മുല്ലാ നാസറുദ്ദീന്‍ കഥകള്‍

എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തേക്ക് വളരെ സാവകാശം നടക്കുന്ന ഒരു കാളയുടെ പുറത്തുകയറി മുല്ല വന്നെത്തി. എല്ലാവരും ചിരിച്ചു: 'കാളയ്ക്ക് ഓടാനാവില്ല.'
'പക്ഷേ, ഞാനതു കണ്ടിട്ടുണ്ട്. ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ ഇത് കുതിരയേക്കാള്‍ വേഗത്തില്‍ ഓടിയിരുന്നു.'- മുല്ല പറഞ്ഞു. 'ഇപ്പോള്‍ കൂടുതല്‍ വളര്‍ന്ന സ്ഥിതിക്ക് കൂടുതല്‍ വേഗതയില്‍ ഓടാന്‍ കഴിയേണ്ടതല്ലേ?'
വളര്‍ച്ച
എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തേക്ക് വളരെ സാവകാശം നടക്കുന്ന ഒരു കാളയുടെ പുറത്തുകയറി മുല്ല വന്നെത്തി. എല്ലാവരും ചിരിച്ചു: 'കാളയ്ക്ക് ഓടാനാവില്ല.'
'പക്ഷേ, ഞാനതു കണ്ടിട്ടുണ്ട്. ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ ഇത് കുതിരയേക്കാള്‍ വേഗത്തില്‍ ഓടിയിരുന്നു.'- മുല്ല പറഞ്ഞു. 'ഇപ്പോള്‍ കൂടുതല്‍ വളര്‍ന്ന സ്ഥിതിക്ക് കൂടുതല്‍ വേഗതയില്‍ ഓടാന്‍ കഴിയേണ്ടതല്ലേ?'


നിയമത്തിന്റെ അക്ഷരങ്ങള്‍
നാസറുദ്ദീന് തെരുവില്‍നിന്ന് വളരെ വിലപിടിച്ച ഒരു മോതിരംകിട്ടി. അത് സ്വന്തമാക്കണമെന്ന് കലശലായ മോഹം. പക്ഷേ, അങ്ങനെ വല്ലതും കണ്ടുകിട്ടുന്ന ആരും ചന്തസ്ഥലത്തുചെന്ന് അക്കാര്യം മൂന്നുതവണ വിളിച്ചുപറയണമെന്നാണ് നിയമം. എന്നിട്ടും കണ്ടുകിട്ടിയില്ലെങ്കില്‍ അത് കിട്ടിയവനെടുക്കാം.
മുല്ല പുലര്‍ച്ചയ്ക്ക് മൂന്നു മണിക്ക് അങ്ങാടിയില്‍ചെന്ന് തനിക്കു മോതിരം കിട്ടിയകാര്യം വിളിച്ചുപറഞ്ഞു.
മൂന്നാമത്തെ വിളിയോടെ ഉണര്‍ന്നെണീറ്റ ആളുകള്‍ തെരുവുകളിലേക്ക് കുതിച്ചെത്തി. അവര്‍ക്ക് കാര്യമെന്താണെന്ന് വ്യക്തമായില്ല.
'എന്താണ് മുല്ലാ സംഗതി?'- അവര്‍ ചോദിച്ചു.
നാസറുദ്ദീന്‍ പറഞ്ഞു: 'മൂന്നുതവണ ആവര്‍ത്തിക്കാനേ നിയമം അനുശാസിക്കുന്നുള്ളൂ. നാലാംതവണ ആവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷേ, ഞാന്‍ നിങ്ങളോട് വേറൊരു കാര്യം പറയാം -ഞാനിപ്പോള്‍ ഒരു രത്‌നമോതിരത്തിന്റെ ഉടമയാണ്.'

