്ട്. ഈ ദേവതക്കു കോലമില്ല.
പുതിയ ഭഗവതി: തീയരുടെയും നായന്മാരുടെയും ആരാധ്യദേവത. ശ്രീ കുറുമ്പ ഭഗവതി കടലരികെ കൂടി വന്നു വസൂരി വിതച്ചപ്പോള്‍ അത് ശമിപ്പിക്കാന്‍ വേണ്ടി ഹോമകുണ്ടത്തിലൂടെ പൊടിച്ചു വന്ന് മലയരികിലൂടെ വന്ന ദേവത.
ക്ഷേത്രപാലന്‍: ശിവസംഭവനായ ഒരു വീരനാണ് ദേവന്‍, കേരള വര്‍മ്മക്കും ഭാഗീരഥി തമ്പുരാട്ടിക്കും വേണ്ടി അള്ളോന്‍, മന്നോന്‍ തുടങ്ങിയ നാട്ടു പ്രഭുക്കന്മാരെ പരാജയപ്പെടുത്തി അള്ളട സ്വരൂപം പിടിച്ചടക്കികൊടുക്കാന്‍ കോഴിക്കോട്ടു നിന്നും വന്ന ദേവന്‍. ക്ഷേത്രപരിപാലകന്‍.
വൈരജാതന്‍: വീരഭദ്രന്‍ എന്ന് കൂടി വിളിക്കപ്പെടുന്ന ക്ഷേത്രപാലകന്റെ ചങ്ങാതി. ചെറുവത്തൂര്‍ കമ്പിക്കാനം, മാടത്തിന്‍ കീഴ്, പറമ്പത്തറ എന്നീ ക്ഷേത്രങ്ങളില്‍ കുടികൊള്ളുന്നു.
വേട്ടയ്ക്കൊരു മകന്‍: ക്ഷേത്രപാലന്റെ മറ്റൊരു ചങ്ങാതിയാണ് ബാലുശ്ശേരി വേട്ടയ്ക്കൊരു മകന്‍. കുറുമ്പ്രാന്തിരി മന്നനെ കൊമ്പ് കുത്തിച്ച വീരന്‍.
ഊര്‍പ്പഴച്ചി: വേട്ടയ്ക്കൊരു മകന്റെ ഉറ്റചങ്ങാതി. മറ്റ് തെയ്യങ്ങള്‍ ആദരസൂചകമായി ഐശ്വര്യപ്രഭു എന്ന് സംബോധന ചെയ്യാറുണ്ട്. വേട്ടയ്ക്കൊരു മകനെ ‘നടന്നു വാഴ്ച’ എന്നും ഊര്പ്പഴച്ചിയെ ‘ഇരുന്നു വാഴ്ച’ എന്നും പറയാറുണ്ട്.
ഇളം കരുമകന്‍: വീര ശൌര്യങ്ങള്‍ കാട്ടി നാടിനും നഗരത്തിനും ആശ്രിതവത്സനായി മാറി ആരാധന നേടിയ വൈഷ്ണവാംശമായ ദേവത. കന്നിക്കൊരു മകന്‍ എന്നും അറിയപ്പെടുന്നു. വണ്ണാന്‍ സമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്. കമ്മാള വിഭാഗക്കാര്‍ അവരുടെ പ്രധാനദേവതയായി ആരാധിച്ചു വരുന്നു.
ബമ്മുരിക്കനും കരിമുരിക്കനും: ബമ്മുരിക്കന്‍ ബലഭദ്ര സങ്കല്‍പ്പത്തിലും കരിമുരിക്കന്‍ കൃഷ്ണ സങ്കല്‍പ്പത്തിലുമാണ്. (ലവകുശ സങ്കല്‍പ്പം ഉണ്ടെന്നു പറയപ്പെടുന്നവരുണ്ട്). ഇളവില്ലി, കരിവില്ലി എന്നീ പേരുകളിലും കെട്ടിയാടുന്ന ഇവരെ നായാട്ടു മൂര്ത്തികളായും വനദേവതകളായും ആരാധിക്കാറുണ്ട്.
തെക്കന്‍ കരിയാത്തന്‍: മത്സ്യാവതാര സങ്കല്‍പ്പം. കരിഞ്ചിലാടന്‍ കല്ച്ചിറയിലും മേരൂര്‍കോട്ട കിണറ്റിലും ദര്‍ശനം കാട്ടിയ രണ്ടു മീനുകളാണ് തെക്കന്‍ കരിയാത്തനും തെക്കന്‍ കരുമകനും.
പൂതാടി: പുതൃവാടി എന്ന് കൂടി വിളിച്ചു വരുന്ന വേടരാജ സങ്കല്‍പ്പത്തിലുള്ള ദേവത. പുള്ളിക്കാളിയുടെ പൊന്മകനായി പിറന്നു പൂതാടി വനത്തില്‍ പ്രത്യക്ഷപ്പെട്ട ദേവതയാണ്.
തോട്ടുങ്കര ഭഗവതി: രാമായാണം ചൊല്ലിയ ഒരു തീയത്തി പെണ്ണ് നാടുവാഴിയുടെ കഠിന ശിക്ഷക്ക് പാത്രമാവുകയും മരണാനന്തരം കാളീസങ്കല്‍പ്പത്തിലുള്ള മൂര്‍ത്തിയാവുകയും ചെയ്ത ഭഗവതി.
കുട്ടിച്ചാത്തന്‍: വിഷ്ണു സങ്കല്‍പ്പം. മന്ത്രമൂര്ത്തികളില്‍ പെടുന്ന ദേവത. കാലിയക്കിടാവായ ചാത്തന്‍ ഇല്ലത്ത് അതിക്രമങ്ങള്‍ കാട്ടിയപ്പോള്‍ കാളകാട്ടു തന്ത്രിയാല്‍ വധിക്കപ്പെടുകയും ഉഗ്രസ്വരൂപനായ ദൈവമായി മാറുകയും ചെയ്തു.
ഭൈരവന്‍: മന്ത്രമൂര്‍ത്തികളായ പഞ്ചമൂര്‍ത്തികളില്‍ പെട്ട ദേവന്‍. ബ്രഹ്മഹത്യാ പാപമകറ്റാന്‍ ശിവന്‍ ഭിക്ഷ തെണ്ടിയ രൂപമാണ് ഭൈരവന്‍ തെയ്യം. തെയ്യക്കോലം കയ്യില്‍ ഭിക്ഷാപാത്രവും മണിയും പൊയ്ക്കണ്ണ്‍ അണിയുന്നു.
രക്തചാമുണ്ടി : രക്തബീജാസുരനെ വധിച്ച മഹാകാളി, രക്തചാമുണ്ടിക്ക് നീലങ്കൈചാമുണ്ഡിഎന്നും വീരചാമുണ്ടിയെന്നും അഞ്ചുതെങ്ങിലമ്മഎന്നും പേരുകളുണ്ട്.
പഞ്ചുരുളി: പന്നിയായവതരിച്ചു അസുരനിഗ്രഹം ചെയ്തതിനാല്‍ പഞ്ചുരുകാളി-പഞ്ചുരുളി എന്ന് വിളിക്കുന്നു.
വിഷ്ണുമൂര്‍ത്തി: നീലേശ്വരം കോട്ടപ്പുറത്ത് കുടികൊള്ളുന്ന നരസിംഹമൂര്‍ത്തി സങ്കല്പം. കുറവാട്ട് കുറുപ്പ് വധിച്ചു കളഞ്ഞ പാലന്തായി കണ്ണനില്‍ ഉത്ഭവിച്ച മൂര്‍ത്തി. വിഷ്ണുമൂര്‍ത്തിക്ക് ഒറ്റക്കോലമെന്ന തീച്ചാമുണ്ഡി രൂപമുണ്ട്.
വീരന്‍: പാടാര്‍ കുളങ്ങരയില്‍ കണ്ടുമുട്ടിയ ബ്രാഹ്മണനെ പുതിയ ഭഗവതി കൊന്നു രക്തം കുടിച്ചപ്പോള്‍ ബ്രാഹ്മണന്‍ ബ്രഹ്മരക്ഷസായി മാറി. ആ സങ്കല്‍പ്പത്തിലുള്ള തെയ്യമാണ് വീരന്‍ തെയ്യം.
മുച്ചിലോട്ട് ഭഗവതി: വാണിയ സമുദായത്തിന്റെ തമ്പുരാട്ടി. കുലടയെന്നു അപരാധം ചൊല്ലി ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ബ്രാഹ്മണ കന്യക ആത്മാഹുതിക്ക് ശേഷം ശിവപുത്രിയായി അവതരിച്ചു. അന്നപൂര്‍ണ്ണശ്വരിയായി ദേവി ആരാധിക്കപ്പെടുന്നു. ദേവിയുടെ കാവുകള്‍ മുച്ചിലോടുകളെന്നു അറിയപ്പെടുന്നു.
കരുവാള്‍: വനമൂര്ത്തിയായും മന്ത്രമൂര്‍ത്തിയായും ആരാധിക്കപ്പെടുന്ന ദേവത. പാര്‍വതി പരമേശ്വരന്‍മാര്‍ പുള്ളുവ വേഷം പൂണ്ടപ്പോള്‍ പിറന്ന ദേവതയാണ് കരുവാള്‍. അടിയേരി, പുല്ലഞ്ചേരി, കാളകാട് എന്നീ മന്ത്ര ഗൃഹങ്ങളില്‍ കരുവാള്‍ ചെന്നു കേറി ആരാധന നേടി.
ഉച്ചിട്ട: മന്ത്രമൂര്ത്തിയാണ് ഉച്ചിട്ട. വടക്കിനിഭഗവതി എന്ന് കൂടി പേരുള്ള ഈ ദേവത മാന്ത്രികഭവനങ്ങളിളെല്ലാം പരിലസിക്കുന്നു. സുഖപ്രസവം ആശീര്‍വദിക്കുന്ന ഈ തെയ്യം സ്ത്രീ ശബ്ദത്തിലാണ് മൊഴിയുക.
വീരകാളി: കാളീ ദേവത. വീര്‍പാല്‍കുളത്തില്‍ വീരകാളിയുടെ നിഴല് കാണാന്‍ പള്ളിമഞ്ചല്‍ കേറി വന്ന പെരിങ്ങായി കൈമള്‍ക്ക് ആദ്യം ദര്‍ശനം കൊടുത്ത ദേവത.
മഹാഗണപതി: കെട്ടിക്കോലമില്ല. മഹാഗണപതിക്ക് ചിറക്കല്‍ കോവിലകത്ത് ‘കെട്ടിക്കോലം ഉണ്ടായിരുന്നു’ എന്ന് ശ്രീ വിഷ്ണു നമ്പൂതിരി അഭിപ്രായപ്പെടുന്നു.
യക്ഷി: കെട്ടിക്കോലമില്ല. ആരാധനയില്‍ പിന്തുടരുന്ന ശൈവ വൈഷ്ണവ ഭേദങ്ങളാണ് ഈ കോലങ്ങള്‍ക്ക് കെട്ടിക്കോലമില്ലാത്തതിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
കുറത്തി: മന്ത്രമൂര്‍ത്തികളില്‍ പെടുന്ന ദേവത. ഉര്‍വരദേവത എന്ന നിലയില്‍ പ്രാചീന കാലം മുതല്‍ വിശ്വാസ പ്രബലത നേടിയ ദേവതയാണ് കുറത്തി. വേലന്‍മാര്‍ ആണ് പാര്‍വതി ദേവി സങ്കല്‍പ്പത്തിലുള്ള ഈ കോലത്തെ കെട്ടുന്നത്.
വയനാട്ടുകുലവന്‍: തീയ്യരുടെ തൊണ്ടച്ചന്‍ തെയ്യം, ശിവപുത്രനായി അവതരിച്ച ദിവ്യന്‍. നായാട്ടും സമൂഹ ഭോജനവും തെയ്യാട്ടത്തോടൊപ്പം അരങ്ങേറുന്നു.
വീരചാമുണ്ടി: കോലത്തിരി രാജാക്കന്‍മാരുടെ വിളിപ്പുറത്തോടി വന്ന ദേവത. പ്രധാന ആരൂഡമാണ് കുഞ്ഞിമംഗലം വീരചാമുണ്ടികാവ്.
കണ്ടാകര്‍ണ്ണന്‍: പരമേശ്വരന്റെ കണ്ടത്തില്‍ പിറന്നു കര്‍ണ്ണത്തിലൂടെ അവതരിച്ച ഉഗ്രമൂര്‍ത്തി. പിതാവിന് ബാധിച്ച കുരുപ്പ് തടകി സുഖപ്പെടുത്താന്‍ പിറന്നു.
കോലസ്വരൂപമെന്ന കോലത്ത് നാട്ടിലെ കോലത്തിരിരാജാവിന്റെ കുല ദേവത തിരുവര്‍ക്കാട്ട് ഭഗവതിയാണ് (മാടായിക്കാവ്). (സ്വരൂപമെന്നാല്‍ രാജവംശമെന്നും നാട് എന്നും അര്‍ത്ഥമുണ്ട്).അള്ളട സ്വരൂപത്തെ പ്രധാന ദേവതമാര്‍ ക്ഷേത്രപാലകനും, കാളരാത്രിയുമാണ്. കുമ്പള സ്വരൂപത്തില്‍ കുറത്തിയും, കുണ്ടോറ ചാമുണ്ഡിയുമാണ് പ്രധാന തെയ്യങ്ങള്‍. നെടിയിരുപ്പ് സ്വരൂപമെന്ന സാമൂതിരി കോവിലകത്തെ പ്രധാന ഭര ദേവത വളയനാട്ടു കാവിലമ്മയാണ്. എന്നാല്‍ ക്ഷേത്രപാലകന്‍, വേട്ടയ്ക്കൊരു മകന്‍, കാളരാത്രിയമ്മ എന്നീ തെയ്യങ്ങള്‍ നെടിയിരിപ്പ് സ്വരൂപത്തില്‍ നിന്നാണ് വടക്ക് അള്ളട സ്വരൂപത്തിലെക്ക് എഴുന്നെള്ളിയത്.
നടുവനാട് കീഴൂരില്‍ ഉത്ഭവിച്ച വീരഭദ്രനുംതെക്ക് നിന്ന് വടക്കോട്ട് വന്ന തെയ്യമാണ്. കുറുമ്പ്രാന്തിരിയുമായി ബന്ധപ്പെട്ട കഥ പറയുന്ന ബാലുശ്ശേരി വേട്ടയ്ക്കൊരു മകന്‍ തന്റെ സാന്നിധ്യമറിയച്ച സ്ഥലമാണ് കോഴിക്കോട്-കൊയിലാണ്ടി ഭാഗം ഉള്‍പ്പെടുന്ന കുറുമ്പ്രനാട് സ്വരൂപവും. തച്ചോളി ഒതേനന്‍, ചന്തു എന്നീ തിറകള്‍ (തെയ്യങ്ങള്‍) കടത്തനാട്ട് സ്വരൂപത്തിലാണ് ഉദയം ചെയ്തത്. പ്രയാട്ട് കര (പ്രാട്ടറ) സ്വരൂപമെന്നറിയപ്പെടുന്ന വടക്കന്‍ കോട്ടയം മുത്തപ്പന്‍ തെയ്യത്തിന്റെ ഉദയ ഭൂമിയാണ്.
മലബാറിലെ തെയ്യങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും മിക്ക തെയ്യങ്ങളും ഈ തെയ്യക്കുടുംബത്തില്‍ പുതുതായി ചേര്‍ത്തവയാണ്. ആര്യന്മാരുടെ അധിനിവേശത്തോടെ അവര്‍ തദ്ദേശീയരുടെ സംസ്ക്കാരത്തില്‍ അടക്കം തങ്ങളുടെ ആധിപത്യം നില നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി എന്നുള്ളത് ശ്രദ്ദേയമാണ്. അതിന്റെ ഭാഗമായിട്ടായിരുന്നു മലബാറിലെ കളിയാട്ടത്തിനു പരശുരാമന്റെ അംഗീകാരം ഉണ്ടായി എന്ന വാദം കേരളോല്‍പ്പത്തിയിലൂടെ അവര്‍ അവതരിപ്പിച്ചതും വൈഷ്ണവ ദൈവങ്ങളെ തെയ്യങ്ങളില്‍ ഉള്‍പ്പെടുത്തിയതും , വിഷ്ണുമൂര്‍ത്തി (വിഷ്ണുവിന്റെ നരസിഹാവതാരം), പാലോട്ട് ദൈവം (മത്സ്യാവതാര സങ്കല്‍പ്പത്തിലുള്ളത്), ഊര്പ്പഴച്ചി, നാരദന്‍, കുട്ടിച്ചാത്തന്‍ അഥവാ കുട്ടി ശാസ്തന്‍, അങ്കക്കാരന്‍ (ലക്ഷ്മണന്‍) പപ്പൂരാന്‍ (ഹനുമാന്‍), ബാലി സങ്കല്‍പ്പത്തിലുള്ള (നെടുപാലിയന്‍ ദൈവം),സുഗ്രീവ സങ്കല്‍പ്പത്തിലുള്ള (കിഴക്കേന്‍ ദൈവം), ശ്രീരാമന്‍, സീത ഇവരുടെ സങ്കല്‍പ്പത്തിലുള്ള (മണവാളന്‍, മണവാട്ടി) തെയ്യങ്ങള്‍ ലവ കുശ സങ്കല്‍പ്പത്തിലുള്ള (ബമ്മുരിക്കനും കരിമുരിക്കനും) ഇവയൊക്കെ അങ്ങിനെ കൂട്ടി ചേര്‍ക്കപ്പെട്ട തെയ്യങ്ങളാണ്.
ആദ്യകാലം മുതലേ ദ്രാവിഡരുടെ പ്രധാന ആരാധാന ദേവതകള്‍ കൊറ്റവെ, കാളി എന്നീ തെയ്യങ്ങള്‍ ആയിരുന്നു. അമ്മ ദൈവങ്ങളെ ആരാധിക്കുന്ന രീതി ദ്രാവിഡര്‍ പിന്തുടര്‍ന്നത് കൊണ്ടാണ് ഇത്തരം കാവുകള്‍ ആദ്യകാലങ്ങളില്‍ വ്യാപകമായി ഉണ്ടായത്. എന്നാല്‍ ഇവയെ ആര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അവയെ പുനര്‍ നാമകരണം ചെയ്ത് ദുര്‍ഗയും ഭഗവതിയുമാക്കി മാറ്റി അവരെ വൈദികാരാധാനയിലേക്ക് നയിച്ചുവെങ്കിലും ഗ്രാമീണ മനസ്സുകളിലെ പാരമ്പര്യങ്ങളുടെ വേരറുക്കാന്‍ അവര്‍ക്കായില്ല. അത് കൊണ്ട് തന്നെ അകത്ത് വൈദികാരാധന നില നിന്ന അത്തരം ക്ഷേത്രങ്ങളുടെ വടക്ക് ഭാഗത്ത് ‘വടക്കേം ഭാഗം’ എന്ന പേരില്‍ കാളിക്കും പരിവാര ദേവതകള്‍ക്കും തെയ്യം കെട്ടിയാടാനും ആരാധാനര്‍ച്ചനകള്‍ നല്‍കുവാനും അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു.
കെട്ടിയാടുന്ന തെയ്യങ്ങള്‍ക്കെല്ലാം അധീശ ദേവനോ ദേവതയോ ആയി അതാത് ഗ്രാമത്തിലെ മഹാക്ഷേത്ര മൂര്‍ത്തിയെ അംഗീകരിക്കാനും ആദ്യ സ്തുതി ആ ദൈവത്തിനും പിന്നത്തെ സ്തുതി രാജ്യം വാഴുന്ന തമ്പുരാനും ആകാമെന്ന് ധാരണയായി. ഓരോ ഗ്രാമത്തിലെ തെയ്യക്കാവുകള്‍ക്കും രക്ഷാകര്‍തൃത്വം വഹിച്ചു കൊണ്ട് നില്‍ക്കുന്ന ഇത്തരം അനേകം ഗ്രാമാധീശ ദേവതമാരെക്കാണാം. ഇങ്ങിനെ അനേകം ദൈവതങ്ങള്‍ തെയ്യങ്ങള്‍ക്കും തെയ്യക്കാവുകള്‍ക്കും അധിദേവതമാരാണ്. തോറ്റം പാട്ടിലും മുഖ്യസ്ഥാനങ്ങളിലും ഈ പൂജ്യ പൂജാവിധി കാണാം.
ഇങ്ങിനെയാണ് ഓരോ ഗ്രാമത്തിലെയും മഹാക്ഷേത്രത്തിലെ അധീശ ദേവന് ‘കൂവം അളന്നു’ നല്‍കി വര്ഷം തോറും കീഴാചാരം നടത്താനും കളിയാട്ടത്തിന് മുന്നോടിയായി തെയ്യക്കാവുകളിലേക്ക് ഇതേ ക്ഷേത്രത്തില്‍ നിന്ന് ‘ദീപവും തിരിയും’ വാങ്ങി കൊണ്ട് വരുന്ന സമ്മതാനുഗ്രഹ ചടങ്ങ് നടത്താനും അലിഖിതമായ ഒരു തീരുമാനം അവര്‍ ഉണ്ടാക്കിയതും അത് പാരമ്പര്യമായി നിലവില്‍ വന്നതും. ഇതിന്റെ ഭാഗമായി ഓരോ തെയ്യത്തിന്റെയും ഐതിഹ്യ കഥയില്‍ ‘ക്ഷേത്ര ദേവന്റെ സമ്മതവും അനുഗ്രഹവും വാങ്ങിയാണ് അതതു കാവുകളില്‍ കുടികൊണ്ടതെന്ന’ കാര്യവും എടുത്ത് പറയുന്നുണ്ട്.
ഇങ്ങിനെ കീഴാളക്കാവുകളെയും തെയ്യങ്ങളെയും വൈദികാഭിമതത്തിന് കീഴിലാക്കാന്‍ ശ്രമിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ തെളിവ് സഹിതം നമ്മുടെ കണ്‍മുന്നില്‍ ഉണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഗ്രാമാധിപത്യം വഹിക്കുന്ന ഒട്ടനേകം മഹാക്ഷേത്രങ്ങള്‍ ഉള്ളതില്‍ പ്രധാനപ്പെട്ടവയാണ് താഴെപ്പറയുന്നവ. തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം, മാടായി തിരുവര്‍ക്കാടു ഭഗവതി ക്ഷേത്രം, പയ്യന്നൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രം, ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം, തൃക്കരിപ്പൂര്‍ ചക്രപാണിക്ഷേത്രം, മന്നന്‍പുറത്ത് ഭഗവതി ക്ഷേത്രം, മടിയന്‍ കൂലോം ക്ഷേത്രം, തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രം........ മുതലായവ.
തളിപ്പറമ്പ രാജ രാജേശ്വര ക്ഷേത്രം: പഴയ കോലത്ത് നാട്ടിലെ തെയ്യങ്ങളെല്ലാം സ്തുതിച്ചു പാടുന്ന ‘ബന്ത്രുകോലപ്പന്‍’പള്ളികൊള്ളുന്ന മഹാക്ഷേത്രമാണ് ഈ ശിവ സങ്കേതം. പതിനാറാം നൂറ്റാണ്ടിനു മുമ്പ് മുതലേ ഈ ക്ഷേത്രം പെരിഞ്ചെല്ലൂര്‍ എന്നറിയപ്പെടുന്ന തളിപ്പറമ്പില്‍ നിലവില്‍ വന്നിരുന്നു. സൂര്യവംശജനായ മാന്ധാതാവും അദ്ദേഹത്തിന്റെ പുത്രനായ മുചുകുന്ദനുമാണ് ഇവിടെ ശിവ പ്രതിഷ്ഠ നടത്തിയതെന്നും മൂഷികവംശ രാജാവായ സൂത സോമന്‍ അഥവാ ശതസോമന്‍ ആണ് ക്ഷേത്രം ഇന്ന് കാണുന്ന വിധത്തിലുള്ള ഒരു മഹാക്ഷേത്രമായി രൂപാന്തരപ്പെടുത്തിയതെന്നും പറയപ്പെടുന്നു.
ശിവശക്തി ചൈതന്യം ദിനവും അനുഭവപ്പെടുന്ന തളിപ്പറമ്പത്തപ്പനെ അടുത്തും അകലത്തുമായുള്ള തെയ്യക്കാവുകള്‍ രക്ഷാകര്‍തൃസ്ഥാനം നല്‍കിയാണ് ആരാധിക്കുന്നത്. കാവുകളില്‍ നിന്ന് കൂവമളവും നിവേദ്യം അര്‍പ്പണവും ദീപവും തിരിയും കയ്യേല്‍ക്കലും മുറക്ക് നടന്നു വരുന്നു. മുച്ചിലോട്ട് ഭഗവതിയുടെ പുരാവൃത്തത്തില്‍ തളിപ്പറമ്പ ക്ഷേത്രത്തിനു മുഖ്യസ്ഥാനമുണ്ട്. ബ്രാഹ്മണ പുരോഹിതന്മാരുടെ പുണ്യഭൂമിയായ തളിപ്പറമ്പ നമ്പൂതിരിമാരെ തെയ്യങ്ങള്‍ ബഹുമാനപുരസ്സരം എന്റെ പെരിഞ്ചല്ലൂര്‍ തന്ത്രി എന്നാണു വിളിക്കുന്നത്. വിഷ്ണുമൂര്‍ത്തി തെയ്യം കലശം തുടങ്ങും മുമ്പേ ‘എന്റെ ബന്ത്രുകൊലപ്പാ’ എന്ന് തളിപ്പറമ്പത്തപ്പനെ അഭിവാദ്യം ചെയ്യാറുണ്ട്.
മാടായി തിരുവര്‍ക്കാട് ക്ഷേത്രം: തെയ്യാട്ട ഭൂമികയില്‍ മുഖ്യസ്ഥാനമലങ്കരിക്കുന്ന മറ്റൊരു ദേവതാലയമാണ് മാടായി തിരുവര്‍ക്കാടു ഭഗവതി ക്ഷേത്രം. കോലത്തിരി രാജാവിന്റെ കുലദേവതയാണ് മാടായിക്കാവിലമ്മ എന്ന് കൂടി പേരുള്ള തായിപ്പരദേവത. ദാരികാന്തകിയായ മഹാകാളിയാണ് ഉഗ്രസ്വരൂപിണിയായ ഈ ദേവി. ‘നൂലിട്ടാല്‍ നിലയില്ലാത്തൊരു സമുദ്രം മൂന്നേ മുക്കാല്‍ നാഴിക കൊണ്ട് വ്ളാകി മാടാക്കി’ മാറ്റിയിട്ടാണത്രെ ഭഗവതി മാടായി നാട് സൃഷ്ടിച്ചത്. ‘മാരാഹി’ എന്നായിരുന്നു ഈ സ്ഥലത്തെ ആദ്യം വിളിച്ചു വന്നിരുന്നത്.
ഈ മഹാ ദേവത ചെന്ന് ചേര്‍ന്ന ഗ്രാമങ്ങളിലൊക്കെ ആ ഗ്രാമപ്പേരോടു കൂടിയ ദേവതയായി ഇവരെ കെട്ടിയാടിക്കുന്നുണ്ട്. ഏതാണ്ട് എഴുപതിലേറെ പേരുകളില്‍ അറിയപ്പെടുന്ന ഭഗവതിയാണ് നീളമുടിയുള്ള ഈ അമ്മ ഭഗവതി. മാടായി നാട്ടിലും പരിസര പ്രദേശങ്ങളിലുമുള്ള കാവുകളിലേക്കെല്ലാം തെയ്യാട്ടം തുടങ്ങും മുമ്പ് ഈ ക്ഷേത്രത്തില്‍ നിന്നാണ് ദീപവും തിരിയും കൊണ്ട് പോകുന്നത്. പണ്ട് കാലത്ത് മഹാകാളിക്ക് ശത്രുവിനാശ പ്രാര്‍ഥനയായി ആടിനെ അറുത്ത് കരിങ്കലശംനടത്തിയിരുന്നു ഈ മഹാ ക്ഷേത്രത്തില്‍. പയ്യന്നൂര്‍ തെരുവില്‍ അഷ്ടമിച്ചാല്‍ ഭഗവതിയായും പെരിയാട്ട് കടിഞ്ഞിപ്പള്ളി നമ്പ്യാര്‍ക്കൊപ്പം പോയി വെള്ളൂര്‍ ചാമക്കാവിലമ്മയായതും ഇതേ ദേവി തന്നെ.
പയ്യന്നൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രം: കൊല്ലവര്‍ഷം ഒമ്പതാം നൂറ്റാണ്ടില്‍ ആണ് ഈ ക്ഷേത്രം ഉണ്ടായത്. കേരളമാഹാത്മ്യത്തില്‍ ഭാര്‍ഗ്ഗവ രാമനാണ് ഈ ക്ഷേത്രം പ്രതിഷ്ഠിച്ചതെന്നു പറയുന്നുണ്ട്. പയ്യന്നൂരും പരിസരങ്ങളിലുമുള്ള കാവുകളിലും തൃക്കരിപ്പൂര്‍ മാടത്തിന്‍ കീഴ് വൈരജാത ക്ഷേത്രത്തിലും മാത്തിലിനടുത്ത ആലപ്പടമ്പിലെ തെയ്യോട്ടു കാവിലും തെയ്യാട്ടം തുടങ്ങാനുള്ള ദീപവും തിരിയും ഈ ക്ഷേത്രത്തില്‍ നിന്നാണ് കൊണ്ട് പോകുന്നത്.
വിസ്താരഭയത്താല്‍ മറ്റ് ക്ഷേത്രങ്ങളെക്കുറിച്ച് ഇവിടെ പറയുന്നില്ലെന്ന് മാത്രം!! തെയ്യക്കാവുകളുടെ മേലുള്ള വരേണ്യ മേധാവിത്വത്തിന്റെ നീരാളിക്കൈകള്‍ കാട്ടിത്തരാന്‍ ഇത്രയും പറഞ്ഞുവെന്നു മാത്രം!!
തെയ്യം കലയുടെ ആധാര ശിലയായ തോറ്റം പാട്ടുകളില്‍ കടന്നു വരുന്ന ഒട്ടേറെ ദൈവങ്ങളിലും ഉപദൈവങ്ങളിലും ഒട്ടുമുക്കാലും സ്ത്രീ ദേവതകളാണ്. അമ്മ ദൈവങ്ങള്‍, രോഗ ദേവതകള്‍, നായാട്ടു ദേവതകള്‍, മരക്കല ദേവതകള്‍, ഗ്രാമ ദേവതകള്‍, മന്ത്ര മൂര്‍ത്തികള്‍, മൃഗ ദേവതകള്‍, പരേതരായ വീരര്‍, ഇതിഹാസ കഥാപാത്രങ്ങള്‍, പൂര്‍വികര്‍, ഉര്‍വര ദേവതകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ഇവയെ ഉള്‍പ്പെടുത്താവുന്നതാണ്.
പില്‍ക്കാലത്ത് ശിവനെയും പാര്‍വതിയെയും വൈദികവല്‍ക്കരിച്ചപ്പോള്‍ കാളിയും മറ്റും ആര്യരുടെ കൂടി ദൈവമായി മാറുകയാണുണ്ടായത്. ഭഗവതി തെയ്യങ്ങളുടെ ഐതിഹ്യങ്ങളിലും തോറ്റങ്ങളിലും വ്യാപകമായ മാറ്റങ്ങള്‍ ഉണ്ടായതും അങ്ങിനെയാണ്. ഭാരതത്തില്‍ കേരളത്തിലും ബംഗാളിലുമാണ് ഈ അമ്മ ദൈവരാധാന കൂടുതല്‍ ഉണ്ടായിരുന്നത്. ദുര്‍ഗാ ദേവിയുടെ രൌദ്ര ഭാവമാണ് കാളി.
ഓരോ ഗ്രാമത്തിനും മാതൃസ്ഥാനത്ത് ഒരു ദേവത കാണും. ഇത്തരം ഗ്രാമദേവതകള്‍,പര ദേവതകള്‍ പോതി, ഭഗവതി, അച്ചി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. തായിപ്പര ദേവതയുമായി ഇത്തരം പരദേവതകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധം കാണും. കോല സ്വരൂപത്തിന്റെ തായ് പ്പരദേവത മാടായിക്കാവിലെ തിരുവര്‍ക്കാട്ട് ഭഗവതിയാണ്. ദാരികാന്തകയായ കാളിയാണ് ഈ ദേവത.
പണ്ട് കാലത്ത് ആളുകള്‍ വല്ലാതെ ഭയപ്പെട്ടിരുന്ന രോഗങ്ങളായിരുന്നു വസൂരി, കുരിപ്പ്. അക്കാലത്ത് ഇവയെ ഒരു കാരണവശാലും കീഴ് പ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ ഇത്തരം രോഗങ്ങളെ ദൈവകോപമായി പരിഗണിക്കുകയും ഈ രോഗങ്ങളുമായി ബന്ധപ്പെടുത്തി പറയുന്ന ദേവതകള്‍ രോഗശാന്തി നല്‍കുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. “രോഗവും നീയേ, ശമനവും നീയേ” . ഇതില്‍ ഏറ്റവും പേര് കേട്ടത് രോഗം വിതക്കുന്ന കുറുമ്പ യെന്ന പേരില്‍ അറിയപ്പെടുന്ന ശ്രീ ചീറുമ്പയാണ്.
ആശാരി, മുക്കുവന്‍, തീയ്യര്‍ എന്നീ ജാതികളുടെ പ്രധാന ആരാധാന മൂര്‍ത്തിയാണ് ഈ ദേവത. ഈ ആരാധനാ മൂര്‍ത്തിയെ കെട്ടിയാടണമെങ്കില്‍ മനുഷ്യക്കുരുതി നിര്‍ബന്ധമാണ് എന്നതിനാല്‍ കുറുമ്പയുടെ തെയ്യക്കോലം കെട്ടിയാടുക പതിവില്ല. ചീറുമ്പയുടെ സങ്കല്‍പ്പത്തിലുള്ള വെളിച്ചപ്പാടുകള്‍ തിരുവായുധം കയ്യേറ്റി നില്‍ക്കുമ്പോള്‍ പ്രസാദമായി നല്‍കുന്നത് കുരുമുളകും മഞ്ഞളുമാണ്. രോഗ നിവാരണത്തിനു ഇത് ഉതകും എന്ന് വിശ്വസിക്കാവുന്നതാണ്. 'പുതിയ ഭഗവതി' രോഗങ്ങളെ അകറ്റുന്ന രോഗ ദേവതയാണ്. ചീറുമ്പ ഭഗവതി വിതച്ച രോഗങ്ങളെ തട്ടിയകറ്റുന്നത് പുതിയ ഭഗവതിയാണ്.
ആര്യന്മാരുടെ ദൈവങ്ങളുടെ കൂട്ടത്തില്‍ ശിവനെ കൂടി ഉള്‍പ്പെടുത്തി ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്ന ത്രിത്വ സങ്കല്പം ഉണ്ടാക്കിയതും ഒക്കെ ആര്യവല്‍ക്കരണത്തിന്റെ ഭാഗമാണ്. ദ്രാവിഡ ദേവ രൂപമായ ശിവനെ അങ്ങിനെ ആര്യവല്‍ക്കരിച്ചതിന്റെ ഫലമായി ഇപ്പോള്‍ എല്ലാവരും “സനാതന സംസ്ക്കാരത്തിന്റെ”ഉടമകളായി. ഹിന്ദു പുരാണങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും, വേദങ്ങളിലൂടെയും അതിനു ശേഷമുണ്ടായ ഉപനിഷത്തുകളിലൂടെയും സഞ്ചരിക്കുന്ന ആര്‍ക്കും ഇത് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.
ഓരോ ജാതിക്കാരെയും തെയ്യങ്ങളിലൂടെ തന്നെ ആര്യവല്‍ക്കരിക്കുന്ന വിചിത്രമായ രീതിയും അവര്‍ തുടര്‍ന്നു. അതിന്നായി മിത്തുകളും കഥകളും ഉണ്ടാക്കി അവര്‍ പുതിയ തെയ്യങ്ങളെ സൃഷ്ടിച്ചു. പില്‍ക്കാലത്ത് അത്തരം തെയ്യങ്ങള്‍ അതാത് സമുദായത്തിന്റെ പ്രധാനപ്പെട്ട തെയ്യങ്ങളായി മാറുന്ന കാഴ്ചയാണ് കണ്ടത്. നാടന്‍ മദ്യം (കള്ളും ചാരായവും) കഴിച്ചിരുന്ന തെയ്യക്കോലങ്ങള്‍ ഇന്ന് കഴിക്കുന്നത് വിദേശ മദ്യമാണ്. പനങ്കള്ള് കഴിച്ചിരുന്ന കഥയാണ് തെയ്യത്തിന്റെ മിത്തില്‍ (തോറ്റം പാട്ടുകളില്‍ )പലപ്പോഴും പറയുന്നതെങ്കിലും അവര്‍ക്ക് നിവേദ്യമായി തെങ്ങിന്‍ കള്ളും ചാരായവും ആയിരുന്നു നല്‍കിയിരുന്നത്. അതില്‍ നിന്നും മാറി അവര്‍ ഇപ്പോള്‍ വിദേശ മദ്യം ഉപയോഗിച്ച് തുടങ്ങി. ഇങ്ങിനെ കാലാനുസൃതമായ മാറ്റങ്ങള്‍ തെയ്യങ്ങളില്‍ ഉണ്ടാകുന്നുണ്ട്.
സോമരസം, മധു എന്നൊക്കെ വേദങ്ങളിലും പുരാണങ്ങളിലും പറഞ്ഞിട്ടുള്ള ഈ മദ്യം കഴിക്കാത്ത തെയ്യങ്ങള്‍ കുറവായിരുന്നു. അത് പോലെ തന്നെ നായാടി പിടിച്ച വിവിധയിനം മൃഗങ്ങളുടെ മാംസങ്ങള്‍, കോഴി, ഇവയുടെയൊക്കെ ചോര അടക്കം കുടിക്കുന്നവരായിരുന്നു ഗോത്രവര്‍ഗ്ഗക്കാരായ നമ്മുടെ പഴയ തലമുറയുടെ ദൈവങ്ങളായ ഈ തെയ്യങ്ങള്‍. ഇത്തരം ആചാരങ്ങളിലൊക്കെ വിത്യാസം വന്നത് നിയമം മൂലമുള്ള ഇത്തരം ജന്തു ഹിംസ നിര്‍ത്തലാക്കിയതിനു ശേഷമാണ്. അങ്ങിനെ നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ട് തന്നെയാണ് നമ്മള്‍ ഈ ആചാരങ്ങള്‍ അനുഷ്ടിക്കുന്നത്.
എന്നാല്‍ ഇതോടൊപ്പം തദ്ദേശീയരായ ദ്രാവിഡരുടെ പിന്മുറക്കാര്‍ തങ്ങളുടെ പൂര്‍വികരായ കാരണവരെയും, വീര യോദ്ധാക്കളെയും മറ്റും പില്‍ക്കാലത്ത് കൂട്ടി ചേര്‍ക്കുകയുണ്ടായി. അങ്ങിനെയുള്ള തെയ്യക്കോലങ്ങളാണ് കതിവന്നൂര്‍ വീരന്‍ എന്ന മന്ദപ്പന്‍, കടാങ്കോട്ട് മാക്കം (മാക്കപോതി), പിന്നെ പോലീസ് തെയ്യം തുടങ്ങിയവ. മാപ്പിള തെയ്യങ്ങളായ ആര്യപൂങ്കന്നി, ബപ്പൂരാന്‍, ആലി തെയ്യം, മുക്രി പോക്കര്‍ തെയ്യം, മാപ്പിള ചാമുണ്ഡി, ഉമ്മച്ചി തെയ്യം ഇവയൊക്കെ അത് പോലെ പിന്നീട് കൂട്ടി ചേര്‍ക്കപ്പെട്ട മറ്റ് തെയ്യങ്ങളാണ്.
കാവുകള്‍, കോട്ടങ്ങള്‍ എന്നൊക്കെ പറയുന്നത് പലര്‍ക്കും ഇപ്പോള്‍ ഒരു കുറച്ചില്‍ ആയി തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം ദേവസ്ഥാനങ്ങള്‍ ഒക്കെ ഇപ്പോള്‍ ക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ അമ്പലം എന്നൊക്കെ പേരിട്ടു വിളിക്കല്‍ വ്യാപകമായിട്ടുണ്ട്. തറവാട്ട് ക്ഷേത്രങ്ങള്‍ എന്നൊക്കെയാണ് അഭിമാനത്തോടെ ഇപ്പോള്‍ പറയുന്നത്. അത് പോലെ തന്നെ നമ്പൂതിരിമാരെ വിളിച്ച് വരുത്തി അവരെക്കൊണ്ട് പൂജയും പ്രതിഷ്ടാ ചടങ്ങുകള്‍ അടക്കം ചെയ്യിക്കുന്നവരുമുണ്ട്. ഇങ്ങിനെ നിരവധി മാറ്റങ്ങള്‍ ഈ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി വെളിച്ചപ്പാടന്‍മാരും എമ്പ്രോന്‍മാരും ഒക്കെ ഇപ്പോള്‍ മാസശമ്പളക്കാരായി മാറുകയും ചെയ്തിട്ടുണ്ട്.
ഓരോ ദേവതാ സങ്കേതങ്ങളും അതത് തെയ്യങ്ങളുടെ ആരൂഡങ്ങള്‍ എന്നത് പോലെ അതത് സമുദായത്തിന്റെ നീതി ന്യായ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. സമുദായംഗങ്ങള്‍ തമ്മിലുള വഴക്കുകള്‍,അവകാശ തര്‍ക്കങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍ മോഷണം, വ്യഭിചാരം തുടങ്ങിയവയെല്ലാം തെയ്യക്കാവിന്റെ നടയില്‍ വെച്ചായിരുന്നു പഴയക്കാലത്ത് തീര്‍പ്പ് കല്പ്പിച്ചിരുന്നത്. കാവിലെ പ്രധാനിയുടെ മുന്നില്‍ വാദിയും പ്രതിയും തങ്ങളുടെ വാദഗതികള്‍ ഉന്നയിച്ച ശേഷം പ്രധാനി അതില്‍ വിധി പറയും. രണ്ടുപേരും ഇത് അംഗീകരിക്കും. ദൈവനിന്ദയും സമുദായ ഭ്രഷ്ടുമാണ് ഇതനുസരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍ ഇന്ന് കാവുകള്‍ക്ക് ആ അധികാര ശക്തി ഇല്ല. ജനങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്യില്ല. ജനകീയ കമ്മിറ്റികള്‍ ആണ് ഇന്ന് പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നത്.
