പ്ലസ്‌വണ്ണിന് പഠിക്കുമ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് മാസശമ്പളം കിട്ടിയാല്‍ എങ്ങിനെയുണ്ടാകും.?

നല്ല കുട്ടികളായി പഠിക്കുന്നതിന് മാത്രമായി, പ്ലസ് വണ്‍ മുതല്‍ പഠിക്കുന്ന കാലമത്രയും സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ നിങ്ങള്‍ക്ക് ശമ്പളം തരാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്ന് എത്രപേര്‍ക്കറിയാം. പ്ലസ്‌വണ്ണിന് പഠിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 15000 രൂപയും ഡിഗ്രിക്കും പി.ജിക്കും പഠിക്കുന്നവര്‍ക്ക് 24000 രൂപയും അതിനുമുകളില്‍ പോകുന്നവര്‍ക്ക് യു.ജി.സി മാനദണ്ഡങ്ങളനുസരിച്ചും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന കാര്യമാണ് പറഞ്ഞുവരുന്നത്. ഇപ്പറഞ്ഞ തുകകളൊക്കെ ഇനിയും കൂടാനും സാധ്യതയുണ്ട്. അവ ഇരട്ടിയിലധികമായി വര്‍ധിപ്പിക്കുന്ന കാര്യമടക്കം സര്‍ക്കാറിന്റെ പരിഗണനയിലാണ്. ജാതിയോ മതമോ രക്ഷിതാക്കളുടെ വരുമാനമോ ഒന്നും അതിനൊരു തടസമല്ല. പക്ഷേ, നിങ്ങളതിന് അര്‍ഹനാണെന്ന് തെളിയിക്കണമെന്ന് മാത്രം.

അതിനുള്ള വഴിയാണ് നാഷനല്‍ ടാലന്റ് സര്‍ച്ച് എക്‌സാമിനേഷന്‍ അഥവാ എന്‍.ടി.എസ്.ഇ. സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമായി നടത്തുന്ന രണ്ട് പരീക്ഷകളാണിത്. കഴിവും ശേഷിയുമുള്ള കുട്ടികള്‍ പഠനം തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 1969 മുതല്‍ നമ്മുടെ രാജ്യത്ത് ഈ പരീക്ഷ നടക്കുന്നുണ്ട്.

ആര്‍ക്കൊക്കെ ഈ പരീക്ഷ എഴുതാം?

ഒമ്പതാം ക്ലാസില്‍ 60 ശതമാനമെങ്കിലും (സംവരണ വിഭാഗങ്ങള്‍ക്ക് 55%) മാര്‍ക്ക് ലഭിക്കുകയും ഈ വര്‍ഷം പത്താം ക്ലാസില്‍ പഠിക്കുകയും ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഈ പരീക്ഷക്ക് അപേക്ഷിക്കാം.

എപ്പോഴാണ് ഈ പരീക്ഷ?

സംസ്ഥാനതലത്തില്‍ അടുത്ത നവംബറിലും ദേശീയ തലത്തില്‍ 2019 മെയ് മാസത്തിലുമാണ് ഇനി പരീക്ഷയുള്ളത്. സെപ്റ്റംബര്‍ രണ്ടാം വാരത്തിലെങ്കിലും അപേക്ഷിക്കണം. എന്‍.സി.ഇ.ആര്‍.ടിയാണ് പരീക്ഷ നടത്തുന്നത്.

Post a Comment

0 Comments