ആഴം
ചന്തയിലെത്തിയ മുല്ല പക്ഷികളെ വില്പനയ്ക്ക് വെച്ചിരിക്കുന്നതു കണ്ടു. ഓരോ പക്ഷിക്കും അഞ്ഞൂറു റിയാലാണ് വില. മുല്ല വിചാരിച്ചു -എന്റെ പക്ഷി ഇതിനേക്കാള്‍ വലുതാണ്. അതിന് ഇതിനേക്കാള്‍ അധികം വിലകിട്ടണം.
പിറ്റേന്ന് തന്റെ പ്രിയപ്പെട്ട പിടക്കോഴിയേയുംകൊണ്ട് ചന്തയിലെത്തി. പക്ഷേ, ആരും അതിന് അമ്പതു റിയാലില്‍ കൂടുതല്‍ വില പറഞ്ഞില്ല. മുല്ല തൊള്ളയിടാന്‍ തുടങ്ങി:
'ജനങ്ങളേ, ഇതെന്തൊരു മര്യാദകേടാണ്? ഇന്നലെ ഇതിന്റെ പകുതി വലിപ്പമുള്ള പക്ഷികളെ നിങ്ങള്‍ ഇതിന്റെ പത്തിരട്ടി വിലയ്ക്കാണല്ലോ വാങ്ങിയത്.'
ആരോ വിശദീകരിച്ചുകൊടുത്തു. 'നാസറുദ്ദീന്‍, അതൊക്കെ തത്തകളായിരുന്നു. അവയ്ക്ക് കൂടുതല്‍ വിലകിട്ടും. അവ സംസാരിക്കും.'
'വിഡ്ഢീ' -നാസറുദ്ദീന്‍ ഒച്ചവെച്ചു: അവയ്ക്കു സംസാരിക്കാന്‍ കഴിയും എന്നതുകൊണ്ട് നീ അവയെ കൂടുതല്‍ വിലമതിക്കുന്നു. ഈ പക്ഷി അദ്ഭുതകരമായ ചിന്തകളുള്ളപ്പോഴും ചിലച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നില്ല. എന്നിട്ട് നീ അതിനെ തള്ളിപ്പറയുന്നു!'

രക്ഷിക്കുന്നതിന്റെ തത്ത്വം
ആ രണ്ടു പെണ്‍കുട്ടികളില്‍ ആരെ കല്യാണം കഴിക്കണം എന്ന കാര്യത്തെപ്പറ്റി ഒരു തീരുമാനത്തിലെത്താന്‍ മുല്ലയ്ക്കു കഴിഞ്ഞില്ല. ഒരിക്കല്‍ അവര്‍ രണ്ടുപേരുംകൂടി ഒന്നിച്ചുവന്നു മുല്ലയോടു ചോദിച്ചു: 'കൂട്ടത്തില്‍ ആരെയാണ് നിങ്ങള്‍ കൂടുതല്‍ സ്‌നേഹിക്കുന്നത്?'
മുല്ല പറഞ്ഞു: 'ഈ ചോദ്യം ഒരു പ്രായോഗിക സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി ചോദിക്കൂ.'
'ഞങ്ങള്‍ രണ്ടിലൊരാള്‍ പുഴയില്‍ വീണാല്‍ നിങ്ങള്‍ ആരെയാണ് രക്ഷിക്കുക?'- ചെറുപ്പക്കാരിയും സുന്ദരിയുമായ പെണ്ണ് ചോദിച്ചു.
തടിച്ചി എങ്കിലും പണക്കാരിയായ മറ്റേ പെണ്ണിനെ നോക്കി മുല്ല ചോദിച്ചു: 'ഓമനേ, നിനക്കു നീന്താനറിയാം, ഇല്ലേ?'

ചേരായ്മ
നാസറുദ്ദീന്‍ ചന്തയില്‍വെച്ച് ഒരു ചുമട്ടുകാരനോടു പറഞ്ഞു: 'ഈ ചാക്കെടുത്ത് എന്റെ വീട്ടിലെത്തിക്കൂ.'
അയാള്‍ വിനയത്തോടെ പറഞ്ഞു: 'താങ്കള്‍ പറയുന്നതെന്തും ഞാന്‍ ചെയ്യാം. എവിടെയാണ് താങ്കളുടെ വീട്?'
നാസറുദ്ദീന്‍ അമ്പരന്ന് അയാളെ നോക്കി. 'നീ ഒരു വകതിരിവുകെട്ട തെമ്മാടിയും കൊള്ളക്കാരനുമാണെന്നു തോന്നുന്നു. എന്റെ വീട് എവിടെയാണെന്ന് എപ്പോഴെങ്കിലും ഞാന്‍ നിന്നോടു പറയുമെന്ന് നീ വിചാരിക്കുന്നുണ്ടോ?'

ദൈവകാരുണ്യം
അര്‍ധരാത്രി.നാട്ടുവെളിച്ചം മാത്രമേയുള്ളൂ. തോട്ടത്തില്‍ വെളുത്ത എന്തോ ഒന്നു കണ്ടു. നാസറുദ്ദീന്‍ അമ്പും വില്ലും എടുത്തുചെന്ന് ആ വസ്തുവിനെ എയ്തു. അതുകഴിഞ്ഞ് അതെന്താണെന്നു നോക്കാന്‍ പുറമേക്കു പോയി. ഏതാണ്ട് തകര്‍ന്ന മട്ടിലാണ് മടങ്ങിവന്നത്. അദ്ദേഹം ഭാര്യയോടു പറഞ്ഞു:
'അതൊരു നേര്‍ത്ത പ്രയോഗമായിരുന്നു. എങ്കിലും ഒന്നാലോചിച്ചുനോക്കൂ. അവിടെ ഉണങ്ങാനിട്ട എന്റെ വെള്ളക്കുപ്പായത്തിനകത്ത് ഞാനുണ്ടായിരുന്നെങ്കില്‍, എന്താ കഥ? നേരെ ഹൃദയം തുളച്ചാണ് ആ അമ്പ് പോയത്.'

പിതാവിന്റെ കാല്പാടുകള്‍
നാസറുദ്ദീന്റെ കുഞ്ഞുങ്ങള്‍ വീട്ടുമുറ്റത്തിരുന്ന് കളിക്കുകയായിരുന്നു. അതില്‍ ഏറ്റവും ഇളയ കുഞ്ഞിനോട് ആരോ ചോദിച്ചു.
'എന്താണ് വഴുതിനങ്ങ?'
ആ കുട്ടി ഉടനെ മറുപടി പറഞ്ഞു: 'ഇനിയും കണ്ണുതുറന്നിട്ടില്ലാത്ത കന്നുകുട്ടി.'
ആനന്ദോന്മത്തനായിത്തീര്‍ന്ന മുല്ല അവനെ വാരിയെടുത്ത് ഉമ്മ വെച്ചു.
'ഇതു കേട്ടോ നിങ്ങള്‍? അവന്റെ പിതാവിനെപ്പോലെത്തന്നെ. ഞാന്‍ ഇക്കാര്യം ഒരിക്കലും അവനോടു പറഞ്ഞിട്ടില്ല. അതവന്‍ സ്വന്തമായി ഉണ്ടാക്കിയതാണ്.'

ഒടുവുനാള്‍
നാസറുദ്ദീന്റെ കൊഴുത്ത ആട്ടിന്‍കുട്ടിയെ കണ്ട് അയല്‍വാസികള്‍ക്ക് കൊതിയൂറി. അതിനെ കൊന്ന് വിരുന്നൊരുക്കാന്‍ അവര്‍ പലതവണ മുല്ലയെ പ്രേരിപ്പിച്ചു. അതിനൊന്നും അദ്ദേഹം വഴങ്ങിയില്ല. എല്ലാ പദ്ധതികളും പരാജയപ്പെട്ടപ്പോള്‍ അടുത്ത 24 മണിക്കൂറിനകം ലോകാവസാനമാണെന്ന് അവര്‍ മുല്ലയെ ബോധ്യപ്പെടുത്തി.
'ശരി, നമുക്ക് അതിനെ തിന്നുകളയാം.'
അങ്ങനെ, ആടിനെ ശരിപ്പെടുത്തി. കേമമായ വിരുന്നു നടന്നു.
തീറ്റി കഴിഞ്ഞ ഉടനെ കുപ്പായങ്ങളൊക്കെ ഊരിവെച്ച് അവര്‍ വിശ്രമിക്കാന്‍ കിടന്നു. ആ തളര്‍ച്ചയില്‍ അവരെല്ലാം മയങ്ങിപ്പോയി. അവര്‍ ഉണര്‍ന്നുനോക്കിയപ്പോള്‍ എല്ലാവരുടെയും കുപ്പായങ്ങള്‍ മുല്ല തീയിട്ടു കഴിഞ്ഞിരുന്നു.
എല്ലാവരുംകൂടി ഒച്ചവെച്ചു.
മുല്ല അവരോടു സമാധാനമായി ചോദിച്ചു:
'സഹോദരന്മാരേ, നാളെ ലോകാവസാനമല്ലേ? അപ്പോള്‍പ്പിന്നെ എന്തിനാണ് നമുക്കൊക്കെ കുപ്പായം?'

ഒട്ടകങ്ങളെ ശല്യപ്പെടുത്തരുത്
നാസറുദ്ദീന്‍ ഒരു ശ്മശാനത്തില്‍ അലഞ്ഞുനടക്കുകയായിരുന്നു. അദ്ദേഹം കാലുതെറ്റി ഒരു പഴയ ശവക്കുഴിയിലേക്കു വീണു. താന്‍ മരിച്ചിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് മുല്ല ആലോചിച്ചുതുടങ്ങുമ്പോഴേക്ക് ഒരു ശബ്ദം കേട്ടു. മരണാനന്തരം ശവക്കുഴിയില്‍വെച്ച് കണക്കു ചോദ്യത്തിനു വരുന്ന മുന്‍കര്‍-നകീര്‍ മലക്കുകള്‍ തന്റെ നേരെ വരികയാണ് എന്നു മുല്ല വിചാരിച്ചു. അത് ഒട്ടകസംഘം കടന്നുപോകുന്നതിന്റെ ശബ്ദമായിരുന്നു.
മുല്ല കുഴിയില്‍നിന്ന് പുറത്തേക്ക് ചാടി ഒരു മതിലിന്മേല്‍ ചെന്നു വീണു. ഈ ബഹളത്തില്‍ ഒട്ടകങ്ങള്‍ വെകളിയെടുത്തോടി. ശുണ്ഠിപിടിച്ച ഒട്ടകയാത്രക്കാര്‍ മുല്ലയെ കണക്കിന് പ്രഹരിച്ചു.
അസഹ്യമായ വേദനയോടെ മുല്ല വീട്ടിലേക്കോടി. വീട്ടിലെത്തിയപാടെ ഭാര്യ ചോദിച്ചു:
'എന്താണ് വല്ലാതിരിക്കുന്നത് ? വൈകാന്‍ കാരണമെന്ത്?' 
'ഞാന്‍ മരിച്ചുപോയിരുന്നു' -മുല്ല പറഞ്ഞു.
സകലതും മറന്ന് അദ്ദേഹത്തിന്റെ ഭാര്യ 'അതെങ്ങനെയുണ്ട് ' എന്നു ചോദിച്ചു.
'ഒട്ടും മോശമല്ല. ഒട്ടകങ്ങളെ ഉപദ്രവിക്കരുത് എന്നു മാത്രം. ഉപദ്രവിച്ചാല്‍ അവര്‍ നിങ്ങളെ തല്ലും.'

സന്തോഷം ഉണ്ടാക്കുവാനുള്ള വഴി
ഒരു സഞ്ചാരി വളരെ നിരാശനായി വഴിയരികില്‍ ഇരിക്കുന്നത് മുല്ല കണ്ടു. എന്താണ് പ്രശ്‌നം എന്നദ്ദേഹം അന്വേഷിച്ചു.
'സഹോദരാ, എനിക്ക് ജീവിതത്തില്‍ ഒന്നിനും താല്‍പ്പര്യമില്ല '- അയാള്‍ പറഞ്ഞുതുടങ്ങി: 'എനിക്ക് അളവില്ലാത്ത സമ്പത്തുണ്ട്. സൗകര്യങ്ങള്‍ എനിക്കു മടുത്തു. വീട്ടില്‍ ഞാന്‍ അനുഭവിക്കുന്ന ജീവിതത്തെക്കാളും കൗതുകകരമായി വല്ലതും കണ്ടുകിട്ടുമോ എന്ന് അന്വേഷിച്ചിറങ്ങിയതാണ് ഞാന്‍. ഇതുവരെയും ഒരു സന്തോഷവും കണ്ടെത്തിയില്ല.'
മറ്റെന്തെങ്കിലും പറയുംമുമ്പ് നാസറുദ്ദീന്‍ പൊടുന്നനെ അയാളുടെ പണക്കിഴി കടന്നെടുത്ത് ഓടിക്കളഞ്ഞു. ആ പ്രദേശം മുല്ലയ്ക്കു നല്ല പരിചയമുണ്ടായിരുന്നതിനാല്‍ വളഞ്ഞുതിരിഞ്ഞ വഴിയിലൂടെ ഓടി വളരെ വേഗം സഞ്ചാരിയുടെ കണ്ണില്‍നിന്ന് മറഞ്ഞു. മറ്റൊരു വളഞ്ഞവഴിക്ക് അദ്ദേഹം നേരത്തേ സഞ്ചാരി ഇരുന്ന സ്ഥലത്ത് തന്നെ എത്തി. അപ്പോഴും അയാള്‍ മുല്ല പോയ വഴി പിന്തുടര്‍ന്ന് ഓടുകയായിരുന്നു. 
നാസറുദ്ദീന്‍ പണക്കിഴി, നേരത്തേ സഞ്ചാരി ഇരുന്ന സ്ഥലത്ത് വെച്ച് ഒരു മരത്തിന്റെ മറവില്‍ ഒളിച്ചിരുന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ പണക്കിഴി നഷ്ടപ്പെട്ടതിന്റെ വ്യസനവും ഓട്ടത്തിന്റെ ക്ഷീണവും ഒക്കെയായി സഞ്ചാരി നേരത്തേ ഇരുന്ന സ്ഥലത്ത് തിരിച്ചെത്തി. അവിടെ തന്റെ സഞ്ചി കണ്ടപ്പോള്‍ അയാള്‍ ആഹ്ലാദാരവത്തോടെ അത് ചാടിപ്പിടിച്ചു.
അത് കണ്ട് മുല്ലാ നാസറുദ്ദീന്‍ സ്വയം പറഞ്ഞു: 'സന്തോഷം ഉണ്ടാക്കുവാനുള്ള ഒരു വഴിയാണിത്.'

നേരത്തേ പറയാത്തതെന്ത്?
നാസറുദ്ദീനും ശിഷ്യനുംകൂടി യാത്രപോവുകയായിരുന്നു. വഴിവക്കിലുള്ള വലിയ വീടുകളുടെ പടിവാതില്‍ക്കല്‍ അവര്‍ ചെന്നു മുട്ടും. ഊരു തെണ്ടുന്ന ഭിക്ഷുക്കളായ 'ദര്‍വീശു'കളുടെ രൂപഭാവങ്ങളുള്ള രണ്ടുപേര്‍ക്കും വീട്ടുകാര്‍ വേണ്ടത്ര ഭക്ഷണവും വെള്ളവും കൊടുത്തു.
അപ്പോഴൊക്കെ നാസറുദ്ദീന്‍ ആവുന്നത്ര ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. ശിഷ്യന്‍ ഒരു പ്രത്യേക രീതിയിലാണ് ഭക്ഷണം കഴിക്കുന്നത്. അല്പം ഭക്ഷണം കഴിക്കും, പിന്നെ ലേശം വെള്ളം കുടിക്കും, അതുകഴിഞ്ഞ് അല്പമൊന്ന് നടക്കും, പിന്നെയും വന്നിരുന്ന് അല്പം ഭക്ഷണം കഴിക്കും, വീണ്ടും ലേശം വെള്ളം കുടിക്കും, അത് കഴിഞ്ഞ് നടക്കും.
പലേടത്തും ഈ ഭക്ഷണരീതി ആവര്‍ത്തിച്ചു കണ്ടപ്പോള്‍ ഒരു ദിവസം മുല്ല 'എന്താണിങ്ങനെ' എന്നു ചോദിച്ചു.
'ഉസ്താദ്, ഞാന്‍ ആദ്യം അല്പം ഭക്ഷണം കഴിക്കും. അത് വയറ്റില്‍ അമര്‍ന്നുകിട്ടുന്നതിനുവേണ്ടി ലേശം വെള്ളം കുടിക്കും. അതെല്ലാം ഒന്ന് ശരിയായിക്കിട്ടാന്‍ അല്പം നടക്കും-അങ്ങനെയാവുമ്പോള്‍ ധാരാളം ഭക്ഷണം ചെല്ലും.'
ഇതുകേട്ട് ശുണ്ഠിവന്ന നാസറുദ്ദീന്‍ തന്റെ മെതിയടി ഊരി ശിഷ്യന്റെ തലയ്ക്കു ചുട്ട ഒരടി വെച്ചുകൊടുത്തു:
'ദുഷ്ടാ, ഇത്രയും വിലപിടിച്ച ഒരു രഹസ്യജ്ഞാനം എന്നില്‍ നിന്ന് മറച്ചുവെയ്ക്കുവാന്‍ നിനക്കെങ്ങനെ ധൈര്യംവന്നു? അതുകൊണ്ട് മാത്രം എനിക്കെത്ര ഭക്ഷണം നഷ്ടപ്പെട്ടുപോയി?'

ദൗര്‍ലഭ്യം
നാസറുദ്ദീന്‍ നോക്കിനടത്തുന്ന നാട്ടിന്‍പുറത്തെ ചായപ്പീടികയിലേക്ക് നായാട്ടിനു പോകുന്ന വഴിയില്‍ അവിചാരിതമായി മഹാരാജാവ് നായാട്ടു സംഘത്തോടൊപ്പം എഴുന്നള്ളി. അവര്‍ മുട്ടപൊരിച്ചതു വേണമെന്ന് ആവശ്യപ്പെട്ടു.
മുല്ലയെ പരിചയമുണ്ടായിരുന്ന മഹാരാജാവ് ചോദിച്ചു: 'ഞങ്ങളുടെ ഭക്ഷണത്തിന് എത്ര പൈസ തരണം, മുല്ലാ? '
'തിരുമേനീ, ആയിരം പൊന്ന്.'
മഹാരാജാവ് പുരികക്കൊടി ഉയര്‍ത്തിക്കൊണ്ടു ചോദിച്ചു: 
'എന്താ, ഈ ഭാഗത്ത് മുട്ടയ്ക്ക് വില വളരെ കൂടുതലാണോ? മുട്ട ഇവിടെ അത്ര ദുര്‍ല്ലഭമാണോ? '
'ഇവിടെ ദുര്‍ല്ലഭമായിട്ടുള്ളത് മുട്ടയല്ല, രാജസന്ദര്‍ശനങ്ങളാണ്.'

ആത്മനിയന്ത്രണം
ഒരു ചങ്ങാതിയോടൊപ്പം നാസറുദ്ദീന്‍ ചായപ്പീടികയിലെത്തി. പണം ലാഭിക്കുവാന്‍ വേണ്ടി അവര്‍ ഒരു പാത്രം വഴുതിനങ്ങ പകുത്തു കഴിക്കാന്‍ തീരുമാനിച്ചു. വഴുതിനങ്ങ വെറുതെ പുഴുങ്ങിയതു വേണോ, മസാലചേര്‍ത്തതു വേണോ എന്നതിനെപ്പറ്റി അവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം ഒരുപാടുനേരം നീണ്ടുനിന്നു.
വിശപ്പുകൊണ്ടും ക്ഷീണംകൊണ്ടും വലഞ്ഞ നാസറുദ്ദീന്‍ അവസാനം വഴങ്ങി. അദ്ദേഹം മസാല ചേര്‍ക്കാതെ വെറുതെ പുഴുങ്ങിയ വഴുതിനങ്ങ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
ചങ്ങാതി അപ്പോഴേക്കും ക്ഷീണംമൂലം തലകറങ്ങി വീണു. നാസറുദ്ദീന്‍ ചാടിയെണീറ്റു.
'മുല്ലാ, നിങ്ങള്‍ വൈദ്യനെ വിളിക്കാന്‍ പോവുകയാണോ?' -അടുത്തിരുന്ന ഒരാള്‍ വിളിച്ചുചോദിച്ചു.
'വിഡ്ഢീ! ഞാന്‍ അടുക്കളയിലേക്കാണ്. വഴുതിനങ്ങ മസാല ചേര്‍ത്തതു മതി എന്നുപറയാന്‍.'

ആകെ ആവശ്യമുള്ളത്
വിഡ്ഢിയും ക്രൂരനുമായ രാജാവ് നാസറുദ്ദീനോടു കല്പിച്ചു: 'ഒരു സൂഫിയാണെന്ന് തെളിയിച്ചില്ലെങ്കില്‍ നിങ്ങളെ ഞാന്‍ തൂക്കിക്കൊല്ലും.'
'ഞാന്‍ വിചിത്രമായ കാഴ്ചകള്‍ കാണുന്നു'-പൊടുന്നനെ മുല്ല പറഞ്ഞു: 'അതാ ആകാശത്തില്‍ ഒരു സ്വര്‍ണപ്പക്ഷി, ഭൂമിക്കടിയില്‍ ഭൂതങ്ങള്‍.'
'എങ്ങനെയാണ് നിങ്ങള്‍ ഖരവസ്തുക്കള്‍ക്കുള്ളിലൂടെ കാണുക? എങ്ങനെ ആകാശവിദൂരതയിലേക്ക് നോക്കാന്‍ കഴിയും? '
'അതിനാകെ ആവശ്യമുള്ളത് അല്പം ഭയമാണ്.'

കുതിരപുരാണം
നാസറുദ്ദീന്‍ പറഞ്ഞു: 'ഒരു ദിവസം ഞാന്‍ രാജധാനിയില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ ഗംഭീരനായ ഒരു കുതിരയെ കൊണ്ടുവന്ന് രാജകുമാരന് കാഴ്ചവെച്ചു. അത് അത്രമാത്രം ഉയരവും ഊക്കുമുള്ള കുതിരയായിരുന്നു. ആര്‍ക്കും അതിന്റെ പുറത്തുകയറി സഞ്ചരിക്കാനായില്ല. പെട്ടെന്ന് ആവേശത്തോടെ ഞാന്‍ വിളിച്ചുപറഞ്ഞു: ഈ കൂറ്റന്‍ കുതിരയുടെ പുറത്തുകയറി സഞ്ചരിക്കാന്‍ നിങ്ങള്‍ക്കാര്‍ക്കും ധൈര്യമുണ്ടാവില്ല. നിങ്ങള്‍ക്കാര്‍ക്കും അതിന്റെ മുതുകില്‍ ഇരിക്കാന്‍പോലും കഴിയില്ല. അതും പറഞ്ഞ് ഞാന്‍ മുന്നോട്ടുപോയി...'
ആരോ ചോദിച്ചു: 'എന്നിട്ടെന്തു സംഭവിച്ചു?'
മുല്ല പറഞ്ഞു: 'എനിക്കും അതു സാധിച്ചില്ല.'

വീഴ്ച
എന്തോ വീഴുന്ന ശബ്ദം കേട്ട് മുല്ലയുടെ ഭാര്യ ഓടിച്ചെന്നു.
'എന്താ, എന്തു പറ്റി? '
'ഓ. ബേജാറാകാനൊന്നുമില്ല. എന്റെ കുപ്പായം മുകളിലെ ജനാലയില്‍നിന്ന് താഴേക്ക് വീണതാണ് '-മുല്ല സമാധാനിപ്പിച്ചു.
'അതിനിത്ര ശബ്ദമോ? '
'ങ്ആ... കുപ്പായത്തിനകത്ത് അപ്പോള്‍ ഞാനും ഉണ്ടായിരുന്നു.'

    
Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "മുല്ലാ നാസറുദ്ദീന്‍ കഥകള്‍"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top