തെയ്യം കെട്ടിയാടുന്ന സ്ഥലങ്ങള്‍ (തെയ്യസ്ഥാനങ്ങള്‍)
ആദിമ കാലങ്ങളില്‍ തെയ്യങ്ങള്‍ കെട്ടിയാടിയിരുന്നത് വൃക്ഷമൂലങ്ങളിലായിരുന്നു. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങള്‍ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട് എങ്കിലും പില്‍ക്കാലത്ത് അവ കാവ്, കോട്ടം, താനം അഥവാ സ്ഥാനം, അറ, പള്ളിയറ, മുണ്ട്യ, കഴകം, ഇടം, മാടം, വാതില്‍ മാടം, ഗോപുരം എന്നിവിടങ്ങളിലേക്ക് മാറ്റപ്പെട്ടു. ഇത് കൂടാതെ തറവാടുകളിലെ കന്നിക്കൊട്ടിലുകളും, പടിഞ്ഞാറ്റകളും തിരുമുറ്റം ചെത്തിക്കോരി തെയ്യാട്ടത്തിനു അരങ്ങു ഒരുക്കാറുണ്ട്. ചില പ്രത്യേക കാലങ്ങളില്‍ കൊയ്ത്തൊഴിഞ്ഞ വയല്‍ നടുവിലും പറമ്പുകളിലും താല്‍ക്കാലിക പതി (പള്ളിയറ) കെട്ടി തെയ്യാട്ടം നടത്തുന്നതും സാധാരണമാണ്. കാവുകളുടെ ഉലപ്പത്തി തന്നെ ഒരു പക്ഷേ വൃക്ഷാരാധനയില്‍ നിന്നായിരിക്കാം ഉടലെടുത്തത്. ദേവതാ സാങ്കേതങ്ങളായ കാവുകളില്‍ കല്‍ പീഠമൊ കല്‍ത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. ചിലേടങ്ങളില്‍ മാത്രം ശ്രീകോവില്‍ (പള്ളിയറ) പണിതിട്ടുണ്ടാകും. അടുത്തകാലത്ത് ദുര്‍ലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്.
ക്ഷേത്രങ്ങള്‍ (അമ്പലങ്ങള്‍) എന്ന് പറയുന്നത് സാത്വികമായ കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലമാണ് എങ്കില്‍ തെയ്യം കെട്ടിയാടുന്ന മിക്കവാറും കാവുകളും രാജസ കര്മ്മത്തിലധിഷ്ടിതമാണ്. സാത്വിക കര്‍മ്മങ്ങള്‍ നടക്കുന്നിടത്ത് മദ്യവും മത്സ്യ മാംസാദികളും പാടില്ല. എന്നാല്‍ രാജസ കര്‍മ്മം നടക്കുന്നിടത്ത് ഇവയൊക്കെ അനുവദനീയവുമാണ്.
മദ്യവും മത്സ്യമാംസാദികളും ഉപയോഗിക്കാത്ത തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നത് പൊതുവേ കോട്ടങ്ങളിലാണ്. വേട്ടക്കൊരു മകന്‍, കന്നിക്കൊരു മകന്‍, ശാസ്താവ് ഇവയൊക്കെ ഉദാഹരണമായി പറയാവുന്നതാണ്. എന്നാല്‍ മദ്യവും മത്സ്യ മാംസങ്ങളും ഉപയോഗിക്കുന്നത് കാവുകളിലാണ്. പുതിയ ഭഗവതി, ഭദ്രകാളി തുടങ്ങിയ തെയ്യങ്ങള്‍ ഉള്ള കാവുകള്‍ ഉദാഹരണമായി പ്പറയാം.
പ്രധാന ദേവീ സങ്കല്‍പ്പമുള്ള ക്ഷേത്രങ്ങള്‍ കാവുകള്‍ എന്ന പേരിലാണ് അറിയപ്പെടുക. ഉദാഹരണം പുതിയ ഭഗവതി കാവ്, മുച്ചിലോട്ട് ഭഗവതി കാവ്, തിരുവര്‍ക്കാട്ട് ഭഗവതി കാവ് (മാടായി കാവ്), ചീറുമ്പ കാവ് (ശ്രീ കുറുമ്പ കാവ്) മുതലായവ. മദ്യവും മത്സ്യവും ഉപയോഗിക്കുന്ന മുത്തപ്പന്‍ തെയ്യം കെട്ടിയാടുന്ന ക്ഷേത്രത്തിനു മടപ്പുര എന്നും, വിഷ്ണുമൂര്‍ത്തി, രക്ത ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടുന്ന സ്ഥലം മുണ്ട്യ എന്നും, ഗുളികന്‍, പൊട്ടന്‍ മുതലായ തെയ്യങ്ങള്‍ കെട്ടിയാടുന്ന ക്ഷേത്രങ്ങള്‍ ‘സ്ഥാനം’ എന്നുമാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇതിലെ പല തെയ്യങ്ങളും കാവുകളിലും തറവാടുകളിലും കൂടി കെട്ടിയാടാറുണ്ട്.
കാവും ആരൂഡസ്ഥാനങ്ങളും: തെയ്യാട്ടക്കാവുകള്‍ക്കെല്ലാം തച്ചുശാസ്ത്രവിധിരൂപമാണ് ഉള്ളതെന്ന് പറയാമെങ്കിലും തെയ്യാട്ട സങ്കേതങ്ങള്‍ ആയ കളരി, കഴകം, തറവാട്ടുസ്ഥാനം, പൊടിക്കളം, എടം, മാടം, മോലോം തുടങ്ങിയവക്ക് വേറിട്ട രൂപവും കാണാം. പൊതുവേ തെയ്യക്കാവുകള്‍ക്കെല്ലാം ‘കിംപുരുഷ’ സങ്കല്‍പ്പത്തോടു കൂടിയ മുഖ സൌന്ദര്യമാണ് ഉള്ളത്.
കിംപുരുഷന്‍: പള്ളിയറയുടെ മുഖ്യ കവാടത്തിനു മുകളില്‍ മരത്തില്‍ കൊത്തിയെടുത്ത ഭയാനകമായ ഒരു രൂപമാണ് കിംപുരുഷന്‍റെത്. പുറത്തേക്ക് തള്ളിയ ചോരക്കണ്ണുകള്‍, കോമ്പല്ലുകള്‍ക്കിടയിലൂടെ താണിറങ്ങിയ ചോര വാര്‍ന്നോഴുകുന്ന നീളന്‍ നാക്ക്, ദൈവ പ്രപഞ്ചത്തെ മുഴുവന്‍ മാറില്‍ ചേര്‍ത്ത് ഇരുപുറത്തെക്കും നീട്ടിപിടിച്ച ദീര്‍ഘവും ബലിഷ്ടവുമായ കൈകള്‍. കിംപുരുഷന് വിഷ്ണുവില്‍ നിന്നാണത്രേ ഈ ദേവദേവ പദവി കിട്ടിയത്. സര്‍വലക്ഷണ സമ്പന്നനായ തന്റെ മകനെ ഇന്ദ്രാദികള്‍ വൈകല്യമുള്ളവനാക്കി മാറ്റിയതില്‍ കോപം പൂണ്ട ഭൂമി ദേവിയെ ആശ്വസിപ്പിക്കുന്നതിനു വേണ്ടിയായിരുന്നുവത്രേ വിഷ്ണു ഈ പദവി നല്‍കിയത്.
പള്ളിയറ: ദേവതകള്‍ കുടികൊള്ളുന്ന മുഖ്യദേവാലയമാണ് പള്ളിയറ. പള്ളിയറ വാതിലിന് ഇരുപുറത്തും കൊളുത്തിയിട്ട തിരി വിളക്കിലാണ് അന്തിത്തിരിയന്‍ വിളക്ക് കൊളുത്തുന്നത്. ഈ മുറ്റത്താണ് കളിയാട്ടവും പൂരക്കളിയും പാട്ടുല്‍സവവും കളത്തിലരി ചടങ്ങുകളും അരങ്ങേറുന്നത്. ദേവതയുടെ പേരില്‍ പ്രാര്‍ഥിക്കാനും കാണിക്കയിടാനുമുള്ള ഭണ്ടാരം പള്ളിയറക്ക് മുന്നിലുണ്ടാകും.
കുടമണി: പള്ളിയറക്ക് മുന്നില്‍ തൂക്കിയിടുന്ന വലിയ വെള്ളോട്ടുമണി മുഖ്യ അനുഷ്ഠാന മുദ്രയാണ്. അകത്ത് പള്ളികൊള്ളുന്ന ദേവതയെ പള്ളിയുണര്‍ത്താന്‍ ഈ മണി മുഴക്കിയാണ് അന്തിത്തിരിയനും കോമരവും പള്ളിയറക്കകത്തേക്ക് കയറുന്നത്. വിഷ്ണുമൂര്‍ത്തി പോലുള്ള തെയ്യങ്ങള്‍ തങ്ങളുടെ ഉറഞ്ഞാട്ടത്തിനിടയില്‍ വാള്‍ കൊണ്ട് ഈ മണി മുഴക്കുന്ന പതിവുമുണ്ട്.
ഭണ്ടാരപ്പുര: ഇതും ഒരു പ്രധാന ആരൂഡമാണ്. ചില കാവുകളുടെ ഉല്‍പ്പത്തി ചരിത്ര പ്രകാരം ദേവത ആദ്യം വന്നു കയറിയ ഇടമാണ് ഇത്. ഇതിനകത്തെ പൂജാമുറിയിലും നിത്യം അന്തിത്തിരി വെക്കേണ്ടതുണ്ട്. അന്തിത്തിരിയന്‍ താമസിക്കുന്നതും മറ്റ് ആചാരക്കാര്‍ തങ്ങുന്നതും ഇവിടെയാണ്. കാവിന്റെ ജംഗമ സ്വത്തുക്കള്‍ സൂക്ഷിക്കുന്നതും ചില പ്രധാന അനുഷ്ഠാനങ്ങള്‍ നടത്തുന്നതും ഇവിടെ വെച്ചാണ്. വടക്കേംവാതില്‍ കളിയാട്ടവും ഇവിടെ വെച്ച് നടത്താറുണ്ട്.
മണിക്കിണര്‍: കാവിലെ പൂജാരികള്‍ക്കും കളിയാട്ടചടങ്ങുകള്‍ക്കും ആവശ്യമുള്ള വെള്ളം കോരിയെടുക്കുന്ന പവിത്രമായ ചെറിയ കിണര്‍ ആണ് മണി കിണര്‍. ചെറു ചെമ്പുകുടം ഉപയോഗിച്ച് അന്തിത്തിരിയനും ആചാരക്കാരും മാത്രമേ ഇതില്‍ നിന്ന് വെള്ളം കോരാവൂ.
തേങ്ങാക്കല്ല്: ഓരോ കാവിലും തിരു നടയുടെ തെക്ക് കിഴക്കേ ദിശയിലാണ് തറയുടെ മുകളില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള കരിങ്കല്ല് (തേങ്ങാക്കല്ല് )സ്ഥാപിക്കുന്നത്. ദേവ പ്രീതിക്കുള്ള പഴയ ബലിയര്‍പ്പണത്തിന്റെ സൂചനയായി ഇതിനെ കാണാം. വെളിച്ചപ്പാടനും തെയ്യവും തോറ്റവും വെള്ളാട്ടവുമെല്ലാം തേങ്ങ എറിഞ്ഞുടക്കുന്നത് ഇവിടെയാണ്. വേട്ടയ്ക്കൊരു മകന്‍ കോട്ടത്ത് പാട്ടുല്‍സവത്തിനോടനുബന്ധിച്ച് വെളിച്ചപ്പാടും വാല്യക്കാരും നൂറു കണക്കിന് തേങ്ങകള്‍ എറിഞ്ഞുടക്കുന്നത് ഇവിടെയാണ്.
കിഴക്കേ പടിപ്പുരയും വടക്കെ പടിപ്പുരയും : കാവുകളില്‍ അഭിമുഖമായി കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പടിപ്പുര കോയ്മപടിപ്പുരയാണ്. (കോയ്മമാരെക്കുറിച്ച് വഴിയെ വിശദമായി പ്രസ്താവിക്കുന്നുണ്ട്). കളിയാട്ടക്കാലങ്ങളിലും മറ്റും ആചാര സ്ഥാനികന്മാര്‍ ഇരിക്കുന്ന ഇടമാണ് വടക്കെ പടിപ്പുര.
നാഗം: തെയ്യക്കാവുകളുടെ മതില്‍ക്കെട്ടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ളവയാണ് നാഗാരാധനക്ക് വേണ്ടിയുള്ള നാഗക്കാവുകള്‍. അന്തി നേരത്ത് നാഗക്കാവിലും തിരികൊളുത്തി വെക്കുക പതിവാണ്. നാഗക്കാവുകള്‍ ഇപ്പോള്‍ പതുക്കെ പതുക്കെ നാമാവശേഷമായി. അത് നിന്നിടത്ത് ഇപ്പോള്‍ രണ്ടോ മൂന്നോ മരങ്ങളോ ഒരു നാഗക്കല്ലോ മാത്രമേ ഉള്ളൂ എന്ന സ്ഥിതിയായിട്ടുണ്ട്. എങ്കിലും അവയെ നാഗം എന്ന് ഇപ്പോഴും വിളിക്കുന്ന പതിവ് തുടരുകയാണ്. തെയ്യങ്ങള്‍ നാഗക്കാവിനെ നോക്കി പ്രത്യേകം അഭിവാദ്യം അര്‍പ്പിക്കുന്നത് കാണാം. ചില പ്രത്യേക മാസങ്ങളില്‍ ആയില്യം നാളില്‍ ‘നാഗത്തില്‍ കഴിക്കുക’ എന്ന പ്രത്യേകമായ നാഗ പൂജ ഇവിടെ നടത്താറുണ്ട്.
കുളം: ആചാരക്കാരും സമുദായികളും കൂട്ടായ്മക്കാരും ദേഹശുദ്ധി വരുത്തുന്നത് കുളത്തില്‍ നിന്നാണ്. പൂരോത്സവ നാളുകളില്‍ ദേവതാ വിഗ്രഹത്തെ പൂരം കുളിക്ക് മുക്കുന്നത് ഇവിടെയാണ്. പുലയും വാലായ്മയും ഉള്ളവര്‍ കുളം ഉപയോഗിക്കരുത് എന്ന വിലക്ക് ഉണ്ട്.
കള്ളിയാമ്പള്ളി: തെയ്യക്കാവിന്റെ വടക്ക് ഭാഗത്ത് കാളി ബലിക്കുള്ള കള്ളിയാമ്പള്ളി കാണാം. കാളീ സങ്കല്‍പ്പത്തിലുള്ള ദേവീ പൂജയുടെ ഭാഗമായി കോഴിയറുത്തും മറ്റും കുരുതി നടത്തുന്നത് ഇവിടെയാണ്. ചിലേടത്ത് നിശ്ചിതമായ കണക്കില്‍ കല്ലു കൊണ്ട് പടുത്ത തറയ്ക്ക് മേലെയാണ് കള്ളിയാമ്പള്ളി ഒരുക്കുക. വാഴപ്പോള കൊണ്ട് കള്ളികളുണ്ടാക്കി കള്ളികളില്‍ മുതൃച്ചയും കലശ കുംഭവും വെക്കുന്നത് ഇവിടെയാണ്. ഇതിനരികിലാണ് കലശക്കാരന്റെ ഇരിപ്പടം ഉണ്ടാകുക.
കടപ്പാട് : അജിത് പുത്തൻപുരയിൽ
0 Comments