ചന്ദ്രശേഖര്‍ ആസാദ് (1906 - 1931) 1906-ല്‍ മധ്യപ്രദേശിലെ ദവ്രഗ്രാമത്തില്‍ ജനിച്ചു. ചെറിയകുട്ടിയായിരിക്കുമ്പോള്‍ തന്നെ നിസ്സഹകരണ പ്രസ്‌ഥാനത്തില്‍ പങ്കെടുക്കുകയും അറസ്‌റ്റ് വരിക്കുകയും ചെയ്‌തു. വിചാരണവേളയില്‍ തന്റെ പേര് ആസാദ് (സ്വാതന്ത്ര്യം) എന്നാണെന്നും വീട് ജയില്‍ ആണ് എന്നും പറഞ്ഞു. ഹിന്ദുസ്‌ഥാന്‍ സോഷ്യലിസ്‌റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ പ്രവര്‍ത്തകനും ഭഗത്സിംഗിന്റെ സുഹൃത്തുമായിരുന്നു. 25-ാമത്തെ വയസ്സില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ആസാദ് കൊല്ലപ്പെട്ടു.
അക്കാമ്മ ചെറിയാന്‍ (1909 - 1982) 1909-ല്‍ ജനിച്ചു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് 1942-ല്‍ അറസ്‌റ്റ് വരിച്ചു. സ്വതന്ത്രതിരുവിതാംകൂര്‍ എന്ന സര്‍. സി. പി.യുടെ ആശയത്തിനെതിരെ പോരാടിയും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. ഇന്ത്യാഗവണ്‍മെന്റ് 1972-ല്‍ താമ്രപത്രം നല്‌കി അവരെ ആദരിച്ചു. 1982-ല്‍ അന്തരിച്ചു.
കെ. കേളപ്പന്‍ (1890 - 1971) കേരളത്തില്‍ നിന്നുള്ള ദേശീയ നേതാവ്. കേരളത്തിലെ സ്വാതന്ത്ര്യ സമര പ്രക്ഷോഭണങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, സര്‍വോദയ പ്രസ്‌ഥാനം തുടങ്ങിയവയുടെ നേതാവായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരം, സത്യഗ്രഹം, വ്യക്‌തി സത്യഗ്രഹം, എന്നിവയ്‌ക്ക് നേതൃത്വം നല്‍കി.
കെ.പി.കേശവമേനോന്‍ (1886-1978) 1886-ല്‍ ജനിച്ചു. 1915-ല്‍ ഇംഗ്ലണ്ടില്‍നിന്ന് നിയമബിരുദം നേടി. കെ.പി.സി.സിയുടെ ആദ്യത്തെ സെക്രട്ടറിയായി. 1916-ല്‍ യുദ്ധഫണ്ട് സ്വരൂപിക്കാന്‍ കളക്‌ടര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ അദ്ദേഹം മലയാളത്തില്‍ പ്രസംഗിച്ചത് കളക്‌ടര്‍ തടസ്സപ്പെടുത്തി. അതില്‍ പ്രതിഷേധിച്ച് മേനോനും അനുയായികളും യോഗം ബഹിഷ്‌കരിച്ചു. ഈ സംഭവം മലബാറില്‍ പുതിയൊരുണര്‍വുണ്ടാക്കി. 1923-ല്‍ കോഴിക്കോട്ടുനിന്നും മാതൃഭൂമി പത്രം തുടങ്ങി. 1924-ല്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തു.
മാഡം കാമ (1861-1936) ബോംബെയില്‍ ജനനം. ദാദാഭായ് നവറോജി, ശ്യാംജി കൃഷ്‌ണവര്‍മ എന്നിവരാല്‍ പ്രചോദിതയായി സജീവരാഷ്‌ട്രീയത്തില്‍ ഇറങ്ങി. 1908-ല്‍ അവര്‍ ലണ്ടനിലെത്തി സവര്‍ക്കര്‍, മുകുന്ദ് ദേശായി തുടങ്ങിയവരുമായി ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ യുവത്വത്തെ സംഘടിപ്പിക്കുകയും സ്വതന്ത്ര ഇന്ത്യാ സൊസൈറ്റി സ്‌ഥാപിക്കുകയും ചെയ്‌തു. പിന്നീട് പാരീസിലേക്കു പോയ കാമ അവിടെയും യുവ വിപ്ലവകാരികളെ സംഘടിപ്പിച്ചു.
ഡബ്ല്യൂ. സി. ബാനര്‍ജി (1844-1906) സോണയ് കിദ്ദര്‍പ്പൂരില്‍ (കൊല്‍ക്കത്ത) ജനിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്‌ഥാനത്തിന്റെ നേതാക്കളില്‍ പ്രമുഖനായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെആദ്യത്തെ പ്രസിഡന്റ്‌ആയിരുന്നു. ഇംഗ്ലണ്ടില്‍ വെച്ച് അന്തരിച്ചു.
0 Comments