ട്രെയിന്‍‘വണ്ടീ... പുകവണ്ടീ...

വണ്ടീ വണ്ടീ നിന്നെപ്പോലെ
വയറിലെനിക്കും തീയാണ്
തെണ്ടിനടന്നാല്‍ രണ്ടുപേര്‍ക്കും
കൈയില്‍ വരുന്നത് കായാണ്.
പള്ള വിശന്നാല്‍ തൊള്ള തുറക്കും
തൊള്ള തുറന്നാല്‍ കൂകിവിളിക്കും...
ചക്രത്തിന്മേല്‍ നിന്‍െറ കറക്കം
ചക്രം കിട്ടാന്‍ എന്‍െറ കറക്കം...
വെള്ളം കിട്ടാന്‍ നിനക്കുമോഹം
കഞ്ഞി കുടിക്കാന്‍ എനിക്കു ദാഹം...’
-ഇങ്ങനെ പോകുന്നു മലയാളത്തിലെ പഴയൊരു സിനിമാപ്പാട്ട്. കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ ഈ ഗാനം? 1963ല്‍ പുറത്തിറങ്ങിയ ‘ഡോക്ടര്‍’ എന്ന മലയാള സിനിമയിലെ രസകരമായൊരു ഗാനമാണിത്. മലയാളത്തിന്‍െറ പ്രിയ പാട്ടെഴുത്തുകാരന്‍ പി. ഭാസ്കരന്‍ എഴുതിയ ഈ വരികള്‍ പാടുന്നത് പ്രശസ്ത ഗായകന്‍ മെഹബൂബാണ്. ഒരു തീവണ്ടിയുടെ സഞ്ചാരം പോലെ ഈ പാട്ടിന് സംഗീതം നല്‍കിയത് ദേവരാജന്‍. അക്കാലത്തെ തീ(പുക) വണ്ടിയുടെയും അടുപ്പില്‍ തീപുകയിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണ മനുഷ്യന്‍െറയും ചിത്രം സമന്വയിപ്പിക്കുന്ന രചനയും സംഗീതവും. കേള്‍ക്കാത്ത കൂട്ടുകാര്‍ ഈ പാട്ടു കേള്‍ക്കണേ.

നമ്മള്‍ പറഞ്ഞുവരുന്നത് പാട്ടിനെ കുറിച്ചല്ല കേട്ടോ. ‘തീവണ്ടി’യെ കുറിച്ചാണ്. ‘തീവണ്ടി’ എന്ന പേരു വിളിക്കാന്‍ പോലും പറ്റാത്ത വിധം ഈ വാഹനം ഇന്നു മാറിക്കഴിഞ്ഞു. കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കി, കണ്ണു കാണാനാവാത്ത കറുത്ത പുകയും തുപ്പി കിതച്ചു കിതച്ച് പാഞ്ഞിരുന്ന കരിവണ്ടിയുടെ സ്ഥാനത്ത് മനോഹരമായ ശരീരവും കഠോരമല്ലാത്ത ശബ്ദവുമുള്ള, കണ്ണടച്ചു തുറക്കും വേഗത്തില്‍ കുതിച്ചു പായുന്ന തീയും പുകയുമില്ലാത്ത ‘ട്രെയിന്‍’ രംഗപ്രവേശം ചെയ്തിരിക്കുന്നു. കാടും മേടും പുഴയും പാടവും കടന്നും മല തുരന്നും കൂകിപ്പായും തീവണ്ടിയുടെ വളര്‍ച്ചയും വികാസവും ഒപ്പം, 125 വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രവും വര്‍ത്തമാനവും നമുക്ക് വായിക്കാം...
സ്വാതന്ത്ര്യാനന്തര റെയില്‍വേ
ഭാരതം സ്വതന്ത്രരാഷ്ട്രമാകുമ്പോള്‍ 42 വ്യത്യസ്ത തീവണ്ടി ശൃംഖലകളുണ്ടായിരുന്നു. ഇന്ത്യയില്‍ ഇവയെല്ലാം സംയോജിപ്പിച്ച് ‘ഇന്ത്യന്‍ റെയില്‍വേ’ രൂപവത്കരിച്ചത് 1951ലാണ്. 1952ല്‍ ആറ് റെയില്‍വേ മേഖലകള്‍ നിലവില്‍വന്നു. ആവി എന്‍ജിന്‍ പൂര്‍ണമായും ഇന്ത്യയില്‍ ഉപയോഗിക്കാതായത് 1985ലാണ്. ഡീസല്‍, ഇലക്ട്രിക് എന്‍ജിനുകളാണ് പിന്നീട് എല്ലാ വണ്ടികളിലും ഉപയോഗിക്കുന്നത്.
‘കരിവണ്ടി’യില്‍നിന്ന് ‘കറന്‍റുവണ്ടി’യിലേക്ക്
ആവിയന്ത്രം ഉപയോഗിച്ചുള്ള ആദ്യകാലത്തെ തീവണ്ടി എന്‍ജിനുകള്‍ക്ക് നല്ല വലുപ്പമുണ്ടായിരുന്നു. കുറച്ചു കമ്പാര്‍ട്മെന്‍റുകളേ ഇവക്കു വലിച്ചുകൊണ്ടു പോകാനാവൂ. കല്‍ക്കരിയും വെള്ളവും പ്രധാന സ്റ്റേഷനുകളിലെല്ലാം കരുതിവെക്കണം. കല്‍ക്കരി സൂക്ഷിപ്പ് പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കിയിരുന്നു. കുറഞ്ഞ ദൂരം യാത്രചെയ്താല്‍പോലും വസ്ത്രങ്ങളിലും ദേഹത്തും കരിപിടിക്കുമായിരുന്നു. പലരും വണ്ടിയില്‍നിന്നിറങ്ങിയ ശേഷം അണിയാന്‍ വേറെ വസ്ത്രങ്ങള്‍ കരുതും. വെറുതെയല്ല ‘കരിവണ്ടി’ എന്നു പേരുവന്നത് അല്ലേ! സാങ്കേതിക ശാസ്ത്രങ്ങളുടെ വളര്‍ച്ചക്കൊപ്പം ‘തീവണ്ടി’യിലും നിരവധി പരിഷ്കരണങ്ങള്‍ നടന്നു. ഇന്ധനമായി വൈദ്യുതിയുടെ ഉപയോഗമാണ് അതില്‍ പ്രധാനം. 1920കളില്‍ നിലവില്‍വന്ന മുംബൈ സബര്‍ബന്‍ വണ്ടികള്‍ ഏഷ്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിനായി അറിയപ്പെടുന്നു. എന്നാല്‍, ജപ്പാനില്‍ 1895ല്‍ തന്നെ വൈദ്യുതി എന്‍ജിനുള്ള വണ്ടികള്‍ നിലവില്‍വന്നിരുന്നു. ഡീസല്‍ എന്‍ജിനുകളും ധാരാളമായി ഉപയോഗിച്ചിരുന്നു. കുറഞ്ഞ വലുപ്പവും കൂടുതല്‍ ശക്തിയുമുള്ള ഈ എന്‍ജിനുകള്‍ വ്യാപകമായതോടെ ആവിയന്ത്ര വണ്ടികള്‍, അതായത് ‘തീവണ്ടി’കള്‍ അപ്രത്യക്ഷമായി.
മലകയറും വണ്ടികള്‍
സാധാരണ തീവണ്ടികള്‍ക്കു കൂടിയ ഉയരങ്ങളിലേക്ക് നേരേ കയറിപ്പോകാനാവില്ലെന്ന് കൂട്ടുകാര്‍ക്കറിയാം. റോഡുകളിലെ പോലെ ഹെയര്‍പിന്‍ വളവുകള്‍ നിര്‍മിച്ച് മലകയറ്റാനും കഴിയില്ല. മലഞ്ചരിവുകളില്‍ ‘Z’ ആകൃതിയിലുള്ള പാളങ്ങളുടെ ശൃംഖലകള്‍ നിര്‍മിച്ചാണ് ‘മലകയറും വണ്ടികള്‍’ ഓടുന്നത്. ഇവ ഓടിക്കാന്‍ പ്രത്യേക പരിശീലനം വേണം. Zന്‍െറ ഒരോ ഒടിവിലും വണ്ടി മുന്നോട്ടും പിന്നോട്ടും ഓടിച്ചാണ് ഈ മലകയറ്റം. പാകിസ്താനില്‍ പടിഞ്ഞാറന്‍ മലനിരകളില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇത്തരമൊരു റെയില്‍പാത നിര്‍മിച്ച് വണ്ടിയോടിച്ചിരുന്നു. അര്‍ജന്‍റീനയിലും ഇത്തരം വണ്ടിയുണ്ട്.
കറക്കുംവണ്ടി
ബോഗികളില്ലാതെ എന്‍ജിന്‍ മാത്രം പാളത്തിലൂടെ ചെന്ന് ട്രെയിനിന്‍െറ മറ്റേ അറ്റത്തു ചേര്‍ക്കുന്നതു കണ്ടിട്ടില്ലേ? എന്‍ജിനുകള്‍ മുന്നോട്ടും പിന്നോട്ടും വണ്ടിയുമായി സഞ്ചരിക്കുന്നതും കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. പണ്ട് എന്‍ജിന്‍ ഡ്രൈവര്‍മാര്‍ എപ്പോഴും ബോയിലറിനു നേരേ തിരിഞ്ഞു നില്‍ക്കണമായിരുന്നു. അതിനാല്‍ കൂടുതല്‍ സമയം പിറകോട്ടോടിക്കാന്‍ കഴിയില്ല. ആവി എന്‍ജിനുകള്‍ തിരിച്ചുനിര്‍ത്താന്‍ പ്രത്യേക സംവിധാനം പ്രധാന സ്റ്റേഷനുകളില്‍ ഉണ്ടാക്കിയിരുന്നു. വട്ടത്തില്‍ കറക്കാവുന്ന ഒരു തട്ടില്‍ ഉറപ്പിച്ച റെയിലിനു മുകളില്‍ എന്‍ജിന്‍ കയറ്റി മനുഷ്യര്‍ ചേര്‍ന്ന് കറക്കിയായിരുന്നു അന്നത്തെ ‘തലമാറ്റം’.
എന്‍ജിനുകള്‍ പലതരം
ആദ്യകാല വണ്ടികളുടെ രൂപകല്‍പന ഓരോന്നും ഓരോ രീതിയിലായിരുന്നു. ഓരോ നിര്‍മാണക്കമ്പനിയും ഓരോതരത്തിലുണ്ടാക്കിവന്നു. മുന്നിലും പിന്നിലും ഓരോ ബോയിലറുകളുള്ള പടുകൂറ്റന്‍ എന്‍ജിനുകളും നിര്‍മിക്കപ്പെട്ടു. മലമ്പ്രദേശങ്ങളിലും മറ്റു ദുര്‍ഘട സ്ഥലങ്ങളിലും ഓടുന്ന വണ്ടികള്‍ക്ക് പ്രത്യേക എന്‍ജിനുകളാണ് ഉണ്ടാക്കിയിരുന്നത്. സ്വകാര്യ വ്യക്തികളുടെ ആവശ്യത്തിന് ചെറിയ തീവണ്ടികളും ചന്തമുള്ള ചെറിയ എന്‍ജിനുകളും ഉണ്ടായിരുന്നു. മറ്റൊരു ബോയിലറില്‍നിന്ന് അതിമര്‍ദമുള്ള നീരാവി ശേഖരിച്ച് ഓടിക്കാവുന്ന കുഞ്ഞന്‍ എന്‍ജിനുകളുമുണ്ടായിരുന്നു. സ്റ്റേഷനുകളില്‍ ബോഗികള്‍ ഷണ്ട് ചെയ്യാന്‍ ചെറിയതരം എന്‍ജിനുകള്‍ ഇന്നുമുണ്ട്.
വളരെക്കാലം കൊണ്ടാണ് വൈദ്യുതി എന്‍ജിനുകള്‍ സാര്‍വത്രികമായത്. പാളങ്ങളുടെ വൈദ്യുതീകരണത്തിനുള്ള കൂടിയ മുതല്‍മുടക്കും വൈദ്യുതിയുടെ കുറഞ്ഞ ലഭ്യതയുമായിരുന്നു കാരണം. ഇന്ന് 6000 എച്ച്.പി (കുതിരശക്തി) വരെയുള്ള വൈദ്യുതി എന്‍ജിനുകളുണ്ട്.
പാളങ്ങള്‍
തീവണ്ടിപ്പാത കൂട്ടുകാര്‍ നിരീക്ഷിച്ചിട്ടില്ലേ? കരിങ്കല്‍ച്ചീളുകള്‍ നിരത്തി അതിനു മുകളില്‍ പ്രത്യേക അകലത്തില്‍ കുറുകെ ‘സ്ളീപ്പറുകള്‍’ വിന്യസിച്ച് അവക്കു മുകളില്‍ രണ്ട് ഇരുമ്പുപാളങ്ങള്‍ സമാന്തരമായി ചേര്‍ന്നതാണ് റെയില്‍പാത. സാധാരണ വാഹനങ്ങള്‍ പോലെയല്ല; ഇരുമ്പുചക്രങ്ങളാണ് തീവണ്ടിക്കുള്ളത്. കാരണമെന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? ഇരുമ്പുചക്രങ്ങള്‍ക്ക് ഘര്‍ഷണം കുറവാണ്, തേയ്മാനം കുറവ്, കൂടുതല്‍ ഭാരം കയറ്റാന്‍ നല്ല ബലമുണ്ട്. അതായത് ഇരുമ്പു ചക്രങ്ങള്‍ ആയതുകൊണ്ടാണ് തീവണ്ടിക്ക് അതിവേഗത്തില്‍ ഓടാന്‍ കഴിയുന്നത്. ഈ ചക്രങ്ങള്‍ കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പാളങ്ങളില്‍നിന്ന് തെന്നിപ്പോവാത്ത രീതിയിലാണ് ചക്രങ്ങളുടെ നിര്‍മാണം. പണ്ട് നമ്മുടെ നാട്ടില്‍ തേക്കോ യൂക്കാലിപ്റ്റസ് മരമോ കൊണ്ടാണ് സ്ളീപ്പറുകള്‍ നിര്‍മിച്ചിരുന്നത്. അടുത്തകാലത്ത് കൂടുതല്‍ ബലവും ഈടുമുള്ള കോണ്‍ക്രീറ്റ് സ്ളീപ്പറുകള്‍ ഉപയോഗിച്ചുതുടങ്ങി.
ഭാരം പേറും തീവണ്ടി
ഭാരം വലിക്കാനുള്ള വണ്ടിയായിട്ടാണല്ലോ തീവണ്ടിയുടെ വരവ്. ഇത്രയും അന്തസ്സും പ്രൗഢിയുമൊക്കെ വന്നെങ്കിലും തീവണ്ടി ഇപ്പോഴും ചരക്കുഗതാഗതത്തിന്‍െറ പ്രധാന ഉപാധിതന്നെയാണ്. കല്‍ക്കരി, അയിരുകള്‍, പെട്രോള്‍, ഡീസല്‍, അമോണിയ, സിമന്‍റ്, അരി, റെയില്‍വേ പരിഷ്കരണത്തിനുവേണ്ട പാളങ്ങള്‍, സ്ളീപ്പറുകള്‍, കരിങ്കല്‍ പാളി തുടങ്ങി കപ്പലിലെത്തുന്ന കണ്ടയിനറുകള്‍ വരെ കയറ്റിക്കൊണ്ടുപോകുന്ന റെയില്‍വേ ബോഗികളുണ്ട്. കയറ്റേണ്ട വസ്തുവിന് വേണ്ടി പ്രത്യേക രീതിയില്‍ നിര്‍മിച്ചെടുത്തതാണ് ഈ ബോഗികള്‍. ഡീസല്‍ ബോഗികളുമായി പോകുന്ന ട്രെയിന്‍ കണ്ടിട്ടില്ലേ? വാഹനങ്ങള്‍ ഓടിച്ചുകയറ്റി വാതിലടച്ച് കൊണ്ടുപോകാവുന്ന പ്രത്യേക ബോഗികളുമുണ്ട്. ഇവക്ക് ‘റോള്‍ ഓണ്‍ റോള്‍ ഓഫ്’ വണ്ടികള്‍ എന്ന് പറയും.
തപാല്‍ സര്‍വീസ്
ഒരു കാലഘട്ടത്തില്‍ വാര്‍ത്താവിനിമയത്തിന് സാധാരണക്കാര്‍ തൊട്ട് സമ്പന്നര്‍വരെ ആശ്രയിച്ചിരുന്നത് തപാല്‍ സര്‍വീസിനെയാണ്. ഇന്ത്യയിലെ തപാല്‍ ശൃംഖലയുടെ നെടുന്തൂണാണ് ഇന്ത്യന്‍ റെയില്‍വേ. തപാല്‍ ഉരുപ്പടികള്‍ രാജ്യത്തിന്‍െറ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നതില്‍ ഇന്ത്യന്‍ റെയില്‍വേ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്. തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിന് ചില ട്രെയിനുകളില്‍ പ്രത്യേക കോച്ചുകള്‍തന്നെയുണ്ട്. ഉരുപ്പടികള്‍ തരംതിരിക്കുന്നതിന് പ്രമുഖ റെയില്‍വേ സ്റ്റേഷനുകളില്‍ തപാല്‍ വകുപ്പിന് റെയില്‍വേ മെയില്‍ സര്‍വീസുകളുമുണ്ട്.
ടിക്കറ്റ്
ആധുനിക യുഗത്തിലെ യന്ത്രവത്കൃത മാറ്റങ്ങളില്‍ റെയില്‍വേയും ഏറെ മുന്നേറിയിരിക്കുന്നു. ഇന്ന് ഏത് സ്റ്റേഷനില്‍നിന്നും ഏത് സ്റ്റേഷനിലേക്കും റിസര്‍വേഷന്‍ ടിക്കറ്റും യാത്രാടിക്കറ്റും എടുക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍, ആദ്യകാലത്ത് ഒരു സ്റ്റേഷനില്‍നിന്ന് മറ്റു സ്റ്റേഷനുകളിലേക്ക് അനേകം ടിക്കറ്റുകള്‍, യാത്രാക്കൂലി അടക്കമുള്ള വിവരങ്ങള്‍ കട്ടിക്കടലാസില്‍ അച്ചടിച്ച് സൂക്ഷിച്ച് യാത്രക്കാര്‍ക്ക് ആവശ്യത്തിനനുസരിച്ച് നല്‍കുകയായിരുന്നു പതിവ്. ഓരോ ദിവസത്തെയും തീയതി കുറിക്കാന്‍ പഞ്ചിങ് മെഷീന്‍ ഉണ്ടായിരുന്നു. ദീര്‍ഘദൂര ടിക്കറ്റുകള്‍ കാര്‍ബണ്‍ കോപ്പിവെച്ച് തയാറാക്കി അച്ചടിക്കടലാസുകളില്‍ നല്‍കാറായിരുന്നു പതിവ്. കമ്പ്യൂട്ടര്‍ വന്നതോടെ ഏത് സ്റ്റേഷനില്‍നിന്നും ഏത് സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റുകള്‍ ലഭ്യമായി.
റെയില്‍വേ ഘടന
ഇന്ത്യാ സര്‍ക്കാറിന്‍െറ പൂര്‍ണനിയന്ത്രണത്തിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ മന്ത്രാലത്തിനു കീഴില്‍ റെയില്‍വേ ബോര്‍ഡുണ്ട്. ഈ ബോര്‍ഡില്‍ ആറംഗങ്ങളും ചെയര്‍മാനുമുണ്ട്. 16 റെയില്‍വേ മേഖലകളിലോരോന്നിനും തലവനായി ഓരോ ജനറല്‍ മാനേജര്‍ വീതമുണ്ടാകും. ഓരോ റെയില്‍വേ മേഖലയും ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ട്. ഈ ഡിവിഷനുകള്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡി.ആര്‍.എം) എന്ന ഉദ്യോഗസ്ഥന്‍െറ നിയന്ത്രണത്തിലായിരിക്കും. ഓരോ ഡിവിഷനിലും മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, എന്‍ജിനീയറിങ്, സിഗ്നല്‍, അക്കൗണ്ട്സ്, വാണിജ്യം, സുരക്ഷിതത്വം, വാര്‍ത്താവിനിമയം എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്. ഓരോ ഡിവിഷനിലും കുറെ സ്റ്റേഷനുകള്‍ ഉണ്ടാകും. സ്റ്റേഷന്‍ മാസ്റ്റര്‍ ആണ് ഓരോ സ്റ്റേഷന്‍െറയും അധികാരി. ഇന്ത്യന്‍ റെയില്‍വേക്ക് ആറ് നിര്‍മാണശാലകളുണ്ട്. ഓരോന്നിനും തലവനായി ഓരോ ജനറല്‍ മാനേജറുമുണ്ട്.
എന്താണീ ഗേജുകള്‍?
നാരോഗേജ്, മീറ്റര്‍ഗേജ്, ബ്രോഡ്ഗേജ് എന്നെല്ലാം ഈ തീവണ്ടിക്കുറിപ്പുകളില്‍ ഇടക്കിടെ കൂട്ടുകാര്‍ വായിക്കുന്നുണ്ടല്ലോ. റെയില്‍പാതകളുടെ വീതി, അതായത് രണ്ടു പാളങ്ങള്‍ തമ്മിലെ അകലത്തെയാണ് അത് സൂചിപ്പിക്കുന്നത്. എല്ലാ രാജ്യങ്ങളിലും ഇത് ഒരേ അളവിലൊന്നുമല്ല കേട്ടോ. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ടതിനാല്‍ ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ളാദേശിലെയും പാതകള്‍ ഒരുപോലെയാണ്. പടിഞ്ഞാറന്‍ യൂറോപ്പിലും ഈ ഐകരൂപ്യമുണ്ട്. ഇന്ത്യന്‍ റെയില്‍വേയില്‍ നാലു തരം പാതകളുണ്ട്. മീറ്റര്‍ഗേജിന് ഒരു മീറ്റര്‍ വീതി. രണ്ട് അടിയാണ് നാരോഗേജ്; 76 സെന്‍റിമീറ്റര്‍. ബ്രോഡ്ഗേജ് 1.67 മീറ്റര്‍ വീതിയുണ്ടാവും; അഞ്ചര അടി. രണ്ട് അടി (61 സെന്‍റീ മീറ്റര്‍) നാരോ ഗേജ് പാതയുമുണ്ട്. ബ്രോഡ്ഗേജാണ് നമ്മുടെ സാധാരണ പാളങ്ങള്‍. പാകിസ്താനില്‍നിന്ന് ഇറാനിലേക്ക് അഞ്ചരയടിയുടെ ഒരു ബ്രോഡ്ഗേജ് പാതയുണ്ട്. ശ്രീലങ്കയിലും അര്‍ജന്‍റീനയിലും ചിലിയിലും അമേരിക്കയിലും അഞ്ചരയടിപ്പാതകളുണ്ട്.
സുരക്ഷയുടെ അടയാളങ്ങള്‍
ഇത്രയേറെ വലിയ സംവിധാനമായിട്ടും തീവണ്ടിയാത്ര എത്രമാത്രം സുരക്ഷിതമാണെന്ന് കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടോ? കുറ്റമറ്റ സിഗ്നല്‍, ആശയവിനിമയ സംവിധാനങ്ങളാണ് ഇന്ത്യന്‍ റെയില്‍വേക്കുള്ളത്. അടുത്തടുത്ത സ്റ്റേഷനുകള്‍ തമ്മില്‍ ഓടുന്ന വണ്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുക, സ്റ്റേഷനുകളിലേക്കു കടന്നുവരാനും സ്റ്റേഷന്‍ വിട്ടുപോകാനും എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുക തുടങ്ങിയവ അപകടങ്ങള്‍ കുറയാന്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. പണ്ട് സ്റ്റേഷന്‍ മാസ്റ്റര്‍ സ്റ്റേഷന്‍െറ അറ്റത്തു ചെന്നു നോക്കിയാണ് വണ്ടികള്‍ കടത്തിവിട്ടിരുന്നത്. പിന്നീട് സ്റ്റേഷനില്‍നിന്നും പ്രത്യേക സിഗ്നല്‍ ക്യാബിനുകളില്‍ നിന്നും നിയന്ത്രിക്കാവുന്ന ‘യന്ത്രക്കൈ’കള്‍ നിലവില്‍ വന്നു. പച്ചയും ചുവപ്പും നിറങ്ങളിലുള്ള കൊടികളും വിളക്കുകളും ഡ്രൈവര്‍മാര്‍ സ്റ്റേഷനുകള്‍ തോറും കൈമാറേണ്ടിയിരുന്ന താക്കോലുകള്‍ എന്നിവയും അതിന്‍െറ ഭാഗങ്ങളായി വന്നു.
സ്റ്റേഷനുകള്‍ തമ്മില്‍ ആശയവിനിമയത്തിന് റെയില്‍പാതകള്‍ക്കു സമാന്തരമായി കാലുകള്‍ നാട്ടി ടെലിഫോണ്‍/ടെലിഗ്രാഫ് ലൈനുകള്‍ സ്ഥാപിച്ചു. സീറ്റ് റിസര്‍വേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ക്കും ഈ ലൈനുകള്‍ ഉപയോഗിച്ചു. ആധുനിക വാര്‍ത്താവിനിമയോപാധികള്‍ ഏറെ വികസിച്ച ഇക്കാലത്ത് മൈക്രോവേവ് ശൃംഖലകളും ഉപഗ്രഹ സംവിധാനങ്ങളും കമ്പ്യൂട്ടറുകളുമെല്ലാം ചേര്‍ന്ന് അസംഖ്യം റെയില്‍വേ സ്റ്റേഷനുകളിലൂടെയുള്ള തീവണ്ടികളുടെ നിയന്ത്രണം ഒരു കേന്ദ്രസ്ഥാനത്തുനിന്നു ചെയ്യാവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

Subscribe to കിളിചെപ്പ് by Email
Share:

ടെണ്ടുല്‍കര്‍


ക്രിക്കറ്റിനെക്കുറിച്ച് അറിയാത്തവരുണ്ടാവില്ല; സചിനെയും. ക്രിക്കറ്റ് എന്നു കേള്‍ക്കുമ്പോഴേക്കും സചിന്‍ എന്ന് നാവിന്‍തുമ്പിലത്തെുവോളം അത്രക്ക് ഇഴയടുപ്പമുണ്ട് ആ കളിയും ജീവിതവും തമ്മില്‍.
പ്രസിദ്ധ മറാത്തി നോവലിസ്റ്റായ രമേശ് ടെണ്ടുല്‍കറിന്‍െറയും ഇന്‍ഷുറന്‍സ് ജീവനക്കാരിയായിരുന്ന രജനിയുടെയും മകനായി 1973 ഏപ്രില്‍ 24ന് മുംബൈയിലാണ് സചിന്‍െറ ജനനം. പ്രശസ്ത സംഗീത സംവിധായകനായ സചിന്‍ദേവ് ബര്‍മനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് രമേശ് ടെണ്ടുല്‍കര്‍ തന്‍െറ മകന് സചിന്‍ എന്ന പേര് നല്‍കിയത്. അച്ഛന്‍െറ പേരുകൂടി ചേര്‍ത്തപ്പോള്‍ ‘സചിന്‍ രമേശ് ടെണ്ടുല്‍കര്‍’ എന്നായി പേര്!
കുസൃതിതന്നെയായിരുന്നു സചിനും ചെറുപ്പത്തില്‍. വീട്ടിനടുത്ത കുളത്തില്‍ചെന്ന് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കും. സ്കൂളില്‍ ഓരോരുത്തരുമായി വഴക്കുണ്ടാക്കും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ബാറ്റും ബാളുമൊക്കെ കെട്ടിപ്പിടിച്ച് കിടക്കും. ഒരു വേനലവധിക്കാലത്ത് ടി.വി പരിപാടി കാണാന്‍ വേണ്ടി മരത്തില്‍ വലിഞ്ഞുകയറിയ കുഞ്ഞു സചിന്‍ താഴെ വീണു. വികൃതിത്തരങ്ങള്‍ കൂടിയപ്പോള്‍ ജ്യേഷ്ഠന്‍ അജിത് ക്രിക്കറ്റ് പരിശീലനത്തിന് പറഞ്ഞയച്ചു. എന്നാലെങ്കിലും വികൃതി ഒന്നടങ്ങട്ടെ എന്നു കരുതി.
പക്ഷേ, സചിന്‍െറ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്. മികച്ച കോച്ചായിരുന്ന രമാകാന്ത് അച്രേക്കറുടെ അടുത്തേക്കായിരുന്നു ചെന്നത്. ആദ്യമൊന്നും സചിന്‍ നന്നായി കളിച്ചില്ല. ഇതുകണ്ട അജിത് കോച്ചിനോട് അപേക്ഷിച്ചു: ‘അവന്‍ നന്നായി കളിക്കും. പക്ഷേ, നിങ്ങള്‍ അവന്‍െറ കളി വീക്ഷിക്കുന്നുണ്ട് എന്ന് തോന്നുന്നതിനാലാണ് അവന് കളിക്കാന്‍ പറ്റാത്തത്. ദയവുചെയ്ത് ഒരവസരം കൂടി നല്‍കണം. അവന്‍ കാണാതെ മരത്തിനു പിന്നില്‍നിന്ന് അവന്‍െറ കളി കണ്ടുനോക്കൂ...’
അങ്ങനെ കോച്ച് ഒളിഞ്ഞിരുന്ന് അവന്‍െറ കളി കണ്ടു. സചിന്‍ തന്‍െറ ശൈലിയില്‍ അടിച്ചു തകര്‍ത്തു. കോച്ചിന് അവന്‍െറ കളി ഇഷ്ടമായി. പഠിച്ചിരുന്ന സ്കൂളില്‍നിന്ന് ടി.സി വാങ്ങി ശാരദാശ്രമം ഹൈസ്കൂളില്‍ ചേരാന്‍ സചിനോട് അദ്ദേഹം നിര്‍ദേശിച്ചു. പ്രശസ്തരായ ഒട്ടേറെ ക്രിക്കറ്റര്‍മാരെ വാര്‍ത്തെടുത്ത സ്കൂളായിരുന്നു അത്. രാവിലെയും വൈകീട്ടും കോച്ച് അച്രേക്കറിനു കീഴില്‍ പരിശീലനം. നെറ്റ്സിലെ പരിശീലനത്തില്‍ സചിനെ ഒൗട്ടാക്കുക എന്നത് ഏറെ പ്രയാസമായിരുന്നു. സചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ കോച്ച് സ്റ്റമ്പിനുമുകളില്‍ ഒരു നാണയം വെക്കും. സചിന്‍െറ കുറ്റി തെറിപ്പിക്കുന്നയാള്‍ക്ക് ആ നാണയമെടുക്കാം. പക്ഷേ, ബൗളര്‍മാര്‍ വിയര്‍ത്തെറിഞ്ഞിട്ടും വിക്കറ്റ് തെറിച്ചില്ല. ഒൗട്ടാവാതിരുന്ന സചിന്‍ ഇങ്ങനെ 13 നാണയം നേടി.
ഈസമയം സചിന്‍ ക്രിക്കറ്റ് കളിക്കാര്‍ക്കിടയില്‍ ശ്രദ്ധാകേന്ദ്രമായിത്തുടങ്ങിയിരുന്നു. സ്കൂള്‍ ടീമിനു പുറമെ ക്ളബിനു വേണ്ടിയും കളിച്ചുതുടങ്ങി. പേസ് ബൗളറാവാന്‍ കൊതിച്ച് നിരാശനായി മടങ്ങേണ്ടിവന്ന അനുഭവവും സചിനുണ്ട്. 1987ലായിരുന്നു അത്. 14ാമത്തെ വയസ്സില്‍. ലോകം കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍മാരെ വാര്‍ത്തെടുത്ത സ്ഥാപനമാണ് ചെന്നൈയിലെ എം.ആര്‍.എഫ് പേസ് ഫൗണ്ടേഷന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 355 വിക്കറ്റെടുത്ത് ലോക റെക്കോഡ് സൃഷ്ടിച്ച ആസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളറായ ഡെന്നിസ് ലില്ലിയാണ് ഇതിന്‍െറ അമരക്കാരന്‍. ഫാസ്റ്റ് ബൗളറാവണമെന്ന മോഹവുമായി സചിനും പോയി ചെന്നൈയിലേക്ക്. എന്നാല്‍, പ്രകടനത്തില്‍ തൃപ്തനാവാതിരുന്നു ഡെന്നിസ് ലില്ലി, സചിനോട് ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപദേശിച്ചു.
സചിന്‍ കളിച്ചു തെളിഞ്ഞുവരുന്ന കാലം. മുംബൈയിലെ പ്രദര്‍ശനമത്സരങ്ങളിലും ക്ളബ് മത്സരങ്ങളിലുമെല്ലാം സചിന്‍െറ സാന്നിധ്യമുണ്ടായിരുന്നു. 14ാം വയസ്സില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും സചിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍െറ ‘ബെസ്റ്റ് ജൂനിയര്‍ ക്രിക്കറ്റ് അവാര്‍ഡ്’ ലഭിച്ചില്ല. സചിന്‍െറ പ്രതിഭ കണ്ടറിഞ്ഞ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍ തന്‍െറ പാഡുകള്‍ അദ്ദേഹത്തിന് സമ്മാനിച്ച് ആശ്വസിപ്പിച്ചു.
20 വര്‍ഷങ്ങള്‍ക്ക് ശേഷം, ഗവാസ്കറുടെ പേരിലുണ്ടായിരുന്ന 34 ടെസ്റ്റ് സെഞ്ച്വറികള്‍ എന്ന ലോകറെക്കോഡ് സചിന്‍ തകര്‍ത്തപ്പോള്‍ ഈ സംഭവം അദ്ദേഹം ഓര്‍ത്തെടുത്തു. ‘എന്നെ ഏറെ പ്രചോദിപ്പിച്ച ഒന്നായിരുന്നു അത്’ -സചിന്‍ നന്ദിയോടെ സ്മരിച്ചു.
1987ല്‍ ഇന്ത്യയില്‍ നടന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യയും ഇംഗ്ളണ്ടും തമ്മില്‍ നടന്ന സെമിഫൈനലില്‍ ബൗണ്ടറി ലൈനിനരികെ ബാള്‍ പെറുക്കി നല്‍കുന്ന ‘ബാള്‍ ബോയ്’ ആയിരുന്നു സചിന്‍. 1988 സചിന്‍െറ കളി ജീവിതത്തെ മാറ്റിമറിച്ച വര്‍ഷമായിരുന്നു. ലോര്‍ഡ് ഹാരിസ് ഷീല്‍ഡ് ഇന്‍റര്‍ സ്കൂള്‍ ഗെയിംസില്‍, സെന്‍റ് സേവിയേഴ്സ് ഹൈസ്കൂളിനെതിരെ ശാരദാശ്രമം സ്കൂളിനുവേണ്ടി സചിന്‍ ക്രീസിലിറങ്ങി. കൂടെ കളിക്കൂട്ടുകാരനായ വിനോദ് കാംബ്ളിയും. തകര്‍ത്തു കളിച്ച ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് അഭേദ്യമായ 664 റണ്‍സ്! ആ കളിയില്‍ 326 റണ്‍സായിരുന്നു സചിന്‍െറ സംഭാവന. ഇതേ താരജോടി പിന്നീട് ഇന്ത്യക്കുവേണ്ടിയും ഒന്നിച്ചു കളിച്ചു എന്നത് കൗതുകകരമായി തോന്നിയേക്കാം.
1987ല്‍ മുംബൈ രഞ്ജി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കളിക്കാനായില്ല. എന്നാല്‍, തൊട്ടടുത്ത വര്‍ഷം ഗുജറാത്തിനെതിരെ രഞ്ജിയില്‍ സെഞ്ച്വറിയോടെ തകര്‍പ്പന്‍ അരങ്ങേറ്റമായിരുന്നു. രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി സചിന്‍. പിന്നെ, സചിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രഞ്ജി, ഇറാനി, ദുലീപ് ട്രോഫികളിലായി ഫസ്റ്റ് ക്ളാസ് മത്സരങ്ങളില്‍ റണ്‍സിന്‍െറ പെരുമഴയായിരുന്നു.
1989ല്‍ തന്‍െറ 16ാമത്തെ വയസ്സില്‍ സചിന്‍ ഇന്ത്യക്കുവേണ്ടി പാഡണിഞ്ഞു. പാകിസ്താനെതിരെ കറാച്ചിയില്‍ നടന്ന ടെസ്റ്റിലായിരുന്നു ആ കൊച്ചുപയ്യന്‍െറ അരങ്ങേറ്റം. ആദ്യ ഇന്നിങ്സില്‍ 15 റണ്‍സെടുത്ത സചിന് വഖാര്‍ യൂനുസിന്‍െറ പന്തില്‍ കുറ്റിതെറിച്ച് മടങ്ങാനായിരുന്നു വിധി. സിയാല്‍കോട്ടില്‍ നടന്ന നാലാമത്തെ ടെസ്റ്റിലാകട്ടെ വഖാര്‍ യൂനുസിന്‍െറ പന്ത് തട്ടി പരിക്കേല്‍ക്കുകയും ചെയ്തു. ചോരയൊലിക്കുന്ന മൂക്കുമായി ആ കൗമാരക്കാരന്‍ പിന്നെയും ക്രീസില്‍ തുടര്‍ന്നു.
പാകിസ്താനെതിരത്തെന്നെ ഏകദിനത്തിലും അരങ്ങേറിയെങ്കിലും പൂജ്യനായി മടങ്ങി. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സചിന്‍.
പിന്നീടങ്ങോട്ട് ഇന്ത്യന്‍ ക്രിക്കറ്റിനെയും ലോകക്രിക്കറ്റിനെയും അടക്കിവാഴുകയായിരുന്നു സചിന്‍. റെക്കോഡുകളോരോന്നായി സചിന്‍ കീഴടക്കി. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ സെഞ്ച്വറികള്‍, റണ്‍സ്, ഏകദിനത്തിലെ ആദ്യ ഡബ്ള്‍ സെഞ്ച്വറി... അങ്ങനെ പോകുന്നു ഒറ്റയടിക്ക് എണ്ണിത്തീര്‍ക്കാനാവാത്ത റെക്കോഡുകള്‍. ക്യാപ്റ്റനായും കളിക്കാരനായും കാല്‍ നൂറ്റാണ്ടോളമാണ് സചിന്‍ കളത്തില്‍ വാണത്.
വ്യോമസേനയുടെ ഗ്രൂപ് ക്യാപ്റ്റന്‍
ക്രിക്കറ്റില്‍ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ സചിന്‍ ടെണ്ടുല്‍കറിന് ആദരസൂചകമായി വ്യോമസേനയിലെ ഗ്രൂപ് ക്യാപ്റ്റന്‍ പദവിയും നല്‍കിയിട്ടുണ്ട്. ഈ പദവി നേടുന്ന ആദ്യ കായികതാരമാണ് സചിന്‍. 1983ല്‍ ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ കപില്‍ ദേവിന് 2008ല്‍ അതിര്‍ത്തി സേനയില്‍ ലഫ്റ്റനന്‍റ് കേണല്‍ പദവി നല്‍കിയിരുന്നു.
വ്യോമസേന ഇതുവരെ 21 പ്രമുഖര്‍ക്ക് മാത്രമേ ആദരസൂചകമായി സ്ഥാനങ്ങള്‍ നല്‍കിയിട്ടുള്ളൂ. 1944ല്‍ ഫൈ്ളറ്റ് ലഫ്റ്റനന്‍റ് പദവി ലഭിച്ച ജൗഹര്‍ രാജ യശ്വന്ത് റാവു ആയിരുന്നു ആദ്യ വ്യക്തി. 1990ല്‍ വിജയ്പത് സിംഘാനിയക്ക് എയര്‍ കമഡോര്‍ സ്ഥാനം നല്‍കിയതാണ് സചിന് മുമ്പ് നല്‍കിയ അവസാനത്തെ ആദരബഹുമതി.
സചിനും ടെന്നിസും
ക്രിക്കറ്റാണ് വഴിയെങ്കിലും ഏറെ ഇഷ്ടപ്പെട്ട മറ്റൊരു കായികയിനം കൂടിയുണ്ടായിരുന്നു സചിന് -ടെന്നിസ്. ഒഴിവുവേളകളില്‍ പലപ്പോഴും അദ്ദേഹം ടെന്നിസ് റാക്കറ്റേന്തിയിരുന്നു. വിഖ്യാത ടെന്നിസ് താരങ്ങളായ ജോണ്‍മക്കന്‍റോ, പീറ്റ് സാംപ്രാസ്, ബോറിസ് ബെക്കര്‍ എന്നിവരെ സചിന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍, സചിനോടും ആരാധനയുണ്ടായിരുന്നു ഒരു താരത്തിന്. ജോണ്‍ മക്കന്‍റോ തന്‍െറ മുടിയില്‍ സചിന്‍െറ പേര് കൊത്തിവെച്ചിരുന്നു. അര്‍ജന്‍റീനയുടെ ഫുട്ബാള്‍ താരം ഡീഗോ മറഡോണയും സചിന്‍െറ ഇഷ്ടതാരങ്ങളിലൊരാളായിരുന്നു.

ഭാരത് രത്ന

ജാതിയോ സാമൂഹിക പദവിയോ തൊഴിലോ മാനിക്കാതെ മാനുഷിക നന്മക്ക് നല്‍കുന്ന മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ഭാരത്രത്ന. കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം എന്നീ മേഖലകളിലെ ഉന്നതമായ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് 2011 വരെ ഭാരത്രത്ന നല്‍കിപ്പോന്നിരുന്നത്. 2011ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ഈ മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് കായിക മേഖലക്കുള്ള സംഭാവനകളെകൂടി ഉള്‍പ്പെടുത്തി. അതോടുകൂടി മാനുഷിക നന്മക്കുള്ള നിസ്തുല സേവനം നല്‍കുന്നവര്‍ക്കെല്ലാം രാജ്യം ഭാരത്രത്ന നല്‍കി ആദരിക്കുന്നു. 1954 ലാണ് ഭാരത്രത്ന പുരസ്കാരം ഏര്‍പ്പെടുത്തിയത്.
ഇന്ത്യന്‍ പ്രധാനമന്ത്രി രാഷ്ട്രപതിക്ക് നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഭാരത്രത്ന നല്‍കുന്നത്. അവാര്‍ഡ് പ്രഖ്യാപിക്കുന്ന വര്‍ഷം പരമാവധി മൂന്നുപേര്‍ക്കുവരെ ഭാരത്രത്ന നല്‍കാന്‍ നിയമാവലി അനുവദിക്കുന്നു. 1954 വരെ ഭാരത്രത്ന നിയമാവലി പ്രകാരം ജീവിച്ചിരിന്നവര്‍ക്കു മാത്രമേ  നല്‍കൂ. എന്നാല്‍, 1966 ലെ ഭേദഗതിയില്‍ മരണാനന്തരം ഭാരത്രത്ന നല്‍കാമെന്ന് കൂട്ടിച്ചേര്‍ത്തു. അതിനുശേഷം സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള 12 പേര്‍ക്ക് മരണാനന്തരം ഭാരത്രത്ന അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 1992ല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന് നല്‍കിയ ഭാരത്രത്ന നിയമപരമായ സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിക്കപ്പെട്ടു.
1977 ജൂലൈ 13 മുതല്‍ 1980 ജനുവരി 16 വരെ ഭാരത്രത്ന അവാര്‍ഡ് നിര്‍ത്തിവെക്കപ്പെട്ടിരുന്നു. ഇതുവരെ 43 പേര്‍ക്കാണ് ഭാരത്രത്ന നല്‍കിയത്. ഇന്ത്യക്കാര്‍ക്കുമാത്രമേ ഭാരത്രത്ന നല്‍കാവൂ എന്ന നിഷ്കര്‍ഷ ഇല്ലാത്തതിനാല്‍ മനുഷ്യനന്മക്കായി അവസാനശ്വാസം വരെ നിലകൊണ്ട വിദേശപൗരത്വമുള്ള നേതാക്കളെയും ഭാരതത്തിന്‍െറ പരമോന്നതമായ സിവിലിയന്‍ അവാര്‍ഡ് നല്‍കി ആദരിക്കാറുണ്ട്. വിദേശപൗരനായ ഖാന്‍ അബ്ദുല്‍ ഗഫാര്‍ഖാന് 1987ലും വര്‍ണവിവേചനത്തിനെതിരെ നിലകൊണ്ട് ലോകജനതക്ക് ആവേശവും കരുത്തും നല്‍കിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റുകൂടിയായി മാറിയ നെല്‍സണ്‍ മണ്ടേലക്ക് 1990ലും ഭാരത്രത്ന നല്‍കി ആദരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ സചിന്‍ ടെണ്ടുല്‍കറിനും (2014), പ്രമുഖ ശാസ്ത്രജ്ഞന്‍ സി.എന്‍. റാവുവിനും (2014) ഭാരത്രത്ന അവാര്‍ഡ് പ്രഖ്യാപിച്ചെങ്കിലും സചിന് അവാര്‍ഡ് നല്‍കിയതിനെതിരെ കോടതിയില്‍ പരാതി നല്‍യിരിക്കുകയാണ്. ജീവിച്ചിരിക്കെ ഏറ്റവും പ്രായം കുറഞ്ഞ ഭാരത്രത്ന അവാര്‍ഡ് ജേതാവാണ് സചിന്‍ ടെണ്ടുല്‍കര്‍. ജീവിച്ചിരിക്കെ ഏറ്റവും പ്രായം കൂടിയ അവാര്‍ഡ് ജേതാവ് ദൊണ്ടോ കേശവ് കര്‍വേ (നൂറാം വയസ്സില്‍) ആണ്. ആദ്യത്തെ ഭാരത്രത്ന പുരസ്കാര  ജേതാക്കളാണ്  സര്‍വേപ്പള്ളി രാധാകൃഷ്ണന്‍. സി.വി. രാമന്‍, സി. രാജഗോപാലാചാരി എന്നിവര്‍. 1954ലാണ് ഇവര്‍ക്ക് ഭാരത്രത്ന ലഭിച്ചത്.

Subscribe to കിളിചെപ്പ് by Email
Share:

ചതഞ്ഞരയുന്ന കുട്ടികള്‍


ഭാവിയുടെ വാഗ്ദാനങ്ങള്‍, രാജ്യത്തിന്റെ മുതല്‍ക്കൂട്ട്, വരുംനാളിന്റെ പ്രതീക്ഷകള്‍ - എന്നെല്ലാമുള്ള വിശേഷണങ്ങള്‍കൊണ്ട് കുട്ടികളെ പൊതിയാറുണ്ടെങ്കിലും ലോകയാഥാര്‍ഥ്യം മറ്റൊന്നാണ്. ഇന്ത്യയുടെ കാര്യമെടുത്താല്‍ തമിഴ്നാട്ടിലെ പടക്കശാലകളിലും കര്‍ണാടകത്തിലെ ചായക്കടകളിലും ബിഹാറിലെ നിര്‍മാണ മേഖലയിലും ബാലവേല ഇപ്പോഴും തുടരുന്നുണ്ട്. സാമ്രാജ്യത്വ അധിനിവേശം കശക്കിയെറിഞ്ഞ രാജ്യങ്ങളില്‍ കുട്ടികള്‍ തീ തിന്നാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നതും. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധ രൂപീകരണത്തില്‍ പോരാട്ടങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമൊപ്പം കലാസാഹിത്യ പ്രവര്‍ത്തനങ്ങളും സംഭാവന നല്‍കിയതായി കാണാം. അങ്ങനെ അമേരിക്കന്‍ കുട്ടികളുടെ തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റമുണ്ടാക്കിയതില്‍ ലെവിസ് ഹിനെയുടെ ഫോട്ടോകള്‍ക്കും മികച്ച സ്ഥാനമുണ്ട്.

ദാരിദ്ര്യം കുത്തിയൊഴുകിയ യൂറോപ്പില്‍നിന്ന് പച്ചപിടിക്കുകയായിരുന്ന അമേരിക്കയിലേക്കുണ്ടായ കൂട്ടകുടിയേറ്റത്തിന്റെ ഒഴുക്ക് പകര്‍ത്തിയ ആദ്യ ഫോട്ടോഗ്രാഫര്‍മാരിലൊരാളായിരുന്നു അദ്ദേഹം. സാമൂഹ്യ ചലനങ്ങളെ സ്വാധീനിക്കാന്‍ പറ്റിയ ഉപകരണമായി ക്യാമറയെ കണക്കാക്കിയ ഹിനെയുടെ ജനനം 1874-ല്‍ അമേരിക്കയിലെ ഒഷ്കോഷിലായിരുന്നു. അപകടത്തില്‍പ്പെട്ട് അച്ഛന്‍ മരിച്ചത് അവനില്‍ കുറേ ഭാരങ്ങള്‍ ഏല്‍പ്പിച്ചു. കോളേജ് പഠനത്തിന് പണം സ്വരൂപിക്കാന്‍ പല ജോലികളും എടുക്കേണ്ടി വന്നു. ചിക്കാഗോ, കൊളംബിയ, ന്യൂയോര്‍ക്ക് സര്‍വകലാശാലകളിലായിരുന്നു ഉന്നതപഠനം. ന്യൂയോര്‍ക്ക് നഗരത്തിലെ എത്തിക്കല്‍ കള്‍ച്ചര്‍ സ്കൂളില്‍ അധ്യാപകനായ അദ്ദേഹം, ഫോട്ടോഗ്രാഫിയെ പഠനമാധ്യമമാക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 1906-ല്‍ റസ്സെല്‍ സെയ്ജ് ഫൗണ്ടേഷന്റെ സ്റ്റാഫ്, ഫോട്ടോഗ്രാഫറായി. പിറ്റ്സ്ബര്‍ഗ്, പെന്‍സല്‍വാനിയ തുടങ്ങിയ ജില്ലകളിലെ സ്റ്റീല്‍ നിര്‍മാണ കമ്പനികളെയും അവയിലെ ജനങ്ങളെയും പകര്‍ത്തിയത് അക്കാലത്ത്. ന്യൂയോര്‍ക്ക് തുറമുഖത്തിനടുത്ത എല്ലിസ് ദ്വീപിലേക്ക് അവരെ കൊണ്ടുപോയി ക്ലാസെടുക്കുകയുമുണ്ടായി. ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് വന്നുകൊണ്ടിരുന്നത്. 1904 - 09 കാലത്ത് മിക്ക ദിവസങ്ങളിലും തുറമുഖത്തെത്തുമായിരുന്നു. ആ പ്രവാഹത്തിന്റെ ഇരുന്നൂറിലധികം മികച്ച ചിത്രങ്ങള്‍ ക്യാമറയില്‍ നിറച്ചു.

1908-ല്‍ അധ്യാപനം ഉപേക്ഷിച്ച് നാഷണല്‍ ചൈല്‍ഡ് ലേബര്‍ കമ്മിറ്റിയുടെ ഫോട്ടോഗ്രാഫറായി. പിന്നീടുള്ള ഒരു ദശകം കുട്ടികളുടെ ദൈന്യതകള്‍ തേടിയുള്ള പര്യടനങ്ങള്‍. ബാലവേലയുടെ ഭിന്നമുഖങ്ങള്‍ പൊതുസമൂഹത്തിന്റെ ചര്‍ച്ചകളിലും അധികൃതരുടെ ശ്രദ്ധയിലുമെത്തിച്ചത് ആ ഫോട്ടോ പരമ്പര. 1911-ല്‍ പരുത്തിമില്ലുകളില്‍ ഇഴപൊട്ടി വീണ കൊച്ചുതൊഴിലാളികളെ ഒപ്പിയെടുത്തു. ഒന്നാം ലോകയുദ്ധവേളയില്‍ യൂറോപ്പിലെ അമേരിക്കന്‍ റെഡ്ക്രോസ് ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായി. വ്യാവസായിക വിപ്ലവം, ആധുനിക വ്യവസായത്തിന് തൊഴിലാളികള്‍ നല്‍കിയ സംഭാവന, 1930കളിലെ സാമ്പത്തിക കുഴപ്പം, വിവിധ ഫാക്ടറികളിലും തെരുവുകളിലും എറിഞ്ഞുടക്കപ്പെട്ട "ഭാവി വാഗ്ദാനങ്ങള്‍" - തുടങ്ങിയ നിലകളിലെല്ലാം ഹിനെ മനുഷ്യരെ തേടിപ്പോവുകയായിരുന്നു. ലോകം ഭംഗിയുള്ളതാക്കുന്നതില്‍ അധ്വാനം എത്രമാത്രം അനിവാര്യമാണെന്നും അടിവരയിട്ടു. കെട്ടിടങ്ങളുടെ അഞ്ചാം നിലയിലും മരച്ചില്ലകളിലും കയറിയും റോഡില്‍ കമിഴ്ന്ന് കിടന്ന് നിരങ്ങിയുമെല്ലാം ഫോട്ടോകളെടുത്തു. 1930-ലെ എമ്പേര്‍സ്റ്റേറ്റ് ബില്‍ഡിങ് നിര്‍മാണം ഒരു ചലച്ചിത്രത്തിലെന്നവണ്ണമാണ് അവ വിവരിച്ചത്. ഇവയെല്ലാമടക്കം "മെന്‍ അറ്റ് വര്‍ക്ക്" സമാഹാരം ഏറെ ശ്രദ്ധനേടി.

1932-ല്‍ പുസ്തക രൂപത്തിലിറങ്ങിയ അതിന്റെ ആമുഖത്തില്‍ ഹിനെ എഴുതിയതിന്റെ ചുരുക്കം ""ഇതിനെയാണ് നാം യന്ത്രയുഗം എന്ന് വിളിക്കുന്നത്"" എന്നാണ്. പ്രതിഭാശാലിയായ ആ ഫോട്ടോഗ്രാഫറുടെ അവസാന നാളുകള്‍ ദുരിതങ്ങളുടെയും അവഗണനകളുടെയും തിരസ്കാരങ്ങളുടെയും കയ്പ് നിറഞ്ഞതായിരുന്നു. സര്‍ക്കാരും കോര്‍പറേറ്റ് സ്ഥാപനങ്ങളും പ്രോത്സാഹനവും സഹായവും നിര്‍ത്തിയത് വലിയ പ്രതിസന്ധിയായി. വീട് നഷ്ടപ്പെടുന്നതിലേക്കുവരെ വളര്‍ന്നു അത്. ഇത്രയും കഷ്ടതകള്‍ അവശേഷിപ്പിച്ചാണ് ഹിനെ വിടവാങ്ങിയതെങ്കിലും മകന്‍ കൊറിഡോണ്‍ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ടിന് ഫോട്ടോകള്‍ കൈമാറാന്‍ തയ്യാറായി. ബാഹ്യപ്രേരണ നിമിത്തം അവരത് സ്വീകരിച്ചില്ല. പിന്നീട് ജോര്‍ജ് ഈസ്റ്റ്മാന്‍ ഹൗസ് ഏറ്റെടുക്കുകയായിരുന്നു. പതിനായിരം ഫോട്ടോകള്‍. അതുപോലെ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ അയ്യായിരത്തിലധികവും. വിവിധ കൃതികള്‍, സംവാദങ്ങളും ചര്‍ച്ചകളും, പഠനങ്ങള്‍, സ്ഥിതിവിവരണ പട്ടിക - തുടങ്ങിയവയെല്ലാം കുട്ടികളുടെ ദയനീയാവസ്ഥ തുറന്നു കാട്ടിയിരുന്നെങ്കിലും ഹിനെയെടുത്ത ആയിരക്കണക്കിന് ചിത്രങ്ങള്‍ ചെലുത്തിയ സ്വാധീനം ചരിത്രപരമായിരുന്നു. ഈ സ്വാധീനത്തിന്റെ കൗതുകം തുളുമ്പിയ ഒരേട് പലരുടെയും ഓര്‍മയിലുണ്ടാവാനിടയില്ല.

"ജീവിതത്തിലേക്കൊരു രക്ഷ" ഹിനെ സമാഹാരം പ്രശസ്ത ജനകീയ ഡോക്ടറും ഫോട്ടോഗ്രാഫറുമായ മാര്‍ക്ക് നൊവാന്‍സില്‍സ്കിയിലുണ്ടാക്കിയ പ്രചോദനം അഗാധമായിരുന്നു. വീടുവീടാന്തരം കയറിയായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. വൃദ്ധരോഗകളുടെ വിവരണങ്ങള്‍ എഴുതിവെക്കുന്നതിനുപകരം അവരെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഈ ഡോക്യുമെന്റേഷന് ഏറ്റവും പ്രേരണയായതാവട്ടെ ഹിനെ യും. നൊവാന്‍സിന്‍സ്കിയുടെ അപൂര്‍വ രീതിയും മാതൃകയും മുന്‍നിര്‍ത്തി ഒരു സിനിമയും പിറന്നു. "ഹൗസ് കോള്‍സ്". ഇ യാന്‍ മക്ലിയോഡ് തിരക്കഥ യെഴുതി സംവിധാന ചെയ്ത ചിത്രം 2006ല്‍ ജെമിനി അവാര്‍ഡ് നേടുകയുണ്ടായി. മികച്ച സാമൂഹ്യ-രാഷ്ട്രീയ ഡോക്യുമെന്ററി വിഭാഗത്തിലായിരുന്നു അംഗീകാരം. മൂന്നു വൃദ്ധ രോഗികളുടെ അസ്വസ്ഥതകളും അവശത കളും ചികിത്സകനുമായുള്ള ബന്ധദാര്‍ഢ്യവും കോര്‍ത്തിണക്കിയ സിനിമക്കും ഹിനെയുടെ രചനകള്‍ ബലം നല്‍കി.

കുട്ടികളെക്കുറിച്ചുള്ള ഫോട്ടോകള്‍ പ്രത്യേകിച്ചും. ഫോട്ടോഗ്രാഫര്‍മാര്‍ കള്ളം പറയാറില്ല; എന്നാല്‍ കള്ളന്മാര്‍ക്കും ഫോട്ടോ എടുക്കാം എന്ന ഹിനെയുടെ വാക്കുകളുടെ ആന്തരിക സൂചനകളും മക്ലിയോഡിന് ആവേശമായിരുന്നിരിക്കണം. ബാലവേലയെക്കുറിച്ചുള്ള ഫോട്ടോകള്‍ പിടിച്ചതില്‍ ഹിനെ ഒരിക്കലും വിഷമിച്ചില്ല. ഇത്തരം കാര്യങ്ങളുടെ സാധ്യത ഭരണകേന്ദ്രങ്ങള്‍ക്ക് കാണിച്ചു കൊടുത്തു അവയെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
കടപ്പാട് :- ദേശാഭിമാനി അക്ഷരമുറ്റം 

Subscribe to കിളിചെപ്പ് by Email
Share:

മാലിന്യം മഹാവിപത്ത്


നമ്മുടെ പരിസര പ്രദേശങ്ങളിലെല്ലാം വിവിധ മാലിന്യങ്ങള്‍ ചിതറിയും കുമിഞ്ഞുകൂടിയും കിടക്കുന്നത് കാണാറുണ്ടല്ലോ. ഓരോ ദിവസം കഴിയുന്തോറും മാലിന്യങ്ങള്‍ കൂടിക്കൂടി വരികയാണ്. പലരും ചെയ്തുവരുന്ന ഒരു പ്രവണതയുണ്ട്. തന്റെ വീട്ടിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളെല്ലാം ചാക്കില്‍കെട്ടി ആരും കാണാതെ രാത്രിയില്‍ മറ്റുള്ളവരുടെ പറമ്പിലോ, നിരത്തുവക്കിലോ, ആളൊഴിഞ്ഞ പ്രദേശത്തോ അതുമല്ലെങ്കില്‍ തോട്ടിലോ പുഴയിലോ കൊണ്ടുപോയി തള്ളി ""അവനവന്റെ തടി ശുദ്ധമാക്കുക"" എന്നതാണിത്. എന്നാല്‍ ഇവര്‍ അറിയുന്നില്ല, മലിനീകരണ വിപത്ത് കേവലം തൊടികളില്‍ മാത്രം ഒതുങ്ങിക്കിടക്കുകയില്ലെന്നും അത് വായു, ജലം, മണ്ണ്, ജീവജാലങ്ങള്‍ എന്നിവ വഴിയെല്ലാം വ്യാപിച്ച് എല്ലാവര്‍ക്കും ഒരുപോലെ ദോഷം ചെയ്യാന്‍ ഇടവരുത്തുമെന്നുമുള്ള കാര്യം. പുഴക്കരയിലും തോട്ടിന്‍കരയിലും താമസിക്കുന്നവരില്‍ ചിലര്‍ ചെയ്യുന്ന മറ്റൊരു പ്രവൃത്തിയുണ്ട്. തങ്ങളുടെ കുളിമുറിയിലെയും അടുക്കളയിലെയും വാഷ് ബേസിലെയുമെല്ലാം അഴുക്കുവെള്ളം ഒരു പൈപ്പ് വഴി നേരെ പുഴയിലും തോട്ടിലും ഒഴുക്കുക എന്നത്. ഇത് ജലമലിനീകരണവും കുടിവെള്ളത്തില്‍പോലും മാലിന്യം കലര്‍ത്തുന്ന പ്രവൃത്തിയുമാണ്. ഇത്തരം പ്രവണത നമുക്ക് ഇല്ലാതാക്കണം.

ദൈവത്തിന്റെ സ്വന്തം നാട് അഴുക്കുചാലുകളുടെ നാടാകാതെ ശുചിത്വ കേരളമായി മാറണം. ഇതിന് നമുക്കെന്തെല്ലാം ചെയ്യാം. അതിനുമുമ്പ് മാലിന്യം വരുത്തുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് അറിയേണ്ടെ. എന്താണ് മാലിന്യം അഴുകുന്നതും അഴുകാത്തതുമായ വസ്തുക്കള്‍ ഉപയോഗിച്ചശേഷം വലിച്ചെറിയുകയോ കൂട്ടുകയോ ചെയ്ത് പരിസരത്തും പാരിസ്ഥിതിക അവസ്ഥയ്ക്കും പ്രത്യക്ഷവും പരോക്ഷവുമായി ദൂഷ്യം ചെയ്യുന്ന വസ്തുക്കളെയാണ് മാലിന്യങ്ങള്‍ എന്നു പറയുന്നത്.

മാലിന്യങ്ങളെ പൊതുവെ നാലായി തിരിക്കാം.
1. ജൈവമാലിന്യങ്ങള്‍,
2. അജൈവ മാലിന്യങ്ങള്‍,
3. അപകടകരമായ മാലിന്യങ്ങള്‍,
4. ഇലക്ട്രോണിക് മാലിന്യങ്ങള്‍

ജൈവമാലിന്യങ്ങള്‍ ജീവനുള്ള വസ്തുക്കള്‍ ചീഞ്ഞളിഞ്ഞ് ഉണ്ടാകുന്നതാണ് ജൈവമാലിന്യങ്ങള്‍. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റ് നാനാവിധ സസ്യ ജന്തുജാലങ്ങളും അതിസൂക്ഷ്മങ്ങളായ ബാക്ടീരിയ, വൈറസ്, ആല്‍ഗ എന്നിവയും ജൈവമാലിന്യ പരമ്പരയില്‍പ്പെടുന്നു. ഇതില്‍ നമുക്ക് ഉപകാരികളായ ബാക്ടീരിയയും (സാപ്രൊഫൈറ്റിക്), ദൂഷ്യം വരുത്തുന്ന ""പാത്തോജനിക്"" ബാക്ടീരിയയുമുണ്ട്. ടൈഫോയിഡ്, കോളറ എന്നിവ വരുത്തുന്നത് പാത്തോജനിക് ബാക്ടീരിയാണ്. ആല്‍ഗകളില്‍ ചിലവ ജലത്തെ ശുദ്ധീകരിക്കുമ്പോള്‍ ചിലവ മാരക വിഷവുമാണ്. ഏതാനും വര്‍ഷം മുമ്പ് നമ്മുടെ കടല്‍ത്തീരത്ത് മത്സ്യങ്ങള്‍ ചത്തത് ഈ ആല്‍ഗകള്‍ കാരണമാണ്.

ജൈവമാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ ഓക്സിജന്റെ സാന്നിധ്യത്തില്‍ അഴുകുമ്പോള്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങള്‍ ഉണ്ടാകുന്നു. ഇത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. അജൈവ മാലിന്യം അഴുകാത്ത എല്ലാതരം മാലിന്യങ്ങളെയും നമുക്ക് അജൈവ മാലിന്യം എന്നു വിളിക്കാം. ഉദാഹരണം പ്ലാസ്റ്റിക്, റബ്ബര്‍, എല്ല്, തൂവല്‍, ഗ്ലാസ്, ഫൈബര്‍, തെര്‍മോക്കോള്‍ തുടങ്ങിയവ. ഇതില്‍ ഏറ്റവും വില്ലന്‍ പ്ലാസ്റ്റിക്കാണ്. ഇതിന് നാശമില്ല. ഇത് മണ്ണില്‍ കിടന്നാല്‍ മണ്ണിലെ സൂക്ഷ്മജീവികള്‍ക്ക് പ്രയാസമുണ്ടാകും. മണ്ണിന്റെ ഘടനയിലും ഈര്‍പ്പം, ചൂട് എന്നിവയുടെ നിയതമായ വ്യവസ്ഥയെയും താളം തെറ്റിക്കുന്നു. വായു സഞ്ചാരം കുറക്കുന്നു. വിളകളുടെ വേരോട്ടം തടസ്സപ്പെടുത്തുന്നു. പ്ലാസ്റ്റിക് കത്തിച്ചാല്‍ ഡയോക്സിന്‍ വിഷവാതകം അന്തരീക്ഷത്തില്‍ മാലിന്യമുണ്ടാക്കും.

ഗ്ലാസ് ഒരിക്കലും നശിക്കാത്ത ഖരമാലിന്യമാണ്. കേരളത്തില്‍ താഴെ പറയുന്ന അള വില്‍ ഖരമാലിന്യങ്ങളുണ്ട്. അപകടകരമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അപകടം സംഭവിക്കുന്ന മാലിന്യങ്ങളെയാണ് ഈ ഗണത്തില്‍പ്പെടുത്തിയത്. ഉദാഹരണം ട്യൂബ്, ബള്‍ബ്, ആശുപത്രി മാലിന്യം (സിറിഞ്ച് ഉള്‍പ്പെടെ) രാസ കീടനാശിനികള്‍ രാസകീടനാശിനികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ലോകത്ത് ഒരു മിനുട്ടില്‍ ഒരാള്‍ എന്ന നിലയില്‍ അപകടം സംഭവിക്കുന്നു എന്നാണ് കണക്ക്. ഇലക്ട്രോണിക് മാലിന്യങ്ങള്‍ ആധുനിക കാലത്തിന്റെ സൃഷ്ടിയാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍. ടിവി, കമ്പ്യൂട്ടര്‍, ഫ്രിഡ്ജ് തുടങ്ങിയ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളും കേടായശേഷം ഉപേക്ഷിക്കുന്നതാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍. ഇതും വന്‍തോതില്‍ പെരുകിക്കൊണ്ടിരിക്കുന്നു.


1. വായു മലിനീകരണം
ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷവാതകങ്ങള്‍ വായുവില്‍ കലരുമ്പോള്‍ അത് വായു മലിനീകരണമാവുന്നു. വ്യവസായ ശാലകളില്‍നിന്നും വാഹനങ്ങളില്‍നിന്നും പുറത്തുവരുന്ന പുകയും വിഷവാതകങ്ങളുമാണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണം. ഇവ വാതക രൂപത്തിലും കണികാരൂപത്തിലുമുണ്ട്. വാതകരൂപത്തിലുള്ളവ താഴെ പറയുന്നു.

1. കാര്‍ബണ്‍ മോണോക്സൈഡ് - വാഹനങ്ങളില്‍ നിന്ന് 
2. സള്‍ഫര്‍ ഡയോക്സൈഡ് - കല്‍ക്കരി ഖനി, എണ്ണ ശുദ്ധീകരണശാല, ലോഹസംസ്കരണശാല എന്നിവിടങ്ങളില്‍ നിന്ന് 
3. ഹൈഡ്രജന്‍ സള്‍ഫൈഡ് - പെട്രോളിയം, പ്രകൃതിവാതക ശുദ്ധീകരണം. 
4. ഹൈഡ്രജന്‍ ഫ്ളൂറൈഡ് - അലുമിനിയം വ്യവസായം, സള്‍ഫേറ്റ് വള നിര്‍മാണശാല 
5. നൈട്രജന്‍ ഓക്സൈഡുകള്‍:

വാഹനങ്ങളില്‍ നിന്ന്. കണികാരൂപത്തില്‍: 0.01 മൈക്രോണ്‍ മുതല്‍ 20 മൈക്രോണ്‍ വരെ വ്യാസമുള്ള ഖര - ബാഷ്പ കണങ്ങളാണ് കണികാ രൂപത്തില്‍ മാലിന്യമാകുന്നത്. 
ദൂഷ്യങ്ങള്‍: ഓക്സിജന്‍ വ്യാപനം മന്ദഗതിയിലാവുക, രക്തത്തിലെ ഹിമോഗ്ലോബിന്‍ അളവ് കുറയ്ക്കുക, ഓസോണ്‍ പാളിയുടെ തകര്‍ച്ച. അതുവഴി അന്തരീക്ഷ താപം വര്‍ദ്ധിക്കുക, കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ ഉള്‍ഭാഗം ചൂടാകുന്ന ഹരിതഗൃഹ പ്രഭാവം ഉണ്ടാവുന്നു. സസ്യവര്‍ഗങ്ങളുടെ നാശം, മരുഭൂമിവല്‍ക്കരണം.

2. ജല മലിനീകരണം
ജൈവികവും ഭൗതികവും രാസപരവുമായ മാറ്റങ്ങള്‍കൊണ്ട് ജലം ഉപയോഗയോഗ്യമല്ലാതാവുന്ന സ്ഥിതിയെ ജലമലിനീകരണം എന്നു പറയുന്നു. രാസവസ്തുക്കള്‍ കൊണ്ടും ജൈവ വസ്തുക്കള്‍കൊണ്ടും ജലമലിനീകരണം ഉണ്ടാകാറുണ്ട്. രാസകീടനാശിനികള്‍, കാര്‍ബോഹൈഡ്രേറ്റ്, എണ്ണ, സോപ്പ്, അമ്ലങ്ങള്‍, ക്ഷാരങ്ങള്‍, വ്യവസായ മാലിന്യങ്ങള്‍, കക്കൂസ് മാലിന്യങ്ങള്‍, നഗരവല്‍ക്കരണം തുടങ്ങി നിരവധി കാരണങ്ങള്‍ ജലമലിനീകരണത്തിന് കാരണമായിട്ടുണ്ട്. കേരളത്തില്‍ കക്കൂസും കിണറും തമ്മിലുള്ള അകലക്കുറവ് വന്‍ തോതില്‍ ജലമാലിന്യമുണ്ടാക്കുന്നു.
ദൂഷ്യങ്ങള്‍: ജലജന്യരോഗങ്ങള്‍ വ്യാപകമാകുന്നു. ലോകത്ത് ഒരു മിനുട്ടില്‍ ഒരു കുട്ടി ജലജന്യരോഗം മൂലം മരിക്കുന്നുണ്ടത്രെ. മനുഷ്യരില്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാവുന്നു. വിഷവെള്ളത്തിന്റെ സാന്നിധ്യം കൃഷിനാശത്തിനും ഭക്ഷ്യവിളകളില്‍ വിഷാംശം കലരാനും ഇടയാകുന്നു. മത്സ്യം ഉള്‍പ്പെടെയുള്ള കടല്‍സമ്പത്ത് നശിക്കുന്നു.

3. മണ്ണ് മലിനീകരണം
രാസവളപ്രയോഗം, രാസകീടനാശിനി പ്രയോഗം എന്നിവ മണ്ണില്‍ വിഷം കലര്‍ത്തുന്നു. മണ്ണ് മലിനീകരണത്തിന്റെ 90 ശതമാനവും ഖരാവിഷ്ടങ്ങള്‍ വഴിയാണ്. വ്യവസായ മാലിന്യങ്ങളും ലോഹസങ്കരണവും പ്ലാസ്റ്റിക്കും മണ്ണ് മലിനീകരണത്തിനു കാരണമാവുന്നു.
ദൂഷ്യങ്ങള്‍: കൃഷി നശിക്കുന്നു, മണ്ണിലെ അണുജീവി നശിക്കുന്നു. ഭക്ഷ്യവിളകളില്‍ വിഷം കലരുന്നു. മണ്ണിന്റെ അവസ്ഥയ്ക്ക് മാറ്റം വരുന്നു. കന്നുകാലികള്‍ ഉള്‍പ്പെടെ മൃഗസമ്പത്തിന് ദോഷം വരുന്നു. രോഗങ്ങള്‍ക്ക് കാരണമാകുന്നു.

മാലിന്യം നീക്കാന്‍ ചില വഴികള്‍ ഇനി നമുക്ക് ചുറ്റുമുള്ള മാലിന്യങ്ങള്‍ എങ്ങനെ കുറക്കാം അഥവാ ഇല്ലാതാക്കാം എന്നു പരിശോധിക്കാം. ഇതിന് പ്രകൃതിബോധം, പരിസരബോധം, സേവനസന്നദ്ധത തുടങ്ങിയ ഗുണങ്ങള്‍ നാം വളര്‍ത്തിയെടുക്കണം. ജൈവ മാലിന്യ സംസ്കരണം മാലിന്യം ഉറവിടത്തില്‍ വെച്ചുതന്നെ നമുക്ക് സംസ്കരിക്കാനാവണം.
ഗാര്‍ഹിക മാലിന്യം അതാതു ദിവസം സംസ്കരിക്കുക. അതിനു താഴെ പറയുന്ന മാര്‍ഗം സ്വീകരിക്കാം. 

1. കുഴി കമ്പോസ്റ്റ് - വീട്ടുപരിസരത്ത് വെയിലും മഴയും എല്‍ക്കാത്ത ഇടത്ത് 1 മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ നീളവും 60 സെ.മീ. ആഴത്തിലും കുഴിയെടുത്ത് അതില്‍ ലഭ്യമായ ജൈവവസ്തുക്കളും ജൈവ മാലിന്യങ്ങളും ദിവസവും നിക്ഷേപിക്കുക. ഇടക്ക് അല്‍പം ചാണക വെള്ളം തളിക്കുക. മൂന്ന് മാസത്തോടെ കുഴി നിറയും. ഇതിനുമുകളില്‍ മണ്ണിട്ട് മൂടുക. മൂന്ന് മാസം കഴിയുമ്പോള്‍ വളമാകും. 

2. പൈപ്പ് കമ്പോസ്റ്റ് - ഗാര്‍ഹിക മാലിന്യം സംസ്കരിക്കാന്‍ ഫലപ്രദമായ മാര്‍ഗമാണ്. 200 എംഎം വ്യാസമുള്ള രണ്ട് പിവിസി പൈപ്പ്, തണലില്‍ ഒരടി ആഴത്തില്‍ കുഴി ഉണ്ടാക്കി അതില്‍ കുത്തനെ നിര്‍ത്തുക. ഇതിന് ഒരടപ്പും വേണം. ഇതില്‍ മാലിന്യങ്ങള്‍ ചെറുതായി അരിഞ്ഞ് എല്ലാദിവസവും ഇടുക. ഈര്‍പ്പം കൂടരുത്. ഒന്നരമാസമാവുമ്പോള്‍ പൈപ്പ് നിറയും. (വീണ്ടും ഒന്നര മാസമാവുമ്പോള്‍ ഇത് അഴുകി വളമായി മാറും.) മറ്റൊരു പൈപ്പ് സ്ഥാപിച്ച് പിന്നീട് ഇതിലും നിറക്കാം. ഇങ്ങനെ മാറിമാറി ഉപയോഗിക്കാം. 

3. മണ്ണിര കമ്പോസ്റ്റ്: കുഴികളിലും, പ്ലാസ്റ്റിക് വീപ്പകളിലും സിമന്റ് ഭരണിയിലുമെല്ലാം മണ്ണിര കമ്പോസ്റ്റുണ്ടാക്കാം. വെയിലും മഴയും ഏല്‍ക്കരുത്. ഉറുമ്പ്, എലി തുടങ്ങിയവ കടന്നുവരാത്തവിധം സംവിധാനം ചെയ്ത് സ്ഥാപിക്കാം. ഏറ്റവും അടിയില്‍ അല്‍പം ചാണകം വിതറി അതില്‍ മണ്ണിരയെ നിക്ഷേപിക്കുക. തുടര്‍ന്ന് ഇതിനു മുകളില്‍ ലഭ്യമായ ജൈവസ്തുക്കള്‍ ചെറുതായി അരിഞ്ഞ് അല്‍പാല്‍പമായി നിക്ഷേപിക്കാം. മണ്ണിര ഭക്ഷിച്ച് ഇവ വളമാക്കി മാറ്റും. എരിവ്, പുളി, മത്സ്യ മാംസങ്ങള്‍ എന്നിവ ഒഴിവാക്കുക. 

4. ബയോഗ്യാസ് പ്ലാന്റ് ഓക്സിജന്റെ അഭാവത്തില്‍ ജൈവമാലിന്യം വിഘടിച്ച് ഉണ്ടാകുന്ന വാതകത്തെയാണ് ബയോഗ്യാസ് എന്നുപറയുന്നത്. ഈ വാതകം പാചകാവശ്യത്തിന് ഉപയോഗിക്കാം. കൂടാതെ ഇതില്‍ നിന്ന് വൈദ്യുതിയുമുണ്ടാക്കാം. എടുത്തുമാറ്റാവുന്ന പോര്‍ട്ടബിള്‍ പ്ലാന്റും, സ്ഥിരം പ്ലാന്റുകളുമുണ്ട്. പ്ലാന്റില്‍ ആദ്യം ഏതാനും കുട്ട ചാണകം തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് ലായനിയാക്കി ഒഴിക്കുക. ആദ്യം ഗ്യാസ് ഉല്‍പാദിപ്പിക്കാനേ ഇതാവശ്യമുള്ളൂ. പിന്നീട് ദിവസവും ലഭ്യമായ ജൈവവസ്തുക്കള്‍ ഇതില്‍ നിക്ഷേപിക്കാം. മോര്, തൈര്, എല്ല് തുടങ്ങിയവ പാടില്ല. ഒരാഴ്ച കൊണ്ട് ഗ്യാസ് ഉല്‍പാദിപ്പിക്കും. തുടര്‍ന്ന് ദിവസവും ഗ്യാസ് ലഭിക്കും. ഇത് സ്റ്റൗവില്‍ കടത്തില്‍ ഇന്ധനാവശ്യം നിര്‍വഹിക്കാം. ഇതില്‍ മിഥൈല്‍ 50-70 ശതമാനവും കാര്‍ബണ്‍ ഡൈ ഓക്സൈസൈഡ് 30-45 ശതമാനവും ബാക്കി മറ്റ് വാതകങ്ങളുമാണ്.

പ്ലാസ്റ്റിക് മാലിന്യം എന്തു ചെയ്യണംപ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക ്വലിച്ചെറിയാതെ ഒരു ചാക്കിലോ സഞ്ചിയിലോ ഇട്ടുവെക്കുക ്കഴുകി ഉണക്കി പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റുകള്‍ ഉണ്ടെങ്കില്‍ അവിടെ എത്തിക്കുക ്കത്തിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകും. ്പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്ത് പുതിയ ഉല്‍പന്നമാക്കാന്‍ കച്ചവടക്കാര്‍ക്ക് നല്‍കുക. ഇലക്ട്രോണിക് മാലിന്യം എന്തു ചെയ്യണം ്പരമാവധി ഉപയോഗിക്കുക ്കേടാകുമ്പോള്‍ ഉപേക്ഷിക്കുന്ന പ്രവണത മാറ്റി റിപ്പേര്‍ ചെയ്ത് ഉപയോഗിക്കുക ്തീരെ ഉപയോഗയോഗ്യമല്ലാത്തത് റീസൈക്ലിങ്ങിന് നല്‍കുക ജല മലിനീകരണം തടയാന്‍ ്ഗാര്‍ഹിക മാലിന്യം വെള്ളത്തില്‍ കലരാതെ സൂക്ഷിക്കുക ്കിണര്‍-കക്കൂസ് ദൂരം ക്രമപ്പെടുത്തുക ്രാസ കീടനാശിനി ഉപയോഗം കുറക്കുക ്ഖരമാലിന്യങ്ങള്‍ പുഴയിലും തോടിലും ഒഴുക്കി വിടാതിരിക്കുക ്കുടിവെള്ളം ശുദ്ധീകരണ ടാങ്കിലൂടെ കടത്തിവിട്ടശേഷം ഉപയോഗിക്കുക വൃക്ഷങ്ങള്‍ നടുക അന്തരീക്ഷ ശുദ്ധീകരണത്തിന് വൃക്ഷങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ട് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് വനസമ്പത്ത് കൂട്ടുക. കണ്ടല്‍ കാടുകള്‍: കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തുക. അഴിമുഖങ്ങളിലും നദീമുഖത്തും ചതുപ്പിലും ജലശുദ്ധീകരണത്തിനും പരിസ്ഥിതി ശുചീകരണത്തിനും കണ്ടല്‍ക്കാടുകള്‍ വലിയ പങ്ക് വഹിക്കുന്നു.

കടപ്പാട് :- ദേശാഭിമാനി അക്ഷരമുറ്റം 

Subscribe to കിളിചെപ്പ് by Email
Share:

Happy Children Day

എല്ലാ കുട്ടികൾക്കും കിളിചെപ്പിന്റെ ഹൃദയം നിറഞ്ഞ ശിശുദിന ആശംസകൾ.
Subscribe to കിളിചെപ്പ് by Email
Share:

രവീന്ദ്രനാഥ ടാഗോര്‍


1861 മേയ് 7ന് കൊല്‍ക്കത്തയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് രവീന്ദ്രനാഥ ടാഗോര്‍ ജനിച്ചത്. ദേവേന്ദ്രനാഥ ടാഗോറിന്‍െറയും ശാരദാദേവിയുടെയും ഒമ്പതാമത്തെ മകനായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. 13ാമത്തെ വയസ്സിലാണ് ടാഗോര്‍ ആദ്യ കവിതയെഴുതിയത്. ‘അഭിലാഷം’ എന്ന പേരിലുള്ള ആ കവിത ‘തത്ത്വബോധിനി’ മാസികയിലാണ് അച്ചടിച്ചുവന്നത്. എന്നാല്‍, ടാഗോറിന്‍െറ പേരില്ലായിരുന്നു. 14ാം വയസ്സില്‍ ‘വന്യപുഷ്പം’ എന്ന കവിത അച്ചടിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്‍െറ പേരുണ്ടായിരുന്നു. ആ കവിതക്ക് 1600ഓളം വരികളുണ്ടായിരുന്നു.
 1909ല്‍ സിലായ്ദാഹയില്‍വെച്ച് ടാഗോര്‍ തന്‍െറ മാസ്റ്റര്‍പീസായ ‘ഗീതാഞ്ജലി’ എഴുതാനാരംഭിച്ചു. 1912ല്‍ യൂറോപ്പില്‍ പര്യടനം നടത്തിയ ടാഗോര്‍ ലോകത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരെയും പരിചയപ്പെട്ടു. പ്രശസ്ത സാഹിത്യകാരിയായ എസ്രാപൗണ്ട് പ്രത്യേക താല്‍പര്യമെടുത്ത് ‘ഗീതാഞ്ജലി’യുടെ ഇംഗ്ളീഷ് പരിഭാഷ പുറത്തിറക്കി. 1912ല്‍ വില്യം ബട്ട്ലര്‍യേറ്റ്സ് ടാഗോറിന്‍െറ ‘ഗീതാഞ്ജലി’ ഒരു വിശിഷ്ടസദസ്സിനുമുന്നില്‍ അവതരിപ്പിച്ചു. വില്യം ബട്ട്ലര്‍യേറ്റ്സാണ് അതിന് അവതാരിക എഴുതിയത്.
 1913 നവംബര്‍ 13നാണ് ആ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം രവീന്ദ്രനാഥ ടാഗോറിനാണെന്ന വാര്‍ത്ത പുറത്തുവന്നത്. സാഹിത്യത്തിനുള്ള നൊബേല്‍സമ്മാനം ആദ്യമായി ഏഷ്യയിലേക്ക് കൊണ്ടുവന്നത് രവീന്ദ്രനാഥ ടാഗോറാണ്. നിരവധി ചെറുകഥകളും നോവലുകളും കവിതാസമാഹാരങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള ടാഗോര്‍, മികച്ച ചിത്രകാരന്‍ കൂടിയായിരുന്നു. 1921ല്‍ വിശ്വഭാരതി സര്‍വകലാശാല അദ്ദേഹം സ്ഥാപിച്ചു.
ശാന്തിനികേതനാണ് വിശ്വഭാരതി സര്‍വകലാശാലയായത്. 1940ല്‍ ഓക്സ്ഫഡ് സര്‍വകലാശാല ടാഗോറിന് ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. 1941 ആഗസ്റ്റ് 7ന് ടാഗോര്‍ അന്തരിച്ചു.
ശാന്തിനികേതനും വിശ്വഭാരതിയും
 ബോര്‍പൂരിലുണ്ടായിരുന്ന ടാഗോര്‍ കുടുംബം വക എസ്റ്റേറ്റാണ് പിന്നീട് ശാന്തിനികേതനായി മാറിയത്. പഴയ ഗരുകുല സമ്പ്രദായമായിരുന്നു ശാന്തിനികേതനില്‍. സ്വാശ്രയത്വത്തിന്‍െറ തത്ത്വങ്ങളനുസരിച്ച്, ഹോസ്റ്റലില്‍ വേലക്കാര്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ തനിയെ എല്ലാം ചെയ്യേണ്ടിയിരുന്നു. അടിച്ചുവാരി വൃത്തിയാക്കുക, തുടക്കുക, ഭക്ഷണം പാചകം ചെയ്യുക, വിളമ്പുക, അലക്കുക, പാത്രങ്ങള്‍ കഴുകുക തുടങ്ങിയ എല്ലാ ജോലികളും പഠിതാക്കളായ വിദ്യാര്‍ഥിനികള്‍ ചെയ്യേണ്ടിയിരുന്നു. പുലര്‍ച്ചെ നാലരക്ക് എഴുന്നേല്‍ക്കണം, ഓരോ പെണ്‍കുട്ടിയും അവളുടെ കിടക്ക മടക്കിവെക്കണം, മുറി വൃത്തിയാക്കണം, തണുപ്പുകാലത്ത് പോലും പച്ചവെള്ളത്തില്‍ കുളിക്കണം, ആറുമണിക്കാരംഭിക്കുന്ന ക്ളാസില്‍ ഹാജരാകണം -ഇങ്ങനെയൊക്കെയായിരുന്നു ചിട്ടകള്‍. മോത്തിലാല്‍ നെഹ്റുവിന്‍െറ കൊച്ചുമകളും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ പ്രിയപുത്രിയും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയും ശാന്തിനികേതനിലെ വിദ്യാര്‍ഥിനിയായിരുന്നു. മറ്റു വിദ്യാര്‍ഥിനികളെപ്പോലെ എല്ലാ ജോലിയും ചെയ്തുതന്നെയായിരുന്നു ഇന്ദിര പ്രിയദര്‍ശിനിയും ശാന്തിനികേതനില്‍ കഴിച്ചുകൂട്ടിയത്. ശാന്തിനികേതന്‍ പിന്നീട് വിശ്വഭാരതി സര്‍വകലാശാലയായി.
ശാന്തിനികേതന ഗാനം
 ശാന്തിനികേതനെക്കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ ഗാനം ഇങ്ങനെയാണ്:
 ‘അവള്‍ ഞങ്ങളുടെ സ്വന്തമാണ്. ഞങ്ങളുടെ ഹൃദയത്തിന്‍െറ ഓമനയാണ് ശാന്തിനികേതന്‍. ഞങ്ങളുടെ സ്വപ്നങ്ങള്‍ അവളുടെ കരങ്ങളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. അവളുടെ മുഖം ഓരോ തവണ ഞങ്ങള്‍ കാണുമ്പോഴും പ്രേമത്തിന്‍െറ നൂതനമായൊരദ്ഭുതമാണ്. കാരണം, അവള്‍ ഞങ്ങളുടെ സ്വന്തമാണ്. ഞങ്ങളുടെ ഹൃദയത്തിന്‍െറ ഓമന.’
ഇന്ത്യയുടെ ദേശീയഗാനം
രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ‘ജനഗണമന...’ എന്നുതുടങ്ങുന്ന ഗാനമാണ് ഇന്ത്യയുടെ ദേശീയഗാനം. ദേശീയഗാനത്തിന്‍െറ ചരിത്രം തുടങ്ങുന്നത് 1911 ഡിസംബര്‍ 27ന് കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ 28ാം അഖിലേന്ത്യാ സമ്മേളനവേദിയില്‍ വെച്ചാണ്. മഹാകവി  രവീന്ദ്രനാഥ ടാഗോറിനെക്കൊണ്ട് സമ്മേളന പ്രവര്‍ത്തകര്‍ സന്ദര്‍ഭത്തിന് അനുഗുണമായി എഴുതിച്ചുവാങ്ങിയതായിരുന്നു ആ ഗാനം. ആറുവര്‍ഷത്തിനുശേഷം കൊല്‍ക്കത്തയില്‍ത്തന്നെ വീണ്ടും നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനത്തിന് തുടക്കംകുറിച്ചതും ‘ജനഗണമന...’ ആലാപനത്തോടെയായിരുന്നു. 1950 ജനുവരി 24നു ചേര്‍ന്ന കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളിയാണ് ഈ ഗാനത്തെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത്. 52 സെക്കന്‍ഡുകൊണ്ട് പാടണമെന്നാണ് വ്യവസ്ഥ.
ബ്രിട്ടീഷ്  ബഹുമതികള്‍ ബഹിഷ്കരിച്ച ടാഗോര്‍
 1919 ഏപ്രില്‍ 13ന് പഞ്ചാബിലെ ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച്, തനിക്കു ലഭിച്ച സ്ഥാനമാനാദികള്‍ ഉപേക്ഷിച്ച രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞു:
 ‘നമ്മുടെ ബഹുമതിമുദ്രകള്‍ അവക്ക് തീരെയിണങ്ങാത്ത ഈ അവഹേളനത്തിന്‍െറ പശ്ചാത്തലത്തില്‍ നമ്മെ ലജ്ജിച്ചു തലകുനിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, പ്രമാണിത്തമില്ലാത്തതുകൊണ്ട് മനുഷ്യോചിതമല്ലാത്ത അവഹേളനം സഹിക്കേണ്ടിവന്നേക്കാവുന്ന എന്‍െറ നാട്ടുകാര്‍ക്കൊപ്പം എല്ലാ സ്ഥാനമാനാദികളും വലിച്ചെറിഞ്ഞ് നിലകൊള്ളാനാണ് ഞാനാഗ്രഹിക്കുന്നത്.’
‘അലയുന്ന പക്ഷികള്‍’
 ടാഗോറിന് കുട്ടികളോട് വളരെ സ്നേഹമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ജപ്പാന്‍ സന്ദര്‍ശിച്ച വേളയില്‍ ധാരാളം കുട്ടികള്‍ ടാഗോറിന്‍െറ കൈയക്ഷരത്തില്‍ എന്തെങ്കിലും എഴുതിക്കിട്ടുന്നതിനുവേണ്ടി തിക്കിത്തിരക്കി വരുകയുണ്ടായി. എല്ലാവരുടെയും നോട്ടുപുസ്തകത്തില്‍ ഓരോ വരി കവിത ടാഗോര്‍ എഴുതിക്കൊടുത്തു. പിന്നീട് ഇവയില്‍ പല കവിതകളും സമാഹരിച്ചാണ് ‘അലയുന്ന പക്ഷികള്‍’ എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയത്.
ടാഗോറിന്‍െറ പ്രശസ്തകൃതികള്‍   
കബി കഹാനി (കവിത)
ബന ഫൂല്‍ (കവിത)
സന്ധ്യാസംഗീത് (കവിത)
രാജര്‍ഷി (നോവല്‍)
രാജ ഒ റാണി (നാടകം)
സേനാര്‍ താരി (കവിത)
നഷ്ടാനിര്‍ (നോവല്‍)
നൗകാ ഡൂബി (നോവല്‍)
രാജ (നാടകം)
ഗോറ (നോവല്‍)
ഗീതാഞ്ജലി (കവിത)
ജീബ സ്മൃതി (ആത്മകഥ)
ഘരേ ബാഹരേ (നോവല്‍)
ഷെഷെര്‍ കോബിത (നോവല്‍)
ചോഖേര്‍ ബാലി (നോവല്‍)
ചതുരംഗ (നോവല്‍)
ദൂയി ബോന്‍ (നോവല്‍)
ചതുരാദ്ധയ് (നോവല്‍)   
 

Subscribe to കിളിചെപ്പ് by Email
Share:

പ്രകൃതിദുരന്തങ്ങള്‍


ഇക്കഴിഞ്ഞ മൂന്നുനാലു വര്‍ഷത്തെ ദിനപത്രങ്ങള്‍ മാത്രം മനസ്സിരുത്തി വായിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. പ്രകൃതിദുരന്തങ്ങള്‍ ഒരു ചെറിയ കാലയളവിനുള്ളില്‍ പണ്ടില്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു. ജനക്ഷേമത്തിനായി നീക്കിവെക്കേണ്ട വിഭവങ്ങളുടെ നല്ല പങ്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കേണ്ടിവരുന്നു. പ്രകൃതിജന്യമോ മനുഷ്യജന്യമോ ആയ ഇത്തരം ദുരന്തങ്ങള്‍ ഇനിയൊരിക്കലും ഒരിടത്തും ആവര്‍ത്തിക്കാതിരിക്കട്ടെ... മനുഷ്യന്‍ പടുത്തുയര്‍ത്തിയ സംസ്കാരങ്ങളും ജീവിതവ്യവസ്ഥകളും കടപുഴകി എറിയപ്പെടാതിരിക്കട്ടെ...!
വന്‍തോതിലുള്ള ജീവാപായം, സാമ്പത്തിക നഷ്ടം, പരിസ്ഥിതി തകര്‍ച്ച എന്നിവക്ക് ഇടയാകുന്ന തരത്തില്‍ പ്രകൃതിയില്‍ സംജാതമാകുന്ന വലിയ മാറ്റങ്ങളാണ് ‘നാച്വറല്‍ ഡിസാസ്റ്റര്‍’  എന്നാണ് ‘സെന്‍റര്‍ ഫോര്‍ റിസര്‍ച് ഓണ്‍ എപ്പിഡെമിയോളജി ഓഫ് ഡിസാസ്റ്റേഴ്സ്’ (CRED) പ്രകൃതിദുരന്തങ്ങളെ നിര്‍വചിക്കുന്നത്. ‘പ്രകൃതിയില്‍ സ്വാഭാവികമായി ഉടലെടുക്കുന്ന ഏതെങ്കിലും മാറ്റത്തിലൂടെ പത്തിലധികം ആളുകള്‍ മരണപ്പെടുകയോ നൂറിലധികം പേര്‍ ദുരിതബാധിതരാവുകയോ അന്തര്‍ദേശീയ സഹായം അഭ്യര്‍ഥിക്കേണ്ടുന്ന തരത്തില്‍ സ്ഥിതിഗതികള്‍ ചെന്നെത്തുകയോ  ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ അതിനെ പ്രകൃതിദുരന്തമായി കണക്കാക്കാം’-സി.ആര്‍.ഇ.ഡി പറയുന്നു.
 പ്രകൃതിദുരന്തങ്ങളെ അതിന്‍െറ സ്വഭാവങ്ങള്‍ക്കനുസരിച്ച് പലതായി വര്‍ഗീകരിക്കാറുണ്ട്.
 പ്രകൃതിദുരന്തങ്ങള്‍ എത്രനാള്‍ നീണ്ടുനില്‍ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ക്രോണിക്, എപിസോഡിക് എന്നിങ്ങനെ രണ്ടായി വര്‍ഗീകരിക്കുന്നു.
1. ക്രോണിക് (Chronic)
 തീവ്രതയോടെ ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ദുരന്തങ്ങളാണിവ. മരുഭൂവത്കരണം, മഞ്ഞുമലകളുടെ ഉരുകല്‍, മണ്ണിന്‍െറ ഫലപുഷ്ടി നഷ്ടമാകല്‍ എന്നിവ ക്രോണിക് ദുരന്തങ്ങളാണ്.
2. എപിസോഡിക് (episodic)
കുറഞ്ഞ സമയത്തേക്കു മാത്രം നിലനില്‍ക്കുന്നവയോ നിശ്ചിതമായ സമയക്രമത്തില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നവയോ ആയ പ്രകൃതിദുരന്തങ്ങള്‍ എപിസോഡിക് എന്നാണറിയപ്പെടുന്നത്. പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഭൂമികുലുക്കം, അഗ്നിപര്‍വത സ്ഫോടനം, സൂനാമി എന്നിവ ഈ വിഭാഗത്തില്‍പെടുന്നു.
ഇവ കൂടാതെ ഭൂമിശാസ്ത്രപരമായ ദുരന്തങ്ങള്‍, കാലാവസ്ഥാപരമായ ദുരന്തങ്ങള്‍ എന്നിങ്ങനെയുള്ള മറ്റൊരു വര്‍ഗീകരണവുമുണ്ട്. ഭൂമികുലുക്കം, അഗ്നിപര്‍വത സ്ഫോടനം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവ ഭൂമിശാസ്ത്രപരമായ ദുരന്തങ്ങളും ചുഴലിക്കാറ്റുകള്‍, കൊടുങ്കാറ്റുകള്‍, സമുദ്ര നിരപ്പിലെ മാറ്റം എന്നിവ കാലാവസ്ഥാപരമായ ദുരന്തങ്ങളുമാണ്.
രാക്ഷസത്തിരകള്‍ രൗദ്രതയോടെ...
‘സൂനാമി’ (Tsunami) ഇന്ന് ലോകജനതക്ക് ചിരപരിചിതമായ പദമാണ്. ജാപ്പനീസ് ഭാഷയില്‍ ‘തുറമുഖത്തിര’ എന്നര്‍ഥം. സമുദ്രത്തിനടിയിലുണ്ടാകുന്ന ഭൂകമ്പങ്ങളാണ് സൂനാമികള്‍ക്ക് കാരണമാകുന്നത്. വേലിയേറ്റത്തിരകള്‍ എന്ന് ഇവയെ വിളിക്കാറുണ്ടെങ്കിലും ഇവക്ക് വേലിയേറ്റവുമായോ വേലിയിറക്കവുമായോ ബന്ധമില്ല. പുറംകടലില്‍ മണിക്കൂറില്‍ 763 കി.മീറ്റര്‍ വേഗത്തില്‍വരെ സൂനാമിത്തിരകള്‍ സഞ്ചരിക്കാറുണ്ടെങ്കിലും അവിടെ വന്‍ തിരമാലകള്‍ സൃഷ്ടിക്കപ്പെടാറില്ല. എന്നാല്‍, ആഴംകുറഞ്ഞ ഭാഗത്തെത്തുമ്പോള്‍ വിനാശകരങ്ങളായ വന്‍തിരമാലകളായി അവ രൂപാന്തരപ്പെടുന്നു.
പൊടിക്കാറ്റ് (Dust Storm)
 മണ്ണും മണലും അടിച്ചുപറത്തുന്ന തരത്തിലുള്ള ശക്തമായ കാറ്റുകളാണ് ‘പൊടിക്കാറ്റുകള്‍’. സഹാറ, ഗോബി എന്നീ മരുഭൂമികളിലാണ് ഇവ സാധാരണ ഉണ്ടാകാറ്. സഹാറയില്‍നിന്ന് കാറ്റിലൂടെ പറന്നെത്തുന്ന മണ്ണും മണലും 7000ത്തോളം കി.മീറ്റര്‍ അകലെയുള്ള കരീബിയന്‍ ദ്വീപുകളിലും ആമസോണിന്‍െറ വടക്കന്‍ താഴ്വരയിലുമാണ് എത്തപ്പെടുന്നത്. ഓരോ വര്‍ഷവും 13 ദശലക്ഷം ടണ്‍ എന്ന കണക്കിലാണ് ഈ മേഖലകളില്‍ കാറ്റിലൂടെയുള്ള മണ്ണും മണലും അടിഞ്ഞുകൂടുന്നത്. 1990 ഫെബ്രുവരി 25ന് ചൈനയില്‍നിന്ന് പുറപ്പെട്ട പൊടിക്കാറ്റിന്‍െറ സഞ്ചാരപഥം ഉപഗ്രഹസംവിധാനം ഉപയോഗിച്ച് നിരീക്ഷിച്ചതില്‍നിന്ന് 10 ദിവസംകൊണ്ട് അത് 20,000 കി.മീറ്റര്‍ സഞ്ചരിച്ചതായി കണ്ടെത്തിയിരുന്നു.
അയ്യോ... ചുഴലിക്കാറ്റ്!
ഉഷ്ണമേഖലയില്‍ ഉടലെടുക്കുന്ന അതിശക്തമായ ചുഴലിക്കാറ്റുകളാണ് ‘സൈക്ളോണുകള്‍’. ജപ്പാനിലും തെക്കുകിഴക്കേ ഏഷ്യയിലും ചുഴലിക്കാറ്റുകളെ ‘ടൈഫൂണുകള്‍’ എന്നാണ് വിളിക്കുന്നത്. ഉഷ്ണമേഖലക്ക് പുറത്ത്, വടക്കേ അമേരിക്കയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റുകള്‍ ‘ഹരിക്കേനുകള്‍’ എന്നും അറിയപ്പെടുന്നു. ചുഴലിക്കാറ്റുകള്‍ വരുത്തിവെക്കുന്ന നാശനഷ്ടങ്ങള്‍ ഭീകരമാണ്. കടല്‍ത്തിരമാലകള്‍ കുതിച്ചുയരും. തീരദേശങ്ങളില്‍ കടലാക്രമണമുണ്ടാകും. ശക്തമായ മഴക്കും ചുഴലിക്കാറ്റ് കാരണമാകാറുണ്ട്. കെട്ടിടങ്ങള്‍ തകരുകയും ഗതാഗത-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലാവുകയും ചെയ്യും. വെള്ളപ്പൊക്കം, കൃഷിനാശം, വസ്തുവഹകളുടെ നാശം എന്നിവക്ക് ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള പേമാരി കാരണമാകാറുണ്ട്. ചുഴലിക്കാറ്റ് കടന്നുപോയ ഉടനെയുണ്ടാകുന്ന മര്‍ദവ്യത്യാസം ഭൂമികുലുക്കത്തിലേക്ക് നയിച്ചെന്നുവരാം. 1921 സെപ്റ്റംബര്‍ ഒന്നിന് ടോക്യോയിലൂടെ കടന്നുപോയ ചുഴലിക്കാറ്റ് അതേദിവസം വൈകുന്നേരം ആ മേഖലയില്‍ ഭൂകമ്പത്തിനിടയാക്കിയിരുന്നു.
കാട്ടുതീ പടരുന്നേ...
മധ്യയുഗത്തില്‍ യൂറോപ്പിലെ കാടുകളുടെ മുഖ്യഭീഷണി കാട്ടുതീയായിരുന്നു. കാട്ടുതീയിലൂടെയുണ്ടാകുന്ന നാശം പ്രധാനമായും ഉത്തരാര്‍ധഗോളത്തിലെ മിതശീതോഷ്ണ വനങ്ങളെയാണ് ബാധിക്കുന്നത്. 80 ശതമാനത്തിലേറെയുള്ള സ്വാഭാവിക വനഭൂമിയുടെ നാശത്തിന് കാട്ടുതീ ഇടയാക്കിയിട്ടുണ്ട്. ഇലപൊഴിയും കാടുകളും ചപ്പാരല്‍ കാടുകളുമാണ് ഇന്ന് ഏറ്റവുമധികം കാട്ടുതീ ഭീഷണി നേരിടുന്നത്. 1987ല്‍ ചൈനക്കും സൈബീരിയക്കുമിടയിലെ ‘അമുര്‍ നദി മേഖലയിലുണ്ടായ തീപിടിത്തം 73,000 ച.കി. മീറ്റര്‍ വനഭൂമിയാണ് നശിപ്പിച്ചത്. 34,000ത്തോളം ജനങ്ങള്‍ ഭവനരഹിതരാകുകയും 200ലേറെപ്പേര്‍ വെന്തുമരിക്കുകയും ചെയ്തു. ‘ഗ്രേറ്റ് ബ്ളാക് ഡ്രാഗണ്‍ ഫയര്‍’  എന്നാണ് ഇതറിയപ്പെടുന്നത്.
തുള്ളിക്കൊരുകുടം പേമാരി!
‘മഴ’ ഏവര്‍ക്കും ആസ്വാദ്യകരമായ ഒരനുഭവമാണ്. എന്നാല്‍, കലിതുള്ളിവന്ന് ദുരന്തങ്ങള്‍ വിതച്ച് ജീവനെടുക്കുന്ന മഴയോ? അകമ്പടിയായി ശക്തമായ കാറ്റുകൂടി ഉണ്ടെങ്കിലോ? അത് വെറും മഴയല്ല, പേമാരിയാണ്.
അമേരിക്കയിലെ ഫ്ളോറിഡ മേഖലയിലാണ് പേമാരി ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്. വര്‍ഷത്തില്‍ 60 എന്ന കണക്കിലാണ് ഇവിടത്തെ പേമാരിയുടെ തോത്. ട്രോപിക്കല്‍ മേഖലയിലെ ഈര്‍പ്പം നിറഞ്ഞ വായു ധ്രുവപ്രദേശങ്ങളില്‍നിന്നുള്ള വായുവുമായി ഇടകലരുന്നതിലൂടെ പേമാരിക്കുള്ള സാധ്യത വര്‍ധിക്കുന്നു. 1991 ജനുവരി 21ന് സ്വീഡനിലുണ്ടായ പേമാരിയില്‍ ഏഴു സെന്‍റിമീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള ആലിപ്പഴങ്ങള്‍ (Hails) പൊഴിയുകയും 50,000 വന്‍മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. 140 കി.മീറ്ററോളം നീളത്തില്‍ വൈദ്യുതി വിതരണ സംവിധാനവും താറുമാറായി. ആസ്ട്രേലിയയിലെ ട്രോപിക്കല്‍ പ്രദേശങ്ങളിലും പേമാരിയുടെ സാന്നിധ്യം ശക്തമാണ്.
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും
ചരിവില്‍നിന്ന് മണ്ണും പാറയും താരതമ്യേന പൊടുന്നനെ ചരിഞ്ഞുവീഴുന്നതിന് ‘മണ്ണിടിച്ചില്‍’ എന്നു പറയുന്നു. മണ്ണിടിച്ചിലിന്‍െറ വേഗം കൂടുന്നത് ദുര്‍ബലമായ പ്രതലത്തിന്‍െറ ചരിവിനെ ആശ്രയിച്ചിരിക്കും. കൂടാതെ, മണ്ണിന്‍െറയും പാറയുടെയും ശിഷ്ടബലവും (residual strength) ഉച്ചബലവും (peak strength) തമ്മിലുള്ള അനുപാതവും നിര്‍ണായക ഘടകമാണ്. ചില ഭൗമിക പ്രക്ഷുബ്ധതകളെത്തുടര്‍ന്ന് മണ്ണും പൊട്ടിയ പാറക്കഷണങ്ങളും അടിഞ്ഞുകൂടിയ വസ്തുക്കളും പൊടുന്നനെ, വ്യാപകമായ തോതില്‍, അതിവേഗത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നും താഴോട്ടു വീഴുന്നതാണ് ‘ഉരുള്‍പൊട്ടല്‍’. കാലങ്ങളായി ഇടുക്കുകള്‍ക്കുള്ളില്‍ കെട്ടിക്കിടന്നിരുന്ന ജലസ്രോതസ്സുകളും ഈ ഭൗമപ്രതിഭാസത്തിന്‍െറ ഭാഗമായി ശക്തമായി പ്രവഹിക്കാറുണ്ട്. ഇക്കഴിഞ്ഞ വര്‍ഷകാലത്ത് കേരളത്തിന്‍െറ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലിന്‍െറ ഫലമായുണ്ടായ ദുരിതങ്ങള്‍ നമുക്ക് മറക്കാറായിട്ടില്ല.
വെള്ളം വെള്ളം...  സര്‍വത്ര!
നദികളിലും മറ്റു ജലാശയങ്ങളിലും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതിലുമധികം വെള്ളം പൊടുന്നനെ വന്നുചേരുന്നതിലൂടെ സംജാതമാവുന്ന അവസ്ഥയാണ് വെള്ളപ്പൊക്കം (flood, flash flood). കനത്ത മഴയാണ് മിക്കപ്പോഴും ഇതിന് കാരണമാകുന്നത്. 2000 ഒക്ടോബര്‍ 14,15 തീയതികളില്‍ സംഭവിച്ച വെള്ളപ്പൊക്കം ‘ഇറ്റാലിയന്‍ ആല്‍പ്സ്’ മേഖലയെപ്പോലും സ്വാധീനിക്കുന്ന തരത്തില്‍ ശക്തമായിരുന്നു. രണ്ടു ദിവസംകൊണ്ട് പെയ്ത 400-600 മി.ലിറ്റര്‍ മഴയാണ് ഇതിനിടയാക്കിയത്. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ളവയാണ്. മധ്യേന്ത്യയില്‍ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളാണ് (flash flood) കൂടുതല്‍ നാശത്തിനിടയാക്കുന്നത്. വ്യാപകമായി കൃഷിനാശവും ജീവഹാനി വരെയുള്ള ദുരന്തങ്ങളും ഇങ്ങനെ ഉണ്ടാകാറുണ്ട്.
ഭീതിപരത്തും ഭൂകമ്പം...
ലോകത്താകമാനം വര്‍ഷംതോറും പതിനായിരത്തോളം ആളുകളാണ് ഭൂകമ്പങ്ങളാല്‍ കൊല്ലപ്പെടുന്നത്. ഭൂവല്‍ക്കത്തില്‍ ശേഖരിക്കപ്പെടുന്ന ഊര്‍ജം, പെട്ടെന്ന് പ്രമുക്തമാകുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ‘സീസ്മിക് തരംഗങ്ങളു’ടെ ഫലമാണ് ഭൂകമ്പങ്ങള്‍. ഭൂചലനങ്ങള്‍ സാധാരണയായി ചില പ്രത്യേക മേഖലകളിലാണ് കണ്ടുവരുന്നത്. ഈ പ്രദേശങ്ങളെ ‘സീസ്മിക് മേഖല’ എന്നു പറയുന്നു. സര്‍ക്കം-പസഫിക്, ആല്‍പൈന്‍-ഹിമാലയ, അറ്റ്ലാന്‍റിക്-ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുള്ള സമുദ്ര മധ്യ മലനിരകള്‍ എന്നിവയാണ് ലോകത്തിലെ പ്രധാന ഭൂകമ്പബാധിത പ്രദേശങ്ങള്‍. ഭൂകമ്പത്തിന്‍െറ തീവ്രത കൃത്യമായി അറിയുന്നതിനുള്ള അളവാണ് ‘റിക്ടര്‍ സ്കെയില്‍’. ഇതുകൂടാതെ മെര്‍ക്കാളെ സ്കെയില്‍, റോസ്സി ഫോറല്‍ സ്കെയില്‍ എന്നീ അളവുകോലുകളുമുണ്ട്.
കേരളത്തിലും ഭൂകമ്പ സാധ്യതയോ...?
ഭൗമഘടനയുടെ അടിസ്ഥാനത്തില്‍ ഭൂകമ്പശാസ്ത്രപഠനത്തിന്‍െറ വെളിച്ചത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ അഞ്ച് മേഖലകളായിട്ടാണ് തിരിച്ചിരിക്കുന്നത്. നൂറു ശതമാനം ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളാണ് അഞ്ചാം മേഖലയില്‍ വരുക. റിക്ടര്‍ സ്കെയിലില്‍ എട്ടില്‍ കൂടുതല്‍ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഈ മേഖലയില്‍ പ്രതീക്ഷിക്കാം. കേരളത്തിന്‍െറ സ്ഥാനം 60 ശതമാനം ഭൂകമ്പസാധ്യതയുള്ള മൂന്നാം മേഖലയിലാണ്. 20 ശതമാനം മാത്രം ഭൂകമ്പസാധ്യതയുള്ളതും 4.5 തീവ്രത പ്രതീക്ഷിക്കുന്ന ഒന്നാം മേഖലയില്‍ സ്ഥിതി ചെയ്യുന്നതുമായ മഹാരാഷ്ട്രയിലെ ലാത്തൂര്‍-ഖിലാരി മേഖലയില്‍ 1993 സെപ്റ്റംബര്‍ 30ന് സംഭവിച്ച വന്‍ ഭൂകമ്പം പതിനായിരങ്ങളുടെ ജീവനാണ് അപഹരിച്ചത്. 4.5 തീവ്രത പ്രതീക്ഷിച്ച പ്രദേശത്ത് 6.3 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ ലാത്തൂര്‍-ഖിലാരി മേഖലകളെ അപേക്ഷിച്ച് മൂന്നിരട്ടി ഭൂകമ്പസാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിന്‍െറ അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ...!l
വരള്‍ച്ചയുടെ ഭീഷണി...
സാവധാനത്തിലാണെങ്കിലും തീവ്രമായ ദുരന്തഫലങ്ങളിലേക്ക് നയിക്കുന്നതാണ് ‘വരള്‍ച്ച’ (Drought) എന്ന കാലാവസ്ഥാ പ്രതിഭാസം.  വളരെക്കാലത്തോളം മഴ ലഭിക്കാതിരിക്കുന്നതിലൂടെയാണ് വരള്‍ച്ച ഉണ്ടാകുന്നത്. വരള്‍ച്ച ഭക്ഷ്യക്ഷാമത്തിന് കാരണമാകാറുണ്ട്. മണ്ണിന്‍െറ ഫലഭൂയിഷ്ഠത കുറയാനും ഇതിടയാക്കും. വരള്‍ച്ചകാലത്ത് മേച്ചില്‍പുറങ്ങള്‍ അമിതചൂഷണത്തിന് വിധേയമായി തരിശാകാറുണ്ട്.
കൃഷിനാശം, വളര്‍ത്തുമൃഗങ്ങളുടെ നാശം, പോഷകാഹാര ദൗര്‍ലഭ്യം, തൊഴില്‍ നഷ്ടം,  പലായനം, ദാരിദ്ര്യം എന്നിവയൊക്കെയാവും ഈ പ്രതിഭാസത്തിന്‍െറ അനന്തരഫലങ്ങള്‍. 1930കളുടെയും 50കളുടെയും മധ്യത്തില്‍ അമേരിക്കയിലുണ്ടായ വരള്‍ച്ചയെ തുടര്‍ന്ന് അവിടത്തെ ഗവണ്‍മെന്‍റിന് കടുത്ത പുനരധിവാസ നടപടികള്‍ സ്വീകരിക്കേണ്ടിവന്നത് ഇതിനുദാഹരണമാണ്.
എണ്ണിയാലൊടുങ്ങാതെ...
ഐ.പി.സി.സിയുടെ (ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ കൈ്ളമറ്റ് ചേഞ്ച്) റിപ്പോര്‍ട്ടനുസരിച്ച് അടുത്തകാലത്തായി ആഗോളാടിസ്ഥാനത്തില്‍ പ്രകൃതിദുരന്തങ്ങളുടെ എണ്ണവും തീവ്രതയും വര്‍ധിക്കുന്നതായി കാണാം. ഇരുപതാം നൂറ്റാണ്ടിലെ ചരിത്രം രേഖപ്പെടുത്തിയ ദുരന്തങ്ങളുടെ ഏകദേശ ചിത്രമിതാ... പ്രകൃതിദുരന്തം, എണ്ണം എന്ന ക്രമത്തില്‍.
ടൊര്‍നാഡോകള്‍ (9476) 
 വെള്ളപ്പൊക്കം (2389) 
 ചുഴലിക്കാറ്റ് (1337)
 സൂനാമി (986) 
 ഭൂകമ്പം (899) 
 വരള്‍ച്ച (782) 
 ഉരുള്‍പൊട്ടല്‍ (448)
 കൊടുങ്കാറ്റ് (793) 
 ശൈത്യക്കാറ്റ് (240) 
 അഗ്നിപര്‍വത സ്ഫോടനം (168)
 കടല്‍ക്ഷോഭം (18) 
 കാട്ടുതീ (269) 
 ക്ഷാമം (77)

ഫൈലിന്‍ താണ്ഡവം
കഴിഞ്ഞയാഴ്ച നമ്മുടെ രാജ്യത്തെ ഞെട്ടിച്ച കാറ്റാണ് ഫൈലിന്‍.  ഒഡിഷ, ആന്ധ്ര തീരങ്ങളില്‍ താണ്ഡവമാടി വന്‍ നാശം വിതച്ചു. തിരമാലകള്‍ നാലുമീറ്റര്‍ വരെ ഉയര്‍ന്നു, മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു , വാര്‍ത്താവിനിമയ  സംവിധാനങ്ങള്‍ താറുമാറായി, വൈദ്യുതി വിതരണം നിലച്ചു, പത്ത് ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ , ഒഡിഷയില്‍  ആറു  ലക്ഷം  പേരെയും ആന്ധ്രയില്‍നിന്ന് ഒരുലക്ഷം പേരെയും മാറ്റി പാര്‍പ്പിച്ചു.
ഫൈലിന്‍ എന്നാല്‍ ഇന്ദ്രനീലം
ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകുന്ന 32ാമത് ചുഴലിക്കാറ്റിന് തായ്ലന്‍ഡാണ് പേര് നിര്‍ദേശിച്ചിരുന്നത്. തായ് ഭാഷയില്‍ ഫൈലിന്‍ എന്നാല്‍ ഇന്ദ്രനീലം എന്നാണര്‍ഥം. ഇതിനുമുമ്പുണ്ടായ ചുഴലിക്കാറ്റിന് മഹാസെന്‍ എന്ന് പേരിട്ടത് ശ്രീലങ്കയായിരുന്നു. ബംഗ്ളാദേശ് നിര്‍ദേശിച്ച ഹെലന്‍ എന്ന പേരാണ് അടുത്ത ചുഴലിക്കാറ്റിന് നല്‍കുക.
‘ഫൈലിന്‍’ രൂപംകൊള്ളുന്നത്
വിയറ്റ്നാം പട്ടണമായ ഹോ ചിമിന് 400 കി.മീ പടിഞ്ഞാറായി തായ്ലന്‍ഡ് തീരത്ത് ന്യൂനമര്‍ദം രൂപം കൊള്ളുന്നതായി ഒക്ടോബര്‍ നാലിന് ജപ്പാനിലെ കാലാവസ്ഥാ പഠനകേന്ദ്രമാണ് കണ്ടെത്തിയത്. ഒക്ടോബര്‍ ആറിന് മലേഷ്യ ഉപദ്വീപിനു മുകളിലൂടെ നീങ്ങിയ ഈ ന്യൂനമര്‍ദം അടുത്തദിവസം അന്തമാന്‍ കടലിലെത്തി. ന്യൂനമര്‍ദത്തിന്‍െറ സഞ്ചാരപഥം ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐ.എം.ഡി) ശ്രദ്ധിക്കുന്നത് ഒക്ടോബര്‍ എട്ടിനാണ്. ഇതിനുശേഷമാണ് ന്യൂനമര്‍ദം ബലപ്പെടുകയും ചുഴലിക്കാറ്റായി (ട്രോപിക്കല്‍ സൈക്ളോണ്‍) തീവ്രതയാര്‍ജിക്കുകയും ചെയ്തത്.
 ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചപ്പോഴാണ് ചുഴലിക്കാറ്റിന് ഫൈലിന്‍ എന്ന് പേരിട്ടത്. ട്രോപിക്കല്‍ സൈക്ളോണിന്‍െറ സാധാരണ വേഗം മണിക്കൂറില്‍ 125 കി.മീ ആണ്. വലിയ കാറ്റോട് കൂടിയ ട്രോപിക്കല്‍ സൈക്ളോണിന്‍െറ വേഗം മണിക്കൂറില്‍ 125 കി.മീ മുതല്‍ 164 കി.മീ വരെയാണ്. ഏറ്റവും ശക്തമായ ട്രോപിക്കല്‍ സൈക്ളോണിന് മണിക്കൂറില്‍ 165 കി.മീ മുതല്‍ 224 കി.മീ വരെയാണ് വേഗം. എന്നാല്‍, ശക്തമായ ഇടിമിന്നലിന്‍െറയും മഴയുടെയും അകമ്പടിയോടെ മണിക്കൂറില്‍ 260 കി.മീ ശരാശരി വേഗത്തിലുണ്ടാകുന്ന ചുഴലിക്കാറ്റിനെയാണ് കൊടുംചുഴലി എന്ന് പറയുന്നത്. സഞ്ചാരപഥത്തിലെ സമുദ്രജലത്തില്‍ നിന്നാണ് ഇത് ശക്തി സംഭരിക്കുന്നത്.
ഇപ്പോഴുണ്ടായിരിക്കുന്ന ഫൈലിനെ കൊടുംചുഴലി വിഭാഗത്തിലാണ് അന്താരാഷ്ട്ര ചുഴലിക്കാറ്റ് നിരീക്ഷണ സംഘടനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫൈലിനെ ഏറ്റവും ശക്തമായ കാറ്റായാണ് ചുഴലിക്കാറ്റുകളെ നിരീക്ഷിക്കുന്ന ബ്രിട്ടനിലെ സ്റ്റോം റിസ്ക് എന്ന സംഘടന വിലയിരുത്തുന്നത്. അതിശക്തമായ കാറ്റുകളെ ഉള്‍പ്പെടുത്തുന്ന പട്ടിക അഞ്ചിലാണ് (കാറ്റഗറി-5) അമേരിക്കന്‍ നാവിക സേനയുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഫൈലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളില്‍ ഫൈലിന്‍ ചുഴലിക്കാറ്റിന് ഇന്ത്യയുടെ പകുതി വലിപ്പമുണ്ട്.
കടപ്പാട് :- മാധ്യമം വെളിച്ചം 

Subscribe to കിളിചെപ്പ് by Email
Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.