കാറ്റിന്റെ കുസൃതികള്‍ part-1

Share it:

കാറ്റിലെ മദയാനകള്‍

ചില കാറ്റുകള്‍ ചിന്നം വിളിച്ചെത്തുന്ന മദയാനയെപ്പോലെയാണ്‌. എല്ലാം തകര്‍ത്തുപായും. സൈക്ലോണ്‍, ടൊര്‍ണാഡോ, ഹരിക്കെയ്‌ന്‍, ടൈഫൂണ്‍, വില്ലിവില്ലി എന്നൊക്കെയാണ്‌ ഈ കൊടുങ്കാറ്റുകളെ വിളിക്കുന്നത്‌. വീശുന്ന മേഖലയനുസരിച്ച്‌ പേരു പലതാണെങ്കിലും സംഗതി ഒന്നുതന്നെ. വിനാശകാരികളായ ചുഴലിക്കൊടുങ്കാറ്റുകള്‍ രൂപം കൊള്ളുന്നത്‌ പ്രധാനമായും അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖലകള്‍, പടിഞ്ഞാറന്‍ പസഫിക്‌ മേഖലകള്‍ എന്നിവിടങ്ങളിലാണ്‌. ചുഴലിക്കൊടുങ്കാറ്റുകള്‍ രൂപംകൊള്ളുന്നതിന്‌ അനേകം ഘടകങ്ങള്‍ ആവശ്യമാണ്‌. സമുദ്രജലത്തിന്റെ ഊഷ്‌മാവ്‌, കുറഞ്ഞത്‌ 27 ഡിഗ്രി സെല്‍ഷ്യസ്‌ ഉണ്ടെങ്കിലേ ചുഴലിക്കാറ്റിന്‌ ഉരുത്തിരിയാനാവൂ. ഇത്‌ രൂപംകൊള്ളുന്ന മേഖല 5 ഡിഗ്രി മുതല്‍ 20 ഡിഗ്രിവരെയുള്ള അക്ഷാംശമായിരിക്കണം. ചുഴലിക്കാറ്റിന്റെ കറങ്ങിത്തിരിയല്‍ ഉണ്ടാകുന്നതിന്‌ കോറിയോലിസ്‌ ബലം കൂടിയേ തീരൂ. ഈ ഘടകങ്ങളെല്ലാം ഒരുമിക്കുന്നതോടെ ചുഴലിക്കാറ്റിന്റെ ദിശയില്‍ ഈ പ്രദേശത്തിനു ചുറ്റുമായി കറങ്ങിത്തിരിയാന്‍ തുടങ്ങും ഇതോടൊപ്പം സമുദ്രജലം സമൃദ്ധമായി നീരാവിയായിത്തീരുകയും ഘനീഭവിക്കുകയും ചെയ്യുന്നു. ഇതിന്റെഫലമായി കനത്ത കാര്‍മേഘവും ഉരുണ്ടുകൂടുന്നു. ചുഴലിക്കൊടുങ്കാറ്റിനൊപ്പം കനത്തമഴയും ഉണ്ടാകാന്‍ കാരണം ഇതാണ്‌.

കാറ്റിന്റെ കണ്ണ്‌

ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം കണ്ണ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഈ ഭാഗം പൊതുവെ ശാന്തമായിരിക്കും. 5 മുതല്‍ 15 കിലോമീറ്റര്‍ വരെ വ്യാസമുണ്ടാകാവുന്ന ഈ ഭാഗത്ത്‌ മര്‍ദ്ദവും തീരെ കുറവായിരിക്കും.

ഐവാള്‍

കണ്ണിന്‌ ചുറ്റുമുള്ള ഭാഗം ഐവാള്‍ എന്നാണ്‌ അറിയപ്പെടുന്നത്‌. പൂര്‍ണരൂപമെത്തിയ ചുഴലിക്കാറ്റിന്റെ വ്യാസം 480 മുതല്‍ 900 വരെ കിലോമീറ്റര്‍ ആകാം.

