Header Ads Widget

മരുഭൂവത്കരണം

സമകാലികലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്നാണ് മരുഭൂവത്കരണം. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിലെ ഭൂപ്രദേശങ്ങള്‍ മരുഭൂമിക്കുതുല്യമായ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
ഓരോ വര്‍ഷവും മരുഭൂവത്കരണ പ്രക്രിയയുടെ തോത് ഉയരുകയാണ്. കാര്‍ഷികഭൂമിയും ജലസംഭരണികളും മരുഭൂവത്കരണത്തിന്‍െറ പിടിയിലമരുമ്പോള്‍ ലോകത്ത് മില്യന്‍ കണക്കിനാളുകള്‍ പാരിസ്ഥിതിക അഭയാര്‍ഥികളായിമാറുന്ന കാഴ്ചയാണുള്ളത്.
ഗ്രേറ്റ് ഗ്രീന്‍ വാള്‍ പ്രോജക്ട്
പരിസ്ഥിതിസംരക്ഷണത്തിന് ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഇടപെടലാണിത്. ചൈനയുടെ വടക്കന്‍ മരുഭൂപ്രദേശത്തുനിന്ന് വരുന്ന അതിശക്തമായ പൊടിക്കാറ്റില്‍ മനുഷ്യജീവിതം സ്തംഭിക്കുക പതിവായിരുന്നു. പൊടിക്കാറ്റടിക്കുമ്പോള്‍ എയര്‍പോര്‍ട്ടുകളും വാഹനങ്ങളും നിശ്ചലമാവും. കാര്‍ഷിക വിളകള്‍ നശിക്കുകയും പകര്‍ച്ചവ്യാധികള്‍ പടരുകയും ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ച് കൂട്ട പലായനവും നടന്നു.
അപകടഭീഷണിയുയര്‍ത്തുന്ന പൊടിക്കാറ്റിനെ ചെറുക്കുക, അതുവഴി ഗോബി മരുഭൂമിയുടെ വ്യാപ്തി സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുക എന്നിവ ലക്ഷ്യമാക്കി ചൈനാ ഗവണ്‍മെന്‍റ് നടപ്പാക്കിയ വനവത്കരണ പദ്ധതിയാണിത്. പൊടിക്കാറ്റിനെതിരെ ജൈവ മതില്‍ സൃഷ്ടിച്ച് മരുഭൂവത്കരണം തടയുന്ന പദ്ധതി ഇന്ന് ഏറെ മുന്നോട്ടുപോയിരിക്കുന്നു.
1978ല്‍ തുടങ്ങിയ പദ്ധതിയുടെ നാലാംഘട്ടം 2003ലാണ് തുടങ്ങിയത്. ഒമ്പതു മില്യന്‍ ഏക്കര്‍ സ്ഥലത്താണ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. ഊഷരമായിപ്പോയ ഭൂപ്രദേശങ്ങള്‍ 2050 ആകുമ്പോഴേക്കും ഉല്‍പാദനക്ഷമതയുള്ളതാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ചൈന.
പ്രാദേശിക ജനവിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ ഇത് വ്യാപിച്ചുകിടക്കുന്നു. ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളും ഇത്തരം പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
മരുഭൂവത്കരണം (Desertification)
ജൈവസമ്പുഷ്ടമായ ഒരു ഭൂപ്രദേശം മണ്ണിന്‍െറ ഗുണമേന്മയും ഉല്‍പാദനക്ഷമതയും നഷ്ടപ്പെട്ട് മരുഭൂമിക്ക് തുല്യമായ അവസ്ഥയിലേക്ക് എത്തുന്നതാണ് മരുഭൂവത്കരണം.
മരുഭൂവത്കരണത്തിന്‍െറ കാരണങ്ങള്‍
 രാസവളങ്ങളുടെ അമിത ഉപയോഗംമൂലം മണ്ണിന്‍െറ ഗുണമേന്മയിലുള്ള തകര്‍ച്ച.
 അശാസ്ത്രീയമായ ഭൂവിനിയോഗം.
 കാലാവസ്ഥാ വ്യതിയാനം.
 നഗരവത്കരണം.
 വ്യവസായികവത്കരണം.
 ജനസംഖ്യാ വര്‍ധനവ്.
 വനനശീകരണം.
 പുല്‍മേടുകളുടെ തകര്‍ച്ച.
 പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം.
 വരള്‍ച്ച.
 വരണ്ട കാലാവസ്ഥ.
 അശാസ്ത്രീയമായ കൃഷിരീതി.
 കാട്ടുതീ.
 ഒരു ഭൂപ്രദേശത്ത് ഒരേ വിളമാത്രം കൃഷിയിറക്കല്‍.
 അശാസ്ത്രീയമായ ജലസേചനം.
പാരിസ്ഥിതിക അഭയാര്‍ഥികള്‍
പാരിസ്ഥിതിക ഭീഷണിമൂലം സ്വന്തം ദേശം വിട്ട് മറ്റൊരിടത്തേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നവരാണിവര്‍. കാലാവസ്ഥാ വ്യതിയാനം, മരുഭൂവത്കരണം, വരള്‍ച്ച, വെള്ളപ്പൊക്കം, ഭൂകമ്പം, സൂനാമി, സൈക്ളോണ്‍ തുടങ്ങിയ കാരണങ്ങളാല്‍ അഭയാര്‍ഥികളാക്കപ്പെടുന്ന ജനങ്ങളുടെ എണ്ണം വര്‍ഷംതോറുംവര്‍ധിക്കുകയാണ്. ഇത് രാജ്യങ്ങളുടെ സാമൂഹിക-സാമ്പത്തിക മേഖലകളെ അമിത സമ്മര്‍ദത്തിലാക്കുന്നു. ഇവരുടെ പുനരധിവാസം മൂന്നാം ലോക രാജ്യങ്ങള്‍ക്ക് അധികബാധ്യതയുണ്ടാക്കുന്നു.
2010-11 കാലയളവില്‍ ഏഷ്യയിലും പസഫിക് പ്രദേശത്തുമായി 42 മില്യന്‍ ജനങ്ങള്‍ വെള്ളപൊക്കവും കൊടുങ്കാറ്റും വരള്‍ച്ചയും കാരണം സ്വന്തംദേശം വിടാന്‍ നിര്‍ബന്ധിതരായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനംമൂലം 2050 ആകുമ്പോഴേക്കും 150-200 മില്യന്‍ ജനങ്ങള്‍ പാരിസ്ഥിതി അഭയാര്‍ഥികളായി മാറുമെന്നാണ് കണക്കുകള്‍ പറയുന്നത്. ദരിദ്രരാജ്യങ്ങളിലെ ജനവിഭാഗങ്ങളാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളാക്കപ്പെടുന്നത്. ആഗോള ജനസംഖ്യ കൂടുതലായും കേന്ദ്രീകരിച്ചിരിക്കുന്ന ഇത്തരം രാജ്യങ്ങളില്‍ പാരിസ്ഥിതികഭീഷണികള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്.
മരുഭൂവത്കരണം ഉയര്‍ത്തുന്ന ഭീഷണികള്‍
കാലാവസ്ഥാവ്യതിയാനംപോലെ പരിസ്ഥിതിക്ക് അപകടകരമാണ് മരുഭൂവത്കരണവും. കാലാവസ്ഥാവ്യതിയാനം മരുഭൂവത്കരണത്തെ ദ്രുതഗതിയിലാക്കുന്നു. മരുഭൂവത്കരണം ഇന്ന് ലോകത്ത് രണ്ടുബില്യന്‍ ജനങ്ങളെ ബാധിച്ചിരിക്കുന്നു. ലോകത്ത് 41 ശതമാനത്തോളം ഭൂപ്രദേശം മരുഭൂവത്കരണ സാധ്യതാമേഖലയായി മാറിക്കഴിഞ്ഞു.
രൂക്ഷമായ ഭക്ഷ്യക്ഷാമവും ശുദ്ധജല പ്രതിസന്ധിയും തൊഴിലില്ലായ്മയും കൂട്ട പലായനവും മരുഭൂവത്കരണത്തിന്‍െറ ഫങ്ങളാണ്. ജൈവ വൈവിധ്യത്തിന്‍െറ തകര്‍ച്ചയും ദാരിദ്ര്യവും ഇതുമൂലമുണ്ടാകുന്നു.
മൂന്നാംലോക രാജ്യങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയുമാണ് മരുഭൂവത്കരണം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
മരുഭൂമികള്‍ വികസിക്കുന്നു
മരുഭൂവത്കരണത്തിന്‍െറ ഫലമായി  ലോകത്തെ പ്രധാന മരുഭൂമികളെല്ലാം ഭീഷണമായനിലയില്‍ സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണുള്ളത്.
ഏഷ്യാ വന്‍കരയിലെ ഏറ്റവും വലിയ മരുഭൂമിയായ ഗോബി മരുഭൂമി വര്‍ഷംതോറും അതിന്‍െറ തൊട്ടടുത്ത പ്രദേശങ്ങളെ വിഴുങ്ങുന്നു. ഓരോ വര്‍ഷവും 3600 ചതുരശ്ര കിലോമീറ്റര്‍ പുല്‍മേടുകള്‍ ഈ മരുഭൂമിയോട് ചേര്‍ക്കുന്നതായാണ് കണക്ക്. വനനശീകരണവും മറ്റ് മനുഷ്യ ഇടപെടലുകളുമാണ് ഇത്തരം പുല്‍മേടുകള്‍ മരുഭൂപ്രദേശങ്ങളായി മാറാന്‍ കാരണം. ഗോബി മരുഭൂമിയില്‍നിന്നുവരുന്ന പൊടിക്കാറ്റാണ് സമീപപ്രദേശങ്ങളെ വിഴുങ്ങുന്നത്. അതിശക്തമായ പൊടിക്കാറ്റ് ചൈനയുടെ കാര്‍ഷിക സമ്പദ്വ്യവസ്ഥക്കും ഭീഷണിയാവുകയാണ്.
മംഗോളിയയിലെയും ആഫ്രിക്കയിലെയും മരുഭൂമികളുടെ അവസ്ഥയും മറിച്ചല്ല. പടിഞ്ഞാറന്‍ ഇന്ത്യയിലെ മരുഭൂപ്രദേശവും വികസിക്കുകയാണ്. മരുഭൂപ്രദേശങ്ങളില്‍ രൂപപ്പെടുന്ന ശക്തിയായ മണല്‍ക്കാറ്റുകള്‍ സമീപപ്രദേശങ്ങളിലെ ജൈവാവരണത്തകര്‍ച്ചക്കും ജലസ്രോതസ്സുകളുടെ നാശത്തിനും ഇടയാക്കുന്നു.
ജലാശയങ്ങള്‍ ചുരുങ്ങുന്നു
മരുഭൂവത്കരണവും കാലാവസ്ഥാ വ്യതിയാനവും രൂക്ഷമാവുമ്പോള്‍ ലോകത്തെ ജലസംഭരണികളുടെ വ്യാപ്തി ചുരുങ്ങുന്നു. അനിയന്ത്രിത ജനസംഖ്യയുണ്ടാക്കുന്ന സമ്മര്‍ദവും വനനശീകരണവും ജലാശയങ്ങള്‍ക്ക് ഭീഷണിയാവുന്നു. മരുഭൂവത്കരണത്തെത്തുടര്‍ന്ന് നൈജീരിയയുടെ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ചാദ്തടാകം (Chad Lake)  ഇന്ന് ഭീഷണിയുടെ നിഴലിലാണ്. വര്‍ഷംപ്രതി ഈ തടാകത്തിന്‍െറ വ്യാപ്തി ചുരുങ്ങുന്നുവെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനംമൂലം ബാഷ്പീകരണതോത് ഉയര്‍ന്നതും ചാദിന് ഭീഷണിയായി.
മരുഭൂവത്കരണം തടയാന്‍
വിവിധ കാരണങ്ങളാല്‍ ഊഷരമായിപ്പോയ മണ്ണിനെ  ഉല്‍പാദനക്ഷമതയുള്ളതാക്കി, പൂര്‍വസ്ഥിതിയിലേക്കു മാറ്റിയില്ലെങ്കില്‍ ജീവജാലങ്ങളുടെ അതിജീവനം അസാധ്യമാവും.
യു.എന്‍.ഒയുടെ ആഭിമുഖ്യത്തില്‍ മരുഭൂവത്കരണത്തിനെതിരെ അന്തര്‍ദേശീയതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പ്രാദേശിക പങ്കാളിത്തത്തോടും വിവിധ രാഷ്ട്രങ്ങളുടെ സഹകരണത്തോടെയുമുള്ള ദീര്‍ഘകാല പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് യു.എന്‍.ഒ ഇക്കാര്യത്തില്‍ ലക്ഷ്യമിടുന്നത്.
  വനവത്കരണം.
  ശാസ്ത്രീയമായ കൃഷിരീതിയിലൂടെ മണ്ണിന്‍െറ ഗുണമേന്മ തിരികെ കൊണ്ടുവരുക.
  ശാസ്ത്രീയമായ ജലസേചനം.
  പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക.
  മരുഭൂവത്കരണത്തിന്‍െറ ഭീഷണികളെക്കുറിച്ചുള്ള ബോധവത്കരണം.
  ഗവണ്‍മെന്‍റുകളുടെ നയപരിപാടികളില്‍ മരുഭൂവത്കരണം തടയുന്നതിനാവശ്യമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തുക.
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ കാര്‍ഷികമേഖലയെ ആശ്രയിച്ചാണ്. ആഗോള ജനസംഖ്യയുടെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നതും നാം ഉള്‍പ്പെടുന്ന ഏഷ്യാ വന്‍കരയിലാണ്. അതുകൊണ്ടുതന്നെ, പരിസ്ഥിതി നേരിടുന്ന ഏത് വെല്ലുവിളിയും നമ്മുടെ നിലനില്‍പ്പിനെ ബാധിക്കും.
മണ്ണിന്‍െറ ഉല്‍പാദനക്ഷമതയിലുണ്ടാകുന്ന ഇടിച്ചില്‍, സജീവമായ ജൈവാവരണത്തിന്‍െറ തകര്‍ച്ച എന്നിവ കാര്‍ഷികോല്‍പാദനത്തെ പ്രതികൂലമായാണ് ബാധിക്കുക.
പ്രകൃതിക്കുമേലുള്ള കടന്നുകയറ്റംതുടരുകയാണെങ്കില്‍ നമ്മുടെഭൂമി മുഴുവനും മരുഭൂമിയാവാന്‍ അധികകാലം വേണ്ടിവരില്ല. അതിനാല്‍, വികലമായ വികസന കാഴ്ചപ്പാടുകള്‍ മാറ്റിവെച്ച്, പരിസ്ഥിതി സൗഹൃദ വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ക്രിയാത്മകമായ ഒരു പരിസ്ഥിതി സംസ്കാരം ഉണ്ടാവുകയും ചെയ്താലേ മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക് അതിജീവനത്തിന്‍െറ സാധ്യതകളുള്ളൂ എന്നതാണ് യാഥാര്‍ഥ്യം.
കടപ്പാട് : മാധ്യമം ദിനപത്രം  
Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments