Header Ads Widget

സഞ്ജയന്‍

മലയാള സാഹിത്യത്തില്‍ ചിരിയുടെയും ചിന്തയുടെയും ചിന്തേരിട്ടു മിനുക്കിയ എത്രയോ രചനകളിലൂടെ അനശ്വരസാന്നിദ്ധ്യമായി മാറിയ സഞ്ജയന്‍.സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ‍ നാമം മാണിക്കോത്ത് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണ്. (ജനനം: 1903 ജൂൺ 13 - മരണം: 1943 സെപ്റ്റംബർ 13). ജീവിതം സഞ്ജയന് ദുഃഖനിര്‍ഭരമായിരുന്നു. എന്നിട്ടും അദ്ദേഹം രചനകളിലൂടെ നമ്മെ ചിരിപ്പിച്ചു;ഒട്ടൊക്കെ ചിന്തിപ്പിക്കുകയും ചെയ്തു.ഗദ്യവും പദ്യവും പത്രപ്രവര്‍ത്തനവുമെല്ലാം സമൂഹത്തിന്‍റെ പൊള്ളത്തരങ്ങള്‍ക്കും അധികാരോന്മുഖതയ്ക്കുമെതിരെയുള്ള ഹാസ്യത്തിന്‍റെ വിശ്വരൂപമമാക്കി സഞ്ജയന്‍ മാറ്റി. ദയാരഹിതമായ പരിഹാസത്തിന്‍റെ മൂര്‍ച്ചയുള്ള ആയുധമായിരുന്നു സഞ്ജയന് വാക്ക്. പാരഡിയെ സാമൂഹികവിമര്‍ശനത്തിനുള്ള കാവ്യതന്ത്രമായി പ്രയോഗിച്ച ആദ്യകവിയും അദ്ദേഹമാണ്. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. ആദ്യോപഹാരം, സാഹിത്യനികഷം (രണ്ടുഭാഗം), ഹാസ്യാഞ്ജലി, സഞ്ജയന്‍ (ആറു ഭാഗം) എന്നിവയിലായി മരണാനന്തരം സഞ്ജയന്‍റെ രചനകള്‍ സമാഹരിച്ചു. ദുരന്തമയമായിരുന്ന ജീവിതത്തില്‍നിന്നാണ് സഞ്ജയന്‍ ഹാസ്യം വിരിയിച്ചത്. .കുട്ടിക്കാലത്തേ അച്ഛന്‍ നഷ്ടപ്പെട്ട രാമുണ്ണിക്ക് പിന്നീട് ഭാര്യയേയും നഷ്ടപ്പെട്ടജീവിതാവസ്ഥ നേരിടേണ്ടി വന്നു. ഏകപുത്രനും മരിച്ചതോടെ അദ്ദേഹം ആകെ തളര്‍ന്നു. അപ്പോഴും അദ്ദേഹമുയര്‍ത്തിവിട്ട ചിരിയുടെ അലകളിലായിരുന്നു സഹൃദയസമൂഹം.

Post a Comment

0 Comments