കാറ്റ്

Share it:

ഭൗമോപരിതലത്തിലൂടെയുള്ള അന്തരീക്ഷ വായുവിന്‍െറ തിരശ്ചീന ചലനമാണ് കാറ്റ്. മര്‍ദംകൂടിയ മേഖലയില്‍നിന്ന് മര്‍ദം കുറഞ്ഞ മേഖലയിലേക്കാണ് കാറ്റിന്‍െറ പ്രവാഹം. ഭൂമിയുടെ ഭ്രമണം, ഭൗമോപരിതലത്തിന്‍െറ ക്രമരഹിതമായ പ്രകൃതി എന്നിവനിമിത്തം കാറ്റിന്‍െറ ഗതിയിലും ദിശയിലും വ്യതിചലനമുണ്ടാകുന്നു.
സ്ഥിരവാതങ്ങള്‍, കാലികവാതങ്ങള്‍, അസ്ഥിര വാതങ്ങള്‍, ചക്രവാതങ്ങള്‍ എന്നിങ്ങനെ കാറ്റുകളെ വര്‍ഗീകരിക്കാറുണ്ട്.

സ്ഥിര വാതങ്ങള്‍
ഒരു നിശ്ചിതദിശയിലേക്ക് വര്‍ഷംമുഴുവന്‍ തുടര്‍ച്ചയായി വീശിക്കൊണ്ടിരിക്കുന്ന കാറ്റുകളാണ് സ്ഥിരവാതങ്ങള്‍. നിരന്തരവാതങ്ങള്‍, ആഗോളവാതങ്ങള്‍ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. പശ്ചിമവാതങ്ങള്‍, വാണിജ്യവാതങ്ങള്‍, ധ്രുവീയ വാതങ്ങള്‍ എന്നിവയാണ് സ്ഥിരവാതങ്ങളില്‍പെടുന്നത്.
ഏറ്റവുമധികം സ്ഥിരതയോടെ വീശുന്ന വാണിജ്യവാതങ്ങളുടെ ദിശ, ഭൂഭ്രമണംനിമിത്തം ഉത്തരാര്‍ധഗോളത്തില്‍ വലത്തോട്ടും ദക്ഷിണാര്‍ധഗോളത്തില്‍ ഇടത്തോട്ടും വളയുന്നു. 30 ഡിഗ്രി അക്ഷാംശമേഖലയില്‍നിന്നും 60 ഡിഗ്രി അക്ഷാംശമേഖലയിലേക്ക് വീശുന്നവയാണ് പശ്ചിമവാതങ്ങള്‍. ഉത്തരാര്‍ധഗോളത്തില്‍ തെക്കുപടിഞ്ഞാറുനിന്ന് ദക്ഷിണാര്‍ധഗോളത്തില്‍ വടക്കുപടിഞ്ഞാറുനിന്നുമാണ് പശ്ചിമവാതങ്ങള്‍ വീശുന്നത്. ധ്രുവങ്ങളില്‍നിന്ന് വീശുന്ന അതിശക്തവും ശൈത്യമേറിയതുമായ കാറ്റുകളാണ് ധ്രുവക്കാറ്റുകള്‍.

കാലികവാതങ്ങള്‍
ഋതുഭേദങ്ങള്‍ക്കനുസരിച്ച് ദിശകള്‍ക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകളാണ് കാലികവാതങ്ങള്‍. മണ്‍സൂണ്‍ കാറ്റുകളും കാരക്കാറ്റും കടല്‍ക്കാറ്റും പര്‍വതക്കാറ്റും താഴ്വരക്കാറ്റും  കാലികവാതങ്ങളാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്നിവയാണ് ഇന്ത്യയില്‍ അനുഭവപ്പെടുന്ന മണ്‍സൂണ്‍ കാറ്റിന്‍െറ രണ്ടുശാഖകള്‍. പകല്‍സമയത്ത് കടലില്‍നിന്ന് കരയിലേക്കും രത്രിയില്‍ കരയില്‍നിന്ന് കടലിലേക്കും വീശുന്ന കാറ്റുകളാണ് യഥാക്രമം കടല്‍ക്കാറ്റും കരക്കാറ്റും. പകല്‍സമയത്ത് പര്‍വതചരിവുകളിലൂടെ മുകളിലേക്കു വീശുന്നതാണ് ‘താഴ്വരക്കാറ്റ്’. ‘പര്‍വതക്കാറ്റ്’ രാത്രിയില്‍ പര്‍വതചരിവുകളിലൂടെ താഴേക്കു വീശുന്നു.

