വിഷം കുടിക്കുന്ന ചെടികൾ - 2

Share it:
സൂപ്പർ സ്റ്റാർ സൂര്യകാന്തി 
ലോഹങ്ങൾ വലിച്ചെടുക്കാൻ കഴിവുള്ള ചെടികൾ വേറെയുമുണ്ട്. ചെർണോബിൽ ദുരന്തത്തെ തുടർന്ന് സീഷിയം ,സ്‌ട്രോൺഷ്യം എന്നീ ലോഹങ്ങൾ കലർന്ന ഒരു തടാകത്തിൽ നിന്ന് അവ നീക്കം ചെയ്യാൻ സൂര്യകാന്തി ചെടിയെ ആണ് ഉപയോഗിച്ചത്. റേഡിയോ ആക്ടീവതയുള്ള ലോഹങ്ങളെ വേരിൽ കൂടി വലിച്ചെടുത്ത് ഇലകളിലും കാണ്ഡങ്ങളിലും സംഭരിക്കുവാൻ സൂര്യകാന്തിച്ചെടികൾക്ക് പ്രത്യേക കഴിവാണ് ഉള്ളത്. അതിനാൽ തന്നെ രാജ്യാന്തര ആണവ നിർമാർജ്ജനത്തിന്റെ പ്രതീകമാണ് സൂര്യകാന്തിപ്പൂവ്.
ജപ്പാനിലെ ഫുക്കുഷിമ ആണവനിലയ അപകടത്തെ തുടർന്ന് ആ പ്രദേശങ്ങളിലും ചുറ്റുപാടും ആവുന്നിടത്തുമെല്ലാം ജപ്പാനിലെ ആൾക്കാർ ദശലക്ഷക്കണക്കിന് സൂര്യകാന്തിച്ചെടികളാണ് നട്ടുവളർത്തുന്നത്.

പ്രകൃതിയുടെ കാവലാൾ 
പരിസ്ഥിതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിഷപദാർത്ഥങ്ങൾ നീക്കം ചെയ്യുന്നതിനും സസ്യങ്ങൾ ഉപയോഗിക്കാം. വളരെ ചിലവ് കുറവുമാണ് ഈ രീതിയ്ക്ക്. വേണ്ട രീതിയിലുള്ള സസ്യങ്ങൾ നട്ടു സംരക്ഷിക്കുകയെ വേണ്ടു. അവ വളരുന്നതിനനുസരിച്ചു മണ്ണിലെ വിഷ ലോഹങ്ങൾ ആഗീരണം ചെയ്യപ്പെട്ട് ചെടിയിൽ സംഭരിക്കപ്പെടും. യന്ത്രങ്ങൾ ഉപയോഗിക്കാത്തതുകൊണ്ടും മണ്ണിനെ ഇളക്കി മറിക്കേണ്ടതിനാലും ഈ പ്രക്രിയ വളരെ ലാഭകരമാണ്. എന്നാൽ മരം വളരുന്നതിന് വേഗം കുറവായതിനാൽ ഏറെക്കാലം വേണ്ടി വരും ഇത് വിജയത്തിൽ എത്താൻ. വേരുകൾക്ക് എത്താൻ പറ്റുന്ന ആഴത്തിലുള്ള ലോഹങ്ങൾ മാത്രമേ അവയ്ക്ക് വലിച്ചെടുക്കാൻ ആവുകയുള്ളൂ. ഇങ്ങനെ വിഷത്തെ ആഗീരണം ചെയ്ത ചെടികളെ സുരക്ഷിതമായി ഒഴിവാക്കേണ്ടതുണ്ട്.
എന്തിനാവും സസ്യങ്ങൾ ഇങ്ങനെ കൊടും വിഷമായ മൂലകങ്ങളെ സ്വന്തം ശരീരത്തിൽ ശേഖരിക്കുന്നത്? ഒരുപക്ഷേ, തങ്ങളുടെ ഇലകൾ തിന്നാൻ വരുന്ന ജീവികളെ പിന്തിരിപ്പിക്കാനാവും. ഭൂമിയിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന സസ്യങ്ങൾ തന്നെ, മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ പൂർവ്വനിലയിലാക്കാനും വേണ്ടി വരുന്നു എന്നത് സസ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വീണ്ടും എടുത്ത് കാണിക്കുന്നു.
Share it:

Plants

Post A Comment:

0 comments: