ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ചവര്‍ part-2

സരോജിനി നായിഡു (1879-1949)
ഹൈദരാബാദില്‍ ജനിച്ചു. കവയത്രി എന്ന നിലയില്‍ പ്രസിദ്ധി നേടി. കോണ്‍ഗ്രസ്‌ പ്രസ്‌ഥാനത്തില്‍ ആകൃഷ്‌ടയായി ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമവനിതാ അദ്ധ്യക്ഷയായി. ആദ്യത്തെ വനിതാ ഗവര്‍ണര്‍ കൂടിയാണിവര്‍. ഉപ്പുസത്യഗ്രഹത്തിലും ക്വിറ്റ്‌ ഇന്ത്യാ സമരത്തിലും പങ്കെടുത്ത്‌ അറസ്‌റ്റുവരിച്ചു. ഇന്ത്യയുടെ വാനമ്പാടി എന്നും അറിയപ്പെട്ടു.

വേലുത്തമ്പി ദളവ
ദക്ഷിണ കേരളത്തിലെ തിരുവിതാംകൂര്‍ രാജ്യത്തെ ദളവ ആയിരുന്നു തലക്കുളത്ത്‌ വേലുത്തമ്പി. കൊച്ചി ദിവാനായിരുന്ന പാലിയത്തച്ചനുമായി ചേര്‍ന്ന്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രക്ഷോഭണം സംഘടിപ്പിച്ചു. പക്ഷേ ബ്രിട്ടീഷുകാര്‍ വളരെ വര്‍ധിച്ച ശക്‌തിയോടെ ഈ പ്രക്ഷോഭം അടിച്ചമര്‍ത്തി. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള കുണ്ടറവിളംബരം ചരിത്രപ്രസിദ്ധമാണ്‌. കൊല്ലത്തിനടുത്ത്‌ മണ്ണടി എന്ന സ്‌ഥലത്തെ ക്ഷേത്രത്തില്‍ കുറച്ചുകാലം ഒളിവില്‍ കഴിഞ്ഞ വേലുത്തമ്പി, ബ്രിട്ടീഷ്‌ സൈന്യം ക്ഷേത്രം വളഞ്ഞതിനെത്തുടര്‍ന്ന്‌ ആത്മഹത്യ ചെയ്യുകയാണുണ്ടായത്‌.

പഴശ്ശിരാജ
കോട്ടയം രാജാവായിരുന്ന കേരളവര്‍മ്മ പഴശ്ശിരാജാവ്‌ 1794 മുതല്‍ 1805 വരെയുള്ള കാലത്ത്‌ പലപ്പോഴും ബ്രിട്ടീഷുകാര്‍ക്കെതിരായി ശക്‌തമായ എതിര്‍പ്പ്‌ സംഘടിപ്പിച്ചു. പുറത്തുനിന്നും സഹായം കിട്ടാതെ വന്നത്‌ പഴശ്ശിരാജാവിന്റെ ശക്‌തി ക്ഷയിപ്പിച്ചു. വയനാട്ടിലെ കുറിച്യര്‍ പഴശ്ശിരാജാവിനെ പൂര്‍ണ്ണമായി സഹായിച്ചെങ്കിലും 1805 ല്‍ വെല്ലസ്ലി പ്രഭു കേരളവര്‍മ്മ പഴശ്ശിരാജാവിനെ തോല്‌പിച്ചു. അദ്ദേഹം സ്വന്തം നാടിന്റെ അഭിമാനം സംരക്ഷിക്കാന്‍വേണ്ടി രക്‌തസാക്ഷിത്വം വരിച്ചു.

ഭഗത്സിംഗ്‌ (1907-1931)
ഇന്ത്യന്‍ സ്വാതന്ത്ര്യചരിത്രത്തിലെ വിപ്ലവനേതാവ്‌. 1907-ല്‍ പശ്‌ചിമ പഞ്ചാബില്‍ ജനിച്ചു. നവജവാന്‍ ഭാരതസഭ രൂപീകരിച്ച്‌ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ പ്രവര്‍ത്തനം തുടങ്ങി. ലാലാ ലജ്‌പത്‌റായ്‌ പോലീസ്‌ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധപ്രകടനങ്ങളുടെ ഭാഗമായി 1929 ഏപ്രില്‍ 8 ന്‌ ബ്രിട്ടീഷ്‌ ഉദ്യോഗസ്‌ഥര്‍ക്കിടയിലേക്ക്‌ ബോംബ്‌ എറിഞ്ഞു. ഇതേത്തുടര്‍ന്ന്‌ അറസ്‌റ്റിനും ഏകപക്ഷീയമായ വിചാരണയ്‌ക്കും ശേഷം 1931 മാര്‍ച്ച്‌ 21ന്‌ ഭഗത്സിംഗിനെയും കൂട്ടരെയും തൂക്കിലേറ്റി. ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌ എന്ന മുദ്രാവാക്യം പ്രചാരത്തില്‍ വരുത്തിയത്‌ ഭഗത്സിംഗാണ്‌.

ലാലാ ലജ്‌പത്‌ റായ്‌ (1865 - 1928)
ലാല്‍-പാല്‍-ബാല്‍ സഖ്യത്തിലെ ലാല്‍ എന്നറിയപ്പെട്ടിരുന്ന നേതാവ്‌. പഞ്ചാബിലെ ബ്രിട്ടീഷ്‌ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹത്തെ ബര്‍മ (മ്യാന്‍മാര്‍) യിലേക്ക്‌ നാടുകടത്തി. 1919-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം നിസ്സഹകരണ പ്രസ്‌ഥനത്തില്‍ നേതൃത്വം വഹിച്ചു. 1921 മുതല്‍ 1923 വരെ വീണ്ടും ജയില്‍വാസമനുഭവിച്ചു. പോലീസിന്റെ ഭീകരമര്‍ദ്ദനത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ഫിറോസ്‌ ഷാ മേത്ത (1845-1915)
കോണ്‍ഗ്രസിലെ മിതവാദികളുടെ എക്കാലത്തെയും നേതാവ്‌. 1845-ല്‍ മുംബൈ നഗരത്തില്‍ ജനനം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി. തീവ്രവാദികള്‍ കോണ്‍ഗ്രസില്‍ ആധിപത്യം ചെലുത്തുന്നത്‌ തടയാന്‍ ധീരമായി നിലകൊണ്ടു. 1892ലെ കല്‍ക്കത്താ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്റെ അധ്യക്ഷന്‍. 1904-ല്‍ പ്രഭുസ്‌ഥാനം ലഭിച്ചു. 1915-ല്‍ അന്തരിച്ചു.

Post a Comment

0 Comments