കാറ്റിനെ കൂട്ടാളിയാക്കാം
കാറ്റിനെ പ്രയോജനപ്പെടുത്താന്‍ പണ്ടുമുതലേ മനുഷ്യന്‍ ശ്രമിച്ചിരുന്നു. കാറ്റിന്‍െറ ശക്തിയുപയോഗിച്ച് പത്തേമാരികളും പായ്ക്കപ്പലുകളും ഓടിക്കാനാണ് ആദ്യ ശ്രമമുണ്ടായത്. ഇതൊരു വലിയ തിരിച്ചറിവായി. കാറ്റിന്‍െറ ദിശയില്‍ കപ്പലോടിച്ചാണ് കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതും വാസ്കോ ഡ ഗാമ ഇന്ത്യയിലെത്തിയതുമൊക്കെ.
ഏഴാം നൂറ്റാണ്ടില്‍തന്നെ ഇറാനില്‍ കാറ്റിന്‍െറ ശക്തിയുപയോഗിച്ച് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന വിദ്യ വശമാക്കിയിരുന്നു. കാറ്റാടിയുപയോഗിച്ച് ഗോതമ്പുപൊടിക്കാനുള്ള യന്ത്രം 18ാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍നാടുകളില്‍ പ്രചാരത്തിലായി. വെള്ളം പമ്പുചെയ്യാന്‍ കാറ്റാടി ഫലപ്രദമായി ഉപയോഗിച്ചുതുടങ്ങിയത് നെതര്‍ലന്‍ഡുകാരാണ്. വിന്‍ഡ്മില്ലുകള്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രീതി ഇന്ന് പ്രചാരത്തിലായിട്ടുണ്ട്.

പ്രാദേശികവാതങ്ങള്‍
വളരെ ചെറിയ പ്രദേശത്തെമാത്രം ബാധിക്കുന്നവയാണ് പ്രാദേശികവാതങ്ങള്‍. പ്രാദേശികമായുണ്ടാകുന്ന താപ-മര്‍ദവ്യത്യാസങ്ങളാണ് ഈ കാറ്റുകള്‍ക്ക് കാരണം. ചില പ്രാദേശികവാതങ്ങളെ പരിചയപ്പെട്ടോളൂ...
1.ലൂ: ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ വേനല്‍ക്കാലങ്ങളില്‍ ഉച്ചതിരിഞ്ഞുണ്ടാകുന്ന ചൂടുകൂടിയ കാറ്റാണ് ലൂ.
2.ബോറ: ഗ്രീസ്, തുര്‍ക്കി, ക്രൊയേഷ്യ എന്നീ പ്രദേശങ്ങളില്‍ വീശുന്ന കാറ്റുകളാണ് ബോറക്കാറ്റുകള്‍.
3.നോര്‍വെസ്റ്റര്‍: അസം, ബിഹാര്‍, ബംഗാള്‍ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ പേമാരിക്കു കാരണമാകുന്നവയാണ് നോര്‍വെസ്റ്ററുകള്‍.
4.മിസ്ട്രല്‍: യൂറോപ്പിന്‍െറ വിവിധഭാഗങ്ങളില്‍ ഹേമന്തകാലത്തുണ്ടാകുന്ന തണുപ്പുകൂടിയ കാറ്റാണ് മിസ്ട്രല്‍.
5.ചിനൂക്ക്: വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ചരിവുകളിലൂടെ താഴേക്കുവീശുന്ന ഉഷ്ണക്കാറ്റാണ് ചിനൂക്ക്.
6.ഹര്‍മാട്ടണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ വീശുന്ന വരണ്ട പൊടിക്കാറ്റാണ് ഹര്‍മാട്ടണ്‍. ‘ഡോക്ടര്‍’ എന്ന അപരനാമവും ഈ കാറ്റിനുണ്ട്.
7.ലവന്‍ഡെ: മെഡിറ്ററേനിയന്‍ പ്രദേശത്തുണ്ടാകുന്ന, ഈര്‍പ്പമുള്ള കാറ്റാണിത്.
8.സാന്താ അന: കാലിഫോര്‍ണിയ പ്രദേശത്തുണ്ടാകുന്ന ശക്തമായ വരണ്ട കാറ്റാണ് സാന്താ അന.