സ്‌റ്റോം സര്‍ജ്‌

ചുഴലിക്കാറ്റ്‌ സമുദ്രത്തില്‍നിന്നും തീരത്തോടടുക്കുമ്പോള്‍ ഭീമന്‍മാരായ തിരമാലകളെ കരയിലേക്കടിച്ചു കയറ്റുന്നു. പത്തു പതിനഞ്ചുമീറ്റര്‍വരെ ഉയരത്തില്‍ അടിച്ചുകയറുന്ന ഈ തിരമാലകള്‍ സ്‌റ്റോം സര്‍ജ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ചുഴലിക്കൊടുങ്കാറ്റിലെ ഏറ്റവും അപകടകാരി ഈ സ്‌റ്റോം സര്‍ജുകളാണ്‌. തെങ്ങോളം ഉയരത്തില്‍ കരയിലേക്കടിച്ചുകയറുന്ന സ്‌റ്റോം സര്‍ജുകള്‍ കണ്ണില്‍ കണ്ടവയെല്ലാം അടിച്ചുതകര്‍ക്കുന്നു. കിണറുകളിലും കുളങ്ങളിലും കൃഷിയിടങ്ങളിലുമെല്ലാം ഉപ്പുവെള്ളം നിറയ്‌ക്കുന്നു. കരയില്‍ കയറുന്നതോടുകൂടി കാറ്റിന്റെ ശക്‌തി കുറയുകയും ചെയ്യുന്നു.

ടൊര്‍ണാഡോ എന്ന ഭീകരന്‍

കടുത്ത ഇടിമിന്നലോടുകൂടിയ മഴയില്‍നിന്നും വികാസം പ്രാപിക്കുന്ന ശക്‌തമായ കൊടുങ്കാറ്റാണ്‌ ടൊര്‍ണാഡോ. ഫണല്‍ക്കാറ്റ്‌ എന്നും ഇതിനു പേരുണ്ട്‌. കാറ്റ്‌ ടൊര്‍ണാഡോ ആയി മാറുന്നതിനു തൊട്ടുമുന്‍പ്‌ മേഘത്തിന്റെ അടിഭാഗം വേഗത്തില്‍ മാറാന്‍ തുടങ്ങും. മേഘം പെട്ടെന്നു കറങ്ങിത്തിരിയാന്‍ തുടങ്ങും. മേഘം ഒരു ഫണലി ന്റെ ആകൃതിയില്‍ താഴേക്കുവരികയും താഴെയുള്ള വായുവിനെ ചോര്‍പ്പിനുള്ളില്‍ക്കൂടി മുകളിലേക്കു വലിച്ചെടുക്കുകയും ചെയ്യുന്നു. ഈ ചോര്‍പ്പില്‍ പെട്ടുപോകുന്ന വാഹനങ്ങളെയും വീടുകളെയും ആളുകളെയും വരെ പൊക്കിയെടുത്ത്‌ വളരെ ദൂരം കൊണ്ടുപോകുന്നു. മണിക്കൂറില്‍ 16 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തിലാണ്‌ ടൊര്‍ണാഡോ മുന്നോട്ടു സഞ്ചരിക്കുന്നത്‌. ടൊര്‍ണാഡോകള്‍ക്ക്‌ അധികം ആയുസില്ല. ഏഴുമിനിറ്റ്‌ മുതല്‍ ഏറിയാല്‍ ഒരു മണിക്കൂര്‍ വരെയുള്ള സമയത്തിനകം അവ അവസാനിക്കുന്നു. ടൊര്‍ണാഡോകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്‌ ഓസ്‌ട്രേലിയയിലും അമേരിക്കയിലുമാണ്‌. നൂറുകണക്കിന്‌ ആളുകളുടെ മരണത്തിനുകാരണമായ പെരുമണ്‍ തീവണ്ടിയപകടം കൂട്ടുകാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ? അന്ന്‌ തീവണ്ടിയെ പൊക്കി കായലിലേക്കിട്ടത്‌ ടൊര്‍ണാഡോ ആണെന്നായിരുന്നു ചില വിദഗ്‌ധ അഭിപ്രായം.

അമേരിക്കയിലെ ടെക്‌സാസ്‌, ഓക്ലഹാമ, കാന്‍സസ്‌, മിസിസിപ്പി നദീതടം എന്നിവ ഉള്‍പ്പെടുന്ന പ്രദേശം ടൊര്‍ണാഡോ ഇടനാഴി എന്നാണറിയപ്പെടുന്നത്‌. ഏറ്റവും കൂടുതല്‍ ടൊര്‍ണാഡോകള്‍ രൂപംകൊള്ളുന്ന പ്രദേശമാണിത്‌. ഈ പ്രദേശത്ത്‌ ടൊര്‍ണാഡോയെ പിന്‍തുടരുന്ന ശാസ്‌ത്രജ്‌ഞരുടെ ഒരു സംഘമുണ്ട്‌. സ്‌പോര്‍ട്ടര്‍മാര്‍ എന്നാണ്‌ അവര്‍ അറിയപ്പെടുന്നത്‌. ആധുനിക സജ്‌ജീകരണങ്ങളോടെ പ്രത്യേകവാഹനങ്ങളില്‍ സഞ്ചരിച്ച്‌ കാറ്റിനെപ്പറ്റി അവര്‍ മുന്നറിയിപ്പു നല്‍കും. ട്വിസ്‌റ്റര്‍ എന്ന ഹോളിവുഡ്‌ ചലച്ചിത്രത്തില്‍ അതിസാഹസികമായി ടൊര്‍ണാഡോകളെ പിന്തുടരുന്ന ശാസ്‌ത്രജ്‌ഞരുടെ ത്രസിപ്പിക്കുന്ന സാഹസകൃത്യങ്ങള്‍ കാണാം.

കത്രീനയും ഗുസ്‌താവും മറ്റു ചിലരും...

മുന്നറിയിപ്പു നല്‍കാനും നാശനഷ്‌ടങ്ങള്‍ നേരിടുന്നവര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ അവകാശം നേടാനുമൊക്കെ ഉദ്ദേശിച്ചാണ്‌ കാറ്റുകള്‍ക്കു പേരിടുന്നത്‌. കാറ്റുണ്ടാകുന്ന പ്രദേശമനുസരിച്ച്‌ വേള്‍ഡ്‌ മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷനോ കാലാവസ്‌ഥാ പ്രവചനം നടത്തുന്ന ദേശീയ കാലാവസ്‌ഥാ വകുപ്പുകളോ ആണ്‌ പേരുകള്‍ നല്‍കുന്നത്‌. നേരത്തേതന്നെ പേരുകളുടെ പട്ടിക തയാറാക്കിയിരിക്കും.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ക്ലെമന്റ്‌ റഗെ എന്ന ഇംഗ്ലീഷ്‌ -ഓസ്‌ട്രേലിയന്‍ അന്തരീക്ഷ ശാസ്‌ത്രജ്‌ഞനാണ്‌ മനുഷ്യരുടെ പേരുകള്‍ കാറ്റുകള്‍ക്കു നല്‍കിത്തുടങ്ങിയത്‌. പെണ്‍ പേരുകള്‍ക്കു പുറമെ, തന്നെ എതിര്‍ത്ത രാഷ്‌ട്രീയ നേതാക്കളുടെ പേരുകളും അദ്ദേഹം കാറ്റുകള്‍ക്കു നല്‍കി.

പേരിടലിന്റെ ആധുനിക സമ്പ്രദായം തുടങ്ങിയത്‌ 1953 ല്‍ അമേരിക്കയിലെ നാഷണല്‍ ഹരിക്കെയ്‌ന്‍ സെന്ററാണ്‌. 1979 വരെ ഐറിന്‍, റീത്ത, കത്രീന, മറിയ.... എന്നിങ്ങനെ കാറ്റുകള്‍ക്കു സ്‌ത്രീനാമങ്ങളായിരുന്നു. ലിംഗവിവേചന വിമര്‍ശനം ഉയര്‍ന്നതോടെ അമേരിക്കയിലെ നാഷണല്‍ വെതര്‍ സര്‍വീസ്‌ ആണ്‍പേരുകളും ഉള്‍പ്പെടുത്തിത്തുടങ്ങി. ഹിലാരി, ഇര്‍വിന്‍, കെന്നത്ത്‌, അഡ്രിയാന്‍ തുടങ്ങിയവ ഉദാഹരണം.
Share it:

കാറ്റുകള്‍

Post A Comment:

0 comments: