മഹാത്മാഗാന്ധിഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തി ആരാണന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ -മഹാത്മാഗാന്ധി. സ്വന്തം ജീവിതം പരീക്ഷണവും സമരവും സഹനവുമാക്കിക്കൊണ്ട് അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യമുന്നേറ്റം നയിച്ചു.
നൂറ്റാണ്ടുകളായി അടിമത്തം അനുഭവിച്ച ഒരു ജനതയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു. അഹിംസയുടെ അദ്ഭുതകരമായ മാന്ത്രികവിദ്യ എന്താണെന്നും ലോകത്ത് അക്രമരാഹിത്യം എന്ന മഹത്തായ സമരമാര്‍ഗം എങ്ങനെ നടപ്പാക്കാമെന്നും രക്തംചിന്താതെ എങ്ങനെ യുദ്ധം ചെയ്യാമെന്നും ലോകത്തിന് കാട്ടിക്കൊടുത്ത മഹാനായിരുന്നു ഗാന്ധി.
‘എന്‍െറ ജീവിതമാണ് എന്‍െറ സന്ദേശം’ എന്നുറക്കെപ്പറഞ്ഞ് അദ്ദേഹം നടന്നു. അദ്ദേഹത്തിനുപിറകെ ഒരു വലിയ ജനസമുദ്രവും.
പാരതന്ത്ര്യത്തിന്‍െറ ഇരുളിലമര്‍ന്നു കിടന്ന ഇന്ത്യന്‍ജനതയെ സ്വാതന്ത്ര്യം എന്ന വെളിച്ചത്തിലേക്ക് നയിച്ച മഹാപുരുഷനെ ലോകം അദ്ഭുതത്തോടെ നോക്കിനിന്നു.
മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ‘മഹാത്മാവ്’ എന്നും നേതാജി സുഭാഷ് ചന്ദ്ര ബോസ് ‘രാഷ്ട്രപിതാവ്’ എന്നും വിളിച്ച ബാപ്പുജിയെ ലോകം നെഞ്ചോടുചേര്‍ത്തു. അദ്ദേഹത്തിന്‍െറ ജന്മദിനം അന്താരാഷ്ട്ര അഹിംസാദിനമായി നാം ആഘോഷിക്കുന്നു.

ഗാന്ധി വായന
പുസ്തകങ്ങള്‍ നമ്മെ പരിപൂര്‍ണനായ ഒരു മനുഷ്യനാവാന്‍ സഹായിക്കുമെന്ന്്ഗാന്ധിജി വിശ്വസിച്ചു. തിന്മക്കുപകരം നന്മചെയ്യാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത് ഗുജറാത്തിഭാഷയിലുള്ള ഒരു ഉപദേശകാത്മക പദ്യമായിരുന്നു. അത് ഗാന്ധിജിയെ തന്നത്താന്‍ നയിക്കുന്ന തത്ത്വമാക്കിമാറ്റിയ ആശയമായി.
‘ശ്രവണപിതൃഭക്തി’ നാടകം വായിക്കുകയും അതത്തേുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ഒരു ചിത്രം (ശ്രവണന്‍ അന്ധരായ മാതാപിതാക്കളെ തീര്‍ഥാടനത്തിന് കൊണ്ടുപോകുന്നത്) കാണുകയും ചെയ്ത അവസരത്തില്‍ ഗാന്ധിജി സ്വയം ഇങ്ങനെ പറഞ്ഞു:
‘നിനക്ക് പകര്‍ത്താവുന്ന ഒരു മാതൃകയിതാ’.
അതുപോലെ, ഹൈസ്കൂള്‍ വിദ്യാഭ്യാസകാലത്ത് ‘ഹരിശ്ചന്ദ്രന്‍’ എന്ന നാടകം കാണാനിടയായതും ഒരു വഴിത്തിരിവായി. ഹരിശ്ചന്ദ്രന്‍ എന്ന കഥാപാത്രത്തെ ഗാന്ധിജി കുട്ടിക്കാലത്ത് അനേകം തവണ സ്വയം അഭിനയിക്കുകപോലും ചെയ്തിരുന്നു. ഹരിശ്ചന്ദ്രന്‍ എന്ന നാടകം കണ്ടശേഷം ഗാന്ധിജി സ്വയം ചോദിച്ചു:
‘എല്ലാവര്‍ക്കും എന്തുകൊണ്ട് ഹരിശ്ചന്ദ്രനെപോലെ സത്യസന്ധരായിക്കൂടാ?’
റായിചന്ദ് ഭായ് ഹിന്ദുമതത്തെ ആഴത്തില്‍ പഠിക്കാന്‍ ഗാന്ധിജിക്ക് പ്രചോദനം നല്‍കി. മാഡം ബ്ളാവട്സ്കിയുടെ ‘KEY TO THEOSOPHY’ എന്ന പേരിലുള്ള, ബ്രഹ്മവിദ്യയെക്കുറിച്ചുള്ള പുസ്തകമാണ് ഹിന്ദുമത സംബന്ധമായ ഗ്രന്ഥങ്ങള്‍ വായിക്കാനുള്ള ആഗ്രഹം ഗാന്ധിജിയില്‍ വളര്‍ത്തിയത്. ഭക്തിസാഹിത്യത്തിലെ മികച്ച ഗ്രന്ഥമായി ഗാന്ധിജി കണ്ടിരുന്നത് ‘തുളസീദാസ രാമായണ’മാണ്.
മുഹമ്മദ് നബിയുടെ മഹത്വം, ധീരത, ജീവിതചര്യ എന്നിവയെക്കുറിച്ചെല്ലാം ഗാന്ധിജി ഗ്രഹിച്ചത് കാര്‍ലൈലിന്‍െറ ‘HEROES AND HEROWORSHIP’ (വീരന്മാരും വീരപൂജയും) എന്ന കൃതിയില്‍നിന്നാണ്.
വായനയിലൂടെ ഗാന്ധിജിയുടെ ജീവിതത്തില്‍ ആഴമേറിയ മുദ്രപതിച്ച വ്യക്തികളാണ് റായ്ചന്ദ് ഭായ്, ടോള്‍സ്റ്റോയ്, റസ്കിന്‍ എന്നിവര്‍. റായ്ചന്ദുമായുള്ള അഗാധബന്ധമാണ് ഗാന്ധിജിയെ വല്ലാതെ സ്വാധീനിച്ചതെങ്കില്‍, ‘The Kingdom of God is with You’ (ദൈവരാജ്യം നിന്നിലാണ്) എന്ന ഗ്രന്ഥമാണ് ഗാന്ധിജിയെ ടോള്‍സ്റ്റോയിയോട് അടുപ്പിച്ചത്. ജോണ്‍ റസ്കിന്‍െറ ‘Unto this Last’ ഗാന്ധിജി ‘സര്‍വോദയ’ എന്ന പേരില്‍ തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ചു. ‘എന്‍െറ ജീവിതത്തെ പ്രായോഗികതലത്തില്‍ ദ്രുതഗതിയില്‍ മാറ്റിത്തീര്‍ത്ത പുസ്തകം’ എന്നാണ് ഈ പുസ്തകത്തെപ്പറ്റി ഗാന്ധിജി പറഞ്ഞത്.
‘Unto this Last’ല്‍നിന്ന് ഗാന്ധിജി മനസ്സിലാക്കിയ ഉദ്ബോധനങ്ങള്‍ ഇവയായിരുന്നു:
വ്യക്തിയുടെ നന്മ പൊതുനന്മയില്‍ അടങ്ങിയിരിക്കുന്നു.
തൊഴില്‍കൊണ്ട് ഉപജീവനം കഴിക്കാന്‍ എല്ലാവര്‍ക്കും തുല്യാവകാശം ഉള്ളതിനാല്‍ വക്കീലിന്‍െറ ജോലിക്കും ക്ഷുരകന്‍െറ ജോലിക്കും ഒരേ വിലയാണുള്ളത്.
അധ്വാനിച്ചുള്ള ജീവിതം -അതായത്, കര്‍ഷകന്‍െറയും കൈവേലക്കാരന്‍െറയും ജീവിതമാണ് ഏറ്റവും നല്ലത്.
വയസ്സായിട്ടും വായന ഉപേക്ഷിക്കാന്‍ ഗാന്ധിജി തയാറായിരുന്നില്ല. കാള്‍മാര്‍ക്സിന്‍െറ ‘ദാസ് കാപ്പിറ്റല്‍’ 74ാം വയസ്സില്‍ ആഗാഖാന്‍ കൊട്ടാരത്തില്‍വെച്ചാണ് ഗാന്ധിജി വായിക്കുന്നത്. ഗാന്ധിജി സ്വന്തം ഇഷ്ടപ്രകാരം ഒരു സസ്യഭുക്കായി അവകാശപ്പെട്ടത് സാള്‍ട്ടിന്‍െറ ‘PLEA FOR VEGETARIANISM’ (സസ്യഭക്ഷണവാദം) എന്ന പുസ്തകം വായിച്ചിട്ടാണ്. പൈഥഗോറസ്, യേശു തുടങ്ങിയവരെല്ലാം സസ്യഭുക്കുകളായിരുന്നുവെന്ന് ഗാന്ധിജി താന്‍ വായിച്ച പുസ്തകങ്ങളിലൂടെ മനസ്സിലാക്കി.

സ്വാതന്ത്ര്യദിനാഘോഷത്തില്‍...
1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഗാന്ധിജി കൊല്‍ക്കത്ത തെരുവുകളില്‍ ശാന്തിസന്ദേശമെത്തിക്കുകയായിരുന്നു. ആഘോഷത്തിന്‍െറ ആ സുദിനത്തില്‍ അദ്ദേഹം അവരുടെ യാതനകളിലും ദുരിതങ്ങളിലും പങ്കുചേര്‍ന്ന് അവര്‍ക്കൊപ്പമായിരുന്നു.
കൊല്‍ക്കത്ത (അന്ന് കല്‍ക്കട്ട)യില്‍ ഭീകരമായ വര്‍ഗീയകലാപം നടക്കുകയായിരുന്നു. അന്നുരാത്രി ഗാന്ധിജി ഉറങ്ങിയത് കൊല്‍ക്കത്തയിലെ ബേലിയഘട്ടിലെ ഒരു കുടിലിലായിരുന്നു. കൊല്‍ക്കത്തയിലെ ഏറ്റവും ദരിദ്രവും അപകടകരവുമായ സ്ഥലങ്ങളില്‍ ഒന്നായിരുന്നു ബേലിയഘട്ട്.
ഒരു തടിപ്പലകയാണ് ബാപ്പുജിക്ക് കിടക്കാന്‍ കിട്ടിയത്. കൂടെയുള്ളവരെല്ലാം കൈയില്‍ കിട്ടിയത് വിരിച്ച് നിലത്തുകിടന്നു. ഇതുകണ്ട ബാപ്പുജി തടിപ്പലക ഉപേക്ഷിച്ച് നിലത്തുകിടക്കാന്‍ തയാറായി. എല്ലാവരും ഗാന്ധിജിയെ പലകയില്‍ കിടക്കാന്‍ നിര്‍ബന്ധിച്ചുവെങ്കിലും അതിനു അദ്ദേഹം തയാറായില്ല.
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂദല്‍ഹിയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുമ്പോള്‍ രാഷ്ട്രപിതാവായ ഗാന്ധിജി ദരിദ്രരില്‍ ദരിദ്രരായ ജനങ്ങളുടെകൂടെ ഒരു കുടിലില്‍ വെറുംനിലത്ത് കിടക്കുകയായിരുന്നു.
സ്വാതന്ത്ര്യലബ്ധിയെക്കുറിച്ചും തുടര്‍ന്നുള്ള ഭരണത്തെക്കുറിച്ചും ഗാന്ധിജി ഇങ്ങനെ പറഞ്ഞു:
‘അധികാരത്തിനെതിരെ കരുതിയിരിക്കുക, അത് നമ്മെ ദുഷിപ്പിക്കും. അതിന്‍െറ വലയില്‍ വീഴാതിരിക്കുക. അതിന്‍െറ ആഡംബരങ്ങളില്‍ ഭ്രമിക്കാതിരിക്കുക. ഇന്ത്യയിലെ പാവപ്പെട്ട ഗ്രാമീണ ജനതയെ സേവിക്കാനാണ് നിങ്ങള്‍ അധികാരത്തിലിരിക്കുന്നതെന്ന കാര്യം മറക്കാതിരിക്കുക!’
‘ഇന്ത്യക്ക് യഥാര്‍ഥമായ സ്വാതന്ത്ര്യം കിട്ടണമെങ്കില്‍, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലൂടെ ലോകത്തിനും സ്വാതന്ത്ര്യം ലഭിക്കണമെന്നുണ്ടെങ്കില്‍, ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല; ഗ്രാമങ്ങളിലാണ്. കൊട്ടാരങ്ങളിലല്ല; കുടിലുകളിലാണ്.’ എന്നും ഗാന്ധിജി നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഗാന്ധിജി കേരളത്തില്‍
ബാപ്പുജിയുടെ പാദസ്പര്‍ശംകൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ കേരളവും. ഒന്നല്ല, അഞ്ചു പ്രാവശ്യമാണ് ഗാന്ധിജി കേരളം സന്ദര്‍ശിച്ചത്. 1920 ആഗസ്റ്റ് 18നാണ് ആദ്യമായി അദ്ദേഹം ദൈവത്തിന്‍െറ സ്വന്തം നാട്ടിലെത്തിയത്. നിസ്സഹകരണ സമരമാര്‍ഗം ഖിലാഫത്ത് കമ്മിറ്റി അംഗീകരിച്ചശേഷം, ഷൗക്കത്തലിയുമൊത്ത് ഇന്ത്യമുഴുവന്‍ സഞ്ചരിച്ച് സമരസന്ദേശം പ്രചരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം കേരളം സന്ദര്‍ശിച്ചത്. കോഴിക്കോട് കടപ്പുറത്തു നടന്ന യോഗത്തില്‍ ഗാന്ധിജി ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിച്ചു.
വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് 1925 മാര്‍ച്ച് എട്ടിനായിരുന്നു ഗാന്ധിജിയുടെ രണ്ടാം കേരള സന്ദര്‍ശനം. എറണാകുളം വഴി മാര്‍ച്ച് 10ന് വൈക്കത്ത് സത്യഗ്രഹ സ്ഥലത്തെത്തി വളണ്ടിയര്‍മാരുടെ പ്രഭാതഭജനയില്‍ പങ്കെടുത്തു. മാര്‍ച്ച് 12ന് ശിവഗിരിയിലെത്തി അദ്ദേഹം ശ്രീനാരായണഗുരുവിനെയും സന്ദര്‍ശിച്ചു.
1927 ഒക്ടോബര്‍ ഒമ്പതിനായിരുന്നു കേരളത്തിലേക്കുള്ള മൂന്നാം വരവ്. തിരുവിതാംകൂര്‍ മഹാരാജാവിനെയും റാണിയെയും കണ്ട് തിരുവാര്‍പ്പ് ക്ഷേത്രം റോഡില്‍ അയിത്തജാതിക്കാരെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചനടത്തി. ഒക്ടോബര്‍ 15ന് കാമകോടി പീഠത്തിലെ ശങ്കരാചാര്യരുമായി സംഭാഷണം നടത്തി.
1934 ജനുവരി 10നായിരുന്നു നാലാമത്തെ കേരളസന്ദര്‍ശനം. ഹരിജനഫണ്ട് പിരിക്കുവാനുള്ള ഒരു യാത്രയായിരുന്നു അത്. അന്ന് തലശ്ശേരി, വടകര, തിരുവനന്തപുരം, കന്യാകുമാരി വരെ നിരവധി പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. ഈ സന്ദര്‍ശനത്തിനിടയിലാണ് വടകരയില്‍വെച്ച് കൗമുദി എന്ന പെണ്‍കുട്ടി തന്‍െറ സ്വര്‍ണാഭരണങ്ങള്‍ ഗാന്ധിജിക്ക് സംഭാവന നല്‍കിയത്.
ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തേതുമായ കേരള സന്ദര്‍ശനം 1937 ജനുവരി 13നായിരുന്നു. തിരുവിതാംകൂറില്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് ക്ഷേത്രപ്രവേശ വിളംബരം (1936) പുറപ്പെടുവിച്ചതിന്‍െറ ആഹ്ളാദം തിരുവിതാംകൂര്‍ ജനതയുമായി പങ്കിടാന്‍ എത്തിയ ഗാന്ധിജി തന്‍െറ യാത്രയെ ‘ആഹ്ളാദകരമായ തീര്‍ഥാടനം’ എന്നാണ് വിശേഷിപ്പിച്ചത്.

ഒരുപിടി ഉപ്പും ഒരു മുളവടിയുമായി...
ഏറ്റവും വിലകുറഞ്ഞ ഒരു വസ്തുവായിട്ടാണ് പണ്ടു മുതലേ ഉപ്പിനെ കണക്കാക്കിയിരുന്നത്. സമുദ്രത്തിലും കരയിലുമെല്ലാം സുലഭമായിക്കിട്ടുന്ന ഉപ്പിന്‍െറ പ്രാധാന്യത്തെക്കുറിച്ച് അത്രയൊന്നും ചിന്തിക്കാതിരുന്ന കാലം. പെട്ടെന്നാണ് ഇന്ത്യന്‍ സ്വാതന്ത്രസമരരംഗത്ത് ഉപ്പ് ശക്തിയുടെ പ്രതീകമായി മാറിയത്. ഗാന്ധിജിയാണ് ഉപ്പിന് ഈ അദ്ഭുതശക്തി നല്‍കിയത്.
‘അഹിംസാവ്രതക്കാരനായ ഒരു മനുഷ്യന്‍െറ കൈയിലെ ഒരുപിടി ഉപ്പ് ഇന്ത്യയുടെ അഭിമാനത്തിന്‍െറ പ്രതീകമാണ്. ഈ ഉപ്പു പിടിച്ച മുഷ്ടി തകര്‍ത്തേക്കാം. എന്നിരുന്നാലും ഇത്, ഈ ഉപ്പ് വിട്ടുകൊടുക്കുകയില്ല’ -ഗാന്ധിജി പറഞ്ഞു.
ദീര്‍ഘമേറിയ സമുദ്രതീരത്താല്‍ അനുഗ്രഹീതമാണ് നമ്മുടെ രാജ്യം. സമുദ്രജലത്തില്‍ സ്വയം ഉണ്ടാകുന്നതാണ് ഉപ്പ്. വെള്ളംപോലെ, വായുപോലെ ആര്‍ക്കും ഇത് സുലഭമായി എടുത്തുപയോഗിക്കാം. എന്നാല്‍, ഇംഗ്ളീഷുകാരുടെ വരവോടുകൂടി ഇതിനെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി. സമുദ്രജലത്തില്‍നിന്ന് ഉപ്പുണ്ടാക്കുന്നത് അവര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. അതിനെതിരെയായിരുന്നു നമ്മള്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ സമരരംഗത്തിറങ്ങിയത്.

എന്തുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ നമ്മോട് ഈ കൊലച്ചതി ചെയ്തത്?
ഇതിനു പിന്നില്‍ ഒരുകഥയുണ്ട്.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന കാലം. കുരുമുളകും തേങ്ങയും പരുത്തിയും സുഗന്ധവ്യഞ്ജനങ്ങളുമൊക്കെ ഇഷ്ടംപോലെയുണ്ടായിരുന്ന നാടായിരുന്നു നമ്മുടേത്. വിദേശവിപണിയില്‍ നല്ല വിലകിട്ടുന്ന ഈ ചരക്കുകള്‍ ഇവിടെനിന്ന് കപ്പലില്‍ കയറ്റിക്കൊണ്ടുപോവുക പതിവായിരുന്നു.
ചരക്കുകള്‍ ഇറക്കി തിരിച്ചുവരുന്ന കപ്പലുകള്‍ കാറ്റില്‍ ഭാരക്കുറവു കാരണം ചാഞ്ചാടുകയും പലപ്പോഴും കടല്‍ച്ചുഴികളില്‍പ്പെട്ട് മറിയുകയും ചെയ്തിരുന്നു. ഇതൊഴിവാക്കാന്‍ കപ്പലിന്‍െറ അടിത്തട്ടില്‍ എന്തെങ്കിലും ഭാരം നിറക്കണമായിരുന്നു. വിലകുറഞ്ഞ എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് കപ്പലിന് ഭാരം കൂട്ടാന്‍ അവര്‍ വഴി ആലോചിച്ചു.
അങ്ങനെയാണ് കടല്‍വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കി, കൂറ്റന്‍ ചാക്കുകളിലാക്കി കപ്പലിന്‍െറ അടിത്തട്ടില്‍ നിക്ഷേപിച്ചുകൊണ്ട് കപ്പലിന്‍െറ സമതുലിതാവസ്ഥ ക്രമീകരിച്ചത്. ആദ്യമാദ്യം കപ്പലില്‍നിന്ന് ഇവിടെയെത്തുന്ന ഉപ്പിന്‍ചാക്കുകള്‍ കടലില്‍ത്തന്നെ ഉപേക്ഷിക്കുകയായിരുന്നു പതിവ്. എന്നാല്‍, സൂത്രക്കാരായ ഇംഗ്ളീഷുകാര്‍ അതും കച്ചവടച്ചരക്കാക്കി. ഉപ്പ് കടലില്‍ ഉപേക്ഷിക്കാതെ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചു. കടല്‍ക്കരയില്‍നിന്ന് ആവശ്യത്തിനനുസരിച്ച് ഉപ്പ് ശേഖരിക്കുന്ന നമുക്കെതിരെ ഒരു നിയമം കൊണ്ടുവരുകയും ചെയ്തു-ഉപ്പു നിയമം.
ആ നിയമമനുസരിച്ച് ആര്‍ക്കും ഇഷ്ടംപോലെ ഉപ്പുണ്ടാക്കാനോ സംഭരിക്കാനോ പാടില്ല. നിയമം തെറ്റിക്കുന്നവര്‍ക്ക് ആറുമാസം കഠിനതടവ്. നിയമം തെറ്റിച്ചുകൊണ്ട് കുറുക്കിയെടുക്കുന്ന ഉപ്പിന് ഗവണ്‍മെന്‍റ് നിശ്ചയിക്കുന്ന കമ്പോളവിലയുടെ രണ്ടായിരത്തിനാന്നൂറ് മടങ്ങ് പിഴയും!
പ്രാകൃതമായ ഈ ഉപ്പുനിയമം റദ്ദാക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. ഇര്‍വിന്‍ പ്രഭുവായിരുന്നു അന്ന് ഇന്ത്യയുടെ വൈസ്രോയി. അദ്ദേഹം ഒരു വിട്ടുവീഴ്ച്ചക്കും തയാറായില്ല. ഈ സാഹചര്യത്തിലാണ് ഗാന്ധിജി ഉപ്പുനിയമം ലംഘിക്കാന്‍ തീരുമാനിച്ചത്. ദണ്ഡിയാത്ര എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായ സമരപരിപാടിയുടെ തുടക്കം ഇങ്ങനെയായിരുന്നു.
അഹ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍നിന്നായിരുന്നു ദണ്ഡിയാത്രയുടെ തുടക്കം. 1930 മാര്‍ച്ച് 12ന് രാവിലെ ആരംഭിച്ച ഈ യാത്ര ഏപ്രില്‍ അഞ്ചിന് ദണ്ഡി കടപ്പുറത്ത് എത്തിച്ചേര്‍ന്നു. അവിടെവെച്ച് ഗാന്ധിജിയുടെ നേതൃത്വത്തില്‍ കടല്‍വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കി.

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "മഹാത്മാഗാന്ധി"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top