ഫെറലിന്‍െറ ദിശാനിയമം
അമേരിക്കന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞനായ വില്യം ഫെറല്‍ കാറ്റുകളുടെ ദിശയെ സംബന്ധിച്ച് ആവിഷ്കരിച്ച നിയമമാണ് ‘ഫെറല്‍ നിയമം’. ഉത്തരാര്‍ധ ഗോളത്തില്‍ കാറ്റിന്‍െറ ഗതി അതിന്‍െറ സഞ്ചാരദിശയുടെ വലതുവശത്തേക്കും ദക്ഷിണാര്‍ധഗോളത്തില്‍ സഞ്ചാരദിശയുടെ ഇടതുവശത്തേക്കും വളയുന്നു എന്നതാണ് ഫെറല്‍ നിയമം.

ചക്രവാതം, പ്രതിചക്രവാതം...
അന്തരീക്ഷത്തിന്‍െറ ഒരുഭാഗത്ത് കുറഞ്ഞ മര്‍ദവും അതിനു ചുറ്റും ഉയര്‍ന്ന മര്‍ദവും അനുഭവപ്പെടുമ്പോള്‍ കുറഞ്ഞ മര്‍ദകേന്ദ്രത്തിലേക്ക് അതിശക്തമായ കാറ്റ് ചുറ്റുംനിന്ന് വീശിയടിക്കാറുണ്ട്. ഇതാണ് ‘ചക്രവാതം’ (Cyclone). ഇതിനു വിപരീതമായി, കേന്ദ്രഭാഗത്ത് ഉയര്‍ന്ന മര്‍ദവും ചുറ്റും കുറഞ്ഞ മര്‍ദവും അനുഭവപ്പെടുമ്പോള്‍ കാറ്റ് കേന്ദ്രത്തില്‍നിന്ന് പുറത്തേക്ക് ചുഴറ്റിവീശുന്നു. ഇതത്രെ ‘പ്രതിചക്രവാതം’ (Anti cyclone).
പ്രാദേശികമായും ചക്രവാതങ്ങള്‍!
ലോകത്തിന്‍െറ വിവിധഭാഗങ്ങളിലുള്ള സമുദ്രങ്ങളില്‍ പ്രാദേശികമായി ചക്രവാതങ്ങള്‍ ഉടലെടുക്കാറുണ്ട്. മെക്സിക്കോയിലും വെസ്റ്റിന്‍ഡീസിലുമുണ്ടാകുന്ന ഉഷ്ണമേഖലാ ചക്രവാതമാണ് ‘ഹരിക്കെയിന്‍’. ദക്ഷിണ ചീനാക്കടലില്‍ രൂപംകൊള്ളുന്ന ഉഷ്ണമേഖലാ ചക്രവാതമാണ് ‘ടൈഫൂന്‍’. ആസ്ട്രേലിയക്ക് വടക്കുപടിഞ്ഞാറായി ദക്ഷിണ പസഫിക് സമുദ്രത്തിലുണ്ടാകുന്ന ഉഷ്ണമേഖലാ ചക്രവാതം ‘വില്ലി-വില്ലീസ്’ എന്നറിയപ്പെടുന്നു.
അലറും... ആര്‍ത്തലക്കും... അലമുറയിടും...
 ഭൂമിയുടെ ഉത്തരാര്‍ധഗോളത്തില്‍ ഭൂഖണ്ഡങ്ങളുണ്ടാക്കുന്ന തടസ്സങ്ങള്‍മൂലം പശ്ചിമവാതത്തിന് അതിന്‍െറ യഥാര്‍ഥ പ്രഭാവത്തോടെ വീശാനാവുന്നില്ല. എന്നാല്‍, ദക്ഷിണാര്‍ധഗോളത്തില്‍ അതിവിസ്തൃതമായ സമുദ്രങ്ങളുള്ളതിനാല്‍ പശ്ചിമവാതം കൂടുതല്‍ പ്രകടവും ശക്തവും സ്ഥിരതയുള്ളതുമാണ്. ദക്ഷിണ അക്ഷാംശം 40 ഡിഗ്രിക്കും 65 ഡിഗ്രിക്കുമിടയില്‍ ഈ കാറ്റ് ഏറ്റവും ശക്തവുമാണ്. തന്മൂലം, നാവികര്‍ ദക്ഷിണ അക്ഷാംശം 35-45 ഡിഗ്രിക്കിടയില്‍ വീശുന്ന കാറ്റിന് ‘അലറുന്ന നാല്‍പതുകള്‍’ (Roaring forties) എന്നും 45-55 ഡിഗ്രിക്കിടയിലുള്ളതിന് ‘ആര്‍ത്തലക്കുന്ന അമ്പതുകള്‍’ (Howling fifties) എന്നും 55-65 ഡിഗ്രിക്ക് ഇടയിലുള്ളതിന് ‘അലമുറയിടുന്ന അറുപതുകള്‍’ (Screeching Sixties) എന്നും പേരുകള്‍ നല്‍കിയിരിക്കുന്നു.

