കൃഷിച്ചൊല്ലുകൾ - 02

Share it:
താണ കണ്ടത്തിൽ എഴുന്ന വിളവ്
നനവുള്ള വയലിൽ നിന്ന് കൂടുതൽ വിളവു കിട്ടും. വിനയമുള്ളവർക്ക് അഭിവൃദ്ധിയുണ്ടാകുമെന്നർത്ഥം.

അധികം വിളഞ്ഞാൽ വിത്തിനും കൊള്ളില്ല
എന്തിനും ഒരു പാകം ഉണ്ട്. വിത്തായി വിതയ്ക്കണമെങ്കിൽ വിളവു പാകം അനുയോജ്യമായിരിക്കണം. അധികമായാൽ ഉപയോഗശൂന്യമാണ്.

അടിച്ചുപൂട്ടി വിതയ്ക്കണം അടച്ചുപൂട്ടി ഇറങ്ങണം
നിലമടിച്ച് ഉഴുതു വൃത്തിയാക്കി വേണം വിതയ്ക്കുവാൻ. വീടുവിട്ടിറങ്ങുമ്പോൾ ഉള്ളിലുള്ളവ നഷ്ടപ്പെടാത്ത വിധത്തിൽ വാതിലടച്ച് ഇറങ്ങുകയും വേണം. ചെയ്യുന്ന പ്രവൃത്തി കുറ്റമറ്റ രീതിയിലാവണം എന്നർത്ഥം.

നെല്ലിൽ പതിരും ചൊല്ലിൽ പിഴവും
നെല്ല് നല്ലൊരു ധാന്യമാണ്. അതിൽ പതിരു കലരുന്നത് നെല്ലിൻ്റെ മഹത്വം കുറയ്ക്കും. സംസാരത്തിൽ അനാവശ്യ കാര്യങ്ങൾ കടന്നു കൂടിയാൽ അത് വ്യക്തിയുടെ ഗുണമഹിമയെ ബാധിക്കുമെന്ന് ഈ ചൊല്ല് വ്യക്തമാക്കുന്നു.

കന്നില്ലാ കൃഷിയും കണ്ണില്ലാപ്പെണ്ണുമാക!
കൃഷി നന്നാവണമെങ്കിൽ നിലം നന്നായി ഉഴാൻ കന്നുകുട്ടികൾ വേണം. കുടുംബ ജീവിതം നന്നാവണമെങ്കിൽ അടക്കവും ഒതുക്കവുമുള്ള സ്ത്രീയും വേണം. കന്നുകുട്ടികളില്ലെങ്കിൽ കൃഷിയും അടക്കമില്ലാത്ത പെണ്ണാണെങ്കിൽ വിവാഹവും വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലതെന്നർത്ഥം.

അത്തത്തിനു വിതച്ചാൽ പത്തായം പത്തു വേണം..
അത്തം നാളിൽ വിത്തു വിതച്ചാൽ നല്ല വിളവുണ്ടാകും എന്നത് ഒരർത്ഥം. മഴയും വെയിലും ആവശ്യാനുസരണം ലഭിക്കുന്ന കാലമാണല്ലോ ചിങ്ങം. ഓരോ പ്രവൃത്തിയും ചെയ്യേണ്ട സമയത്തു ചെയ്താൽ മികച്ച ഫലം ലഭിക്കും എന്നുകൂടി ഈ ചൊല്ല് സൂചിപ്പിക്കുന്നു.
Share it:

Post A Comment:

0 comments: