എ.പി.ജെ. അബ്ദുൾകലാം

മിസൈൽ മാൻ ഓഫ് ഇന്ത്യ എ.പി.ജെ. അബ്ദുൾ കലാമിനെ ലോകം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. മാനത്തോളം സ്വപ്നം കാണുകയും കണ്ട സ്വപ്നങ്ങ ളെ യാഥാർഥ്യമാക്കുകയും പുതു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും ചെയ്ത മഹാനാണ് കലാം.
ജനനം: 1931 ഒക്ടോബർ 15
ജന്മസ്ഥലം: തമിഴ്നാട്ടിലെ രാമേശ്വരം
പിതാവ് :അവുൽ പക്കീർ ജൈനുലബ്ദീൻ
മാതാവ്: ആഷിയാമ്മ

വിദ്യാഭ്യാസം
പ്രാഥമിക വിദ്യാഭ്യാസം രാമേശ്വരത്തെ എലിമെന്ററി സ്കൂളിൽ. ഷ്വാർട്സ് സ്കൂളിലെ പഠനത്തിനുശേഷം ട്രിച്ചി സെന്റ് ജോസഫ്സ് കോളേജിൽ ഇന്റർമീഡിയറ്റ്. ട്രിച്ചിയിലെ ബിരുദപഠനത്തിനുശേഷം മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എൻജിനീയറിങ് പഠനം. എയ്റോനോട്ടിക്കൽ എൻജിനീയറിങ് ആണ് കലാം തിരഞ്ഞെടുത്ത വിഷയം.

ഔദ്യോഗിക ജീവിതം
1958-ൽ പ്രതിരോധവകുപ്പിൽ സീനിയർ സയന്റിസ്റ്റായി ആദ്യ നിയമനം. മൂന്നു വർഷത്തിനുശേഷം ബാംഗ്ലൂരിലെ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് എന്ന സ്ഥാപനത്തിൽ ജോലി ലഭിച്ചു. തുടർന്ന് മുംബൈയിലെ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ചിൽ റോക്കറ്റ് എൻജിനീയറായി. 1969-ൽ ഐ.എസ്.ആർ.ഒയിലെത്തി. SLV 3ന്റെ പ്രോജക്ട് ഡയറക്ടറായി. 1980 -ൽ രോഹിണി എന്ന കൃത്രിമോപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ച് SLV 3 ചരിത്രത്തിൽ ഇടം നേടി.

മിസൈൽ മാൻ
അഗ്നി, പൃഥ്വി ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ രൂപകല്പനയ്ക്ക് നേതൃത്വം നൽകി. 1990-കളിൽ മിസൈൽ വികസനപദ്ധതികളുടെ നേതൃത്വം ഏറ്റെടുത്തു. 1992-1999 കാലത്ത് ഡി.ആർ.ഡി.ഒ സെക്രട്ടറിയും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്മാവുമായി.

ഓപ്പറേഷൻ ശക്തി
1998-ൽ ഇന്ത്യയുടെ രണ്ടാമത്തെ ആണവപരീക്ഷണമായ ഓപ്പറേഷൻ ശക്തിക്ക് നേതൃത്വം നൽകി. ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്ത പാകിസ്താനിലെ ചില പത്രങ്ങൾ 'മാഡ് സയന്റിസ്റ്റ് ഓഫ് ഇന്ത്യ' എന്നാണ് കലാമിനെ വിശേഷിപ്പിച്ചത്.

പതിനൊന്നാമത്തെ രാഷ്ട്രപതി
2002 ജൂലായ് 19-ന് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി. ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ. അവിവാഹിതനായ ഏക ഇന്ത്യൻ രാഷ്ട്രപതിയും കലാം തന്നെ. ഏറ്റവും ജനകീയനായ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. 2007വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. പിന്നീട് വിവിധ ഐ.ഐ.എമ്മുകളിൽ വിസിറ്റിങ് പ്രൊഫസറായി.

പുരസ്കാരങ്ങൾ, ബഹുമതികൾ
1981-ൽ പത്മഭൂഷൺ, 1990-ൽ പത്മവി ഭൂഷൺ, 1994-ൽ ആര്യഭട്ട പുരസ്കാരം, 1997-ൽ ഭാരതരത്ന പുരസ്കാരം എന്നിവ ലഭിച്ചു. ഭാരതരത്ന നേടിയശേഷം ഇന്ത്യയുടെ പ്രസിഡന്റാകുന്ന ആദ്യ വ്യക്തിയാണ് കലാം. വീർ സവർക്കർ അവാർഡ്, ഇന്ദിരാഗാന്ധി അവാർഡ് ഫോർ നാഷണൽ ഇന്റഗ്രേഷൻ, രാമാനുജൻ അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ച അവാർഡുകളിൽ ചിലതാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നാല്പതോളം സർവകലാശാലകൾ കലാമിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

അഗ്നിച്ചിറകുകൾ
കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകൾ (Wings of fire). പുതു തലമുറയോട് വലിയ സ്വപ്നങ്ങൾ കാണാനാണ് അദ്ദേഹം തന്റെ ആത്മകഥയിലൂടെ ആഹ്വാനം ചെയ്യുന്നത്. ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഫ്രഞ്ച്, ചൈനീസ് ഭാഷകൾ ഉൾപ്പെടെ പതിമ്മൂന്നോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്ത്യ 2020, ഇഗ്നൈറ്റഡ് മൈൻഡ്സ്, മൈ ജേർണി, മിഷൻ ഇന്ത്യ, ഗൈഡിങ് സോൾസ്, ദ് ലൈഫ് ട്രീ (കവിതാസമാഹാരം), ഇൻസ്പയറിങ് തോട്ട്സ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന രചനകൾ.

കലാമിന്റെ വാക്കുകൾ
  1. . ഉറങ്ങുമ്പോൾ കാണുന്നതല്ല, ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളാണ് കാണേണ്ടത്.
  2. നിങ്ങളുടെ പങ്കില്ലാതെ നിങ്ങൾക്ക് വിജയിക്കാനാകില്ല. നിങ്ങളുടെ പങ്കോടുകൂടി നിങ്ങൾക്ക് തോൽക്കാനുമാകില്ല.
  3. മനുഷ്യന് ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ആവശ്യമാണ്. കാരണം, വിജയം ആസ്വദിക്കണമെങ്കിൽ അവ കൂടിയേ തീരൂ.
  4. . നമുക്കെല്ലാം ഒരേ കഴിവുകളല്ല ഉള്ളത്. എന്നാൽ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം എല്ലാവർക്കും ഒരുപോലെയാണ്.
  5. . ഒരു രാജ്യത്തെ അഴിമതിമുക്തമാക്കാൻ ഏറ്റവും കൂടുതൽ സംഭാവനചെയ്യാൻ കഴിയുന്നതു് പിതാവിനും മാതാവിനും അധ്യാപകനുമാണ്.


നക്ഷത്രങ്ങളുടെ ലോകത്തേക്ക്
2015 ജൂലായ് 27 തിങ്കളാഴ്ച വൈകുന്നേരം 6.30ന് ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രഭാഷണം നടത്തുന്നതിനിടെ കലാം കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. കലാമിന് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയായിരുന്നു അധ്യാപനം. ഏറ്റവും പ്രിയപ്പെട്ട ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ ഈ ലോകത്തോട് വിടവാങ്ങുകയെന്നതായിരുന്നു കലാമിന്റെ ആഗ്രഹവും.

Post a Comment

0 Comments