അളന്നറിയാന്‍
കാറ്റിന്‍െറ ദിശയും ശക്തിയും അളക്കാന്‍ പണ്ടുമുതല്‍ക്കേ മനുഷ്യന്‍ ശ്രമിച്ചിരുന്നു. 19ാം നൂറ്റാണ്ടില്‍ ഇതിനുപയോഗിച്ചത് ‘അനിമോ മീറ്റര്‍’ എന്ന ഉപകരണമാണ്. പരിഷ്കരിച്ച അനിമോ മീറ്ററുകള്‍ ഇന്നും ഉപയോഗിക്കുന്നുണ്ട്.
കാറ്റിന്‍െറ ശക്തി അളക്കാനുള്ള ശാസ്ത്രീയവിദ്യ കണ്ടുപിടിച്ചത് ഫ്രാന്‍സിസ് ബേഫോര്‍ട്ട് എന്ന നാവിക ഉദ്യോഗസ്ഥനാണ്. അതിനായി അദ്ദേഹം ആവിഷ്കരിച്ച 12 പോയന്‍റുള്ള സ്കെയില്‍ ‘ബേഫോര്‍ട്ട് സ്കെയില്‍’ എന്നറിയപ്പെടുന്നു. കാറ്റുവീശുന്ന ഓരോ ഘട്ടത്തിലും തന്‍െറ കപ്പലിന്‍െറ ചലനം നിരീക്ഷിച്ചാണ് അദ്ദേഹം ഇത് നിര്‍മിച്ചത്. ഇന്നും കാറ്റിന്‍െറ ശക്തിയളക്കാന്‍ ബേഫോര്‍ട്ട് സ്കെയില്‍ ഉപയോഗിച്ചുവരുന്നു.

ഭീകരന്‍ ടൊര്‍ണാഡോ!
ഏറ്റവും പ്രക്ഷുബ്ധമായ അന്തരീക്ഷ പ്രതിഭാസമാണ് ‘ടൊര്‍ണാഡോ’. 300മുതല്‍ 400 മീറ്റര്‍വരെ വ്യാസമുള്ള ഈ ഉaഷ്ണചക്രവാതം ചോര്‍പ്പിന്‍െറ ആകൃതിയിലുള്ള മേഘരൂപത്തില്‍ കാണപ്പെടുന്നു. മണിക്കൂറില്‍ 400 കി.മീവരെ വേഗത്തില്‍ വീശുന്ന ഇത് 15 മുതല്‍ 20 കി.മീ വരെ ദൂരത്തില്‍ നാശനഷ്ടങ്ങള്‍ വിതച്ച് കെട്ടടങ്ങുകയാണ് പതിവ്. ടൊര്‍ണാഡോ നാശനഷ്ടം വിതച്ച് നീങ്ങുന്ന പാത ‘ഡാമേജ് പാത്ത്’ എന്നറിയപ്പെടുന്നു. ടൊര്‍ണാഡോകളുടെ ഒരുവകഭേദമാണ് ‘ട്വിസ്റ്റര്‍’. അമേരിക്കയിലാണ് ഈ ദുരന്തക്കാറ്റ് കൂടുതലായി വീശിക്കാണുന്നത്.

അന്തരീക്ഷവും കാറ്റും
ഭൂഗോളത്തെ പൊതിഞ്ഞിരിക്കുന്ന വാതകപുതപ്പാണല്ലോ അന്തരീക്ഷം. അതില്‍ ഭൂനിരപ്പിന് തൊട്ടുമുകളിലെ പത്തുപതിനൊന്ന് കിലോമീറ്റര്‍ സ്ഥലത്താണ് വായുവിന്‍െറ ആകെ ഭാരത്തിന്‍െറ 80 ശതമാനവും. ‘ട്രോപോസ്ഫിയര്‍’ എന്നറിയപ്പെടുന്ന ഈ മേഖലയിലെ വായുവാണ് കാറ്റുകളെ നിയന്ത്രിക്കുന്നത്. തൊട്ടടുത്ത പാളിയായ സ്ട്രാറ്റോസ്ഫിയറിന്‍െറ സംഭാവനയാണ് ‘ജെറ്റ്സ്ട്രീം’ എന്ന ശക്തമായ കാറ്റുകള്‍. പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ് ഇവയുടെ സഞ്ചാരം. മണിക്കൂറില്‍ 290 കി.മീറ്ററോ അതില്‍ കൂടുതലോ ആണ് വേഗം! അന്തരീക്ഷത്തിന്‍െറ മറ്റു പാളികളിലേക്ക് കടക്കുംതോറും വായുകണങ്ങളുടെ അളവ് കുറഞ്ഞുവരും. അതായത്, മുകളിലേക്ക് പോകുംതോറും കാറ്റുകളും കുറഞ്ഞുവരുമെന്നര്‍ഥം.

ഫ്യൂജിതാ സ്കെയില്‍
ടൊര്‍ണാഡോയുടെ തീവ്രത രേഖപ്പെടുത്താനാണ് ‘ഫ്യൂജിതാ സ്കെയില്‍’ ഉപയോഗിക്കുന്നത്. 1970കളിലാണ് ഇത് വികസിപ്പിച്ചെടുത്തത്. F0, F1, F2, F3, F4, F5 എന്നിവയാണ് ഫ്യൂജിതാ സ്കെയിലിന്‍െറ ടെര്‍ണാഡോ കാറ്റഗറികള്‍. ഇവയില്‍ F0  തീവ്രത കുറഞ്ഞതും F5 ഏറ്റവും വിനാശകാരിയുമായ ടൊര്‍ണാഡോകളാണ്.
ടൊര്‍ണാഡോയുടെ തീവ്രത രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന മറ്റൊരു രീതിയാണ് ‘ടോറോ സ്കെയില്‍’. T0 മുതല്‍ T11 വരെ വിവിധ കാറ്റഗറികളിലായി ടൊര്‍ണാഡോകളെ ഇതിന്‍പ്രകാരം തരംതിരിക്കാം. ‘ഹരിക്കെയിനുകളു’ടെ തീവ്രത അളക്കാനാണ് ‘സാഫിര്‍-സിംപ്സണ്‍’ ( Saffir Simpson Scale) ഉപയോഗിക്കുന്നത്.

മന്ദനും ചണ്ഡനും
മണിക്കൂറില്‍ അഞ്ചുമുതല്‍ ഒമ്പതുവരെ കി.മീ വേഗമുള്ള കാറ്റുകളാണ് ‘മന്ദമാരുതന്‍’. ‘ചണ്ഡമാരുത’ന്‍െറ വേഗം മണിക്കൂറില്‍ 50 മുതല്‍ 102 കി.മീ വരെയാകാറുണ്ട്.

Subscribe to കിളിചെപ്പ് by Email
Share it:

കാറ്റ്

Post A Comment:

0 comments: